ആഴക്കടലിൽ കേരളക്കരയിൽ നിന്നും ഇരുനുറിലേറെ നാഴിക അകലെ സ്ഥിതി ചെയ്യുന്ന കൊച്ചു കൊച്ചു തെങ്ങിൻ തോപ്പുകൾ നിറഞ്ഞ തുരുത്തുകളാണെല്ലോ ലക്ഷദ്വീപുകൾ. ആയിരത്തി തൊള്ളായിരത്തി അൻപതിനു മുമ്പ് തികച്ചും ഒറ്റപ്പെട്ടു കിടന്നിരുന്ന ഈ ദ്വീപു സമൂഹങ്ങളിൽ അധിവസിച്ചിരുന്ന ജനതക്ക് അന്ന് വൻകരയിൽ എത്തിപ്പെടുക എന്നത് ഒരു ബാലികേറാമല തന്നെയായിരുന്നു. മാറി വരുന്ന കാലാവസ്ഥയിൽ മല പോലെ പൊങ്ങി വരുന്ന തിരമാല മുറിച്ചു കടന്നു കാറ്റിന്റെ ഗതിക്കനുസരിച്ചു പത്തൊമ്പത് അടി നീളമുള്ള വലിയ പായത്തോണിയിൽ കച്ചവടത്തിനും ചികിൽസക്കും ചെന്നെത്തുന്നത് ഇന്ന് ഊഹിക്കാനാവില്ല.
എന്റെ വലിയാപ്പ, ഉമ്മയുടെ ബാപ്പ പോക്കരാപ്പാട അബ്ദുർറഹാമാൻകോയ ഒരു മതപണ്ഡിതനും പുരോഗമന പ്രസ്ഥാനക്കാരനും ആയിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന ഉച്ചനീചത്വങ്ങളും, സാമ്പത്തിക ചൂഷണങ്ങളും, മതത്തിന്റെ പേരിൽ നടക്കുന്ന അനാചാരങ്ങൾക്കും നേരെ അദ്ദേഹം വെറുപ്പ് പ്രകടിപ്പിക്കാൻ തുടങ്ങി. കേരളക്കരയിലും പഴയങ്ങാടിയിലും അടുത്ത ബന്ധമുണ്ടായിരുന്ന വലിയാപ്പ അഹ്മദീയ പ്രസ്ഥാനത്തിൽ ചേർന്നു. അന്ന് ഖാദിയാനികൾ എന്നറിയപ്പെട്ടിരുന്ന അഹ്മദീയ പ്രസ്ഥാനത്തോട് കടുത്ത വൈരുദ്ധ്യമുള്ള ഖാസിയും ആമീനും കാരണവൻമാരും വലിയ ഉപ്പാപ്പയെ ഊര് വിലക്കി. സ്വന്തം വീട്ടിലും ഭാര്യവീട്ടിലും പ്രവേശിക്കുന്നത് തടയുകയും, വടക്ക് ആൾതാമസം ഇല്ലാത്ത അവരുടെ പോക്കരാപ്പാട തറവാട് പണ്ടാരം ഭൂമിയിൽ പോയി താമസിക്കാനും കൽപിച്ചു. വൻകരയിലേക്ക് ഓടത്തിൽ പോകുന്നത് തടയുകയും ചെയ്തു.

രണ്ടു വർഷം അങ്ങനെ ഒറ്റയ്ക്ക് ഒരു ഷെഡിൽ താമസിച്ച ശേഷം, എന്റെ ഉമ്മയും വലിയുമ്മയും കാരണവൻമാരോട് ആവർത്തിച്ച് അഭ്യർത്ഥിച്ചത് മൂലം വീട്ടിലേക്ക് തിരിച്ചുവരാൻ അനുവദിച്ചു. അതിനാൽ തന്നെ എന്റെ ഉപ്പാപ്പയും വലിയഉപ്പാപ്പയും തമ്മിൽ സ്വരചേർച്ചയില്ലാത്ത കാലം. കൽപേനിയിൽ അന്നും ഇന്നും ഞങ്ങൾ ബാപ്പയെ വിളിക്കുന്നത് ഉപ്പാപ്പ എന്നായിരുന്നു.
അക്കാലത്താണ് എന്റെ ഉമ്മ എന്നെ ഗർഭം ധരിക്കുന്നത്. സുന്നി നേതാവും ജുമുഅത്ത് പള്ളി മുതവല്ലിയുമായ എന്റെ ഉപ്പാപ്പ, മണ്ണേൽ ബംബൻ എന്ന കോയമ്മക്കോയ വലിയാപ്പയുടെ ആ പുതിയ നീക്കത്തിനെതിരെ പ്രതിഷേധിച്ചു. എന്റെ ഉമ്മയും നാല് മക്കളുമായി ചെമ്മങ്കാത്തുകാരുടെ വേറെ വീട്ടിലേക്ക് താമസം മാറ്റി. അങ്ങനെ അവരെ ആറ്റമ്മയുടെ വീട്ടിൽ താമസിപ്പിച്ചു. പിന്നീട് എന്റെ പ്രസവവും അവിടെ വെച്ചായിരുന്നു നടന്നത്. ഞങ്ങൾക്ക് പ്രത്യേകമായി വീടുണ്ടാക്കുന്നത് വരെ മൂന്നു വർഷക്കാലം ഉമ്മയുടെയും മക്കളുടെയും താമസം ആറ്റമ്മയുടെ വീട്ടിൽ ആയിരുന്നു. അക്കാലത്ത് ബാപ്പ പുതിയാപ്ലയായി ഭാര്യവീട്ടിൽ ഉറക്കത്തിനു മാത്രം വരുന്ന സമ്പ്രദായമായിരുന്നല്ലോ ഉണ്ടായിരുന്നത്.
എന്റെ ഉമ്മ എന്നെ ഗർഭം ധരിച്ചു കൊണ്ട് ഓടത്തിൽ വൻകരയിലേക്ക് യാത്ര ചെയ്യേണ്ടി വന്നു. വൻകരയിലേക്കുള്ള അക്കാലത്തെ യാത്രാ ദുരിതത്തെ കുറിച്ച് എനിക്ക് ഏതാണ്ട് പത്ത് വയസ്സ് ഉള്ളപ്പോൾ ഉപ്പാപ്പയും ഉമ്മയും പറഞ്ഞു തന്നത് ഇപ്പോഴും ഓർമയിൽ തങ്ങി നിൽക്കുന്നുണ്ട്. അത് ഇങ്ങനെ.
അക്കാലത്തെ ഓടം യാത്ര അത്ര കണ്ട് സുഖകരമല്ല. എന്നെ ഗർഭം ചുമന്ന് കൊണ്ട് ഓടത്തിൽ യാത്ര ചെയ്യുന്നതിന് അഞ്ച് വർഷം മുമ്പായി ബാപ്പയുടെ ഒരു ഓടം അപകടം ബാപ്പ പറഞ്ഞു തന്നത് ആദ്യം വിവരിക്കാം.

1941 മേടമാസം. കൽപേനിയിൽ നിന്നും മൂന്ന് ഓടം കൊപ്രയുമായി കോഴിക്കോട്ടേക്ക് പുറപ്പെടാൻ ഒരുങ്ങി. ബാപ്പ ‘ദരിയാബഹദൂർ’ എന്ന ഓടത്തിൽ വൻകരയിലേക്ക് കൊപ്രയുമായി ഓട്ടത്തിനു ഒരുങ്ങി. കുംഭത്തിൽ ബാക്കി വന്ന കൊപ്ര കയറ്റി പുറപ്പെടാൻ നല്ല സമയം അന്വേഷിച്ചപ്പോൾ മേടക്കോള് എന്നറിയപ്പെട്ടിരുന്ന മേടം ഇരുപത്തി ഒന്നിനു ആറു ദിവസം മാത്രം. ഒന്നുകിൽ അത് കഴിഞ്ഞു പുറപ്പെടണം, അല്ലെങ്കിൽ നാളെ ജുമാ നിസ്കാരം കഴിഞ്ഞ ഉടനെ പുറപ്പെടണം. വേറെ നഹ്സ് ഒന്നും കാണുന്നില്ല… മാലി അഭിപ്രായപ്പെട്ടു.
നല്ല വടക്കൻ കാറ്റ് വടക്ക് പടിഞ്ഞാറു നിന്നും വീശി അടിക്കുന്നു. ആകാശം തെളിമയാർന്ന വിധം വെളുത്ത മേഘങ്ങൾ ഒറ്റയായും ഇടവിട്ടും വടക്ക് നിന്നും തെക്ക് കിഴക്കോട്ട് നീങ്ങിക്കൊണ്ടിരുന്നു. ജുമുഅ കഴിഞ്ഞു പുറപ്പെടാൻ തീരുമാനിച്ചു.
ജുമാ നിസ്കാരം കഴിഞ്ഞു, ഭക്ഷണവും കഴിച്ചു വീട്ടിൽ നിന്നും പുറപ്പെട്ടു……; ഉപ്പാപ്പ പറഞ്ഞു. കാലാവസ്ഥയിൽ മാറ്റം വരരുതേ എന്ന് മനസ്സ് നൊന്തു പ്രാർത്ഥിച്ചു. മൂന്ന് ഓടം ഒന്നിച്ചു പുറപ്പെടുന്നത് കൊണ്ട് കടപ്പുറം ജനനിബിഡം. സ്ത്രീകളും കുട്ടികളും ഇടകലർന്ന് ബന്ധുക്കളോടൊപ്പം ചേരിതിരിഞ്ഞ് കൂട്ടം കൂടി നിൽക്കുന്നു. കേയിയും മാലിയും എത്തിക്കഴിഞ്ഞു. യാത്ര പറഞ്ഞു പിരിയുമ്പോൾ മക്കളും ബന്ധുക്കളും കൈപിടിച്ചും മുത്തം കൊടുത്തും വിട്ടു പിരിയാൻ വിഷമം.
പണപ്പെട്ടിയും ജബാദ പെട്ടിയും ബർക്കാസിൽ കയറ്റി. മൂന്ന് നാല് പേര് വീതം ബർക്കാസ് എന്ന കൊച്ചു തോണിയിൽ കയറി ഓടത്തിൽ കയറി. ആദ്യം തണ്ടേലന്മാർ കയറി, അവസാനം കേയിയും മാലിയും ബാപ്പയും കയറി. ഇരുമ്പ് എന്ന നങ്കൂരം വലിച്ചു പൊക്കി എടുത്തു, വലിയപായ മാത്രം വലിച്ചു. ഓടം നീങ്ങി തുടങ്ങി. തീരത്തു നിന്നു കുട്ടികൾ കൈ വീശി കാണിക്കുന്നു. സ്ത്രീകളിൽ പലരും അശ്രുകണങ്ങൾ ആരും കാണാതെ തുടക്കുന്നു.
ഓടം അഴിമുഖം കടന്നു പുറം കടലിൽ എത്തി. കാലാവസ്ഥയും തിരയിളക്കവും അനുകൂലം. മറ്റ് രണ്ട് ഓടങ്ങളും പുറപ്പെട്ടു കഴിഞ്ഞു. ചെറിയം ദ്വീപിന്റെ വടക്ക് ഭാഗം എത്തിയപ്പോൾ മറ്റ് രണ്ട് ഓടവും അടുത്തായി എത്തി. വർത്തമാനം പറയാനും കഴിയുന്ന വിധം. ചില്ലപ്പായ വലിച്ചു . ചെറിയപായ കെട്ടി വെച്ചു. മാലുമി വലിയ പായ വലിക്കാൻ കൽപിച്ചു.
ഓടം തിരകളെ ഭേദിച്ച് തിരകൾക്ക് മുകളിലൂടെ പാറിപ്പറന്നു. ദമ്മാം വലിച്ചു അടുപ്പിച്ചു. ഓടം കപ്പൽ വേഗത്തിലാണെന്ന് പറയാം കോഴിക്കോട് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. ശനിയാഴ്ച കഴിഞ്ഞു. കാറ്റിന്റെ വേഗത കൂടി വരുന്നു. ഞായറാഴ്ചയോടെ കാറ്റിനെ ഗതി മാറാനും കടലിളക്കം അസാധാരണമാം വിധം പൊങ്ങി താഴുവാനും തുടങ്ങി. ആദ്യം ചെറിയ പായ താഴ്ത്തി. വലിയപായയുടെ ദമ്മാം അയച്ചു നോക്കി. ഒരു രക്ഷയുമില്ല. ചുക്കാൻ ചത്തിരിക്കകത്താക്കി മാറ്റി. ഓടം നിയന്ത്രിക്കാൻ മാലുമി പാടുപെട്ടു. കൂടെ ഉണ്ടായിരുന്ന ഓടങ്ങളെ കാണാനില്ല.
സന്ധ്യയോടെ മഴയും തുടങ്ങി. ആകാശത്തിൽ ഇരുൾ മൂടി. ഓടം പൊളിയും എന്ന് എല്ലാവരും ഉറപ്പിച്ചു. തിരമാലകൾ ഓടത്തിലെ ചരക്കു മൂടിയ മാല്ന്റെ മുകളിലൂടെ പന്തലിൽ തട്ടി ചത്തിരിയിൽ എത്തുന്നു. തണ്ടേലന്മാർ കമ്മത്ത് കോരിയെടുക്കാൻ പാടുപെടുന്നു.വൈകീട്ട് മലകാണാനും തുടങ്ങിയതായിരുന്നു. ആകാശം കറുത്തിരുണ്ടതിനാലും, തിമർത്തു പെയ്യുന്ന മഴ കാരണവും മലകാണുന്നുമില്ല. തിരമാലകൾക്ക് അനുസരിച്ച് ഓടം നീങ്ങിക്കൊണ്ടിരുന്നു. നിയന്ത്രണം വിട്ടു എന്ന് തന്നെ പറയാം.
ബാപ്പ പറഞ്ഞു; പിറ്റേന്ന് അതായത് തിങ്കളാഴ്ച സൂര്യൻ കിഴക്ക് ഉദിച്ചു പൊങ്ങിയെങ്കിലും കാണാനില്ല. കറുത്തിരുണ്ട ആകാശത്തിൽ ഒരു തരി പ്രകാശം മാത്രം കാണാം. അത് കിഴക്കാണെന്ന് മനസ്സിലാക്കി. കരയോട് വളരെ അധികം അടുത്ത് എത്തിയിരിക്കുന്നു. ഇരുവശത്തും ഉരുക്കളും വേറെ ദ്വീപുകാരുടെ ഓടങ്ങളും മഞ്ചുവും നല്ലപോലെ പൊങ്ങിത്താഴുന്ന തിരമാലകളോട് മല്ലടിക്കുന്നതും കാണാം. പാലവും കാണാം. വൻതിരമാലകൾ പാലത്തിനു മുകളിലൂടെ പൊട്ടി ഒഴുകുന്നതും ഇടക്കിടെ കാണാം. കോഴിക്കോട് തീരമാണെന്ന് മനസ്സിലായി. മുക്കുവൻമാർ മുങ്ങിത്താഴുന്ന ഓടങ്ങളേയും ഉരുക്കളേയും രക്ഷപ്പെടുത്താനാവാതെ തീരത്തു കൂട്ടം കൂടിയിട്ടുണ്ട്. തീരത്തിനടുത്ത് ഭയങ്കര പൊക്കത്തിൽ തിരമാലകൾ ആർത്തുലക്കുന്നു. ഓടത്തിനെ പൊക്കി എങ്ങോട്ടോ എറിയുന്നു. എല്ലാവരും നിലവിളിയും പ്രാർത്ഥനയും. ആർക്കും ആരെയും സഹായിക്കാൻ വയ്യാത്ത അവസ്ഥ. അധികം കഴിഞ്ഞില്ല ഓടം തീരത്തു അടിച്ചു കയറി.
ബാപ്പ പറഞ്ഞു… ബാപ്പ തീരത്തു കണ്ട തിരയിലേക്ക് എടുത്തു ചാടിയത് ഓർമയുണ്ട്. എന്നാൽ നിലത്ത് മണ്ണിലാണ് വീണത്. അപ്പോഴേക്കും തിരമാലകൾ പിറകോട്ട് വലിഞ്ഞിരുന്നു. അടുത്ത തിരമാല കരയിലേക്ക് പൊക്കി എടുത്തു എറിഞ്ഞപ്പോഴേക്കും മുക്കുവന്മാർ ബാപ്പയെ പൊക്കി എടുത്തു തീരത്തിലേക്ക് മാറ്റി.
ആശുപത്രിയിലേക്ക് മാറ്റിയത് പിന്നീടാണറിഞ്ഞത്. ആരെല്ലാം ആണ് രക്ഷപ്പെട്ടെതെന്ന് അപ്പോളറിഞ്ഞില്ല. ബാപ്പയുടെ ഓടത്തിലുണ്ടായിരുന്ന പലരും രക്ഷപ്പെട്ടെന്ന് പിന്നീടറിഞ്ഞു. ഓടം തകർന്നു പോയിരുന്നു. പല ഓടങ്ങളും പത്തേന്മാരികളും മുങ്ങിപ്പോയെന്നും, പലരും മരിച്ചുവെന്നും ചിലർ നീന്തിയും മരപ്പലകയിൽ രക്ഷപ്പെട്ടെന്നും പിന്നീട് അറിഞ്ഞു എന്ന് ബാപ്പ പറഞ്ഞു. പിന്നീട് 1941 എന്നത് കൽപേനിക്കാർക്ക് ഓടം പോയ വർഷം എന്ന് അറിയപ്പെട്ടു.
ആ കാലഘട്ടത്തിൽ ഈ സംഭവത്തിന്റെ അഞ്ചു വർഷത്തിനു ശേഷം അതായത് 1946 കാലം. ഒരു ഗർഭിണി അതും മൂത്രതടസ്സം കാരണം അസഹനീയമായ വേദനയോടെ കൽപേനിയിൽ നിന്നും കോഴിക്കോട്ടേക്ക് ദ്വീപോടത്തിൽ മൂന്നു ദിവസം പ്രതികൂല കാലാവസ്ഥയിൽ യാത്ര ചെയ്യുന്നത് ഇന്ന് ഓർക്കാൻ പോലും സാധ്യമല്ല.
എന്നാൽ അതും അത് പോലുള്ള മറ്റ് പലതും ഈ ലക്ഷദ്വീപ് തുരുത്തുകളിൽ അക്കാലത്ത് സംഭവിച്ചിട്ടുണ്ട്. എന്നെ എന്റെ ഉമ്മ ഗർഭം ചുമന്നപ്പോൾ സംഭവിച്ച ഒരു അസാധാരണ പ്രതിസന്ധി ഘട്ടത്തിന്റെ വിവരണനമാണിത്. ഈ സംഭവം എന്റെ ഉമ്മയും ബാപ്പയും തന്നെ എന്നോട് നേരിട്ട് വിവരിച്ചു തന്നതാണ്.
അന്ന് ചെമ്മങ്കാത്ത് ഐശബി എന്ന എന്റുമ്മ നാലു മാസം ഗർഭിണിയായിരുന്നു. അതിനു മുമ്പ് അഞ്ച് പ്രസവിച്ചതുമാണ്. ആദ്യത്തെ ആൺകുട്ടി പതിനൊന്നാമത്തെ വയസ്സിൽ വസൂരിവന്നു മരണപ്പെട്ടു. മറ്റു നാലു പേരും അന്ന് ജീവിച്ചിരിപ്പുണ്ട്. രണ്ടാണും, രണ്ട് പെണ്ണും. മൂന്ന്, ആറ്, ഒമ്പത്, പന്ത്രണ്ട് എന്നീ വയസ്സുള്ള അവരേയും വിട്ട് എന്നെ ഗർഭം ചുമന്നു, ഉമ്മയും ബാപ്പയും ഇനി തിരിച്ചു വരുമോ എന്നറിയാതെയുള്ള ആഴക്കടലിലൂടെയുള്ള ദ്വീപോടത്തിൽ ഒരു യാത്ര. അതും പ്രതികൂല കാലാവസ്ഥയിൽ…!!

സംഭവം ഇങ്ങനെ. എന്റെ ബാപ്പയുടെ സഹോദരി യുടെ വീട്ടിൽ മുത്തിയോളമ്മയുടെ മകൾ ബീത്താത്ത വാതരോഗം പിടിച്ചു സുഖമില്ലാതെ കിടപ്പിലാണ്. അവർ തടിച്ച ഒരു സ്ത്രീ ആയിരുന്നു. അവരെ കുളിപ്പിച്ച് മാറ്റി കിടത്തണം. അവർ ഒരു കയറ്റു കട്ടിലിൽ കിടക്കുന്നു. അവരെ ഒന്ന് മാറ്റി കിടത്താൻ ഉമ്മയും വേറൊരു സ്ത്രീയും അവരേയും കൊണ്ട് ആ കയറ്റു കട്ടിൽ ഒന്ന് പൊക്കിയതെ ഉള്ളു. അടിവയറിൽ ഒരു പിടുത്തം. പിന്നീട് വേദന കൂടിക്കൂടി വന്നു. അതിനു ശേഷം മൂത്രം പോകുന്നുമില്ല. അപ്പോൾ എന്റെ ഉമ്മ നാലുമാസം ഗർഭിണിയായിരുന്നു. ഗർഭാശയത്തിൽ ഞാനും.
കൽപേനിയിൽ അന്ന് പേരിനൊരു ഡിസ്പൻസറി ഉണ്ടെങ്കിലും ഡോക്ടർമാർ ആരും ഇല്ലായിരുന്നു. ചില മാസങ്ങളിൽ ഇടക്കിടെ ആരെങ്കിലും വന്നാലായി. ഉമ്മയുടെ അസ്വസ്ഥത ബാപ്പക്ക് കണ്ടിരിക്കാനായില്ല. ദിവസേന അസ്വസ്ഥത കൂടി കൂടി വന്നതേയുള്ളു. നാട്ടു വൈദ്യം നടത്തി നോക്കി…., ഫലിച്ചില്ല. വൻകരയിൽ കൊണ്ടുപോയി ചികിൽസിക്കാൻ എന്നു തീരുമാനിക്കാൻ കുംബമാസത്തിലെ ഓടം ഓട്ടത്തിനായി കൊപ്പര വെട്ടിക്കൊണ്ടിരിക്കുന്നതേ ഉള്ളൂ. ഓട്ടത്തിനു ഒരുങ്ങിയിരിക്കുന്ന ഒരൊറ്റ ഓടവും ബില്ലത്തിലില്ല. ചിലത് കയറ്റോട്ടത്തിൽ വൻകരയിലാണ്. ഞങ്ങളുടെ വീട്ടുകാരുടെ ഓടം ഇറക്കിയിട്ടുമില്ല. എന്ത് ചെയ്യണം എന്ന് ഒരു തീരുമാനവും എടുക്കാൻ ആവാത്ത അവസ്ഥ. ബാപ്പ പലരോടും ആലോചിച്ചു. ആരും കരയിലേക്ക് ചികിത്സക്ക് കൊണ്ട് പോകുന്നതിനു യോജിച്ചില്ല. എന്റെ വലിയ ഉപ്പാപ്പ പോക്കരാപ്പാട അബ്ദുർറഹാമാൻകോയയും, അന്ന് ആമീൻ ആയിരുന്ന വലിയ കാരണവർ സയ്യിദ് ഇസ്മാഈൽ കോയയും പോലും അതിനു യോജിച്ചില്ല. എല്ലാവരുടെയും എതിർപ്പ് കണക്കിലെടുക്കാതെ അവസാനം കരയിലേക്ക് ഓടത്തിൽ കൊണ്ടു പോകാൻ തന്നെ ബാപ്പ ഒറ്റയ്ക്ക് തീരുമാനമെടുത്തു.
കോഴിക്കോട്ട് ബീച്ച് ഹോസ്പിറ്റലിൽ കൊണ്ടു പോയി ചികിൽസിക്കണം. ബാപ്പ ഉറപ്പിച്ചു. അന്നത്തേക്ക് നാല് ദിവസമായി മൂത്രം പോവുന്നുമില്ല. സഹിക്കാൻ വയ്യാത്ത വേദനയും, ഉറക്കം ഇല്ലാത്ത രാപ്പകലുകളും. ഉമ്മക്ക് അനങ്ങാനും വയ്യ. ജീവഛവം പോലെ.
ഉടനെ ഒരു ഓടം ഇറക്കി അന്നു തന്നെ കൊപ്രയും കയറ്റി. പിറ്റന്നാൾ ഓട്ടത്തിനു റെഡിയായി. കൽപേനി ദ്വീപിലുള്ള സ്ത്രീ പുരുഷന്മാർ എല്ലാവരും എന്ന് പറയാം, കടപ്പുറത്ത് തടിച്ചു കൂടി. ഉമ്മയെ ഒരു ചാരുകസേരയിൽ മൃതപരിവേഷത്തിൽ പകുതി ഓർമയിൽ ഓടത്തിൽ കയറ്റാൻ കടപ്പുറത്ത് കൊണ്ടു വന്നു.
ഉമ്മയുടെ ബാപ്പ വന്നു, കരഞ്ഞുകൊണ്ട് ചോദിക്കുകയാണ്… “കോയമ്മാ.. ബേള കടലക്ക് എറിയാം കൊണ്ടു ഫോണ്ടദാ…?”
“അദാണ്ടം ബിദി എങ്കില് അങ്ങ്ന ആഗ്ട്ട്… തവക്കൽത്തു അലല്ലാഹി..,” ബാപ്പ പറഞ്ഞു കൊണ്ട് ഓടത്തിൽ കയറ്റി പായ വലിച്ചു.

ദ്വീപിൽ അന്ന് വാഹനങ്ങളൊന്നുമില്ല. ദ്വീപിൽ ഒറ്റ സൈക്കിൾ പോലും ഇല്ല. വീട്ടിൽ നിന്നും കടപ്പുറത്തേക്ക് കൊണ്ടുവന്നത് ചാരുകസേരയിൽ കിടത്തി ചുമന്നു കൊണ്ട്. കസേരക്ക് ഇരുവശത്തും തോണിയുടെ കുമ്പ് വരിഞ്ഞു കെട്ടി ഒരു പല്ലങ്കിക്കട്ടിൽ പോലെ ഉണ്ടാക്കി, അതിൽ ചുമന്നു കൊണ്ടായിരുന്നു കൊണ്ടു കടപ്പുറത്ത് വന്നതും ഓടത്തിൽ കയറ്റിയതും.
കാലാവസ്ഥ സുഖകരമല്ലായിരുന്നു എങ്കിലും മൂന്നാം ദിവസം കോഴിക്കോട്ടെത്തി. അവിടെ അവർ എത്തുമ്പോഴേക്ക് ഉമ്മക്ക് അനങ്ങാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു പോലും…..!!!; വെള്ളം പോലും കുടിക്കാൻ ആവുന്നില്ല…!. മരിച്ചില്ല എന്നു മാത്രം. ഉടനെ അവരെ ഇറക്കി ബീച്ചിലുള്ള ജില്ലാ ആശുപത്രിയിൽ എത്തിച്ചു. (ഇന്ന് അത് വുമൻ ആന്റ് ചൈൽഡ് ഹോസ്പിറ്റൽ ആണ്).
അന്ന് അത് വരെ കോഴിക്കോട്ട് ഉണ്ടായിരുന്നത് വെറും എം.ബി.ബി.ഏസ് ഡോക്ടർമാരായിരുന്നു. ഒരു മാസം മുമ്പ് മാത്രം ഒരു ഗൈനക്കോളജിസ്റ്റ് വന്ന് ആ ജില്ലാ ആശുപത്രിയിൽ ചാർജെടുത്തിരുന്നു. ഡോക്ടർ മേരി ഫിലിപ്പ് എന്നാണ് പേര് പറഞ്ഞത്. കോഴിക്കോട്ടെ ആദ്യത്തെ ഒരു ഗൈനക്കോളജിസ്റ്റ്….!. അന്ന് കോഴിക്കോട്ട് മെഡിക്കൽ കോളേജ് ഇല്ലായിരുന്നു. ചേവായൂരിൽ മെഡിക്കൽ കോളേജ് ആരംഭിക്കുന്നത് 1957 ലാണ്. ഒരു ഗൈനക്കോളജിസ്റ്റ് ഉള്ളത് ഭാഗ്യമായി. ഗൈനക്കോളജിസ്റ്റ് തിരക്കിനിടയിൽ നിന്നും ഉടനെ എത്തി പരിശോധന നടത്തിയ ശേഷം പറഞ്ഞു…”കണ്ടീഷൻ വളരെ മോശമാണ്. കുഞ്ഞിനെ രക്ഷിക്കാൻ നോക്കിയാൽ ഉമ്മയുടെ ജീവൻ പോവും. കുഞ്ഞിനെ കളയുകയാണെങ്കിൽ ഉമ്മയുടെ ജീവൻ രക്ഷപ്പെട്ടെന്ന് വരും. രണ്ടും കിട്ടില്ല. എന്ത് വേണം..?”
ബാപ്പയാണെങ്കിൽ അതിയായ സങ്കടത്തിലും. കരഞ്ഞു കൊണ്ട്, ഡോക്ടറെ തൊഴുത് കൊണ്ട് പറഞ്ഞു : “നങ്ങ ബലിയ ബുദ്ധിമുട്ടിയാണ് ഇബിട എത്തിയത്. ഡോക്ടറെ കാലുപിടിക്കാം … എങ്ങ്ന എങ്കിലും രണ്ടും രക്ഷപ്പെടുത്തണം…; പ്രാർത്ഥിക്കാൻ പറഞ്ഞിട്ട് ഡോക്ടർ ചികിൽസ തുടങ്ങി.
ഡോക്ടർ മുറിയിലേക്ക് ചെന്നപ്പോൾ ബാപ്പ പെട്ടി തുറന്നു നല്ലൊരു തുക (ഇരുപത്തി അഞ്ച് രൂപ) എടുത്തു കൊണ്ട് അവരെ ചെന്നു കണ്ടു. അത് നൽകി വീണ്ടും അപേക്ഷിച്ചു. “രണ്ടു ദിവസം കഴിഞ്ഞ് പറയാം”… എന്ന് ഡോകടർ.
ബാപ്പക്ക് തെല്ല് ആശ്വാസമായി. എന്നാലും ബദ്രീങ്ങൾക്ക് നേർച്ച നേർന്നു. രണ്ട് ദിവസം പരിചരണവും പ്രാർഥനയുമായി കഴിഞ്ഞു കൂടി. ഡോക്ടർ ദിവസവും പല പ്രാവശ്യം വന്നു കണ്ടിരുന്നു. ഓരോ ദിവസം കഴിയുന്തോറും ഉമ്മയുടെ ഉണർവ്വ് കൂടി വന്നു. വർത്തമാനം പറയാനും ആഹാരം കഴിക്കാനും തുടങ്ങി. മൂത്രം ഒഴിക്കാനും.
രണ്ടാം ദിവസം ഡോക്ടർ വന്നു, പരിശോധന നടത്തി എന്നിട്ട് പറഞ്ഞു…”നിങ്ങൾ ഭാഗ്യവാനാണ്… രണ്ടും രക്ഷപ്പെട്ടെന്ന് വരും. കുഞ്ഞിനു ജീവനുണ്ട്”.
“അൽഹംദുലില്ലാഹ്”…. ബാപ്പ പറഞ്ഞു.
അങ്ങനെ ഉമ്മയും കുഞ്ഞും രക്ഷപ്പെട്ടു. ഒരാഴ്ചയോളം ആശുപത്രിയിലും പിന്നീട് രണ്ടാഴ്ച മുഹമ്മദ് കോയയുടെ പാണ്ടികശാലയിലും കഴിച്ചു കൂട്ടി. കൊപ്ര വിറ്റു, സാധനങ്ങളും വാങ്ങി ദ്വീപിലേക്ക് തിരിച്ചു വന്നു. അഞ്ച് മാസം കഴിഞ്ഞു പ്രസവം ദ്വീപിൽ വെച്ചു നടന്നു.
‘റിട്രോവെർട്ടഡ് ഗ്രാവിഡ് യൂട്രസ്’ എന്ന ഗർഭാശയം കുടുങ്ങി പോകുന്ന പ്രശ്നമായിരുന്നിരിക്കണം അത് എന്ന് ഇന്ന് ഞാൻ മനസ്സിലാക്കുന്നു.
ആ കുട്ടിയാണ് ഞാനെന്ന ഈ കുട്ടി.