ഡോ.സീജി.പൂക്കോയ കൽപേനി
എന്റെ ബാല്യകാല ജീവിതത്തിൽ മറക്കാൻ പറ്റാത്ത രണ്ട് കാര്യങ്ങളാണ് കയറും കൊപ്പരയും. കയർ ഇല്ലെങ്കിൽ അന്നം ഇല്ലാത്ത ഒരു കാലം കടന്നുപോയി. അത് പോലെ തന്നെ തിരണ്ടിയും. തിരണ്ടി ഇല്ലാത്ത വീടുകൾ ഉണ്ടായിരുന്നില്ല. സീസണിൽ പച്ചയായും, അല്ലാത്തപ്പോൾ ഉണക്കിയതും. ഉണക്കിയ തിരണ്ടി ചുട്ടതും തേങ്ങാപൂളും അന്ന് ഭക്ഷണത്തിന്റെ മുഖ്യഭാഗമായിരുന്നു. അന്നും ഇന്നും കൊപ്ര ദ്വീപുകാരുടെ സ്വർണ്ണം ആണ്. കൽപേനിയിൽ കൊപ്രക്ക് കൊപ്പര എന്നാണ് പറയപ്പെടുന്നത്.
എന്റെ കുട്ടിക്കാലത്തിനു മുമ്പു തന്നെ കണ്ണൂർ രാജാവ് കൊയർ മോണോപോളി നടപ്പിലാക്കി. അത് പ്രകാരം കണ്ണൂർ രാജാവിൽ നിന്നും കയറിനു പകരമായി മാത്രം അരി വാങ്ങണം എന്നത് നിയമം മൂലം നിർബന്ധമാക്കി. മറ്റു തുറമുഖത്ത് വെച്ച് കയർ നൽകുകയോ അരി വാങ്ങുകയോ ചെയ്യാൻ പാടില്ലാത്തതാണ് എന്നും. പാവം ദ്വീപുകാർക്ക് അന്ന് ഓടം സുരക്ഷിതമായി മോശം കാലാവസ്ഥയിൽ നങ്കൂരം ഇട്ട് വെക്കാനും ചരക്കു കേറ്റിറക്കു നടത്താനും സൗകര്യമുള്ള ഹാർബർ കണ്ണൂരിൽ മാത്രല്ലാതെ വേറെ ഇല്ലായിരുന്നു. അത് മാത്രമല്ല ദ്വീപു ഭരണം കണ്ണൂർ അറക്കൽ രാജവംശത്തിന്റെ കുത്തകയുമായിരുന്നു.
അന്ന് കൽപേനിയിൽ ബിരിയത്തപ്പൂയാറിനു സമീപം ബില്ലത്തിന്റെ ‘കോടി’ ഭാഗത്ത് നിറയെ ചകിരി കുളങ്ങൾ(ഫാരം) ആയിരുന്നു. വേലി ഇറക്കത്തിൽ വെള്ളം കുറഞ്ഞ സമയത്ത് ഓരോന്നിൽ തേങ്ങ പൊളിച്ച തോട് നിറച്ച് അതിനു മുകളിൽ മണ്ണിട്ട് ചവിട്ടി ഉറപ്പിച്ചു നാല് അതിരും അടയാളപ്പെടുത്തി വെക്കും. ഒരു മാസത്തിനു ശേഷം അത് തുറന്ന് എടുത്തു മാറ്റി തീരത്ത് കൊണ്ടു ചെന്നു വൃത്തിയാക്കും. എന്നിട്ട് ചെറുതാലം കൊണ്ടുള്ള മരക്കഷ്ണം ഉപയോഗിച്ച് സ്ത്രീകൾ അതിനെ അടിച്ചു പതം വരുത്തി ചകിരി ആക്കി മാറ്റും. ചകിരി ഉണക്കി എടുത്തു ചെറുതാലം കൊണ്ടുള്ള കോലും കൊണ്ട് വീണ്ടും അടിച്ചു ചകിരിച്ചോറ് മുഴുവനും കളഞ്ഞു ലോലമായ ചകിരിയാക്കും. ആ ചകിരി കൈ കൊണ്ട് പിരിച്ചും, റാട്ട് കൊണ്ട് പിരിച്ചും കയർ നിർമ്മിക്കും. എല്ലാ വീട്ടിലും ‘റാട്ട്’ എന്ന കയർ പിരിക്കുന്ന യന്ത്രം ഉണ്ടായിരുന്നു.
കച്ചേരി പണ്ടാരത്തിൽ ഒരു കയർ പരിശീലന കേന്ദ്രവും ഉണ്ടായിരുന്നു. സ്കൂൾ കുട്ടികൾക്കും മുതിർന്നവർക്കും അതിൽ കയർ നിർമ്മിക്കാനും നിലത്ത് വിരിക്കാനുള്ള കയറ്റുപായ, ചവിട്ടി, മറ്റ് ആകർഷണ വസ്തുക്കൾ എന്നിവ ഉണ്ടാക്കുവാനും പരിശീലനം നൽകിവന്നിരുന്നു.

കയർ ഒരു പാകം(രണ്ട് മുഴം) നീളത്തിൽ 16 ഇഴകളാക്കി ചുറ്റി വെക്കും. അങ്ങനെയുള്ള 16 എണ്ണം ഒരു കെട്ട് ആക്കി അതിനെ കയർ കൊണ്ടു വരിഞ്ഞു മുറുക്കി ഒരു ബണ്ടി ആക്കും. എന്നിട്ട് ആമീന്റെ അധികാരത്തിലുള്ള അറക്കലിൽ (കച്ചേരി ഗോഡൗണിൽ) നൽകി അരി വാങ്ങും. അതായിരുന്നു പതിവ്. അന്ന് ഇന്നത്തെ പോലെ കച്ചവട കടകളിൽ എവിടെയും അരി ലഭ്യമല്ലായിരുന്നു.
വർഷത്തിൽ ഒരു പ്രാവശ്യം മിക്കവാറും കുംഭമാസത്തിൽ രണ്ടോ, മൂന്നോ ഓടത്തിൽ ആ കയർ ബണ്ടികളുമായി ആമീൻ അല്ലെങ്കിൽ ആമീന്റെ പ്രതിനിധി കണ്ണൂറിൽ കൊണ്ടു ചെന്നു അറക്കൽ രാജാവിൽ നിന്നും അരിയും വാങ്ങി തിരിച്ച് വരും. അങ്ങനെ കയർ കൊണ്ടു ചെല്ലുന്ന ഓടത്തിന്റെ കേയിക്ക് കൂലി ആയി കുറെ മൂട (അരച്ചാക്ക്) അരി നൽകും.
ആമീൻ ഉണക്കം പോരാ എന്ന് പറഞ്ഞു അരി വാങ്ങാൻ പോയ ആളുകൾക്ക് അരി നൽകാതെ ഗോഡൗൺ പൂട്ടി ഇട്ട് പല വീടുകളിലും പട്ടിണി ഉണ്ടാക്കിയ സംഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഓടം ഉടമകളുടെ അല്ലെങ്കിൽ കേയിമാരുടെ വീടുകളിലും മാത്രം കേയിക്ക് ലഭിച്ച അരിയുണ്ടാവും. അത് അരച്ചാക്കാക്കി വരിഞ്ഞു വെച്ച് അവർ അടുത്ത വർഷം വരെ സൂക്ഷിക്കും. അതിനായി മിക്ക വീടുകളിലും ‘മൂടേക്കുളി’ എന്ന ഒരു മുറിയുണ്ടാവും. അതിന്റെ മുകളിൽ തെങ്ങ് പലക വെച്ച് ചുണ്ണാമ്പു കൊണ്ട് തേപ്പ് നടത്തി വായു സഞ്ചാരം തടയും.
ചില കാലങ്ങളിൽ ഓടം വരാൻ താമസിച്ചാലും, കാലവർഷം തുടങ്ങി ഓടം പാടാരി ആയാലും നാട്ടിൽ ബറം(പട്ടിണി) ഉണ്ടാവും. അക്കാലത്ത് ആമീൻ ഗോഡൗണിൽ അരി ഉണ്ടായാലും നൽകാതെ പിടിച്ചു വെക്കും. അപ്പോൾ അതിന്റടുത്ത് വഴക്കും ബഹളവും ഉന്തും തള്ളും ചിലപ്പോൾ അടിപിടിയും ഉണ്ടാവുന്നത് കാണപ്പെടും. പറങ്കികളുടെ വരവോടെ ആണ് കയറിന് പ്രാധാന്യം കൂടിയത്. അതോടെ കണ്ണൂർ അറക്കൽ ഭരണകൂടം കയർ മോണോപോളി ആക്കി മാറ്റുകയും ചെയ്തു.
അത് കയറിന്റെ കഥയാണെങ്കിൽ എക്കാലത്തും ദ്വീപിന്റെ കച്ചവടം കൊപ്ര തന്നെയായിരുന്നു. മിക്കവർക്കും തെങ്ങ് സ്വന്തമായി ഉണ്ടാവും. ഇല്ലാത്തവർക്ക് തെങ്ങ് കയറി കിട്ടുന്ന കൊയ്യാൽ തേങ്ങയും ഉണ്ടാവും. അക്കാലത്ത് ഒരു തെങ്ങിൽ നിന്നും ലഭിക്കുന്ന തേങ്ങയുടെ നാലിൽ ഒന്ന് തെങ്ങ് കയറിയ ആൾക്ക് നൽകും. എന്നാൽ ചിലർ മൂന്നിൽ ഒന്ന് കൊയ്യാൽ ആയും നൽകിയിരുന്നു. കൊയ്യാൽ കൂടുതൽ നൽകുന്നതിനു പകരമായി അവർ തേങ്ങ പൊളിക്കലും, ചുമക്കലും ചെയ്യും. എന്നാലും കൊപ്പര വെട്ടുന്നതും അതിനുള്ള ഷെഡ് ഉണ്ടാക്കുന്നതും തെങ്ങ് ഉടമകൾ തന്നെയാണ്. അക്കാലത്ത് വീട്ടു മുറ്റത്തും പടിഞ്ഞാറ് കടപ്പുറത്തും കൊപ്പര വേലി കെട്ടി ചുറ്റും കയർ വലയിട്ട് കാക്ക, പൂച്ച എന്നിവയിൽ നിന്നെല്ലാം സംരക്ഷണം ഉണ്ടാക്കുമായിരുന്നു എങ്കിലും കൊപ്പര തിന്നാൻ വരുന്ന ചിരട്ടകോമ്പ് (സന്യാസി ഞണ്ട്) ശല്യം സാധാരണയായിരുന്നു. പൂച്ച ഒളിഞ്ഞും തെളിഞ്ഞും വേലിക്കകത്ത് കയറി കൊപ്പര തട്ടി എടുക്കും. കള്ളന്മാരുടെ ശല്യം ഇല്ലായിരുന്നു എന്ന് തന്നെ പറയാം. എന്നാലും കാവലിനു ഒരു ഭാഗത്ത് ഒരു വിശ്രമസ്ഥലം ഉണ്ടാക്കി അതിൽ ഒരു ഷെഡ്ഡിൽ കയർ വരിഞ്ഞ കട്ടിൽ വെക്കുകയോ, അല്ലെങ്കിൽ ഫറം (പലക തട്ട്) ഉണ്ടാക്കി അതിൽ കുട്ടികളോ, മുതിർന്നവരോ അതിൽ രാത്രി കാവലിനു ഇരിക്കും. മഴ വരുമ്പോൾ കൊപ്പര കുട്ടിയിട്ട് കിടുവ് കൊണ്ട് മൂടി വെക്കും. രാത്രിയിലും അങ്ങനെ മൂടി വെക്കും. രാത്രികളിൽ ആണ് അധികവും കൊപ്ര ചിരട്ടയിൽ നിന്നും ഇളക്കി മാറ്റുന്നത്. നല്ല നിലാവുള്ള രാത്രികളിൽ അതൊരു മധുര സ്മരണയാണ്. ഇരുട്ടുള്ള രാത്രിയിൽ വെളിച്ചത്തിനായി ഓല കൂട്ടി വെച്ചു, അതിൽ ചിരട്ട കത്തിച്ചു തീ കൊളുത്തി വെളിച്ചം ഉണ്ടാക്കും. ‘ഇളിയാല’യിൽ(തീരത്ത്) മൽസ്യം പിടിക്കുന്നവരിൽ നിന്നും മീൻ വാങ്ങി അതിൽ ചുട്ട് എടുത്തു ഇളം കൊപ്പരയും കൂട്ടി തിന്നാൻ നല്ല രുചിയായിരുന്നു.
കൊപ്പര വെട്ടുമ്പോൾ അതിന്റെ മധുരമുള്ള വെള്ളവും പൊങ്ങും ഇഷ്ടം പോലെ കഴിക്കാം. അത് പോലെ ചില തേങ്ങയുടെ അകത്തു ചുരുണ്ട് കിടക്കുന്ന മധുരമുള്ള കരിക്ക് (ബാഗല്) ലഭിക്കും. അതും തിന്നാൻ രസമാണ്. കേട് വന്ന ചില തേങ്ങകൾ (മത്തല്) മാറ്റി വെച്ച് അത് ഒരു മുറിച്ച ടിന്നിൽ ഉണക്കി ഊറ്റിയെടുത്ത എണ്ണ ശരീരത്തിൽ തേച്ചു കുളിക്കാൻ ഉപയോഗിക്കുമായിരുന്നു. അങ്ങനെ ആ എണ്ണ പുരട്ടി ബില്ലത്തിലും, മൂലേക്കുളിയിലും നീന്തിക്കുളിക്കാൻ ചെല്ലുമായിരുന്നു.
കൊപ്പര കളത്തിന്റെ കടൽ തീരത്ത് പക്ഷികൾ വരുന്നത് സാധാരണയായിരുന്നു. അവയെ ചകിരി കൊണ്ടുള്ള വലവെച്ചു പിടിക്കും. പൂക്കുട്ടി, കോലായം, നെയ്ക്കുട്ടി, ഞാര, കൊക്ക്, ഇറണ്ട, കടൽ കുരുവി, മൈന, കടൽ കാക്ക മുതലായവ ചില കാലങ്ങളിൽ ധാരാളമായി കാണപ്പെട്ടിരുന്നു. അവയെ പിടിച്ചു വീട്ടിൽ കൊണ്ടു വന്നു വേലിക്കകത്ത് വളർത്തും.

ചില കുട്ടികൾക്ക് പക്ഷികളെ പിടിക്കൽ ഒരു ഹോബി ആയിരുന്നു. മറ്റ് ചിലർ വിൽപ്പന നടത്തുന്നതും കാണാമായിരുന്നു. ആമീൻ ഭരണകാലത്ത് അടിസ്ഥാന ജീവിതസൗകര്യങ്ങൾ പോലും ഉണ്ടായിരുന്നില്ല. അത് ഭരണകർത്താക്കൾക്ക് അവരുടെ ചുമതല ആണെന്ന ബോധവും ഇല്ലായിരുന്നു. ചരക്കു കയറ്റു ഇറക്കുമതി ഓടം ഉടമകളുടെ ചുമതലയായിരുന്നു. കൊപ്പരയും മറ്റു സാധനങ്ങളും കോഴിക്കോട്ട് കൊണ്ടു ചെന്ന് ദല്ലാളുകൾക്ക് കൊടുത്തു അവിടെ നിന്ന് വീട്ട് സാധനങ്ങൾ വാങ്ങി തിരിച്ചു വരും. യാത്രക്കാരായി വളരെ ചുരുക്കം പേര് മാത്രം. ഓടത്തിൽ ഏഴെട്ടു പേർ തണ്ടേലമ്മാർ ആയി ഉണ്ടാവും. ഓടം ഉടമകളുടെ ഭാര്യയും മക്കളും ഒഴികെ രോഗികൾ ചികിൽസക്കായി വൻകരയിലേക്ക് പോകാറില്ല എന്ന് തന്നെ പറയാം.
കയറിനു പകരം അരി നൽകുക. ഓടം കടലിൽ ഇറക്കാനും കരയിൽ കയറ്റാനും ജനങ്ങൾക്ക് അറിയിപ്പ് കൊടുക്കുക, എലി നായാട്ടിനു അറിയിപ്പ് കൊടുക്കുക തുടങ്ങിയ ചുരുക്കം ചില ചുമതലകൾ മാത്രമായിരുന്നു ആമീന്റെ ചുമതല. അതിനു പുറമെ ‘വീട്ട് കൂട്ടം’ എന്ന കുടുംബ പരാതിയിൽ പരിഹാരം കാണുക, കൃമിനൽ, സിവിൽ തർക്കങ്ങൾക്ക് കോടതിയിൽ ജഡ്ജി ആവുക എന്നിങ്ങനെയും. ജയിൽ എന്ന് പറയാവുന്ന ഒറ്റ മുറി സ്രാമ്പി ഉണ്ടെങ്കിലും മിക്കപ്പോഴും ആമീനെ ധിക്കരിച്ചവർക്ക് പിഴ വിളിച്ചു പറഞ്ഞയക്കും. അധികവും തേങ്ങ കട്ട കേസും വീട്ടു വഴക്കും മാത്രമേ കേസ് ആയി ഉണ്ടായിരുന്നുള്ളൂ.
തമ്മിൽ അടി പിടി കൂടിയ സംഭവം ആയിരിക്കും മറ്റു കേസുകൾ. ആൾ സ്വാധീനം ഉള്ളവരായ ആമീൻ, കച്ചേരി കാരണവർ മുതലായവരെ പരദൂഷണം പറഞ്ഞതിനു അവരുടെ വീട് ആക്രമിച്ചു പകരം വീട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്. അക്കാലത്ത് ഭൂമി സർവ്വെ , റജിസ്റ്ററേഷൻ എന്നിവ ഇല്ലാത്തതിനാൽ അതിർത്തി തർക്കങ്ങളും, സ്വത്തു തർക്കവും സാധാരണയായിരുന്നു. 1963 ൽ അഡ്മിനിസ്റ്റേറ്റർ മൂർക്കോത്ത് രാമുണ്ണിയുടെ കാലത്താണ് സർവ്വേ ആദ്യമായി തുടങ്ങിയത്. അന്ന് നിലവിൽ ഉണ്ടായിരുന്ന കുടിയായ്മ പ്രശ്നത്തിനും പരിഹാരമായി. പിന്നീട് കുടിയേറിപ്പാർത്ത സ്വന്തം ഭൂമി ഇല്ലാത്തവർക്ക് ഭൂമി ഉടമകൾ ധാനമായി നൽകിയ ഭൂമിയായിരുന്നു കുടിയായ്മ. 1964ൽ അത് അവർക്ക് സ്വന്തമാക്കി നൽകി പട്ടയം കൊടുത്തു.
പഴയ കാലത്തെ കൽപേനിയിൽ ഉണ്ടായിരുന്ന ആമീൻ കച്ചേരി കെട്ടിടം 2016 ൽ അഡ്മിനിസ്റ്റ്റേഷൻ ഉദ്യോഗസ്ഥർ പൊളിച്ചു കളഞ്ഞു. അത് നല്ല പൊക്കത്തിലുള്ള മനോഹരമായ ഒരു രാജകീയ പ്രൗഢി ഉള്ള ഒരു കെട്ടിടം ആയിരുന്നു. നാലു വശത്തും വാതിലുകളും, അതിൽ കയറാൻ പടികളും ഉണ്ടായിരുന്നു. അതിനകത്ത് ചുറ്റിനും നടപാതയുള്ള രണ്ട് മുറികളും ഒരു വിശാലമായ ഒരു ഹാളും ഉണ്ടായിരുന്നു. ആ ഹാളിൽ ഓഫീസ് മുറിക്കു മുമ്പിൽ ഒരു ഉയർന്ന സ്ഥലത്ത് ആമീൻ ഇരിക്കാർ ഉണ്ടായിരുന്നു. അതിൽ ഒരു കസേരയും ഒരു മേശയും കാണും. അതിനു മുകളിൽ പഴയ കാലത്തെ രാജാക്കന്മാരുടെ തലക്ക് മുകളിൽ കാണപ്പെട്ടിരുന്ന പലകയിൽ തുണികൊണ്ടു തുന്നിപ്പിടിപ്പിച്ച ഒരു കാറ്റാടിയും ഉണ്ടായിരുന്നു. അതിൽ കെട്ടിയ കയർ നടപ്പാൾ അല്ലങ്കിൽ ശിപായി വലിച്ചു ആമീന് കാറ്റ് നൽകിയിരുന്നു.
ആമീൻ ഇരുന്നതിന്റെ മുൻവശത്ത് വിശാലമായ സ്ഥലത്താണ് പതിനാല് കച്ചേരികാരണവന്മാരും ഇരുന്നിരുന്നത്. ഒരു വശത്ത് ഏഴ് പേർ വീതം കസേരയിൽ അവർ ഇരിക്കും. ബ്രിട്ടീഷ് കാരുടെ കാലത്തും അറക്കൽ ഭരണ കാലത്തും അവരുടെ പ്രതിനിധിയായി വന്നിരുന്നവരും അവിടെ ഇരുന്ന് കേസ് നടത്തിയിരുന്നു.
വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന തിരണ്ടി എന്ന വലിയ കോട്ടാർ മത്സ്യം അക്കാലത്ത് കൂട്ടമായി കൽപേനിയുടെ കിഴക്ക് വശത്ത് കടലിൽ കർക്കിടക മാസത്തിലും ചിങ്ങമാസം പകുതി വരെയും അതിന്റെ ചിറകു ഉയർത്തിപ്പിടിച്ചു നീന്തിക്കളിക്കുന്നത് നിത്യ കാഴ്ചയായിരുന്നു. കാലവർഷം ആരംഭത്തിൽ മറ്റു മത്സ്യങ്ങൾ കുറവായിരിക്കും. അക്കാലത്താണ് കിഴക്ക് ഭാഗത്ത് തിരണ്ടി കാണപ്പെടുന്നത്. തീരത്തിനടുത്ത് തിരമാല പൊങ്ങി വരുന്നിടം വരെ തിരണ്ടികൾ ഒറ്റയായി അതിന്റ ചിറക് പൊക്കിപ്പിടിച്ച് നീന്തിക്കളിക്കുന്നത് കാണാത്ത കുട്ടികളും സ്ത്രീകളും പോലും അന്നുണ്ടായിരുന്നില്ല.
ഇത്രയും വലിയ തിരണ്ടികൾ ഇപ്പോൾ കാണാറില്ല. ‘ജയന്റ് മന്താറെ’ എന്ന് അറിയപ്പെടുന്ന തിരണ്ടിക്കുട്ടം അറ്റ്ലാന്റിക്ക് സമുദ്രത്തിൽ നിന്നും കേരള തീരത്തിലേക്ക് ആ മാസങ്ങളിൽ കാണപ്പെടുന്ന ചെമ്മീൻ ചാകര തിന്നുന്നതിനായും തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ ഉണ്ടാവുന്ന നീരൊഴുക്ക് അനുകൂലമായി പരിഗണിച്ചും ഇവിടെ വരെ എത്തപ്പെടുന്നു എന്നാണ് പറയപ്പെടുന്നത്. ഇവ കേരള തീരത്ത് നിന്നും ചെമ്മീനും മറ്റ് മത്സ്യങ്ങളും കഴിച്ചു അത് തിരികെ വരുമ്പോൾ കൽപേനിയുടെ കിഴക്ക് ഭാഗത്ത് നീന്തി കളിക്കുന്നത് ആയിട്ടാണ് കാണപ്പെട്ടിരുന്നത്. ഇത്തരം തിരണ്ടികൾ പസഫിക് സമുദ്രത്തിൽ നിന്നും ഇന്ത്യൻ സമുദ്രത്തിലേക്ക് വരാറും ഉണ്ടായിരുന്നു.
വളരെ ദൂരം വരെ ഇതിനു ദേശാന്തര ഗമനം നടത്താനുള്ള കഴിവുകൾ ഉണ്ടെന്ന് പഠനങ്ങൾ കാണിച്ചിട്ടുണ്ട്. ആയിരം കിലോമീറ്റർ ദൂരം വരെ ഇവ യാത്ര ചെയ്യും. അഞ്ഞൂറ് മുതൽ ആയിരം മീറ്റർ വരെ ആഴത്തിലും അത് നീന്തി ചെല്ലും. ഇത്തരം തിരണ്ടികളുടെ ഒരു ചിറകിനു മാത്രം ശരാശരി പത്തടി നീളവും എട്ടടി വീതിയും കാണും. രണ്ട് ചിറകിന്റെ ഇടയിൽ ആറടി എങ്കിലും വീതിയും കാണും. അപ്പോൾ തിരണ്ടി എത്ര കണ്ട് വലുതാണ് എന്നും എത്ര കണ്ട് തൂക്കം കാണുമെന്നും ഊഹിക്കാവുന്നതേയുള്ളൂ.
ഇത്രയും വലിയ തിരണ്ടികൾ എങ്ങനെയാണ് വേട്ടയാടി പിടിക്കുന്നത് എന്നത് ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ്. അതൊരു അപകട സാധ്യത നിറഞ്ഞ വീരസാഹസിക പ്രവൃർത്തിയും കൂടിയായിരുന്നു. ഇതിനായി പ്രത്യേകം തയാറാക്കിയ ആയുധങ്ങളും പരിചയസമ്പന്നരായ ജോലിക്കാരും അന്ന് ഉണ്ടായിരുന്നു.
ആറ് വലിക്കുന്നത് അല്ലെങ്കിൽ എട്ട് വലിക്കുന്നത് എന്ന് പറയപ്പെടുന്ന ഇത്തരം തോണിയായിരുന്നു തിരണ്ടി വേട്ടക്ക് ഉപയോഗിച്ചിരുന്നത്. ആറോ, എട്ടോ പേർ തണ്ട് വലിക്കും, ഒരാൾ തുള പിടിക്കും. ജന്മാത്തി എന്ന് പറയുന്ന വേട്ടക്കാരൻ മുൻ വശത്തുള്ള പറത്തിൽ കയറി നിന്ന് കയറിൽ കെട്ടിയ ചാട്ടുളി തിരണ്ടിയുടെ അടുത്തെത്തിയാൽ എറിയും. ഉടനെ തിരണ്ടി ഊളിയിട്ടു വളരെ അടിയിലോട്ട് മുങ്ങും. അതിനായി ആവശ്യമുള്ള അത്രയും കയർ ചുറ്റി ഓടത്തിൽ വെച്ചിട്ടുണ്ടാവും. അത് ആവശ്യത്തിനു വിട്ടു കൊടുക്കും. അത് കണ്ട വേറെ തോണിക്കാർ തുഴഞ്ഞു അടുത്തെത്തി പൊങ്ങി വരുമ്പോൾ അതെ തിരണ്ടിയുടെ മേൽ രണ്ടാമതും ചാട്ടുളി എന്ന കുന്തം എറിയും. ഉന്നം പിഴക്കാറില്ല. ചിലപ്പോൾ വേറെ തോണിക്കാർ എത്തി മൂന്നാമതും ഇങ്ങനെ ഏറ് കൊടുക്കും. ആദ്യത്തേത് ‘മുന്ന്’ എന്നും, പിന്നീട് എറിഞ്ഞവരെ ‘ബൈ’ എന്നും പറയപ്പെടും.
എന്നിട്ട് രക്തം വാർന്ന് അവശനായ തിരണ്ടി ‘കൊല്ലായി’ എന്ന ഹുക്ക് വെച്ചു വലിച്ചു അടുപ്പിച്ചു, മൂന്ന് ഓടവും കൂടി കടലിൽ വെച്ച് തന്നെ മുറിച്ചു മൂന്ന് കഷ്ണങ്ങളാക്കി ഭാഗിക്കും. എന്നിട്ട് ആണ് അത് തോണിയിൽ കയറ്റുക. ചില ദിവസങ്ങളിൽ ആകെ നാൽപതും അമ്പതും തിരണ്ടികൾ പിടിച്ച ദിവസങ്ങൾ ഉണ്ടായിരുന്നു. തീരത്ത് കൊണ്ടു വന്നു കഷ്ണങ്ങൾ ആക്കും. തീരത്ത് ചെല്ലുന്നവർക്ക് എല്ലാവർക്കും ഫ്രീ ആയി ഓരോ വലിയ കഷ്ണം നൽകും. ബാക്കി തീരത്ത് വെച്ച് തന്നെ ‘താര’ ആക്കി, ആ താര കഷ്ണങ്ങൾ തീരത്ത് വെച്ചോ, വീട്ടു മുറ്റത്തു വെച്ചോ ഉണക്കി എടുക്കും.
തിരണ്ടിയിൽ ഏറ്റവും രുചികരമായ ഭാഗം ‘ഫമ്മ’ ആണ്. ഫമ്മ അതിന്റെ ഹൃദയം ആണ്. മസാലയിൽ പാകം ചെയ്താൽ നല്ല രുചിയാണ്. അത് പണ്ട് മസാലയിൽ വേവിച്ച് തയ്യാറാക്കി ഭൂവുടമകളെ സൽകരിക്കുക സാധാരണയായിരുന്നു. പലപ്പോഴും ഞാനും ഫമ്മ കഴിച്ചിട്ടുണ്ട്. തിരണ്ടിയുടെ കൂടലും രുചിയുള്ള ഭാഗമാണ്. പിന്നെ അതിന്റെ നല്ല ഭാഗമായി കരുതിയിരുന്നത് ‘തോൾ’ ഭാഗമായാണ്. തോൾ എന്നാൽ ചിറകാണ്. അത് തേങ്ങയും മുളകും മസാലയും ചേർത്ത് ഉരുക്കി ആണ് കഴിക്കുക. പച്ച തിരണ്ടി മുളക് വറ്റിച്ചതും, ഒരുക്കിയതും, ഉണക്കിയ തിരണ്ടി വറുത്തും, ചുട്ടതും, കറി വെച്ചതും കഴിക്കാൻ നല്ല രുചിയാണ്.
തിരണ്ടി ഉണക്കി എടുക്കുന്നതും ഒരു കലയാണ്. അക്കാലത്ത് കൽപേനിയുടെ കിഴക്കും പടിഞ്ഞാറും തീരത്ത് മാത്രമല്ല വീടിന്റെ പരിസരത്തും തിരണ്ടി താറുകൾ ഉണക്കാൻ ഇട്ടിരിക്കുന്നത് നിത്യവും കാണപ്പെട്ടിരുന്നു. റോബിൻസൺ 1948 ൽ കൽപേനിയിൽ വന്നപ്പോൾ തിരണ്ടിയും മറ്റ് മൽസ്യങ്ങളും ഉണക്കാൻ ഇട്ടിരിക്കുന്നതിന്റെ നാറ്റം അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ എടുത്തു പറഞ്ഞിട്ടുണ്ട്.
തിരണ്ടിയുടെ കരൾ, സ്രാവിന്റെ കരൾ പോലെ, വലിയ ‘ചാടി’ ഭരണിയിൽ ഇട്ട് വെച്ചു പഴകിയാൽ വരുന്ന എണ്ണ (വിളക്കണ്ണ) ഓടത്തിന്റെ പലകകൾക്കിടയിലും അകത്തും പുരട്ടി വെച്ചു ഉണക്കുന്നത് വെള്ളം ചോർച്ച തടയുന്നതിനായി ഉപയോഗിച്ചിരുന്നു. കൽപേനി ഹുജ്റാ പള്ളിയിലെ ഭരണിയിൽ നേർച്ച ഇടുന്ന കരൾ എണ്ണ കവരത്തിയിലുള്ള തങ്ങൾമാർക്ക് ആയി മാറ്റി വെച്ചിരുന്നു.
അന്നും ഇന്നും മത്സ്യബന്ധനം ഒരു പ്രത്യേക വിഭാഗത്തിന്റെ ജോലി അല്ല. എല്ലാവരും ആ ജോലിയിൽ അഭിമാനത്തോടെ ഏർപ്പെടുമായിരുന്നു. എല്ലാവർക്കും മത്സ്യബന്ധനം അറിയുകയും ചെയ്യും. ‘മുക്കുവൻ’ എന്ന പദപ്രയോഗം ദ്വീപുകളിൽ ഇല്ല. പഴയ കാലത്തെ തിരണ്ടി ചാട്ടം, ഓലവല, ഫദി, ശാല്, കൂട് മുതലായ മൽസ്യബന്ധന മാർഗങ്ങൾ ഇന്ന് കാണാനില്ല. പകരത്തിനു ചൂര പിടിത്തവും ആഴക്കടൽ മത്സ്യബന്ധനവും നിലവിൽ വന്നു.

ഞാൻ ചെറുപ്പത്തിൽ കണ്ടതും ഇപ്പോഴും മറക്കാതിരിക്കുന്നതുമായ ചില മഹൽ വ്യക്തികൾ കൽപേനിയിൽ ഉണ്ടായിരുന്നു. കറുപ്പത്ത ഇല്ലം ഉവ്വ, കുണ്ടാരി ലായീ, കുന്നിപ്പാപ്പാട ആറ്ററ്റ എന്നിവരാണ് ആ മഹത്തുക്കൾ. തികച്ചും വ്യത്യസ്തമായ സാത്വീകമായ ജീവിതരീതി ആയിരുന്നു അവർ പിൻപറ്റിയിരുന്നത്. എന്ത് പ്രാരാബ്ദങ്ങൾ ഉണ്ടായാലും ഉണർന്നു പ്രവർത്തിക്കുവാനുള്ള പ്രചോദനം അവരുടെ ജീവിതത്തിൽ നിന്നും നമുക്ക് ഒരു പാഠമാണ്.
അക്കാലത്ത് ആശുപത്രിയിൽ കാര്യമായ സൗകര്യങ്ങൾ ഒന്നും ഇല്ലായിരുന്നു. പേരിന് മാത്രം ഒരു കെട്ടിടവും, കുറച്ചു മരുന്നു ലായനികൾ നിറച്ച കുപ്പികളും മാത്രം. സ്ഥിരം ഡോക്ടർമാർ വരാൻ തുടങ്ങിയത് തന്നെ 1956 നു ശേഷമാണ്. ബ്രിട്ടീഷ്കാർ തുടങ്ങി വെച്ച ഡിസ്പൻസറികളിൽ ഇടക്കിടെ ഡോക്ടർമാരുടെ സാന്നിധ്യം കണ്ടിരുന്നു. ഞങ്ങൾ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ സർജറി താൽപര്യമുണ്ടായിരുന്ന ഒരു ഡോക്ടർ കൽപേനിയിൽ വന്നു. കുര്യൻ എന്നായിരുന്നു പേര്. അയാൾ അവിടെ ഉള്ള ചെറിയ സൗകര്യം മാത്രം വെച്ച് ചെറിയ ചെറിയ ഓപ്പറേഷനുകൾ ചെയ്തു തുടങ്ങി. അക്കാലത്ത് കറുപ്പത്ത ഇല്ലം ഉവ്വ കാലിൽ രക്ത ഓട്ടം ഇല്ലാതെ ഉണങ്ങാത്ത വൃണവുമായി കിടപ്പിലായിരുന്നു. തുന്നൽ വിദഗ്ധനായ ഉവ്വ നന്നായി കിടക്കകൾ തുന്നുമായിരുന്നു. കല്യാണത്തിന് മിക്കവർക്കും അന്ന് കിടക്കകൾ തുന്നിയിരുന്നത് ഉവ്വ തന്നെ.
പുകവലിയും, കൂടുതൽ സമയം കാൽ മടക്കിയുള്ള ഇരുത്തവും കാരണമായി കാലിൽ രക്തയോട്ടം കുറയാൻ കാരണമായി. പിന്നീട് വൃണങ്ങളും, വേദനയും കാരണം ഉവ്വ കിടപ്പിലായി. ഷുഗറിന്റെ രോഗം ഉണ്ടോ എന്നറിയില്ല. ഡോക്ടർ കുര്യൻ വന്ന് കണ്ട് ഉടനെ ഒരു ഓപറേഷൻ അത്യാവശ്യമായി വേണ്ടിവരും എന്ന് പറഞ്ഞു. കാൽ മുറിച്ചു കളയണം എന്ന് പറഞ്ഞപ്പോൾ പലരും നിരുത്സാഹപ്പെടുത്തി എങ്കിലും കടുത്ത വേദന സഹിക്കാൻ വയ്യാതെ കിടപ്പിലായ ഉവ്വ അതിനു സമ്മതിച്ചു. അങ്ങനെ ആ ഭാഗം മരവിപ്പിച്ചു, ഓപറേഷൻ നടന്നു. അതിനായി ഒരു ഈർച്ചവാൾ കൊല്ലന്റെ അടുത്തു നിന്ന് ഉണ്ടാക്കി എടുത്തു. അന്ന് കൽപേനിയിൽ സ്രാമ്പി മൂസ എന്ന ഒരു കൊല്ലപ്പണി ചെയ്യുന്ന ഒരാൾ ഉണ്ടായിരുന്നു.
ഞാനന്ന് സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ ഇരുന്നാൽ കാൽ മുറിക്കുന്ന ശബ്ദം കേട്ടിരുന്നു. വലത് കാൽ മുട്ടിനു താഴെ വെച്ച് ആയിരുന്നു മുറിച്ചത്. മുറിവ് ഉണങ്ങിയ ശേഷം അക്കാലത്ത് ആർട്ടിഫിഷ്യൽ കാൽ വെച്ചു പിടിപ്പിക്കുന്ന പരിപാടി ഇല്ലായിരുന്നു. അത് കൊണ്ട് രണ്ട് തോളത്തും സപ്പോർട്ട് വെച്ച് അത് കൊണ്ടാണ് നടന്നിരുന്നത്. കറുപ്പത്ത ഇല്ലം ഉവ്വ എന്ന് പറഞ്ഞത് കൊണ്ട് തീർന്നില്ല. ഉവ്വയെ പറ്റി ചിലത് കൂടി പറയാനുണ്ട്. ഒരു കാൽ നഷ്ടപ്പെട്ടിട്ടും അഞ്ച് നേരവും ഉവ്വ ജുമുഅത്ത് പള്ളിയിൽ തന്നെ ചെന്ന് ജമാഅത്ത് ആയി നിസ്കരിച്ചിരുന്നു. അതും ഒറ്റക്കാലു കുത്തി നിന്ന്. ചിലപ്പോൾ ചുമർ ചാരി നിൽക്കുന്നതും കാണും. അത് ഇന്നത്തെ ചെറുപ്പക്കാർക്ക് പ്രചോദനം നൽകുന്ന ഒരു ഗുണപാഠം തന്നെ ആണ്.
കുണ്ടാരി ലായീ ചെറുപ്പത്തിലെ തന്നെ സ്കൂൾ പഠനം നിർത്തി വീട്ടു ജോലിയിൽ സഹായിച്ചു വളർന്നു വന്ന ഒരാളാണ്. മതവിദ്യാഭ്യാസമോ ഭൗതിക വിദ്യാഭ്യാസമോ നേടാനാവാതെ ജീവിതം തുടങ്ങി വെച്ച വ്യക്തി, എന്നാൽ പിൽക്കാലത്ത് ഏറ്റവും കൂടുതലായി ദീനിനെ സ്നേഹിക്കാനും ആരാധനാ കർമ്മങ്ങളിൽ നിരതനാവാനും, ഹജ്ജ് ചെയ്യാനും ഭാഗ്യം സിദ്ധിച്ച വ്യക്തി ആണ് അദ്ദേഹം. നന്നായി ഖുർആൻ പാരായണം ചെയ്യുമായിരുന്നു. ഇതും പലർക്കും ഒരു പാഠമാണ്.
ജുമുഅത്ത് പള്ളിയിലെ ഇമാമും മുദരിസും ആയിരുന്ന പൊന്നാനിക്കാരൻ ഇബ്രാഹിം കുട്ടി മുസ്‌ലിയാർക്ക് വീടുകളിൽ നിന്നായി ചോറ്റുപാത്രം കൊണ്ടു ചെന്നു കൊടുത്ത ആ പയ്യൻ ‘ലായി’ ഉസ്താദിന്റെ സഹവാസം കൊണ്ട് അറിയേണ്ടതെല്ലാം പഠിച്ചെടുത്തു. പിന്നീട് ഉസ്താദ് പൊന്നാനിയിലേക്ക് മടങ്ങുമ്പോൾ ലായി ഉസ്താദിന്റെ കൂടെ ചെന്നു. അവിടെത്തെ പള്ളിയിൽ സേവകനായി കഴിഞ്ഞു കൂടി. കുറെ വർഷം കഴിഞ്ഞു കൈവശം പണമില്ലെങ്കിലും ഹജ്ജിനു പോകാനുള്ള ആഗ്രഹം കൊണ്ട് മടവൂർ ശൈഖിനെ കണ്ടു. കാര്യം പറയുന്നതിനു മുമ്പ് “പോകണ്ട….” എന്ന് മറുപടി കിട്ടി തിരികെ പൊന്നാനി പള്ളിയിൽ തന്നെ ചെന്നു. അടുത്ത വർഷം പിന്നേയും ചെന്നു കണ്ടു. കാര്യം പറഞ്ഞില്ല. “പൊയ്ക്കോ….” എന്ന് മറുപടി കിട്ടി. ഒന്നും ആലോചിക്കാതെ കോഴിക്കോട്ട് നിന്നും ലായി തീവണ്ടി കയറി. ആകെ രണ്ടര രൂപ മാത്രം കയ്യിൽ ഉണ്ട്. ബോംബെയിൽ ഇറങ്ങി. എട്ട് മാസം അവിടെ ഒരു പള്ളിയിൽ കൂടി സേവനം ചെയ്തു. 1963 ൽ എട്ടു മാസത്തിനു ശേഷം എന്റെ ബാപ്പ ഹജ്ജിനു ചെന്നപ്പോൾ ബോംബെയിൽ വെച്ചു കണ്ടുമുട്ടി. അപ്പോഴേക്കും പലരും സഹായിച്ച വകയായി എണ്ണൂർ രൂപയോളം ലായിയുടെ കയ്യിലുണ്ട്. അന്ന് ഒരാൾക്ക് ഹജ്ജ് ചെയ്യുന്നതിനു രണ്ടായിരം രൂപ മതിയായിരുന്നു. ആയിരത്തി ഇരുനൂറു രൂപ ഹജ്ജ് കമ്മിറ്റിക്ക് അടക്കണം. ബാക്കി ബാപ്പ സഹായിച്ചു പണമടച്ചു. കപ്പലിൽ ആണ് യാത്ര. അങ്ങനെ ഹജ്ജ് ചെയ്തു തിരിച്ച് ദ്വീപിലെത്തി.
കാലിനടിയിൽ ആണി രോഗം കാരണം നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായിട്ടും എല്ലാ ദിവസവും തഹജ്ജുദ് നിസ്കാരത്തിനു ജുമുഅത്ത് പള്ളിയിൽ എത്തിച്ചേരും. മിക്ക ദിവസവും പുതിയ പള്ളിയിലെ കോയക്കുട്ടി തങ്ങളുടെ മഖ്ബറ സിയാറത്ത് ചെയ്യും. വളരെ കുറച്ചു മാത്രമേ ഭക്ഷണം കഴിക്കുകയുള്ളൂ. നിഷ്ഠയുള്ള ജീവിതം. മരണം വരെ കല്യാണം കഴിച്ചിട്ടില്ല. സുന്നത്തുകൾ ഒന്നും ഒഴിവാക്കിയില്ല. തനി സൂഫീ ജീവിത രീതി. എഴുപതുകളിൽ ഞാൻ ഡോക്ടറായി ജോലി നോക്കിയിരുന്ന കാലത്ത് മിക്കപ്പോഴും തമ്മിൽ കാണും. മരുന്നുകൾ നൽകിയാലും കഴിക്കാറില്ല. എന്നെ ഏറ്റവുമധികം ആകർഷിച്ച ഒരു വ്യക്തി ആയിരുന്നു അദ്ദേഹം.
കുന്നിപ്പാപ്പാട ആറ്ററ്റ ഒരു വ്യക്തി എന്ന് പറഞ്ഞത് കൊണ്ട് തീർന്നില്ല; ഒരു പ്രസ്ഥാനമായിരുന്നു. ചെറുപ്പം മുതലേ ആറ്ററ്റയെ ഞാൻ കണ്ടിട്ടുണ്ട്. പണ്ഡിതനും സൂഫീ ജീവിതം പറ്റി ജീവിച്ച ആറ്ററ്റ മെലിഞ്ഞ ചുരുണ്ട ശരീരപ്രകൃതി ആയിരുന്നു. വളരെ കുറച്ചു സംസാരവും, കുറച്ചു ഭക്ഷണവും, കൂടുതൽ ആരാധനയും. അതായിരുന്നു ജീവിത രീതി. ഏറെ കാലം മദ്രസാ അധ്യാപകനായും, പിന്നെ ഹെഡ് മാസ്റ്റർ ആയും, ജുമാമസ്ജിദ് ഇമാമായും ജീവിതം നയിച്ചു. തൊണ്ണൂറ്റിയാറാ മത്തെ വയസ്സിൽ വിടപറഞ്ഞു.
പിന്നീട് 94 വയസ് ജീവിച്ചു അടുത്ത കാലത്തായി മരണപ്പെട്ട എന്റെ മദ്രസാ അധ്യാപകന്മാരായിരുന്ന ഇന്നേ ബംബനും, മറ്റ് പലരും ഓർമയിൽ മായാതെ കിടക്കുന്ന മാതൃകാ പുരുഷന്മാരാണ്. ഇന്നേ ബംബൻ തികഞ്ഞ പണ്ഡിതനും, സാത്വികനും, പരിശ്രമശാലിയും ആയിരുന്നു. അല്ലാഹുതആലാ അവർക്ക് മരണാനന്തര സ്വർഗീയ ജീവിതമായ ജന്നാത്തുൽ ഫിർദൗസ് നൽകട്ടെ. ആമീൻ.
കൽപേനിയിൽ പ്രശസ്തരായ രണ്ടു വ്യക്തികൾ ആയിരുന്നു പി.ഐ.കോയക്കിടാവ് കോയയും, പി.ഐ.പൂക്കോയയും. അവരെക്കുറിച്ച് ഞാൻ മറ്റ് പുസ്തകങ്ങളിൽ വിവരണം നൽകിയിട്ടുണ്ട്. അത് കൊണ്ട് ഇവിടെ വിസ്തരിച്ചു എഴുതുന്നില്ല. എല്ലാ ദ്വീപുകളിലും ഇവർ രണ്ടുപേരുടെയും അറിയാത്തവർ ഉണ്ടാവില്ല.
അക്കാലത്ത് പള്ളികളിൽ മഹത്തുക്കൾ മരിച്ച ദിവസം ആണ്ട് എന്ന വാർഷിക പരിപാടികൾ നടന്നിരുന്നു. മുഹീദ്ദീൻ പള്ളിയിലെ ആണ്ടിനു ഉമ്മയോടൊപ്പം കണ്ണപ്പം കൊണ്ടു പോകുമായിരുന്നു. അവിടെ എല്ലാ വർഷവും ആണ്ട് ദിവസം ഡോൾഫിൻ തീരത്ത് വരാറുണ്ടായിരുന്നു. അതിനു ചീരണിയും ഇളനീരും നൽകി പറഞ്ഞു വിട്ടിരുന്നു. ചിലപ്പോൾ കടലാനയും വരാറുണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ പിന്നീട് ചില കുട്ടികൾ വായിൽ കല്ലു വെച്ചു കൊടുത്തു എന്നും പീഡിപ്പിച്ചു എന്നും അത് കാരണം വരാതെ ആയി എന്നും കേട്ടു.
ജമാഅത്ത് പള്ളിയിലേക്ക് ബാപ്പയൊന്നിച്ച് ഹിജ്റ മാസം പന്ത്രണ്ടിനും പതിനെട്ടിനും നടക്കുന്ന മൗലൂദിലും ചീരണിയിലും പങ്കെടുക്കുമായിരുന്നു. അക്കാലത്ത് ആണ് ആദ്യമായി ജമാഅത്ത് പള്ളിയുടെ മിഹ്റാബിനു പിറകിലുള്ള മുതവല്ലിയുടെ ഖബർ സിയാറത്ത് ചെയ്യുന്നത്. അപ്പോൾ അവരുടെ ചരിത്രം ബാപ്പ പറഞ്ഞു തന്നിട്ടുണ്ട്. പറങ്കികൾ പള്ളി പിടിച്ചെടുക്കാനും മതം മാറ്റാനും ശ്രമിച്ചപ്പോൾ അന്നത്തെ ജമാഅത്ത് പള്ളി മുതവല്ലിയുമായ മണ്ണേൽ ആറ്റക്കോയ അത് തടഞ്ഞു. അവർ ബലമായി പിടിച്ചു പള്ളിയിലെ മുൻ വശത്തുള്ള വാതിലിൽ കിടത്തി കഴുത്തറുത്ത് ശഹീദ് ആയി. പറങ്കികൾ അവരുടെ വാൾ വടക്ക് വശത്തെ കുളത്തിൽ കഴുകി എന്നും ആ ദിവസം എല്ലാ വർഷത്തിലും ആ കുളം ചുവന്ന നിറം ആവുമെന്നും പറഞ്ഞു കേട്ടിട്ടുണ്ട്.
കഴിഞ്ഞ കാലത്തിലെ ഈ മഹത്തുക്കൾ നൽകുന്ന പാഠം ഏറെ പ്രാധാന്യമുള്ളതാണ്. അവർ സൽപ്രവർത്തികൾ ആരാധനാ കർമങ്ങൾ ആക്കി അടിയുറച്ച വിശ്വാസത്തോടെ പ്രയോഗത്തിൽ കൊണ്ടു വന്നു. അത് അവർക്ക് പോസിറ്റീവ് എനർജി നൽകി. അത് കാരണം ആയുരാരോഗ്യവും ദീർഘായുസ്സും ലഭിച്ചു. ഇന്ന് നമ്മുടെ ഇടയിൽ എല്ലാ സൽപ്രവർത്തികളും ബാധ്യത ആയി കണ്ടു കൊണ്ട് അത് മറ്റുള്ളവരിലേക്ക് പഴിചാരാൻ ശ്രമിക്കുന്നത് കാണാം. അത് നെഗറ്റീവ് എനർജി ഉണ്ടാക്കുകയും അതുവഴി ഷുഗർ, പ്രഷർ, ഹൃദ്രോഗം, കാൻസർ എന്നിവ വിളിച്ചു വരുത്തുകയും ചെയ്യുന്നു.
അഞ്ച് നേരവും കഠിനമായ പണി ചെയ്യുന്ന മുക്ക്രിമാർക്ക് അന്ന് പരാതി ഇല്ല. സംതൃപ്തമായ ചിട്ടയുള്ള ജീവിതം കൊണ്ട് ആരോഗ്യത്തോടെ ദീർഘായുസ്സും അവർ നേടിയിരുന്നു. പരാതികൾ ഇല്ലാതെ സംതൃപ്തിയോടെ ചെയ്യുന്ന പ്രവർത്തി പോസിറ്റീവ് എനർജി നൽകും. അതാണ് അവരുടെ ആരോഗ്യം. എന്നാൽ തൃപ്തി ഇല്ലാതെ പരാതികളുമായി ചെയ്യുന്ന ജോലി നെഗറ്റീവ് എനർജി ഉണ്ടാക്കും. അതുണ്ടാക്കുന്ന സ്ട്രസ്സ് ആണ് ഷുഗർ, പ്രഷർ, ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് , കാൻസർ മുതലായ രോഗങ്ങൾക്ക് കാരണമാകുന്നത്. പരോപകാരവും സൽപ്രവർത്തികളും ഒരാളുടെ ജീവിത ശൈലി രോഗങ്ങളിൽ നിന്നും മുക്തി നൽകും എന്ന് മാത്രമല്ല, ജീവിതം സുഖസമ്പൂർണ്ണമാക്കുകയും, മറ്റുള്ളവർക്കും സുഖകരമായ ജീവിതവും, സാമുദായിക സൗഹൃദവും നൽകും എന്നത് കൂടി അറിഞ്ഞിരിക്കേണ്ടതാണ്.