-ഹുസൈൻ ഷാ
സ്വാതന്ത്ര്യാനന്തരം ദ്വീപിലെ പി. ഐ. പൂക്കോയയെ പോലുള്ള നേതാക്കന്മാരും കേരളത്തിലെ ദ്വീപിനെ അടുത്തറിയുന്ന വി.എസ് കേരളീയൻ, സി.എച്ച്. മുഹമ്മദ് കോയാ, പി.പി.ഉമ്മർക്കോയ തുടങ്ങിയ നേതാക്കളുമൊക്കെ ചേർന്ന് കോഴിക്കോട് കടപ്പുറത്ത് ഒരു യോഗം ചേർന്നു. അതിലെ പ്രധാന ചർച്ച ലക്ഷദ്വീപ് കേരളത്തോട് ചേർക്കണോ കേന്ദ്രത്തോട് ചേർക്കണോ എന്നതായിരുന്നു. ഈ രണ്ട് അഭിപ്രായങ്ങളും അവിടെ ചർച്ച ചെയ്യപ്പെട്ടു. കേരളം ദരിദ്ര സംസ്ഥാനമായതിനാൽ കേരളത്തോടൊപ്പം ചേർത്താൽ സാമ്പത്തികം ബുദ്ധിമുട്ടിലാവും. എന്നാൽ കേന്ദ്രഭരണ പ്രദേശമായാൽ സാമ്പത്തികം മെച്ചപ്പെടും മാനുഷിക വളർച്ച ദാരിദ്ര്യത്തിലായി തീരുമെന്നുമായിരുന്നു അഭിപ്രായങ്ങൾ. എന്നാൽ കേരളത്തോടൊപ്പം ചേർക്കാൻ കൊടുത്ത പ്രമേയം പ്രധാനമന്ത്രി നെഹ്റു തള്ളി, കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയായിരുന്നു. ഷെഡ്യൂൾഡ് ട്രെെബ് സമൂഹത്തെ ശ്രദ്ധയോടെ നോക്കി വളർത്തുകയായിരുന്നു അതിൻ്റെ ലക്ഷ്യം.
ദ്വീപു ജനങ്ങൾ തങ്ങളുടെ അവകാശങ്ങൾ എല്ലാം നഷ്ടപ്പെടുന്നതും തങ്ങൾ അനാഥമായ അവസ്ഥയിലായി പോവുന്നതും നോക്കി വിറങ്ങലിച്ച് നിസ്സഹായരായി നിന്നപ്പോളാണ് പൃഥ്വിരാജ് സുകുമാരൻ്റെ ആണത്തമുള്ള ആ വാക്കുകൾ ദ്വീപുകാർക്ക് വേണ്ടി മുഴങ്ങിയത്. അതോടെ ലക്ഷദ്വീപ് ഹാഷ്ടാ ഗിലും സോഷ്യൽ മീഡിയയിലും കത്തിപ്പടരാൻ തുടങ്ങി. ഈ വാക്കുകളാണ് എമ്പുരാനോടൊപ്പം ചേർത്ത് വെച്ചു പൃഥ്വിരാജിനെ രാജ്യദ്രോഹിയാക്കുവാൻ ശ്രമിക്കുന്നത്.
ഗോദ്രാ സംഭവം പോലെ ഏതൊന്നിനേയും സംഘപരിവാർ ആക്രമിക്കുന്നത് അവരുടെ അനുചരന്മാർക്ക് വിശ്വസിക്കാൻ പാകത്തിലുള്ള നുണക്കഥകൾ സൃഷ്ടിച്ച് കൊണ്ടാണ്. ഹിറ്റ്ലറും മുസ്സോളിനിയും പ്രചരിപ്പിച്ചത് പോലുള്ള പച്ച നുണകളാണ് അവർ ലക്ഷ്യമിടുന്ന കാര്യത്തെക്കുറിച്ച് പടച്ച് വിടുക. ദ്വീപു വിഷയത്തിലും സംഘകേന്ദ്രങ്ങൾ പടച്ച് വിടാൻ ശ്രമിച്ച നുണകഥകളുടെ യുക്തിയില്ലായ്മ കേട്ട് ഞങ്ങൾ ചിരിച്ചു. ദ്വീപിൽ ഒന്ന് വരിക പോലും ചെയ്യാത്ത പല ചാനൽ ചർച്ചകരും എന്തെല്ലാം അബദ്ധങ്ങളാണ് പടച്ച് വിട്ടത്. മിനിക്കോയി ദ്വീപിൽ നിന്നും അഞ്ഞൂർ നോട്ടിക്കൽ മൈൽ കടൽ ദൂരത്തിൽ രാജ്യാതൃത്തിയിൽ പിടിക്കപ്പെട്ട കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മയക്ക്മരുന്ന് ലക്ഷദ്വീപിലാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ, മഹാത്മാഗാന്ധിയെ നെഞ്ചിലേറ്റിയവരെ ഗാന്ധി വിരുദ്ധരാക്കാൻ ശ്രമിക്കുന്നത് ഗാന്ധിയെ കൊന്നവരാണ്.
കൊലപാതകങ്ങളോ അക്രമങ്ങളോ സംഭവിക്കാത്ത, സ്നേഹം നിറഞ്ഞ നിഷ്കളങ്കരായ മനുഷ്യരെ രാജ്യദ്രോഹികളാക്കാൻ ശ്രമിച്ചത് പോലെ തന്നെയാണ് എമ്പുരാനെതിരേയും കഥകൾ മെനയുന്നത്.
എമ്പുരാൻ കണ്ടപ്പോൾ കൃത്യമായും കുറിക്ക് കൊള്ളുന്നവിധവും എങ്ങിനെ രാഷ്ട്രീയം പറയാം എന്നും മനസ്സിലായി. ചരിത്രത്തിൽ നിന്നും വർത്തമാന കാല രാഷ്ട്രീയത്തിലേക്ക് കഥാപാത്രങ്ങളെ പറിച്ച് നടുമ്പോൾ അവർ സംസാരിക്കുന്ന സംഭാഷണങ്ങളും ചരിത്രത്തിൽ നിന്നുതന്നെയാണ്. അവസാനം അതിൻ്റെ റഫറൻസും കൊടുത്തിട്ടുണ്ട്. ഒരു ഗവേഷണ പ്രബന്ധം ചെയ്യുന്നത് പോലെയാണ് എമ്പുരാൻ്റെ സ്ക്രിപ്റ്റ്. എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ഇന്ദ്രജിത്ത് ചെയ്ത കഥാപാത്രമാണ്. ഗോവർദ്ധൻ എന്ന ആള് മലയാള സാഹിത്ത്യത്തിൽ ഗഹനമായ എഴുത്തിൻ്റെ പ്രതിരൂപമായ ആനന്ദിൻ്റെ “ഗോവർദ്ധൻ്റെ യാത്രകൾ” എന്ന നോവലിലെ കഥാപാത്രമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. ഒരു ആടിൻ്റെ പ്രശ്നവുമായി ബന്ധപ്പെട്ട് ഒരാളെ രാജാവ് തൂക്കിക്കൊല്ലാൻ വിധിക്കുന്നു. നിശ്ചയിച്ച ദിവസം അയാളെ തൂക്കാൻ കൊണ്ടു വന്നപ്പോൾ തൂക്ക് കയറ് അയാളുടെ കഴുത്തിന് പാകമാകുന്നില്ല. വിധി നടപ്പാക്കണം. അങ്ങനെയാണ് ആൾക്കുട്ടത്തിൽ നിന്നും തൂക്ക് കയറിന് പാകമായ ഗോവർദ്ധനെ കൊണ്ടുവരുന്നത്. നിരപരാധിയായ ഗോവർദ്ധൻ തൂക്കുകയറും കാത്ത് ജയിലിൽ കിടക്കുമ്പോളാണ് ഇത് എഴുതിയ നാടകകൃത് നേരിട്ടെത്തി ജയിലിലടക്കപ്പെട്ട ഗോവർദ്ധനെ മോചിപ്പിക്കുന്നത്. പിന്നീട് ഗോവർദ്ധന് ചുറ്റുമാണ് നോവലിൻ്റെ വികാസം. ചരിത്രമാണ് അതിൻ്റെ ഇതിവൃത്തം. പരന്ന വായനക്കാരനായ മുരളി ഗോപി ഗോവർദ്ധനെ സൃഷ്ടിച്ചത് അയാളുടെ തന്നെ പ്രതിരൂപമായിട്ടും പുതിയ കാലത്തിൻ്റെ പ്രതിനിധിയായിട്ടുമാണ്.
ഒരു കൊമേഴ്സ്യൽ പ്ലാറ്റ്ഫോമിൽ കൃത്യമായ നീക്കു പോക്കുകളിൽ എമ്പുരാൻ സർഗാത്മക രചനയായി വികസിക്കുന്നത് ഇത്തരം ചില ഇടപെടലുകളിലൂടെയാണ്. ഒരു പൂച്ചയുടെ കരച്ചിൽ ഒരു രാഗമായി വികസിപ്പിക്കുന്ന അമീർ ഖുസ്രുവിനെ പോലെ ഗോവർദ്ധൻ അപൂർണ്ണ സ്വരൂപനായ ഖുറൈഷി അബ്രഹാമിനെ തിരയുകയാണ്. നോവലിൽ ഗോവർദ്ധനെ പലരും ഉപയോഗിക്കുന്നത്പോലെ ഇവിടെയും അയാളെ പലരും ഉപയോഗിക്കുന്നു. ഗോവർദ്ധന് ചിലരൊക്കെ രാഹുൽ ഈശ്വറിൻ്റെ മുഖം കൊടുത്ത് അയാളെ വികൃതമാക്കാൻ ശ്രമിക്കുന്നതായി കണ്ടു. അത് സിനിമയോടും കഥാകൃത്ത് മുരളി ഗോപിയോടും ചെയ്യുന്ന അപരാധമാണ്.
പല ലെയറുകളായി കഥയെ അടുക്കി, ഇന്ത്യയെ ബാധിച്ചിരിക്കുന്ന രാഷ്ട്രീയ അർബുദത്തെ പുതിയ തലമുറയുടെ മനസ്സിൽ തിരിച്ചറിവിൻ്റെ പുതുവഴി തുറക്കുക എന്ന ലക്ഷ്യം എത്ര കട്ട് നടത്തിയാലും വിജയം കണ്ടു കഴിഞ്ഞു. ബജ്റംഗിയും ഖുറൈഷി എബ്രഹാമും സഈദ് മസ്ഹുദും ഗോവർദ്ധനും അടങ്ങുന്ന സിനിമാ കോംമ്പോ സിനിമയിലൂടെ വിപ്ലവത്തിൻ്റെ പുതുയുഗം തുറക്കുകയാണ്.