രക്ഷിതാവ് 1: അറബി പഠിച്ചു ഗൾഫിൽ പോകുന്നുണ്ടോ ?
രക്ഷിതാവ് 2: മേലെ ഉള്ളാവ പറയുന്നത് ഇല്ലി കേൾപ്പാൻ കളിബാനത്, ബുക്ക് സ്കൂളിൽ കിട്ടാതെ പഠിക്കാൻ കഴിയുമോ ?
രക്ഷിതാവ് 3: അറബിക് നല്ല മാർക്ക് കിട്ടും അത് മതിയായിരുന്നു…
നമ്മുടെ ഭാഷാ ചർച്ച ഇങ്ങനെയൊക്കെ ചുരുങ്ങിയ തലത്തിൽ ആണ്. ചർച്ചക്ക് നേതാവ് ആകുന്നത് ഭാഷാ ശാസ്ത്രം അറിയാത്ത വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിലെ പ്രൊഫേസ്മാർ ആകുമ്പോൾ കാര്യം അതിനേക്കാൾ ഭയാനകമായി മാറുന്നു. ചർച്ചയിൽ പങ്കെടുക്കുന്നവർ ഈ ബുദ്ധിജീവികൾ പറയുന്നത് ശരി എന്ന് കരുതി മറ്റൊരു ഭാഷ കുട്ടിയെ പഠിപ്പിക്കാൻ നിർബന്ധിതരാവുന്നു. ശരിക്കും എന്താണ് ത്രിഭാഷാ ഫോർമുല, ഏതൊക്കെ ഭാഷ പഠിക്കണം?
ഗൾഫിൽ പോകാൻ ആണോ അറബി പഠിക്കുന്നത്?
ശ്ലോകം ചൊല്ലാനും മന്ത്രങ്ങൾ ഓതാനും ആണോ സംസ്കൃതം പഠിക്കുന്നത് ?
പച്ച മലയാളം പറയുന്ന നമ്മൾ എന്തിനാ വീണ്ടും മലയാളം പഠിക്കുന്നത്, കേരളത്തിൽ പോകുമ്പോൾ പറയാൻ ആണോ?
ഇതിന്റെയൊക്കെ ഉത്തരം വിശാലമായ തലത്തിൽ അല്ല എന്നാണ്.
സ്‌കൂളിൽ നാം മറ്റു ഭാഷകൾ പഠിക്കുന്നത്, ഭാഷാ വൈവിധ്യം മനസിലാക്കാനും പല സംസ്കാരങ്ങൾ അറിയാനും മറ്റു ഭാഷകളിലെ സാഹിത്യ സമ്പത്ത് ആസ്വദിക്കാനും ഒക്കെ ആണ്. ഒപ്പം
മറ്റു ഭാഷകളിൽ ആശയവിനിമയം നടത്തുക എന്ന ഉദ്ദേശ്യവും ഉണ്ട് താനും…
എന്താണു ത്രിഭാഷാ പദ്ധതി?
1964-66 കാലഘട്ടത്തിൽ ആണ് ത്രിഭാഷാ പദ്ധതി യൂണിവേഴ്സിറ്റി കോത്താരി കമ്മീഷൻ ശുപാർശ ചെയ്യുന്നത്. 1968ലെ ഫോർമുലയനുസരിച്ച് പഠനപദ്ധതിയിൽ മാതൃഭാഷയ്ക്കും ഇംഗ്ലീഷിനും പുറമേ ഹിന്ദി സംസാരിക്കാത്തയിടങ്ങളിൽ ഹിന്ദിയും, ഹിന്ദി സംസാരിക്കുന്നയിടങ്ങളിൽ മറ്റൊരു പ്രാദേശിക ഭാഷയുംകൂടി പഠിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ വ്യവസ്ഥ ചെയ്തിരിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാർഥികളുടെ പഠനഭാരം സമീകരിക്കുക, ദേശീയോദ്ഗ്രഥനത്തിന് ഇത്തരത്തിലുള്ള പഠനം സഹായകമാക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിനുപിന്നിൽ. നാഷണൽ എജ്യുക്കേഷൻ പോളിസി പ്രകാരം, (NEP 2020) മാതൃഭാഷ,ഒരു ഇന്ത്യൻ ഭാഷ,ഒരു വിദേശ ഭാഷ എന്ന ക്രമത്തിലാണ് പഠിക്കേണ്ടത് എന്നാണ് ശുപാർശ.
ലക്ഷദ്വീപിൽ മലയാളം മീഡിയത്തിൽ 1 മുതൽ നാലാം ക്ലാസുവരെ മലയാളം ഒന്നാം ഭാഷയും ഇംഗ്ലീഷ് രണ്ടാം ഭാഷയും അറബിക് മൂന്നാം ഭാഷയും ആണ് പിന്തുടരുന്നത്. മഹൽ സംസാരിക്കുന്ന മിനിക്കോയ് ദ്വീപിൽ ആവട്ടെ ഒന്നാം ഭാഷ മഹൽ, രണ്ടാം ഭാഷ ഇംഗ്ലീഷ്, മൂന്നാം ഭാഷ മലയാളം (മഹൽ സ്വദേശികൾ അല്ലാത്തവർ അറബിക് പഠിക്കുന്നു) .അഞ്ചാം ക്ളാസു മുതൽ പത്ത് വരെ ഇംഗ്ലീഷ്, ഹിന്ദി എന്നിവ നിർബന്ധവും, മൂന്നാം ഭാഷ മലയാളം അല്ലെങ്കിൽ അറബി ഒപ്ഷണൽ. NEP 2020 എന്ന പേരിൽ നമ്മുടെ ഭരണകൂടം വിദ്യാഭ്യാസ മേഖലയിൽ ഉള്ളവരെ കേൾക്കാതെ ഇറക്കിയ ഉത്തരവിൽ മിനിക്കോയ് ദ്വീപുകാരുടെ മാതൃഭാഷ മഹലിനും, ദ്വീപുകാർ മൂന്നാം ഭാഷയായി ഇത്രയും കാലം പഠിച്ച അറബിക്കും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി. അറബിയോടുള്ള വെറുപ്പ് ഇവിടെ മാത്രമല്ല പ്രതിഫലിക്കുന്നത്. അറബി അധ്യാപകരുടെ സ്ഥലം മാറ്റം ഇതുവരെ നടന്നില്ല. അവരെ പിരിച്ചു വിടുക എന്നതാണത്രേ മുകളിലെ ചർച്ച.
അടിച്ചേൽപ്പിച്ചു പഠിപ്പിക്കുന്നത് ജനാധിപത്യ രീതിക്കും പരിഷ്കൃത സമൂഹത്തിനും യോജിച്ചതല്ല. ഇഷ്ടമുള്ളവർ ഇഷ്ടമുള്ള ഭാഷ പഠിക്കട്ടേ.
ഞാനും അന്ന ഓളും തട്ടാനും എന്ന ചിന്തകൾ ഒഴിവാക്കുക.
- കെ.ബാഹിർ