മിനിക്കോയ്: പശ്ചിമ ആഫ്രിക്കൻ തീരത്തുനിന്ന് കടൽക്കൊള്ളക്കാർ ആക്രമിച്ച എണ്ണക്കപ്പലിൽ ലക്ഷദ്വീപ് സ്വദേശിയും. മിനിക്കോയി ദ്വീപിലെ ഫല്ലിശ്ശേരി വില്ലേജിലെ ആസിഫ് അലി അടക്കം 10 ജീവനക്കാരെയാണ് ബന്ദികളാക്കിയത്. ഇവരെ ബന്ദികളാക്കി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് സൂചന.
മാർച്ച് 17നാണ് പാനാമ രജിസ്‌ട്രേഷനുള്ള ‘ബിറ്റു റിവർ’ എന്ന ഓയിൽ ടാങ്കർ കടൽക്കൊള്ളക്കാർ റാഞ്ചിയത്. 16,500 മെട്രിക് ടൺ കേവ് ഭാരമുള്ള ഈ കപ്പൽ 2022ൽ ചൈനയിൽ പണിതീർത്തതായിരുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിലെ ലോമേ തുറമുഖത്ത് നിന്ന് കാമറൂൺ തുറമുഖത്തേക്ക് പോകുന്നതിനിടെ ആയിരുന്നു ആക്രമണം.
14 ജീവനക്കാരുള്ള കപ്പലിൽ നിന്ന് 10 ജീവനക്കാരെയാണ് കൊള്ളക്കാർ ബന്ദികളാക്കിയതെന്നും, കപ്പൽ പിന്നീട് വിട്ടയച്ചതായും മാരിടൈം സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നു. ആസിഫ് അലി ഉൾപ്പെടെയുള്ള ജീവനക്കാരുടെ വിവരങ്ങൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
ബന്ദികളായവരിൽ ഒരാൾ എറണാകുളം സ്വദേശിയുമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബന്ദികളെ മോചിപ്പിക്കാൻ ഭീമമായ മോചനദ്രവ്യമാണ് കൊള്ളക്കാർ ആവശ്യപ്പെടുക എന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.
ആസിഫ് അലിയുടെ കുടുംബവും മറ്റ് ബന്ദികളായവരുടെ കുടുംബങ്ങളും ആശങ്കയിലാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, എംപിമാരായ ഷാഫി പറമ്പിൽ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരുമായി ബന്ധപ്പെടുകയും ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ ആവശ്യപ്പെടുകയും ചെയ്തു. അടുത്ത മണിക്കൂറുകൾ നിർണായകമായിരിക്കുമെന്ന് മുൻ മർച്ചന്‍റ് നേവി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ എത്രത്തോളം ഫലപ്രദമാകും എന്നത് അടുത്ത ദിവസങ്ങളിലെ സാഹചര്യം വ്യക്തമാക്കും.