കുടുംബശ്രീ പദ്ധതി ലക്ഷദ്വീപിലേക്കും ; ധാരണപത്രമായി

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും പോഷകാഹാര ലഭ്യത, ആരോഗ്യം, ശുചിത്വം എന്നിവ ഉറപ്പാക്കാൻ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കിവരുന്ന എഫ്എൻഎച്ച്ഡബ്ല്യു പദ്ധതി മാതൃക ലക്ഷദ്വീപിലേക്കും. കുടുംബശ്രീ മാതൃക ഇതര സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ മുഖേനയാണ് ലക്ഷദ്വീപിൽ നടപ്പാക്കുക. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശ്‌, ലക്ഷദ്വീപ് റൂറൽ ലൈവ്‌ലിഹുഡ് മിഷൻ പ്രോഗ്രാം ഓഫീസർ മുഹമ്മദ് സലിം എന്നിവർ ധാരണപത്രം കൈമാറി.

2018- ലാണ് ലക്ഷദ്വീപിൽ അയൽക്കൂട്ട രൂപീകരണം ആരംഭിച്ചത്. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഉപഘടകമായ എഫ്എൻഎച്ച്ഡബ്ല്യു (ഫുഡ്‌,ന്യൂട്രീഷൻ, ഹെൽത്ത്‌, വാട്ടർ–-സാനിറ്റേഷൻ ആൻഡ്‌ ഹൈജീൻ) പദ്ധതി നടപ്പാക്കുന്നതോടെ സ്ത്രീശാക്തീകരണം, ഉപജീവനം എന്നീ മേഖലകളിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്താനാകും. സ്ത്രീകൾക്കായി പോഷകസമ്പുഷ്ടമായ മൂല്യവർധിത ഉൽപ്പന്ന നിർമാണമടക്കം വിവിധ മേഖലകളിൽ സംരംഭങ്ങൾ രൂപീകരിക്കും. ഇതുവഴി സ്ത്രീകൾക്ക് വരുമാനത്തോടൊപ്പം പോഷകഗുണങ്ങളും ആരോഗ്യവും ഒരേസമയം ലഭ്യമാക്കാം. ഓരോ അയൽക്കൂട്ട കുടുംബത്തിനും ആവശ്യമായ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള പോഷകം ലഭ്യമാക്കാൻ കാർഷിക പോഷകോദ്യാനങ്ങളും ഒരുക്കും.

പോഷാകാഹാരം, ആരോഗ്യം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട ബോധവൽക്കരണവും മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കും. കുടുംബശ്രീ കമ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരും ഐലൻഡ് ലെവൽ ഫെഡറേഷൻ പ്രതിനിധികളും ചേർന്നാണ്‌ ഫീൽഡ്തല പ്രവർത്തനങ്ങൾ നടത്തുക.

കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ പ്രോഗ്രാം മാനേജർ പ്രിയാ പോൾ, ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ മാനേജർ മിനീഷ് എബ്രഹാം, അസിസ്റ്റന്റ്‌ പ്രോഗ്രാം മാനേജർ സിമി സൂസൻ മോൻസി, തീമാറ്റിക് ആങ്കർ ആൽബി വിൽസൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കടപ്പാട്: ദേശാഭിമാനി

Share to

Leave a Reply

Your email address will not be published. Required fields are marked *