ഡോ. സീജി.പൂക്കോയ കൽപേനി
എന്റെ സ്ക്കൂൾ അഡ്മിഷനു മുമ്പ് നടന്ന എത്രയോ സംഭവങ്ങൾ എന്റെ ഓർമയിൽ ഇപ്പോഴും തങ്ങി നിൽക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു സംഭവം കൽപേനിയുടെ തെക്കെ അറ്റത്തുള്ള മുഹിയുദ്ദീൻ പള്ളി ഞാൻ ആദ്യം കണ്ടതാണ്.
അന്ന് ഒരു പെരുന്നാൾ ദിനം. വൈകുന്നേരം സൂര്യൻ അസ്തമിച്ചിട്ടില്ല. ഞാൻ എന്റെ മൂത്ത ജ്യേഷ്ഠൻ ആറ്റ (ആറ്റക്കോയ) യുടെ കൈ പിടിച്ചു നടന്നു നടന്നു പൊന്നേം പള്ളി കഴിഞ്ഞു കൽപേനിയുടെ തെക്ക് ഭാഗത്ത് എത്തി. കുന്നാംകുലം വീട്ടിന്റെ പടിഞ്ഞാറ് ഭാഗം എത്തിയപ്പോൾ കടൽ കാണാറായി. പിട്ടിയും തിലാക്കവും കാണാം. സൂര്യകിരണങ്ങൾ ചെഞ്ചായം വീശാൻ തുടങ്ങി. തടാകം എന്ന് തോന്നുന്ന വിധം നിശ്ചലമായ ബില്ലത്തിൽ സൂര്യകിരണങ്ങൾ ചുവപ്പ് കലർത്തി. അങ്ങ് അകലെ ‘ബാരണ’യിൽ തിരമാലകൾ അനങ്ങുന്ന വെളുത്ത വരകൾ എന്ന കണക്കു കാണപ്പെട്ടു.
ഞങ്ങൾ ചെന്നു എത്തിയത് പള്ളിയിലേക്കുള്ള നടപ്പാതയിൽ. പള്ളി അങ്ങ് അകലെ ഓടിട്ട ഭാഗം മാത്രം കാണാം. നടപ്പാത ഒരു രാജകീയ പാത പോലെ ഇരുവശത്തും മുട്ടൻ കല്ലു കൊണ്ട് എന്റെ തോളിന്റെ പൊക്കത്തിൽ കെട്ടി പൊക്കിയിരിക്കുന്നു. മുന്നൂറ് മീറ്ററോളം നീളം കാണും. ഉറച്ച നിലം. ആരോ പുല്ല് വെട്ടി വൃത്തിയാക്കിയിട്ടുണ്ട്. പലരും നടന്നു തെക്കോട്ട് തന്നെ പോകുന്നതും കാണാം. അതിൽ പുതുവസ്ത്രം അണിഞ്ഞ സ്ത്രീകളും കുട്ടികളും ഉണ്ട്.
ഞങ്ങൾ അടുത്ത് എത്തിയപ്പോൾ പള്ളിയുടെ കൽമതിൽ കണ്ടു. തീരത്ത് കടൽ തിരയടിക്കുന്ന ശബ്ദം കേൾക്കാം. സൂര്യൻ അസ്തമിക്കാറായി. ആകാശത്തിലും കടൽപരപ്പിലും കുങ്കുമ വർണം പൂശി സൂര്യൻ ആഴിയിലേക്ക് മുങ്ങി കൊണ്ടിരിക്കുന്നു.

അവിടെ ഒരു പടിപ്പുരയും, ഇടത് വശത്തായി ഒരു കുളവും, വഴിയുടെ പടിഞ്ഞാറ് ഭാഗത്തായി ഒരു കൊച്ചു കമാനവും കാണാം. അത് 1847 ലെ സുനാമി കൊടുങ്കാറ്റിൽ രക്ഷപ്പെടാൻ അഹ്മദ് സൂഫീ തങ്ങൾ നിർമ്മിച്ചതാണ് എന്ന് പറയപ്പെടുന്നു. അതിനും പടിഞ്ഞാറ് ഒരു വലിയ കൊടിമരം കാണുന്നു. അതിൽ പതാക ഇല്ല. അത് പണ്ട് കാലത്ത് കൊടി ഉയർത്താൻ ഉപയോഗിച്ചിരുന്നു എന്നും അത് വീണാൽ ദ്വീപ് കലങ്ങും എന്നും പറഞ്ഞറിഞ്ഞിരുന്നു. എന്നാൽ ആ കൊടിമരം 1977 ൽ കൽപേനിയിൽ ഉണ്ടായ കൊടുങ്കാറ്റിൽ കടപുഴകി വീണു. എന്നാൽ ദ്വീപ് കലങ്ങിയില്ല.
ഞങ്ങൾ പടിപ്പുരയിലൂടെ പള്ളി കോമ്പൗണ്ടിൽ കടന്നു. പടിപ്പുരയിൽ രണ്ട് ഭാഗത്തായി വലിയ തറകൾ ഉണ്ട്. അത് കുട്ടികൾ ഖുർആൻ പഠിക്കാൻ ഇരിക്കാറുള്ള സ്ഥലമായിരുന്നു. ചുണ്ണാമ്പ് കൊണ്ട് തേച്ചു മിനുക്കിയിട്ടുണ്ട്. കോമ്പൗണ്ടിനകത്ത് നിറയെ ആളുകൾ. എല്ലാവരും ദിക്റ് കാണാൻ വന്നവരാണ്. വലത് വശത്തായി അഹ്മദ് സൂഫീ തങ്ങളുടെ ഖബർ കാണാം. അത് കെട്ടി പൊക്കി മീസാൻ കല്ല് പിടിപ്പിച്ചിട്ടുണ്ട്. അതിനു ചുറ്റുമായി ഇന്ന് കാണുന്ന കെട്ടിടം ഇല്ലായിരുന്നു. ഞങ്ങളുടെ ഇടത് വശത്തായി നിസ്കാര സമയം അറിയുന്നതിനും, ഉച്ച സമയവും, ഭൂമിയുടെ ഭ്രമണം, ചരിവ്, സൂര്യന്റെ ചലനം എന്നിവയും അളന്ന് മനസ്സിലാക്കാനുള്ള കളങ്ങളും, കൽതൂണുകളും കാണാം. മഗ്രിബ് ബാങ്ക് വിളിച്ചു. പലരും പുറത്തെ പള്ളിയിൽ വെച്ചു നിസ്കാരം കഴിഞ്ഞു അകത്ത് ഹാളിൽ കടന്നു. അവിടെ ആണ് ദിക്റ് നടക്കുന്നത്. ഹാളിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു അടഞ്ഞ വാതിൽ. ആ വാതിലിൽ പച്ച പട്ട് തുണിയിൽ അറബി എഴുതി തൂക്കി ഇട്ടിട്ടുണ്ട്. അതിന് മുമ്പിൽ ഖലീഫ ഇരുന്നു. ഖലീഫക്കു മുമ്പിൽ പച്ച നിറത്തിൽ മക്കാ മദീന ചിത്രങ്ങൾ വരച്ച നിസ്കാരപ്പായയിൽ കിലിശി, ലബ്ബൂസ് (കുത്ത് സൂചി) എന്നിവ വെച്ചിട്ടുണ്ട്. ഇരുഭാഗത്തും ദഫ് ‘കളശി’ യും അടുക്കി വെച്ചിരിക്കുന്നു. ദിക്റ് നടത്തുന്നവർ ഓരോരുത്തരായി വന്നു കളശി എടുത്തു വരിയായി ഹാളിന്റെ ഇരുവശത്തും ഇരുന്നു. ആദ്യം ഇരുന്നു കൊണ്ട്, പിന്നെ നിന്നു കൊണ്ട് അവർ ദഫ് മുട്ടി ദിക്റുകൾ നടത്തി. നടുത്തളത്തിൽ ഇറങ്ങി ചിലർ കിലിശി എടുത്തു താളത്തിൽ നടന്നു ഉരുണ്ട അറ്റത്തുള്ള ചങ്ങലക്കണ്ണി കിലുക്കി, ഇടക്കിടെ പൊക്കി വയറ്റിൽ കൂർത്ത മുന കൊണ്ട് കുത്തുന്നുണ്ടായിരുന്നു. ശേഷം ചിലർ കളത്തിൽ ഇറങ്ങി ‘നടത്തം’ എന്ന ദിക്റിന്റെ താളത്തിനൊത്ത വിധത്തിൽ നടന്നു ചെന്നു ഖലീഫയിൽ നിന്നും ലബ്ബൂസ് എന്ന കുത്ത് സൂചി വാങ്ങി നെറ്റിയിലും, കവിളിലും, നെഞ്ചെത്തും കുത്തി വെച്ച് നടത്തം തുടരുന്നതും കണ്ടു. ആ ഹാളിന്റെ ഇരുവശവും ‘പക്കം’ എന്ന വരാന്തയാണ്. അവിടെയാണ് സ്ത്രീകളും കുട്ടികളും നിൽക്കുന്നത്. അവർ അവിടെയുള്ള കിളി വാതിലിലൂടെ പരിപാടി നോക്കി കാണുന്നു. ആ വലിയ ഹാളിന്റെ പിറകിൽ പടിഞ്ഞാറ് ഒരു ഹാൾ കൂടിയുണ്ട്. അത് ഇതിലും പൊക്കത്തിൽ ആണ്. അവിടെ ആരും പ്രവേശിക്കാറില്ല. പകലും അവിടെ ഇരുട്ടാണ്. അവിടെ ജിന്നുകൾ താമസിക്കുന്നുണ്ട് എന്ന് വിശ്വസിച്ച് പോരുന്നു. ഞങ്ങൾ പരിപാടി കഴിഞ്ഞു പുറത്തിറങ്ങി. ആ പള്ളിയിൽ ആണ് വർഷങ്ങൾക്കു മുമ്പ് പള്ളീക്കയിഞ്ഞോർ എന്ന് അറിയപ്പെടുന്ന അഹ്മദ് സൂഫീ തങ്ങൾ താമസിച്ചത്. മതാചാരങ്ങളിൽ നിന്നും അകന്നു അനാചാരങ്ങളിലും അനീതിയും ഉച്ഛനീചത്വവും കയ്യാളുന്ന കാലം സൂഫീ തങ്ങൾ അതിനെ വിമർശിച്ചു. ഉപദേശിച്ചു നോക്കി. ആരും ചെവി കൊടുത്തില്ല പോലും. അവസാനം നിരാശനായി സൂഫീ തങ്ങൾ പള്ളിയിൽ തന്നെ കഴിഞ്ഞു കൂടി. അല്ലിഹുവിനോട് ദുആ ചെയ്തു. ‘ഇൽഹാം’ യിലൂടെ ഒരു സുനാമി കൊടുങ്കാറ്റിന്റെ മുന്നറിയിപ്പു ഉണ്ടായി. അങ്ങനെ ആണ് കമാനം ഉണ്ടാക്കിയത്. സുനാമി തിരമാലകളിൽ നിന്നും തങ്ങൾ അങ്ങനെ ആ കമാനത്തിനകത്ത് ഇരുന്ന് രക്ഷപ്പെട്ടു. ആ പള്ളി ജിന്നുകൾ പുതുക്കി പണിത താണെന്നാണ് പരക്കെയുള്ള അഭിപ്രായം. ആ കൊടുങ്കാറ്റിലും കടൽക്ഷോഭത്തിലും തകർന്ന പള്ളി പുതുക്കിപ്പണിയണം. ജീവിച്ചിരിക്കുന്ന എല്ലാവരും അവരുടെ തകർന്നു പോയ വീടുകൾ പുതുക്കിപ്പണിയുന്ന തിരക്കിലാണ്. അങ്ങനെ തങ്ങൾ ശിഷ്യന്മാരായ ജിന്നുകളുടെ സഹായം തേടി. അങ്ങനെ അവർ പള്ളി പുതുക്കിപ്പണിതു കൊടുത്തു എന്ന് മാത്രമല്ല അഞ്ചു കുളങ്ങൾ കൂടി ഉണ്ടാക്കി കൊടുത്തു എന്നും ജനസംസാരം. പള്ളി പണിയാൻ പങ്കെടുത്ത നാട്ടുകാരിൽ ഒരാൾക്ക് മുറുക്കാൻ വെറ്റില വേണം. ദ്വീപിൽ ഉണ്ടായിരുന്ന വെറ്റില തോട്ടങ്ങൾ എല്ലാം നശിച്ചു പോയിരുന്നു. തങ്ങളോട് ആവശ്യം ഉന്നയിച്ചുവെന്നും ജിന്നുകൾ മലയാളത്തിൽ (കേരളത്തിൽ) നിന്നുമുള്ള ‘മലയാം’ വെറ്റില എത്തിച്ചു കൊടുത്തു എന്നും കഥയുണ്ട്.

ആ പള്ളി കണ്ടത് എനിക്ക് നാല് വയസ്സ് ഉള്ളപ്പോൾ ആയിരുന്നു എന്ന് ഉറപ്പാണ്. അത് എന്റെ സ്ക്കൂൾ അഡ്മിഷൻ നടന്നതിന് ഒരു വർഷം മുമ്പ്. എന്റെ ജനനം നടന്നത് ഹിജ്റ വർഷം 1366 ശവ്വാൽ മാസം 1 (ചെറിയ പെരുന്നാൾ ദിനം) തിങ്കളാഴ്ച ആയിരുന്നു എന്ന് എന്റെ ഉമ്മ ഉറപ്പിച്ചു പറഞ്ഞു തന്നിട്ടുണ്ട്. ആ കണക്ക് വെച്ചു ഈ വർഷം (ഹി.1446)ചെറിയ പെരുന്നാൾ ദിവസം എനിക്ക് 80 വയസ് തികയും. ജനന റജിസ്റ്ററിൽ പേരില്ല. എന്റെ സ്ക്കൂൾ അഡ്മിഷൻ നടന്നത് എനിക്ക് അഞ്ച് വയസ് മാത്രമുള്ളപ്പോൾ. സ്ക്കൂൾ റിക്കാർഡിൽ അവർ 1946 ജൂൺ ഒന്ന് (സ്ക്കൂൾ തുറന്ന ദിവസം ആണ് അത്) എന്ന് എഴുതി വെച്ചു.
അക്കാലത്ത് സ്തീകൾക്ക് ഇടക്കിടെ ജിന്ന് കയറുന്ന പരിപാടി കാണാമായിരുന്നു. ഞാൻ ചെറുപ്പത്തിൽ ഒരു ദിവസം സ്കൂളിൽ നിന്നും വരുന്ന വഴി ഒരു വീട്ടിൽ ഒരു സ്ത്രീക്ക് ജിന്ന് കയറി എന്നും, അവിടെ ബിയ്യബംബൻ മുസ്‌ലിയാർ ചികിൽസിക്കാൻ വന്നിട്ടുണ്ട് എന്നും അറിഞ്ഞു അവിടെ ചെന്നു. അവിടെ ഒരു കട്ടിലിൽ ഒരു സ്ത്രീ മലർന്നു കിടക്കുന്നു. ആളുകൾ ചുറ്റും കൂടി നിൽക്കുന്നു. അവരുടെ കയ്യും കാലും ആളുകൾ പിടിച്ചു വെച്ചിട്ടുണ്ട്. തലയുടെ ഭാഗത്ത് ബംബൻ ഒരു കസേരയിൽ ഇരിക്കുന്നു. എന്നിട്ട് കളങ്ങൾ വരച്ചു വെച്ച ഒരു പലകയിൽ എന്തോ എഴുതി വെച്ചിരിക്കുന്നു. ഓരോ കളത്തിലും ഓരോ ആണി അടിച്ചു കയറ്റുമ്പോൾ ആ സ്ത്രീ ഉറക്കെ നില വിളിക്കുന്നു. എണിറ്റു ഓടാൻ ശ്രമിക്കുമ്പോൾ ആളുകൾ പിടിച്ചു വെക്കുന്നു. കുറെ ആണി അടിച്ചു കയറ്റിയപ്പോൾ അവർ അടങ്ങി. ജിന്ന് പുറത്ത് പോകുമ്പോൾ അതിന്റെ തെളിവിനായി അവിടെ മാറ്റി വെച്ച ഒരു കൂജയിലെ വെള്ളം തട്ടി വീഴ്ത്തിയിടുന്നതും കണ്ടു.
എനിക്ക് നാല് വയസ്സ് ഉള്ളപ്പോൾ ആണ് എന്റെ മൂത്ത സഹോദരി ആത്ത്ഖാബി (ബീബി) യുടെ കല്യാണം നടന്നത്. അന്ന് ബീബിക്ക് ആറ് വയസ്. ഭർത്താവ് ഞങ്ങളുടെ കാരണവർ സയ്യിദ് ഇസ്മാഈൽ കോയ ആമീന്റെ മകൻ മാൽമീക്കാക്കാട ചെറിയകോയ ആയിരുന്നു. വയസ് പതിമൂന്ന്. അക്കാലത്ത് ബാല വിവാഹം സർവ്വ സാധാരണം ആയിരുന്നു. ബീബിയെ എന്റെ ഉമ്മ പ്രസവിച്ചപ്പോൾ കുഞ്ഞ് പെണ്ണാണ് എന്ന് പറഞ്ഞു. അത് കേട്ട വലിയ കാരണവർ തന്റെ മകന് വിവാഹം ഉറപ്പിക്കുകയായിരുന്നു എന്നാണറിഞ്ഞത്. ഇന്ന് അത് ഒരു അൽഭുതമായി തോന്നാമെങ്കിലും അക്കാലത്ത് ഒരു സാധാരണ സംഭവം മാത്രം. അത് അന്നത്തെ ഒരു സമ്പ്രദായം ആയിരുന്നു.
അവരുടെ കല്യാണം കുട്ടികളുടെ കല്യാണം ആയിരുന്നു എങ്കിലും അത് ഒരു കുട്ടിക്കല്യാണം ആയിരുന്നില്ല. മുതിർന്നവർ പറഞ്ഞു കേട്ടതനുസരിച്ച് മൂന്ന് ‘ആയിരത്ത ചോറ്’ ഉണ്ടായിരുന്നു. ഉറപ്പിച്ച ചോറ്, നികാഹിന്റെ ചോറ്, വീട്ടിൽ (ഭാര്യ വീട്ടിൽ) കൂടുന്ന ചോറ് എന്നിങ്ങനെ. നാട്ടിലുള്ള എല്ലാ സ്ത്രീ പുരുഷന്മാർക്കും കുട്ടികൾക്കും നൽകുന്ന സദ്യക്കാണ് ആയിരത്ത ചോറ് എന്ന് പറഞ്ഞിരുന്നത്. അക്കാലത്ത് പല വീടുകളിലും ദാരിദ്ര്യവും പട്ടിണിയും ആയത് കൊണ്ട് അത്തരം ചോറിന് ഗുണങ്ങളും ഏറെയായിരുന്നു. രണ്ടു കുടുംബങ്ങളും അവരുടെ പ്രതാപം കാണിക്കാനുമായിരിക്കണം അങ്ങനെ ചെയ്യുന്നത്. ഓടത്തിൽ പല്ലങ്കി കട്ടിലും, കറി മസാല സാധനങ്ങളും, ആഭരണങ്ങളും വസ്ത്രങ്ങളും മുൻകൂട്ടി ദ്വീപിലേക്ക് കൊണ്ടു വന്നിരുന്നു. അന്ന് ആടും പശുക്കളും വാഴക്കുലയും നാട്ടിൽ സുലഭം. കിടക്ക തുന്നുന്നവരും നാട്ടിൽ ഉണ്ടായിരുന്നു. ബീബിയുടെ കല്യാണത്തിനു കിടക്ക തുന്നിയത് കറുപ്പത്ത ഇല്ലം ഉവ്വ ആയിരുന്നു. കല്യാണ നാളിൽ ദോലിപ്പാട്ട്, നടപ്പാട്ട്, പരിചക്കളി, കോൽക്കളി എന്നിവയ്ക്ക് പുറമെ നരിയും പുലിയുമായി വേഷം കെട്ടി നൃത്തം ചെയ്യുന്ന ആളുകളും ഉണ്ടായിരുന്നു. വെടിക്കെട്ടും ബാണവും മുൻകൂട്ടി കൊണ്ടു വന്ന് വെച്ചിരുന്നു.
കല്യാണം കഴിയുമ്പോഴേക്ക് പെങ്ങൾ ഒന്നാം ക്ലാസ്സിൽ പഠനം നടത്തുന്നുണ്ടായിരുന്നു. പിറ്റെ വർഷം ഭർത്താവ് ടെറ്റനസ് രോഗം ബാധിച്ചു മരണപ്പെട്ടു. അതോടെ പഠനം നിർത്തി. ചെറു പ്രായത്തിൽ കല്യാണം കഴിക്കും എങ്കിലും കല്യാണ പെണ്ണ് കല്യാണ ശേഷം ഭർത്താവിനൊപ്പം ഉറങ്ങാറില്ല എന്ന് മാത്രമല്ല, പുതിയാപ്ല ഉള്ളപ്പോൾ കിടപ്പറയിൽ കയറാനും പാടില്ല. വഴിയിൽ എവിടെ ഭർത്താവിനെ കണ്ടാലും ഓടി മറയുകയും ചെയ്യണം. പകൽ സമയത്ത് ആഭരണങ്ങൾ അണിഞ്ഞ് ദിവസവും ഭർതൃവീട്ടിൽ ചെന്നാലും ഭർത്താവിന്റെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ പാടില്ല എന്നത് നാട്ടാചാരം. മൂന്ന് കിടക്ക വിരിച്ച കട്ടിലിൽ പുതിയാപ്ലയെ മറ്റുള്ളവർ പൊക്കി കയറ്റി കിടത്താറുണ്ടായിരുന്നു. അളിയന്റെ കൂട്ടിന് ജേഷ്ഠൻ ഇയ്യ ആയിരുന്നു രാത്രി ഉറങ്ങിയിരുന്നത്.
കല്യാണം കഴിഞ്ഞ ആ നാളുകളിൽ ആമീന്റെ ഭാര്യവീട്ടിൽ ഒരു വലിയ ഓടം നിർമ്മിക്കുന്നുണ്ടായിരുന്നു. അതോടൊപ്പം മകൻ ചെറിയ കോയക്ക് കളിക്കാൻ അതെ മോഡലിൽ, അതിൽ രണ്ടു പേർ സുഖമായി കയറി ഇരിക്കാവുന്ന വിധത്തിലുള്ള ഒരു കൊച്ചു ഓടവും നിർമ്മിച്ചു. അതിൽ അതിന് യോജിച്ച ചെറിയ കുമ്പും പായയും വലിച്ചു മൂലേക്കുളിയിൽ ഞങ്ങൾ കളിച്ചു നടന്നത് ഞാനിന്നും ഓർക്കുന്നു. പ്രതാപത്തോടെ ആഘോഷിച്ചു കൊണ്ട് കല്യാണം നടന്നു എങ്കിലും അടുത്ത വർഷം തന്നെ സംഭവിച്ച പുതിയാപ്ലയുടെ മരണം ഒരു ട്രാജഡി ആയി മാറി.
ഞാൻ സ്കൂൾ വിദ്യാഭ്യാസം തുടങ്ങുന്നതിനു മുമ്പു പരിചയപ്പെട്ട മൂന്ന് ‘ആറ്റേക്ക’മാരെക്കുറിച്ച് പറഞ്ഞില്ലെങ്കിൽ ആ കാല ചരിത്രം പൂർണ്ണമാവില്ല. നാലും അഞ്ചും വയസ്സുള്ള കാലത്ത് രാത്രി ഉറങ്ങുമ്പോൾ പാതിരാ കഴിഞ്ഞു എന്റെ വീടിന്റെ പിറക് വശത്ത് ടും…, ടും…, ടും… എന്ന് ശബ്ദം കേട്ടു ഉണർന്ന് പോകുന്നത് പതിവായിരുന്നു.
അതെന്താ എന്ന് ചോദിച്ചാൽ ‘ അത് ജിന്ന് പിറകിലെ വഴിയിൽ കൂടി പോകുന്നതാണ്… !, കിടന്നു ഉറങ്ങിക്കോ…’ എന്ന് മൂത്തവർ പറഞ്ഞ് പേടിപ്പിക്കും. പേടിച്ച് കൊണ്ട് ഞങ്ങൾ പുതപ്പ് മൂടി ഉറങ്ങാതെ കിടക്കും.
എന്റെ വീടിന്റെ പിറകിലൂടെ ഇടപ്പള്ളി യിലേക്ക് പോകുന്ന ഒരു വഴി ഉണ്ട്. അതിലൂടെ രാത്രിയിൽ പടിഞ്ഞാറു ‘ബിരിയത്തപ്പൂയി’ യാർ കടപ്പുറത്ത് നിന്നും ജിന്നുകൾ കയറി നടന്നു വന്നു കിഴക്ക് ‘ഇടപ്പള്ളി ആറ്’ ലേക്ക് പോകുന്നത് പതിവായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നീട് വലുതായപ്പോൾ ആണ് മനസ്സിലായത് ആ ശബ്ദം ഇടപ്പള്ളി മുക്രി ആയ കുഞ്ഞാനക്കൽ ആറ്റേക്ക ഭാര്യ വീടായ തിത്തിയാപ്പാട വീട്ടിൽ നിന്നും ഇടപ്പള്ളിയിലേക്ക് സുബ്ഹ് ബാങ്ക് വിളിക്കുന്നതിനായി വടി കുത്തി നടന്നു പോകുന്ന ശബ്ദം ആയിരുന്നു അത് എന്ന്. ആറ്റേക്ക പ്രായക്കൂടുതലും വാത രോഗവും കാരണം മുമ്പോട്ട് വളഞ്ഞു വടി കുത്തി ആണ് നടന്നിരുന്നത്. അദ്ദേഹം ഇത്രയും പ്രായത്തിൽ നടക്കാനും വയ്യാഞ്ഞിട്ട്, രാതിയിൽ കൂരിരുട്ടിലും ഒരു മൈലിൽ കൂടുതൽ ദൂരം നടന്നു പള്ളിയിൽ ചെന്ന് അകലെയുള്ള കുളത്തിൽ ഇറങ്ങി, കുടത്തിൽ വെള്ളം എടുത്ത് ചുമന്നു നടന്നു കൽപടികൾ കയറി പള്ളിയുടെ ചെരിവിലുള്ള വലിയ ‘ചാടി’ പാത്രത്തിൽ പല തവണ സുബ്ഹ് ബാങ്കിന് മുമ്പ് വെള്ളം ഒഴിക്കുമായിരുന്നു എന്നത് എന്നെ പിന്നീട് ഏറെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമാണ്. അദ്ദേഹത്തെ അതിനു പ്രോൽസാഹിപ്പിച്ചത് പണമല്ല, സ്വർഗം ആയിരുന്നു എന്നത് തീർച്ചയാണ്. അവർക്ക് ഒക്കെ തന്നെയാണ് സ്വർഗം ഉള്ളത് എന്നത് സംശയിക്കാനില്ല.
എന്നെ ചെറുപ്പത്തിൽ ഖുർആൻ പലകയിൽ പഠിപ്പിച്ചത് ജുമാമസ്ജിദ് മുക്രി ആണെങ്കിൽ, ഓതാൻ പഠിപ്പിച്ചത് എന്റെ ഒരു ബന്ധു കൂടിയായ ശാപ്പേ ആറ്റേക്ക എന്ന വയസ്സൻ ആയിരുന്നു. അദ്ദേഹം ദിവസവും എന്റെ വീട്ടിൽ വന്ന് ഖുർആൻ ഓതി തന്നിരുന്നു. അദ്ദേഹത്തിന്റെ അറിവും പ്രായവും എന്റെ ചിന്തിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഞാൻ ഓർക്കുകയും അദ്ദേഹത്തിനു വേണ്ടി ഞാൻ പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്.
മൂന്നാമതായി ഞങ്ങളുടെ അയൽവക്കത്ത് കല്യാണം കഴിച്ച് അവിടെ തന്നെ അധികവും താമസിച്ചിരുന്ന മാൽമീക്കാക്കാട ആറ്റേക്കയേയാണ് ഞാൻ ഓർക്കുന്നത്. എപ്പോഴും അദ്ദേഹം ആ വീടിന്റെ മുൻ വശത്തുള്ള ഒരു വെറ്റില തോട്ടത്തിൽ ആയിരിക്കും. ആ തോട്ടത്തിനു ചുറ്റും വെള്ളം നിറഞ്ഞ തോടുണ്ടായിരുന്നു. ആ വെള്ളം കോരി വെറ്റില നനയ്ക്കുകയും അദ്ദേഹം അതിൽ നിന്നും ‘ഉളുവ്’ എടുക്കുകയും ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹം എല്ലാ റമളാൻ മാസത്തിലും എന്റെ വീടിന്റെ വരാന്തയിലെ തറയിൽ കുട്ടികൾക്ക് ‘ഹിസ്ബ്’ ഓതി പഠിപ്പിക്കുമായിരുന്നു. ഖുർആൻ തജ് വീദ് പ്രകാരം ഓതുന്നതാണ് അന്ന് ഹിസ്ബ് എന്ന് പറഞ്ഞിരുന്നത്. അദ്ദേഹം നല്ലൊരു ഖാരിയും ആലിമും ആബിദും ആയിരുന്നു എന്ന് പിന്നീട് എനിക്ക് മനസിലായി. അദ്ദേഹത്തെ ഞങ്ങൾ ഹിസ്ബ് ആറ്റേക്ക എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹത്തിനേയും ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കാറുമുണ്ട്.
അക്കാലത്ത് കുട്ടികൾക്ക് മതപഠനത്തിനു കൂടുതൽ പ്രാധാന്യം നൽകിയിരുന്നു. ആദ്യം സ്കൂൾ അഡ്മിഷനു മുമ്പ് തന്നെ പലകയിൽ അറബി (ഖുർആൻ) പഠനം തുടങ്ങി. ജുമുഅത്ത് പള്ളിയിൽ മുക്രി പള്ളിയുടെ മുൻവശത്തുള്ള പടിപ്പുരയിൽ വെച്ചു നടത്തിയ ക്ലാസ് ആയിരുന്നു തുടക്കം. അന്ന് ജുമുഅത്ത് പള്ളിയിൽ വലിയ മുക്രി ചെറിയ മുക്ക്രി എന്ന് രണ്ട് മുക്രിമാർ ഉണ്ടായിരുന്നു. പള്ളിക്ക് ചുറ്റുമുള്ള കുറെ തെങ്ങുകൾ അവരുടെ ശമ്പളത്തിനായി നീക്കി വെച്ചിരുന്നു. പടിപ്പുരയിൽ അവിടെ ഇരു വശത്തും വീതിയുള്ള കുമ്മായം കൊണ്ട് തേച്ചു മിനുക്കിയ രണ്ടു തറകൾ ഉണ്ടായിരുന്നു. അതിൽ ഒന്നിൽ ആൺകുട്ടികളും മറ്റേതിൽ പെൺകുട്ടികളുമായിരുന്നു ഇരിക്കുക.
ഖൂർആൻ എഴുതാൻ പ്രത്യേകിച്ച് തയ്യാറാക്കിയ മരപ്പലകയുടെ മുകളിലുള്ള ദ്വാരത്തിൽ ഒരു ചരട് കെട്ടി തൂക്കിപ്പിടിച്ചു പള്ളിയിൽ ചെല്ലുമ്പോൾ ഒരു ആനന്ദം അനുഭവപ്പെട്ടിരുന്നു. കൂട്ടുകാരുമൊത്ത് കടപ്പുറത്ത് നിന്നും ശബടി എന്ന കാൽസ്യം പുറ്റുകൾ പെറുക്കി കൊണ്ടു വന്നു അരക്കല്ലിൽ അരച്ച് പേസ്റ്റാക്കി പലകയിൽ പുരട്ടി ഉണക്കി എടുക്കും. ചിലർ പൊടിക്കാൻ പാകത്തിൽ ഉള്ള കടലിലെ പ്രത്യേക മുള കല്ലുകൾ പൊടിച്ചും അരച്ചും പാകപ്പെടുത്തി മരപ്പലകയിൽ തേച്ചു പിടിപ്പിച്ച് ഉണക്കിയ ശേഷം തുടച്ചു പൊടി കളഞ്ഞു അതിൽ മുക്രി അടുത്ത പാഠം എഴുതി തരും. അൽഖാരിയാത്ത്, അമ്മ, ജുസുഅ, ഖത്തം എന്നിവ എത്തുമ്പോൾ മുക്രിക്ക് പണവും അപ്പവും തേങ്ങയും നൽകണം.
അക്കാലത്ത് എല്ലാവരും സ്വാലിഹീങ്ങൾ എന്ന് കരുതരുത്. കളവ് ഇല്ല എങ്കിലും കളവ് പറഞ്ഞ് ഭൂമി അവകാശം നേടിയ പല കഥകളും ഉണ്ടായിരുന്നു. അക്കാലത്ത് ഭൂമിക്ക് അതിർ നിശ്ചയിക്കുന്നത് തെങ്ങ് നോക്കി ആണ്. ആര് തെങ്ങ് നെട്ട് പിടിപ്പിച്ചോ ആ ഭൂമി അവരുടേതായി തീരും. തെങ്ങിനു ഓരോ വീട്ടുകാർക്കും പ്രത്യേക അടയാളങ്ങളും ഉണ്ടായിരുന്നു. ആമീനും കച്ചേരി കാരണവൻമാർക്കും പ്രധാന ജോലി തന്നെ അത്തരം തർക്കങ്ങൾക്ക് ‘വീട്ടുകൂട്ടം’ കൂടലും, കച്ചേരിയിൽ കേസ് വന്നാൽ തീർപ്പ് കൽപ്പിക്കലും ആയിരുന്നു. വക്കീലിന് പകരം ‘മുഖ്തിയാർ’ മാർ ഉണ്ടായിരുന്നു. അവരാണ് കേസ് വാദിച്ചിരുന്നത്.
അക്കാലത്തെ ഒരു കൊച്ചിക്കാരൻ മുഹമ്മദ് എന്ന വ്യക്തിയുടെ കഥ കുടി പറയാം. എന്നാലെ ഈ വിഷയം പൂർണമാവുകയുള്ളൂ. എന്റെ നാലാം വയസ് കാലത്ത് ഒരു ദിവസം കൽപേനി മുഴുവനും ഒരു വാർത്ത പരന്നു. ഏഴ് വയസ്സുള്ള ഒരു പെൺകുട്ടിയെ കാണാനില്ല. അത് ദ്വീപുകാരെ സംബന്ധിച്ചു ഒരു അൽഭുത വാർത്തയായിരുന്നു. അങ്ങനെ കുട്ടികളെ ആരും തട്ടിക്കൊണ്ട് പോകാറില്ല. മുമ്പ് അത്തരം വാർത്ത നടന്നത് സാണം കദിയ സംഭവം മാത്രം ആയിരുന്നു. അന്ന് വിദേശികളും അവരുടെ കപ്പലും സ്ഥലത്ത് ഉണ്ടായിരുന്നു. ഈ സംഭവം നടന്നപ്പോൾ അങ്ങനെ ഒന്നില്ല. എല്ലാവരും എല്ലാ വീട്ടിലും പരിസരത്തും കുളത്തിലും പരതി നോക്കി. കണ്ടില്ല. അവസാനം ഒരു വെറ്റില തോട്ടത്തിൽ വെറ്റിലക്ക് വെള്ളം തെളിക്കാൻ ചെന്ന ഒരു വ്യക്തിക്ക് അതിന്റെ വക്കിലുള്ള വെള്ളം കെട്ടിക്കിടക്കുന്ന ചാലിൽ ഒരു പെൺകുട്ടി മരിച്ചു കിടക്കുന്നത് കണ്ടു. ഉടനെ അയാൾ ഉറക്കെ നിലവിളിച്ചു.
നില വിളി കേട്ട് ചുറ്റുവട്ടത്ത് ഉള്ള ആണും പെണ്ണും ഓടി എത്തി. കണ്ടവർ കണ്ടവർ നിലവിളിച്ചു. അവരുടെ വീട്ടുകാരും എത്തി. അവളുടെ കഴുത്തിൽ ഒരു അരപ്പവൻ മാല ധരിച്ചിരുന്നു. അത് കാണാനില്ല. ശരീരത്തിൽ മുറിപ്പാടുകൾ ഒന്നും കാണാനില്ല. അവർ കുട്ടിയെ എടുത്തു അവരുടെ വീട്ടിലേക്കു ചെന്നു, എന്നിട്ട് വിവരം ആമീനെ അറിയിച്ചു. അക്കാലത്ത് ദ്വീപുകളിൽ പോലീസ് ഇല്ല. ആമീൻ ബിയ്യക്കോയ(ചെറിയ കോയ) ആയിരുന്നു.

പോലീസിനു പകരം ആമീനെ സഹായിക്കാൻ ഒരു ഗുമസ്ഥനും (ക്ലർക്ക്), ഒരു പ്യൂണും (ശിപായി), രണ്ട് നടപ്പാൾമാരും മാത്രം. എന്നാലും ജനങ്ങൾ ആമീൻ മാരെ ഭയന്നു ജീവിച്ചിരുന്നു. ആമീനോടൊപ്പം കച്ചേരിയിൽ അസ്സസ്സർമാർ (കച്ചേരി കാരണവർ) പതിമൂന്ന് പേരും ഉണ്ടായിരുന്നു.
ആമീൻ ഇതൊരു സാധാരണ സംഭവം അല്ലെന്നും, കൊലപാതകം തന്നെ എന്നും കണക്കാക്കി അടിയന്തരമായി കച്ചേരി വിളിച്ചു. ഇത് കൊലപാതകം ആണെന്നും അത് ചെയ്തത് ദ്വീപുകാർ ആരും ആയിരിക്കില്ല എന്നും അവർ തീരുമാനിച്ചു. അന്ന് ദ്വീപിൽ വന്ന് ജോലി എടുത്തു താമസിക്കുന്ന ഒരു കൊച്ചിക്കാരൻ മുഹമ്മദ് എന്ന ഒരാൾ ഉണ്ടായിരുന്നു. ശിപായിയും ഒരു നടപ്പാളും ചെന്നു അയാളെ പിടിച്ചു കൊണ്ട് കച്ചേരിയിൽ വന്നു. അയാളുടെ മനോഭാവത്തിൽ ഒരു കള്ള ലക്ഷണവും ഉണ്ട്. പലവിധത്തിലുള്ള ചോദ്യം ചോദിച്ചിട്ടും അയാൾ സമ്മതിച്ചില്ല. അവസാനം അന്നത്തെ പതിനെട്ടാം അടവ് എടുത്തു. ഒരു പൂച്ചയെ കൊണ്ട് വന്ന് കഴുത്തിൽ കെട്ടി തൂക്കി. പൂച്ച അയാളുടെ പുറത്ത് മാന്താനും തുടങ്ങി. നാട്ടിലുള്ള ജനങ്ങൾ ആകമാനം കച്ചേരിക്കു ചുറ്റും തടിച്ചു കൂടിയിരുന്നു. പൂച്ച മാന്തിയിട്ടും അയാൾ സമ്മതിച്ചില്ല. വീണ്ടും ചോദിച്ചപ്പോൾ “പൂച്ചയോട് ചോദിക്ക്…..” എന്ന് അയാൾ പറഞ്ഞു പോലും. പൂച്ച മാന്തിയും കടിച്ചു. രക്തം ഒഴുകാൻ തുടങ്ങിയതോടെ അയാൾ സമ്മതിച്ചു. ആ പവൻ മാല സൂക്ഷിച്ച സ്ഥലവും പറഞ്ഞു കൊടുത്തു. ആമീനു അന്ന് കൊലക്കുറ്റത്തിന് ശിക്ഷ നൽകാനുള്ള അധികാരം ഉണ്ടായിരുന്നില്ല. ആകെയുള്ള അധികാരം പതിനഞ്ച് രൂപ വരെ പിഴ ഇടാക്കാനും. രണ്ടാഴ്ച വരെ ജയിലിൽ കിടത്താനും. അവിടെ ഒരു മുറി ജയിൽ കച്ചേരിയുടെ വടക്ക് ഭാഗത്ത് വിജനമായി കിടന്നിരുന്നു. ആ സ്വർണം കണ്ടെടുത്തു അയാളെ ജയിലിൽ ആക്കി. അടുത്ത ഓടത്തിൽ കോഴിക്കോട്ടിലേക്ക് അയച്ചു കേസ് മലബാർ കലക്ടർക്ക് കൈ മാറി എന്ന് അറിഞ്ഞു. കുട്ടിക്കാലം എന്നത് കുട്ടിക്കളിക്കാലം കൂടി ആയിരുന്നു. ഇന്നത്തെ പോലുള്ള മൊബൈൽ ഗൈമും ഡിജിറ്റൽ ഗൈമും അല്ല. അത് മനസ്സിനെയും ശരീരത്തെയും തളർത്തുന്നവയുമല്ല, എന്നാൽ മാനസികാരോഗ്യം വളർത്തുന്നതും ഉന്മേഷം നൽകുന്നതും പൊസിറ്റീവ് എനർജി നൽകുന്നതും ആയിരുന്നു.

അക്കാലത്ത് കുട്ടികൾ എല്ലാവരും തന്നെ തല മൊട്ട അടിച്ചിരിക്കും. എട്ടാമത്തെ വയസ്സിൽ ആണ് എന്നെ മാർക്കം കഴിച്ചത്. അത് വരെ എന്നെ മൊട്ട അടിച്ചു നെറുകയിൽ കുറെ സ്ഥലത്ത് മുടി ബാക്കി വെച്ചിരുന്നു. അതിനു ‘കുടുമി’ എന്ന് ആണ് പറഞ്ഞിരുന്നത്. ആ ഭാഗത്ത് മുടി വെട്ടി ചെറുതാക്കി മാത്രം വെച്ചിരിക്കുന്നു. അത് ഒസ്സാന്റെ കുതന്ത്രമോ നാട്ട് ആചാരമോ എന്ന് അറിയില്ല. മാർക്കം(സുന്നത്ത്) കഴിഞ്ഞ ശേഷം പിന്നെ പതിമൂന്നാം വയസ്സ് വരെ മൊട്ടത്തല തന്നെ ആയിരുന്നു. മുതിർന്നവരിലും മുടി വളർത്തിയവർ കുറവായിരുന്നു. മുടി വളർത്തുന്നവർ മുടി വെട്ടി ചെറുതാക്കി വെക്കും. അത്ര മാത്രം. എന്നാൽ എന്റെ വലിയമ്മയുടെ ബാപ്പ ആയ കവരത്തിയിലെ പുറത്താക്കാട് സയ്യിദ് ഇസ്മാഈൽ കോയ തങ്ങളും, അവരുടെ ബാപ്പയായ അരേനാക്കാട് കാസ്മിക്കോയ തങ്ങളും (ആമീനും) തല മുടി തോളത്തു വരെ നീട്ടി വളർത്തിയിരുന്നു എന്നും അത് കാരണം അവരെ ‘മുടിയൻകോയ’ എന്നാണ് പരക്കെ അറിയപ്പെട്ടിരുന്നത് എന്നും കേട്ടിരുന്നു.
ഓരോ കുഞ്ഞും ഈ ഭൂമിയിൽ പിറന്നു വീഴുന്നത് ശുദ്ധ പ്രകൃതിയിൽ ആണ്. തുളുമ്പുന്ന സൗന്ദര്യം, പ്രിയങ്കരമായ ശരീരം, ആകർഷണീയമായ പുഞ്ചിരി എന്നിവ ദിനം പ്രതി ഏറി വരുന്നതും ഒരു വയസ്സ് പ്രായം ആവുമ്പോൾ അത് പാരമ്യത്തിൽ എത്തുന്നതായും നമുക്ക് കാണാം. അത് ആ കുഞ്ഞ് അല്ലെങ്കിൽ മാതാപിതാക്കൾ പദ്ധതി തയ്യാറാക്കി നേടി എടുക്കുന്നതല്ല. വലിയ പങ്കും പ്രകൃതി ദത്തമായി നേടി എടുക്കുന്ന ജനിതക പാരമ്പര്യമാണെന്ന് കാണപ്പെടുന്നു.
ആ പ്രായത്തിൽ മാതാപിതാക്കളുടെ ശൈശവ കാല പരിചരണവും, ഗർഭകാലപരിചരണവും കുട്ടികളുടെ ശാരീരികവും മാനസികവും ആയ വളർച്ചക്ക് വളരെ ഏറിയ പങ്ക് വഹിക്കുന്നുമുണ്ട്. കലാശാല വിദ്യാഭ്യാസം തുടങ്ങുന്നതിനു മുമ്പുതന്നെ മാതാപിതാക്കളുടെ അല്ലെങ്കിൽ രക്ഷിതാക്കളുടെ പങ്ക് എന്താണ് എന്നത് ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ടതും, അത് പ്രായോഗികതയിൽ കൊണ്ടു വരേണ്ടതുമാണ്. അതായത് വളരെ ചെറു പ്രായം മുതൽ മാതാപിതാക്കൾ ശിശു പരിചരണത്തിൽ വേണ്ട ശ്രദ്ധ ചെലുത്തണം. മാതൃകാ അദ്ധ്യാപകൻ എപ്പോഴും ഒരു കുട്ടിക്ക് ഗുരുനാഥൻ മാത്രമല്ല, മാതാവൊ, പിതാവൊ ആയി മാറണം. എന്നാൽ മാത്രമെ നല്ല മാതൃകാപരമായ ശിക്ഷണം നൽകുവാൻ സാധിക്കുകയുള്ളൂ. ഈ വിഷയത്തിൽ ‘താലോലം’ എന്നൊരു പുസ്തകം ഞാൻ രചിച്ചിട്ടുണ്ട്.

ഒരു കുട്ടിക്ക് വളരുന്ന പ്രായത്തിൽ നൽകേണ്ട പരിരക്ഷ പിന്നീട് നൽകാൻ സാധ്യമല്ല. വളർത്തുമ്പോൾ അനാവശ്യമായി ശകാരിച്ചും, ശിക്ഷിച്ചുമാണ് വളർത്തുന്നതെങ്കിൽ അവർ വഴികേടിലേക്കും അനുസരണക്കേടിലേക്കും നീങ്ങാൻ സാധ്യതകൾ ഏറെ ആണ്. അത് കൊണ്ട് അവരെ വളർത്തുമ്പോൾ മാതാപിതാക്കൾ കുട്ടികളെ മാനസികമായി തളർത്തരുത്. വളർത്തിയില്ലെങ്കിലും അവർ വളരും. തളർത്താതിരുന്നാൽ മതി. ആവശ്യമായ വിദ്യകൾ മാതാപിതാക്കൾ നൽകിയാലും അല്ലെങ്കിലും അവർ നേടിയിട്ടുണ്ടാവും. ഒരാളുടെ അറിവിന്റെ എൺപത് ശതമാനവും അവൻ അല്ലെങ്കിൽ അവൾ ആറ് വയസിന് മുമ്പ് നേടുന്നതാണ്. കണ്ടും കേട്ടും അവർ പഠിച്ചു കൊള്ളും. സംസാരം, പെരുമാറ്റം, സൽസ്വഭാവം എല്ലാം കുട്ടികൾ 6 വയസ്സിനു മുമ്പ് മാതാപിതാക്കളെ കണ്ട് പഠിച്ചിട്ടുണ്ടാവും.