ലക്ഷദ്വീപ് കപ്പൽ സർവീസ് താറുമാറ്: ജോൺ ബ്രിട്ടാസ് ജലഗതാഗത വകുപ്പ് മന്ത്രിക്ക് കത്തയച്ചു

ന്യൂഡൽഹി: യാത്രാമേഖലയിൽ ലക്ഷദ്വീപ് ജനത കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് കേന്ദ്ര കപ്പൽ, തുറമുഖ, ജലഗതാഗത വകുപ്പ് മന്ത്രി സര്ബാനന്ദ സോനോവാലിന് കത്തയച്ചു. ലക്ഷദ്വീപ് ജനതയുടെ ഏക ആശ്രയമായ കപ്പൽ സേവനം തകരാറിലായ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ചുകൊണ്ടാണ് ജോൺ ബ്രിട്ടാസ് കത്തയച്ചത്. ഇപ്പോൾ യാത്രക്കാരെ കൊണ്ടുപോകുന്ന പാസഞ്ചർ കപ്പലുകൾ ഒന്നോ രണ്ടോ മാത്രമാണ് സർവീസ് നടത്തുന്നതെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി.

ചില കപ്പലുകൾ എട്ടുമാസത്തിലധികമായി ഡ്രൈ ഡോക്കിലോ ലേ-അപ്പിലോ ആണെന്നും, അതിനാൽ രോഗികൾ, വിദ്യാർത്ഥികൾ, വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ ജീവിതം പ്രതിസന്ധിയിലായെന്നും കത്തിൽ പറയുന്നു. ഫ്ലൈറ്റ് ടിക്കറ്റ് വിലകൂടിയതും സീറ്റുകൾ ലഭ്യമല്ലാത്തതും മൂലം സാധാരണക്കാർക്ക് ഉപയോഗിക്കാനാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കപ്പലുകളുടെ പരിപാലനത്തിൽ വിവിധ നിയമലംഘനങ്ങളുണ്ടെന്ന് ബ്രിട്ടാസ് ആരോപിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ 2013ലെ സർക്കുലർ നമ്പർ 23 ലെ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ല. കപ്പലുകളുടെ സ്ഥിരം പരിശോധനകളും, ഡ്രൈ ഡോക്കിങ്ങിനുള്ള സമയക്രമവുമെല്ലാം പാലിക്കുന്നില്ലെന്നും കപ്പലുകളുടെ പ്രവർത്തനത്തിൽ അശാസ്ത്രീയതയും ഉണ്ടെന്നും കത്തിൽ പറയുന്നു.

ടിക്കറ്റിംഗ് സംവിധാനത്തിൽ വലിയ ക്രമക്കേടുകൾ സംഭവിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഏകദേശം 40% ടിക്കറ്റുകൾ ഏജൻസികളും ടൂറിസം ഓപ്പറേറ്റർമാരുമാണ് പിടിച്ചെടുക്കുന്നത്. തദ്ദേശവാസികൾക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥയും ബ്ലാക്ക് മാർക്കറ്റ്, ഓട്ടോമേറ്റഡ് സ്‌ക്രിപ്റ്റുകൾ വഴി ടിക്കറ്റുകൾ ബുക്കിംഗ് ചെയ്യുന്നതായും ആരോപിച്ചു.

കപ്പൽ സർവീസ് സംബന്ധിച്ച DG Shipping നോട്ടിഫിക്കേഷൻ നമ്പർ 23/2013 പ്രകാരമുള്ള നിയമങ്ങൾ കർശനമായി പാലിക്കാനും കപ്പലുകളുടെ സമയം പാഴാക്കാതെ നിർബന്ധമായ പരിശോധനകളും ഡ്രൈ ഡോക്കിംഗുകളും നടത്താനും ടിക്കറ്റിന്റെ 85% തദ്ദേശവാസികൾക്കായി ഉറപ്പുവരുത്താനും അദ്ദേഹം ആവശ്യപ്പെട്ടു. കടുത്ത പ്രതിസന്ധിയുണ്ടാക്കുന്ന ഈ വിഷയത്തിൽ സർക്കാർ സമയബന്ധിതമായി നടപടികൾ സ്വീകരിക്കണം എന്ന് ബ്രിട്ടാസ് കത്തിൽ ആവശ്യപ്പെട്ടു.

Share to

Leave a Reply

Your email address will not be published. Required fields are marked *