ജവഹർ ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര

അഗത്തി: അഗത്തി ദ്വീപിലെ യുവാക്കളുടെ കൂട്ടായ്മയായ ജവഹർ ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിച്ചു. മാർച്ച് 28, 2025-ന് മാരകമായ ലഹരിയുടെ ഉപയോഗം പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് ഈ സന്ദേശ യാത്ര സംഘടിപ്പിച്ചത്. വിവിധ ക്ലബ്ബുകളിലെയും സന്നദ്ധ സംഘടനകളിലെയും യുവാക്കൾ പരിപാടിയിൽ അണിനിരന്നു.

ജവഹർ ക്ലബ് പ്രസിഡന്റ് മുഹമ്മദ് റഫീക് എം.കെ. ഫ്ലാഗ് ഓഫ് ചെയ്ത വാഹന റാലിയിൽ നിരവധി പേർ പങ്കെടുത്തു. യുവാക്കളുടെ ഈ പ്രവർത്തനം സമൂഹത്തിന് വലിയ മാതൃകയാണ്. ലഹരിയുടെ ബാധം ചെറുപ്പക്കാർ മുതൽ മുതിർന്നവരെ വരെ തകർക്കുന്ന ഈ കാലഘട്ടത്തിൽ, അതിനെതിരെ ശബ്ദമുയർത്തുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.

“നമ്മുടെ പിഞ്ചു കുട്ടികൾ പോലും ലഹരി ഉപയോഗിച്ച് വളരുകയും, സ്വന്തം മാതാപിതാക്കളെക്കൂടി കൊലപ്പെടുത്താനുള്ള അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ, ലഹരിക്കെതിരെ ശക്തമായി പ്രവർത്തിക്കേണ്ടത് നമുക്കെല്ലാം ബാധ്യതയാണ്,” എന്ന് ക്ലബ് ഭാരവാഹികൾ പ്രസ്താവിച്ചു.

ഇത്തരത്തിലുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടർച്ചയായും മുന്നോട്ട് കൊണ്ടുപോകുമെന്ന് ജവഹർ ക്ലബിന്റെ പ്രവർത്തകർ വ്യക്തമാക്കി. സമൂഹത്തെ നശിപ്പിക്കുന്ന ലഹരിക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് സംഘാടകർ ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *