ന്യൂഡെൽഹി: ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവുപ്രകാരം ഐഎഎസ് ഓഫീസർ എസ്.ബി. ദീപക് കുമാറിനെ (2005 ബാച്ച്) ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവായി നിയമിച്ചു. നിലവിൽ ഡെൽഹി ആരോഗ്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം ഇപ്പോൾ പുതിയ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്.
ദീപക് കുമാർ വിവിധ കേന്ദ്രഭരണ പ്രദേശങ്ങളിലും, ഡെൽഹിയിൽ വിവിധ അധികാരപദവികൾ വഹിച്ചിട്ടുണ്ട്. നയതന്ത്രത്വത്തിലും വികസനപദ്ധതികളുടെ രൂപീകരണത്തിലും ശ്രദ്ധേയനായ ഭരണാധികാരിയാണ് ദീപക് കുമാർ. ഡോ. ദീപക് കുമാർ ബാച്ചിലർ ഓഫ് ഡെന്റൽ സർജറി (BDS) ബിരുദധാരി ആണ്. 2022-ൽ, അദ്ദേഹം ഡെൽഹി ട്രേഡ് ആൻഡ് ടാക്സ് കമ്മീഷണറായി നിയമിതനായി. ഡെൽഹി സർക്കാരിന്റെ പ്രധാന നയരൂപീകരണ ഏജൻസിയായ ഡയലോഗ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുതുച്ചേരിയിൽ ജില്ലാ കളക്ടറായി സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം, ദാദ്രാ ആൻഡ് നഗർ ഹവേലി എന്നിവിടങ്ങളിൽ ഫിനാൻസ് സെക്രട്ടറിയായൂം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഈ നിയമനത്തോടൊപ്പം, നിലവിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവായിരുന്ന ശ്രീ. സന്ദീപ് കുമാറിനെ ഡെൽഹിയിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.
എസ്.ബി. ദീപക് കുമാർ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ ഉപദേഷ്ടാവ്
