ഇസ്മത്ത് ഹുസൈൻ
ഞാൻ അറിഞ്ഞ കാലത്ത് ദ്വീപിലെ ഒരെഴു ത്തുകാരനെ കാണണമെന്ന ആഗ്രഹമുണ്ടായത് ഡോ. എം. മുല്ലക്കോയയെയായിരുന്നു. സാഹിത്യകാരനെന്ന നിലക്ക് ഞാൻ അദ്ദേഹത്തെ കവരത്തിയിൽ ചെന്നു കാണുകയുണ്ടായി. ഞാൻ മാതൃഭൂമി ആഴ്ചപതിപ്പ് വായിച്ച് തുടങ്ങിയ കാലത്താണ് ലക്ഷദ്വീപിലെ നാടോടിക്കഥകൾ ആഴ്ചപതിപ്പിൽ വന്ന് തുടങ്ങിയത്. ആർട്ടിസ്റ്റ് മദനൻ്റെ ജീവൻ തുടിക്കുന്ന ചിത്രത്തോടൊപ്പം ആ കഥ എഴുതിയത് ഞങ്ങൾ കോയാ എന്ന് വിളിക്കുന്ന ഡോ. എം. മുല്ലക്കോയയായിരുന്നു. ലക്ഷദ്വീപിലെ ഒട്ടുമിക്ക നാടോടിക്കഥകളും അച്ചടിമഷി പുരണ്ടത് ഇദ്ദേഹത്തിൻ്റെ ശ്രമഫലമായിട്ടാണ്. ലക്ഷദ്വീപിലെ രാക്കഥകൾ എന്ന പേരിൽ ഡി.സി.ബുക്സും കേരളാ ഭാഷാ ഇൻ്റിറ്റ്യൂട്ട് പുറത്തിറക്കിയ നാടോടിക്കഥകളും വായിച്ച് നൊസ്റ്റാൾജിക്ക് ലഹരിയിൽ ഞാൻ ആസ്വാദന കുറിപ്പെഴുതിയിരുന്നു. ചരിത്ര ശേഷിപ്പുകളോ സാഹിത്യ സമ്പന്നതയോ കരുതി സൂക്ഷിച്ച് വെക്കാൻ ശ്രമിക്കാത്ത ലക്ഷദ്വീപിൽ ഡോ. എം. മുല്ലക്കോയയുടെ ഒറ്റയാൾ ശ്രമങ്ങളാണ് നാടോടി സാഹിത്യത്തിനും പാരമ്പര്യ സംസ്കൃതിക്കും ഒരു വലിയ കരുതൽ നേടി തന്നത്. കിൽത്താൻ ദ്വീപിലെ പിട്ടിയ പുറം പൂക്കോയയുടേയും മൂപ്പത്തിയോട സക്കിനാബിയുടെയും മൂത്ത മകനായി പിറന്ന മുല്ലക്കോയ മലയാള സാഹിത്യം ഐശ്ചിക വിഷയമായി എടുത്ത് പഠിച്ചു. ലക്ഷദ്വീപ് ഭാഷയായിരുന്നു ഗവേഷണ വിഷയം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും അദ്ദേഹം ആ വിഷയത്തിൽ ഡോക്ടറേറ്റ് നേടി. ലക്ഷദ്വീപിലെ നാടൻ പാട്ടുകൾ, രാക്കഥകൾ, നാടോടിക്കഥകൾ, മുലകുടി മാല, യൂസുഫ് ഖിസ്സ തുടങ്ങി ദ്വീപിലെ ഒട്ടുമിക്ക സാഹിത്യ കൃതികളും അതിൻ്റെ പഠനാത്മകമായ സമീപനത്തോടെ സമാഹരിച്ചത് ദ്വീപു സമൂഹത്തിൻ്റെ വൈജ്ഞാനിക പ്രതാപം വെളിപ്പെടുത്താൻ കാരണമായി തീർന്നിട്ടുണ്ട്.

ദ്വീപിലെ പരമ്പരാഗത നാവിക ശാസ്ത്ര ഗ്രന്ഥമായ റഹ്മാനി കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലൂടെ പുറത്ത് വരുന്നതോടെ അറബി മലയാള ലിപിയിൽ വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന ഒരു വൈജ്ഞാനിക നിധി കുംഭമാണ് മലയാളി സമൂഹത്തിന് മുന്നിൽ തുറക്കപ്പെടുന്നത്. അദ്ദേഹത്തിൻ്റെ സമാഹരണ പട്ടികയിൽ ലക്ഷദ്വീപിലെ സൂഫി വര്യൻ അഹ്മദ് നഖ്ശബന്ദി തങ്ങളുടെ കോലസിരിമാലയും ദ്വീപിലെ ആദ്യ യൂസുഫ് ഖിസ്സയും സൂഫി മേഖലയിലുള്ള മറ്റു കൃതികളുമുണ്ട്. തീർച്ചയായിട്ടും ഡോ. മുല്ലക്കോയാ നടത്തുന്ന ഗവേഷണ സമാഹരണം ലക്ഷദ്വീപിൻ്റെ സംസ്കൃതിക്കും സാമൂഹിക നില നിൽപ്പിനും ഏറേ മുതൽകൂട്ടായി തീരുക തന്നെ ചെയ്യും.

ദ്വീപിലെ ഏകാന്ത ‘ജീവിതത്തിൽ ജ്ഞാനികളായ മനുഷ്യർ ആർജ്ജിച്ചെടുത്ത വൈജ്ഞാനിക തലം വാമൊഴികളായും കൈയ്യെഴുത്ത് കൃതികളായും അച്ചടിമഷി പുരളാതെ പലദ്വീപുകളിലും ചിതറി കിടപ്പുണ്ട്. അവയാണ് മുല്ലക്കോയയുടെ ശ്രമഫലമായി അച്ചടിമഷി പുരളുന്നത്. ഒരു ജീവിതം തന്നെ ഈ ദൗത്യത്തിന് വേണ്ടി മാറ്റി വെച്ച മുല്ലക്കോയാ എന്ന ഞങ്ങൾ കിൽത്താൻ ദ്വീപുകാരുടെ സ്വന്തം കോയക്ക് ദീർഘായുസും ആശംസകളും നേരുന്നു.