ഇനി ഒരു പുതിയ കപ്പൽ ഉണ്ടാക്കിയെടുത്തു സർവീസിൽ എത്തിക്കുവാൻ എത്ര നാൾ വേണം?
ഇനി റിപ്പയറിൽ ഉള്ള കപ്പലുകൾ തിരിച്ചെത്തിയാൽ സർവീസിൽ ഉള്ള കപ്പലുകളിൽ ഏതെങ്കിലും റിപ്പയറിനായി നിർത്തേണ്ടിയും വരും.
ലക്ഷദ്വീപിലേക്കും തിരിച്ചും ഉള്ള യാത്ര ആവശ്യങ്ങൾ ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുന്നു.
കോടിക്കണക്കിനു ജനങ്ങൾക്ക് ലക്ഷദ്വീപ് ഒരു തവണ കാണണം എന്ന് ആഗ്രഹവും കാണും.
കുറച്ചു വിമാനം മാത്രം ഓപ്പറേഷൻ നടത്തിയാൽ മാത്രം തീരാവുന്നതല്ല ലക്ഷദ്വീപിന്റെ യാത്രാ പ്രതിസന്ധികൾ.
കൂടുതൽ കപ്പലുകൾ കൂടുതൽ എയർ പോർട്ടുകൾ എന്ന ഒരു സാഹചര്യം നാളെ വരികയും ലക്ഷദ്വീപിലേക്കും തിരിച്ചും ഏതാനും മണിക്കൂറുകൾ മുമ്പ് മാത്രം തീരുമാനിച്ചാലും ഏതു വ്യക്തിക്കും വരുവാനും പോകുവാനും പറ്റുന്ന സൗകര്യം ഉണ്ടാവണം.
ഒരിക്കൽ ഒരു പ്രഭാതത്തിൽ മുള കസേരയിൽ ചാഞ്ഞിരുന്നു ലക്ഷദ്വീപിന്റെ സൗന്ദര്യം കാണുവാൻ ലോകത്തെ ക്ഷണിച്ചു പോയാൽ മാത്രം കാര്യമില്ല. അതിനു തക്ക യാത്രാ സൗകര്യം ഒരുക്കണം.വരുന്ന വിനോദ സഞ്ചാരികളുടെ ക്ഷേമം ഏതു സാഹചര്യത്തിലും ഒരുക്കുവാനും കഴിയണം. ലക്ഷദ്വീപ് സന്ദർശിച്ചു തിരിച്ചു പോവുമ്പോൾ അവരുടെ മുഖത്തു സന്തോഷം ഉണ്ടാവണം.. ലക്ഷദ്വീപ് സന്ദർശനം ഒരു പേടി സ്വപ്നം ആയി അവർ തിരിച്ചു പോവുമ്പോൾ ആവുന്ന സാഹചര്യം ഇവിടെ ഉണ്ടാവരുത്. ടൂറിസം പ്രദേശ വാസികൾക്ക് നിയമപരമായ പിന്തുണയോടെയും ആനുകൂല്യത്തോടെയും നടത്തുവാൻ ഉള്ള സൗകര്യങ്ങൾ ഉണ്ടാവുകയും അതിന് തക്ക പോളിസികൾ ഉണ്ടാവുകയും വേണം..
വാടകക്ക് എടുക്കാവുന്ന കപ്പലുകൾ ഉണ്ട്..
ചാർട്ടർ സംവിധാനം സമുദ്ര ഗതാഗതത്തിൽ സാധാരണയായ ഒരു സൗകര്യം ആണ്.
വ്യക്തിക്കോ കമ്പനിക്കോ ഒക്കെ കപ്പലുകൾ ചാർട്ടർ ചെയ്യുവാൻ സാധിക്കും.
ധാരാളം കപ്പലുകളുടെ ഉടമയായ ലക്ഷദ്വീപ് ഭരണകൂടത്തിനും കപ്പലുകളുടെ നടത്തിപ്പ് നോക്കുന്ന എൽ ഡി സി എൽ എന്ന കമ്പനിക്കും എളുപ്പത്തിൽ സ്വീകരിക്കാവുന്ന സംവിധാനം ആണ് കപ്പലുകൾ ചാർട്ടർ ചെയ്യുക എന്നത്.
പുതിയ കപ്പൽ ഉണ്ടാക്കി എടുക്കുന്ന രീതിയെക്കാളും ചിലപ്പോൾ ഒക്കെ നല്ലത് തന്നെ ആണ് കപ്പൽ വാടകക്ക് എടുക്കുന്നതും. കോടികൾ കൊച്ചിൻ ഷിപ് യാർഡിന് കപ്പൽ അറ്റകുറ്റ പണിക്ക് നൽകി സമയത്തിന് ഇറക്കാൻ പറ്റാതെയും ഇരിക്കുമ്പോൾ കുറച്ചു കോടികൾ ചെലവാക്കിയാൽ കപ്പലുകൾ ഇത്തരത്തിൽ വാടകക്ക് ലഭിക്കുകയും ചെയ്യും. കൂടുതൽ കോടികൾ ഉണ്ടെങ്കിൽ കപ്പൽ സ്വന്തമായി വാങ്ങുകയും ചെയ്യാം. കാർ കാരിയർ ആയിരുന്ന കപ്പലിനെ ഭാരത് സീമയാക്കി ദീർഘ കാലം യാത്ര കപ്പൽ ആക്കി ഓടിച്ചിട്ടുണ്ട്. ഇവിടെ റെഡിമെയ്ഡ് യാത്രക്കപ്പലുകൾ ലോകത്തിലെ വിവിധ മാർക്കറ്റുകളിൽ ഇന്ന് ലഭ്യമാണ്..
എടുക്കുന്ന കപ്പലുകളിൽ നമ്മുടെ പരിസ്ഥിതിക്കു അനുകൂലമായ ചില മോഡിഫൈക്കേഷൻ നടത്തണം എന്ന് മാത്രം.. പ്രധാനമായും ബോട്ടുകൾക്ക് അടുക്കുവാൻ ഉള്ള ഷെൽ ഡോർ സംവിധാനം.
ഇനി നമ്മുടെ സ്പീഡ് വെസ്സൽ പോലെ വേണമെങ്കിൽ 400 യാത്രക്കാരിൽ അധികം വരെ കയറ്റാവുന്ന ഹൈ സ്പീഡ് ക്രാഫ്റ്റുകൾ വരെ വാടകക്ക് ലഭ്യമാണ്.
എന്നാൽ പ്രധാനമായും വേണ്ടത് ഭരണ കൂടത്തിന് ജനക്ഷേമം ഉറപ്പാക്കുന്ന കാര്യത്തിൽ പ്രതിജ്ഞ ബദ്ധത ഉണ്ടോ എന്നാണ്. ഉണ്ടെങ്കിൽ പുതിയ പോളിസികൾ വേണം. യാത്ര സൗകര്യം ഒരുക്കുവാനും ജനങ്ങൾ ടിക്കറ്റ് ഇല്ലാതെ വലയുന്നത് അവസാനിപ്പിക്കാനും സ്ഥിരമായോ താത്കാലികമായോ ഉള്ള കരാറുകൾ വഴി കൂടുതൽ കപ്പലുകൾ ലക്ഷദ്വീപ് കടലിൽ ജനങ്ങളുടെ യാത്രക്കായി എത്തിക്കുവാൻ പോർട്ടിനും എൽ ഡി സി എലിനും കഴിയണം..
ചാർട്ടർ-പാർട്ടി
ഒരു കപ്പലിന്റെ ഓണറും കപ്പൽ വാടകക്ക് എടുക്കുന്നവരും തമ്മിലുള്ള നിയമ പരമായ കരാറിനെ ആണ് ചാർട്ടർ പാർട്ടി എന്ന് പറയുന്നത്. ഇങ്ങിനെ കപ്പലുകൾ കാർഗോക്ക് വേണ്ടിയോ യാത്രക്കാർക്ക് വേണ്ടിയോ ചാർട്ടർ ചെയ്യാം.
നിലവിൽ പലവിധ ചാർട്ടർ സംവിധാനങ്ങൾ ഉണ്ട്.
എന്നാൽ പ്രധാനപ്പെട്ട ചിലത് ചൂണ്ടി കാണിക്കാം..
a. ഡി മൈസ് ചാർട്ടർ/ ബേർ ബോട്ട് ചാർട്ടർ
b. ടൈം ചാർട്ടർ
c. വോയേജ് ചാർട്ടർ.
ഡി മൈസ് ചാർട്ടർ സംവിധാനത്തിൽ കപ്പലിന്റെ ഉടമ വാടകക്ക് എടുക്കുന്നവർക്ക് ഏകദേശം പൂർണമായ നിലക്കുള്ള നടത്തിപ്പിന് ആയി ആണ് വാടകക്ക് നൽകുന്നത്. അതായത് കപ്പലിന്റെ ഉടമയെ പോലെ തന്നെ വാടക കാലയളവിൽ കപ്പലിന്റെ മെയിൻടെനൻസു, ജോലിക്കാർ, തുടങ്ങി എല്ലാം തന്നെ വാടകക്ക് എടുക്കുന്നവർ ആണ് കൈകാര്യം ചെയ്യുക. ഇങ്ങനെ കപ്പൽ വാടകക്ക് എടുത്ത് നമ്മുടെ യാത്ര ആവശ്യങ്ങൾക്ക് ആയി സൗകര്യം ഒരുക്കുവാൻ ലക്ഷദ്വീപ് പോർട്ടിനോ എൽ ഡി സി എലിനോ നോക്കാവുന്നത് ആണ്.
ടൈം ചാർട്ടർ സംവിധാനത്തിൽ നിശ്ചിത കാലത്തേക്ക് കപ്പൽ ഉടമ കപ്പലിനെ വാടകക്ക് നൽകും. എന്നാൽ കപ്പലിന്റെ നടത്തിപ്പ്, ജീവനക്കാരെ നിയമിക്കൽ എല്ലാം കപ്പലിന്റെ ഓണർ ആയിരിക്കും നോക്കുക. ഈ സംവിധാനം പ്രകാരവും നിശ്ചിത കാലത്തേക്ക് പ്രധാനമായും നമ്മുടെ കപ്പലുകൾ ഷോർട്ടജ് സംഭവിക്കുന്ന സമയത്തേക്ക് കപ്പലുകൾ വാടകക്ക് എടുക്കുവാൻ കഴിയും.
വോയേജ് ചാർട്ടർ സംവിധാനം ഒരു വോയേജിലേക്ക് മാത്രം ഉള്ളതാണ്. നിശ്ചിത റൂട്ടിൽ ഓടുന്ന കപ്പലിൽ കാർഗോ / യാത്രക്കാർ കയറ്റുന്ന സംവിധാനം.
( ഏറ്റവും ചുരുക്കി എഴുതിയത് )
ഇതിൽ ഡിമൈസ് ചാർട്ടറും ടൈം ചാർട്ടറും ആണ് നമ്മുടെ സാഹചര്യങ്ങളിൽ പ്രായോഗികമായി പരീക്ഷിക്കുവാൻ നല്ലത്.
ഇങ്ങിനെ ഉള്ള സംവിധാനങ്ങൾ ലക്ഷദ്വീപിലെ സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ഉള്ള പോളിസികൾ കൂടെ നമ്മുടെ ഭരണ കൂടം ഉണ്ടാക്കുകയാണെങ്കിൽ അതിനു വേണ്ടി ലക്ഷദ്വീപിന്റെ സാഹചര്യങ്ങളുമായി ഏറ്റവും പൊരുത്തപ്പെട്ടു പോവുന്ന കപ്പലുകൾ വൈദഗ്ദ്ധയത്തോടെ തെരെഞ്ഞെടുക്കുവാൻ കഴിയുകയാണെങ്കിൽ പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മുടെ ഗതാഗത സംവിധാനം നിലച്ചു പോവാതെ മുന്നോട്ടു കൊണ്ട് പോവാൻ കഴിയും. അതിനു ആര് മുൻകൈ എടുക്കും എന്നതാണ് കാര്യം.
പഠനങ്ങൾ നടക്കട്ടെ…
- ഇബ്നു സെയ്ത് മുഹമ്മദ്