ഇസ്മത്ത് ഹുസൈൻ
യു.സി. കെ എന്ന മൂന്നക്ഷരത്തിൽ ലക്ഷദ്വീപിൻ്റെ സാഹിത്യവും സംസ്ക്കാരവും രാഷ്ട്രീയവും ആത്മീയതയും സമ്മിശ്രമായി കിടക്കുന്നു. തൊഴിലാളി പ്രസ്ഥാനം രൂപീകരിച്ച് സമരം നയിച്ചതിൻ്റെ പേരിൽ സ്വന്തം ജന്മദേശത്തേക്ക് ഊര് വിലക്ക് കൽപ്പിക്കപ്പെട്ട ഒരു മനുഷ്യൻ, മന:സാക്ഷി സത്യമാണെന്ന് കാണിച്ച ഇയ്യകോയാ തങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും കോൺഗ്രസ്സ് രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കുകയും ചെയ്തതിൻ്റെ പേരിൽ കവരത്തി ഹുജ്റാ പള്ളിയിലെ ഖലീഫാ സ്ഥാനം നഷ്ടമായി. പരിത്യാഗത്തിൻ്റെ കനൽ വഴികളിലൂടെ ജീവിതം നടന്ന് തീർത്തപ്പോൾ യു. സി. കെ എന്ന മൂന്നക്ഷരം ലക്ഷദ്വീപ് സംസ്ക്കാരത്തിൻ്റെ പര്യായമായി തീർന്നു. കോഴിക്കോട് ആകാശവാണിയിൽ പ്രൊഡ്യൂസറായും പാട്ടെഴുത്തുകാരനായും പ്രവർത്തിച്ചിരുന്ന കാലത്ത് കൂടെ പ്രവർത്തിച്ചിരുന്നവരുടെ പേരുകൾ ചോദിച്ച് നോക്കണം. മഹാകവി അക്കിത്തം, സംഗീത സംവിധായകൻ രാഘവൻ മാഷ്, പ്രശസ്ത എഴുത്തുകാരൻ യു. എ. ഖാദർ, പവനൻ അങ്ങനെ പോവുന്നു ആ നിര.
എത്ര പാട്ടുകൾ എഴുതീട്ടുണ്ട് എന്ന് ചോദിച്ചാൽ അദ്ദേഹത്തിന് തന്നെയറിയില്ല. ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകൾ, ദ്വീപിൻ്റെ മനസും ഭൂപ്രകൃതിയും ഉൾക്കൊള്ളുന്ന ചെറുകഥകൾ, നാടകങ്ങൾ, മതഗ്രന്ഥങ്ങളുടെ രചനാ കൂട്ടായ്മകൾ, അങ്ങനെ പോവുന്നു തങ്ങളുടെ സർഗാത്മക സംഭാവനകൾ. തലശ്ശേരിയിൽ അദ്ദേഹത്തിന് ഒരു രഹസ്യമുണ്ട്. അവിടെ ഒരു സൂഫീതഖിയ്യാവും വർഷംതോറും നടക്കുന്ന ഉറൂസ് സമ്മേളനവുമുണ്ട്. അവിടെ യു.സി. കെ. തങ്ങളാണ് അവിടത്തെ ഖലീഫ. അദ്ദേഹത്തെ ആ ഉൽസവത്തിൽ വളരെ ആദരവോടെയാണ് സ്വീകരിച്ച് ആനയിക്കപ്പെടുന്നത്.

25 വർഷക്കാലം യു.സി.കെ ലക്ഷദ്വീപ് ടെറിറ്റോറിയൽ കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡൻ്റായിരുന്നു. ലക്ഷദ്വീപ് ഖാദി ബോഡിൻ്റെയും വഖഫ് ബോർഡിൻ്റെയും ലക്ഷദ്വീപ് ജില്ലാ പഞ്ചായത്തിൻ്റേയും പ്രസിഡൻ്റായിരുന്നു. ഇത്രയും സർഗാത്മക വിഭവ സമ്പത്തുള്ള യു.സി. കെ. തൻ്റെ പ്രതിഭയുടെ മുക്കാൽ ശക്തിയും കോൺഗ്രസ് രാഷ്ട്രീയത്തിന് വേണ്ടിയാണ് ഉപയോഗിച്ചത്. അത് സാഹിത്യ സാംസ്കാരിക മേഖലയിൽ ഉപയോഗിച്ചിരുന്നെങ്കിൽ ദ്വീപിൻ്റെ സാഹിത്യ മേഖല പ്രോജ്ജ്വലമായ ഒരു മാനം കീഴടക്കിയേനേ.
ദ്വീപിലെ ആദ്യത്തെ സ്വകാര്യ പത്രമായ ദ്വീപ പ്രഭ തങ്ങളാണ് ആരംഭിച്ചത്. ദ്വീപുകാരനാൽ ആദ്യമായി പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരവും യു. സി.കെ. തങ്ങളുടേതാണ് – കടലിലെ കഥകൾ .ഇങ്ങിനെ ഒരുപാട് കാര്യങ്ങളിൽ ഒന്നാമത് നിൽക്കുന്ന യു.സി. കെ. തങ്ങൾ ലക്ഷദ്വീപ് സംസ്കാരത്തിൻ്റെ മുഖ ലിഖിതമായി തീരുന്നതും ഇതൊക്കെ കൊണ്ട് തന്നെയാണ്.
യൂസീകെ തങ്ങൾക്ക് എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും. ആരോഗ്യത്തോടെ ദീർഘകാലം ഇനിയും ലക്ഷദ്വീപിനെ സേവിക്കാൻ നാഥൻ വിധി കൂട്ടട്ടെ.