കേരളത്തിലേക്കുള്ള ആദ്യ യാത്ര (പവിഴ ദ്വീപിൽ ഒരു ജീവിതം)

ഡോ.സീജി. പൂക്കോയ കൽപേനി


       ആറാം ക്ലാസ് പഠനം കഴിയുന്നത് വരെ കൽപേനി ദ്വീപിൽ നിന്നും ഞാൻ കടൽ കടന്നിട്ടില്ല.  അന്ന് ഉമ്മയുടെ വയറ്റിൽ കിടന്നുള്ള യാത്ര അല്ലാതെ. കൂമേൽ ബീച്ചിൽ നിന്നും തിലാക്കം, പിട്ടി എന്നീ ദ്വീപുകളും, വടക്ക് ചെറിയം ദ്വീപും കൽപേനിയുടെ കടപ്പുറത്ത് നിന്നു മാത്രം കണ്ടിട്ടുണ്ട്. ജേഷ്ഠന്മാരായ ആറ്റയും, ഇയ്യയും കോഴിക്കോട്ട് പഠിച്ചു കൊണ്ടിരുന്നു. എനിക്കും കോഴിക്കോട്ട് ചെന്നു പഠിക്കാൻ അതിയായ ആഗ്രഹം ജനിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് ആറാം ക്ലാസ് പരീക്ഷ 1959 മാർച്ച് മാസത്തോടെ കഴിഞ്ഞു ഞാൻ പാസ്സായത്. അന്ന് ഒരു ദ്വീപിലും ഏഴാം ക്ലാസ്സ്  ഇല്ല. ഏതായാലും അടുത്തത് കോഴിക്കോട് തന്നെ എന്ന് ഞാൻ ഉറപ്പിച്ചു. അങ്ങനെ പല പ്രാവശ്യം ബാപ്പ പറഞ്ഞു കേട്ട കോഴിക്കോട് കാണാനുള്ള സ്വപ്നവുമായി ദിനങ്ങൾ നീങ്ങി.

      ബാപ്പ കുംഭ മാസത്തിലെ കൊപ്പര പണി തീർത്തു കൊപ്പരയുമായി കോഴിക്കോട്ട് പോകാൻ ഒരുങ്ങി. അങ്ങനെ കുണ്ടാരിക്കാരുടെ ഓടത്തിൽ ബാപ്പ കേയി ആയി ചരക്കുകൾ കയറ്റി. ആ ഓടം യാത്ര ഉൽസാഹഭരിതമായിരുന്നു. അതിന്റെ വിവരണം എന്റെ പവിഴമാല എന്ന പുസ്തകത്തിൽ വിവരിച്ചത് കൊണ്ടു ഇതിൽ വിവരിക്കുന്നില്ല. അങ്ങനെ ഞങ്ങൾ കോഴിക്കോട്ട് എത്തി. കോഴിക്കോട്ടിൽ ആദ്യമായി എത്തിയതിൽ അതിയായ സന്തോഷവും ആഹ്ലാദവും പറഞ്ഞറിയിക്കാൻ വയ്യ. അക്കാലത്ത് കോഴിക്കോട്ട് എത്തുന്ന ദ്വീപുകാർ ആരും തന്നെ ലോഡ്ജ് എടുത്തു താമസിക്കാറില്ല. കൊപ്പര വിൽക്കുന്ന ദല്ലാളിമാർ അവരുടെ കൊപ്പര പാണ്ടികശാലയിൽ വാടകയില്ലാതെ താമസിപ്പിക്കും. അങ്ങനെ ഞങ്ങൾ മുഹമ്മദ് കോയ ദല്ലാളിയുടെ സിൽക് സ്റ്റ്രീറ്റ്സിനു തൊട്ടടുത്തുള്ള റോഡിലെ പാണ്ടികശാലയിലേക്ക് പെട്ടിയുമായി  ചെന്നു. ആ പാണ്ടികശാലയിലേക്ക് ബോംബെ ഹോട്ടലിൽ നിന്നും അധികം അകലമില്ലായിരുന്നു.

      പാണ്ടികശാല എന്നത് താമസത്തിനു ഒട്ടും യോജിച്ചതല്ല. ആ കെട്ടിടത്തിന്റെ തൊട്ടു മുമ്പിലൂടെ ഒരു ഓവ് ചാൽ പോകുന്നുണ്ടായിരുന്നു. അതിന്റെ  അഴുകിയ ഗന്ധവും കറുത്ത നിറവും മറക്കാൻ സാധിക്കില്ല. പാണ്ടികശാലക്ക് കേറുന്ന സ്ഥലത്ത് തന്നെ ഒരു വലിയ ഹാൾ. അതിൽ അട്ടി അട്ടിയായി വെച്ചിരിക്കുന്ന കൊപ്പര ചാക്കുകളുടെ മണം മുറി മുഴുവനും പരത്തുന്നു. ഒരു ഭാഗത്ത് സുർക്ക നിറച്ച കുപ്പികളും കുടങ്ങളും. സുർക്കയും കൊപ്പരയും മറ്റു പല ദ്വീപു ചരക്കുകളും എല്ലാം ഒരുമിച്ചു ഓടത്തിന്റെ കമ്മത്ത് കള്ളിയിലെ മണത്തിലും കടുപ്പമുള്ള ഒരു പ്രത്യേക മണം.

      ആ മുറിയുടെ ഒരു ഭാഗത്ത് ഒരു മേശയും ഒരു പഴയ കസേരയും. അതിനടുത്ത് രണ്ടു മൂന്നു സ്റ്റൂളുകളും, ഒരു കട്ടിലും അതിൽ വിരിച്ചിരിക്കുന്ന പഴയ ഒരു മുസല്ലയും ആണ് ആദ്യമായി ശ്രദ്ധയിൽ പെട്ടത്. ആ ഹാളിന്റെ മേൽപുര ഓടിട്ടത്, തട്ട് ഇല്ല. ഒരു പൗരാണിക കെട്ടിടമാണ് എന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാം. ഓടിന്റെ ഇടക്ക് നാലഞ്ചു ഗ്ലാസ് ഓടുകളിലൂടെ സൂര്യപ്രകാശം അകത്തേക്ക് കള്ളകണ്ണിട്ടു വരുന്നുണ്ട്.

       ഞങ്ങൾ ആ മുറിയിൽ കയറിയതും മുമ്പിലൂടെ ഒരു കറുത്ത സത്വം ഓടി മറഞ്ഞു. അതെന്താ എന്ന് അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി അതൊരു പെരുച്ചാഴി എന്ന്. അത് അവിടെ ഒരു നിത്യ സന്ദർശകനാണെന്നും. ഞാനാദ്യമായാണ് ഒരു പെരുച്ചാഴിയെ കാണുന്നത്. അത്കൊണ്ട് അത് മറക്കാറില്ല. പെരുച്ചാഴി ആ പാണ്ടികശാലയിലയിൽ നിത്യ കാഴ്ചയായിരുന്നു. അവരും ഈ ഭൂമിയുടെ അവകാശികൾ ആണെന്ന് വൈക്കം മുഹമ്മദ് ബഷീർ എഴുതിയത് അവർ വായിച്ചു കാണും. അത് കൊണ്ടൊ എന്തൊ ആരും അതിനേയും അത് ആരേയും ഉപദ്രവിക്കാറില്ല.

       ആ ഓടിട്ട ഹാളിന്റെ പടിഞ്ഞാറ് ഒരു വാതിൽ ഉണ്ട്. അവിടെ ചെറിയ ഒരു മുറ്റവും. അതിന്റെ ഇടത് ഭാഗത്ത് ഇതിനോട് ചേർന്ന് രണ്ട് നിലയിലായി ഒരു പൗരാണിക കെട്ടിടം നിലം നിൽക്കുന്നുണ്ട്. അതിന്റെ താഴത്തെ മൂന്ന് മുറികൾ പൂട്ടി ഇട്ടിരിക്കുന്നു. അതിന്റെ പടിഞ്ഞാറെ അറ്റത്തുള്ള മരം കൊണ്ടുള്ള കോണിയിൽ കയറിയാൽ മുകളിൽ എത്താം. മരത്തിന്റെ തട്ട് ചവുട്ടി നടക്കുമ്പോൾ കടം.., കടം.., ശബ്ദം.മുകളിൽ അവിടെ എത്തുന്നിടത്ത് ഓട് മേഞ്ഞ വിശാലമായ രണ്ട് മുറികൾ. അതിൽ ഒന്നിലാണ് എന്റെ ജേഷ്ഠൻ ആറ്റ താമസം എന്നറിഞ്ഞു. കൂട്ടിനു അന്ത്രോത്ത് ദ്വീപുകാരനായ കൂടാട്ട് സെയ്ത് കോയയും ഉണ്ട് എന്നറിഞ്ഞു. 

        ജേഷ്ഠൻ ആറ്റ തളിയിൽ അമ്പലത്തിനടുത്ത് ഉള്ള ഒരു സ്ക്കൂളിൽ ഹിന്ദിയും മെട്രിക്കുലേഷൻ കോഴ്സും പഠിക്കുകയായിരുന്നു. മൂന്ന് വർഷത്തെ കോഴ്സ്. അന്ന് മെട്രിക്കുലേഷനും, ഹിന്ദി വിദ്വാനും പരീക്ഷ എഴുതാൻ മദ്രാസിൽ പോകണം.  തലേവർഷം ആണ് ആറ്റ കോഴിക്കോട്ട് പഠിക്കാൻ വന്നത്.അത്  ഒരു യാദൃശ്ചിക സംഭവം ആയിരുന്നു. ഇയ്യയും കൂട്ടുകാരും എലത്തൂരിൽ പഠിക്കുന്നത് കൊണ്ട് ജേഷ്ഠൻ ആറ്റ (ആറ്റക്കോയ)ക്കും കോഴിക്കോട് ചെന്നു പഠിക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു എങ്കിലും തെങ്ങും കൊപ്രയും നോക്കി നടക്കാൻ വേറെ ആരും ഇല്ലാത്തത് കൊണ്ട് ബാപ്പ സമ്മതിച്ചില്ല.

       ആ വർഷം ഇടവത്തിലെ ഓടത്തിൽ ബാപ്പയോടൊപ്പം കൊപ്പരയും ആയി ആറ്റയും കേരളത്തിലെത്തി. ആ ഓടം കാലാവസ്ഥ മോശമായതിനാൽ ഫാടാരി ആയി. തൽക്കാലം തിരിച്ചു പോകുന്നത് വരെ ഹിന്ദി പഠിക്കാനായി തളിയിലെ സ്കൂളിൽ ചേർന്നതാണ്. അങ്ങനെ അത് തുടർന്നു. പിന്നീട് അവിടെ തന്നെ എട്ടാം ക്ലാസ്സ് പരീക്ഷ പ്രൈവറ്റായി എഴുതി പാസായി. മെട്രിക്കുലേഷൻ ക്ലാസ്സിൽ പഠനം തുടർന്നു. അക്കാലത്ത് മെട്രിക്കുലേഷൻ പരീക്ഷ എഴുതാൻ മദ്രാസിൽ പോകണം ആയിരുന്നു. ആറ്റ ഹിന്ദി അതോടൊപ്പം വിദ്വാൻ കൂടി പഠിക്കുന്നുണ്ടായിരുന്നു.

        ഞങ്ങൾ അവിടെ എത്തുമ്പോഴേക്കു തന്നെ ഉച്ച കഴിഞ്ഞിരുന്നു. ഉച്ചയ്ക്കുള്ള ചോറും മത്തിക്കറിയും മുതലാളി വരുത്തി തന്നു. ഞാൻ ജേഷ്ഠന്റെ മുറിയിൽ കിടന്ന് ഒന്ന് ഉറങ്ങിപ്പോയി. അപ്പോഴേക്കും ജേഷ്ഠൻ ആറ്റ സ്ക്കൂളിൽ നിന്നും തിരിച്ചെത്തി. ഞങ്ങളെ കണ്ടപ്പോൾ അത്ഭുതപ്പെട്ടു. കുംഭത്തിൽ ബാപ്പ എത്തും എന്ന് അറിയാമായിരുന്നു എങ്കിലും ഓടം എത്തിയ വിവരം അറിഞ്ഞിരുന്നില്ല. ഞാനും കൂടെയുണ്ടാവും എന്നതും അറിയില്ലായിരുന്നു.ഓടത്തിൽ ഞങ്ങളോടൊപ്പം ബാപ്പയുടെ മരുമകൾ(മുത്തിയോള) ബീയും, പീച്ച്യത്ത് ആറ്റയ്യാ എന്ന സെയ്ത് അബ്ദുല്ലക്കോയയും, അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ടായിരുന്നു. സ്ത്രീകളെ മുതലാളിയുടെ വീട്ടിലേക്ക് അയച്ചു. പീച്ച്യത്ത് ആറ്റയ്യാ ബാപ്പയോടൊപ്പം ഉണ്ടായിരുന്നു. പിന്നെ ഞങ്ങൾ മുറിയിൽ നിന്നും പുറത്തിറങ്ങി.

     കുളിക്കണം. ഒന്ന് കക്കൂസിലും പോകണം. ആഴമുള്ള കിണറാണ് അവിടെ ഉള്ളത്. കുളിക്കാനുള്ള വെള്ളം അവിടെ ഉണ്ടായിരുന്ന ആ കിണറ്റിൽ നിന്നും ഏത്തം വലിച്ചു കോരി എടുക്കണം. ജ്യേഷ്ഠൻ വെള്ളം കോരി ബക്കറ്റിൽ നിറച്ചു തൊട്ടടുത്തുള്ള മേൽപുരയില്ലാത്ത ഒരു മുറിയിൽ വെച്ചു തന്നു. അതാണ് കുളിമുറി. ഒരു റെക്സോണയുടെ പച്ച നിറമുള്ള സോപ്പും തന്നു. അതിന്റെ പിറകിലായി ഒരു ഉയർന്ന സ്ഥലത്ത് ചുറ്റു മതിലിനോട് ചേർന്ന് ഒരു കൊച്ചു മുറി. കടക്കുന്നതിന് മുമ്പ് തന്നെ മണം പിടിക്കും. അത് കക്കൂസാണെന്ന് ആരും പറഞ്ഞു തരേണ്ടതില്ല. മറയായി വാതിലിൽ ഒരു വിരി വിരിച്ചിട്ടുണ്ട്.

     അതിൽ കടന്നപ്പോൾ അത് തോട്ടിമാർ എടുക്കുന്ന ഒരു ബക്കറ്റിന്റെ മുകളിൽ മരം വെച്ച് തട്ട് ഉണ്ടാക്കിയത് ആണെന്ന് തോന്നി. അവിടെ തൂറിക്കഴിഞ്ഞാൽ ബക്കറ്റിൽ വീഴണം. ചിലപ്പോൾ അടിയിലെ ബക്കറ്റിന്റെ അറ്റത്തും മലം വീണെന്നും ഇരിക്കും. അത് ദിവസവും രാവിലെ തോട്ടി എന്ന് പറയപ്പെടുന്ന സ്ത്രീകൾ ഇതിന്റെ പിറകിലുള്ള വഴിയിലൂടെ വന്ന് അത് എടുത്ത് മാറ്റി വേറെ ബക്കറ്റ് വെക്കും. കഴുകുന്നതും അതിന്റെ ഒരറ്റത്ത് ഇരുന്ന് തന്നെ. ഒരു ജബന (അലുമിനിയം കൂജ) യിൽ അതിനായി വെള്ളം കരുതിയിരിക്കും. ദ്വീപുകാർക്ക് അത് കൂടുതൽ വിഷമം ഉണ്ടാക്കി. അക്കാലത്ത് ദ്വീപിലും കക്കൂസ് ഉണ്ടായിരുന്നില്ല. എങ്കിലും കടപ്പുറത്തും, കുറ്റിക്കാട്ടിലും, വേലിക്കരികിലും സുഖമായി മനോഹരം ചെയ്തു, കുളത്തിൽ കങ്കരയിൽ ഇരുന്ന് പാട്ടുംപാടി കഴുകിയിരുന്ന ദ്വീപുകാർ എങ്ങനെ അത് സഹിച്ചു എന്ന് അറിയില്ല.

     കുളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്ക് സൂര്യൻ അസ്തമിച്ചിരുന്നു. ഞങ്ങൾ ദാവൂദ് ഭായി റോഡിലുള്ള മൂസക്കയുടെ  ഒരു ചെറിയ ഹോട്ടലിൽ ചെന്നു ഭക്ഷണം കഴിച്ചു. അത് ബോംബെ ഹോട്ടലിന്റെ തൊട്ടു കിഴക്ക് കിടക്കുന്ന ഒരു ഹോട്ടൽ ആണ്. അടുത്ത കാലത്തായി കോഴിക്കോട്ട് ചെന്നപ്പോൾ ആ ഹോട്ടൽ ഇന്നും ഒരു മാറ്റവുമില്ലാതെ പഴയപടി നിൽക്കുന്നതായി കണ്ടു.

    ആദ്യമായി ട്യൂബ് ലൈറ്റ് കാണുന്നത് അവിടെ വെച്ചാണ്. പാണ്ടികശാലയിലും പോയ വഴിയിലും ഒന്നും അന്ന് ട്യൂബ് ലൈറ്റ് ഇല്ലായിരുന്നു. അന്ന് ദ്വീപുകാർ ട്യൂബ് ലൈറ്റിനു വിളിച്ച പേര് കൂഞ്ഞ് വിളക്ക് എന്നാണ്. വാഴയുടെ കൂഞ്ഞ് പോലുള്ളത് കൊണ്ടായിരിക്കാം അങ്ങനെ പേര് വിളിച്ചത്. വഴി വിളക്കുകൾ ചില സ്ഥലങ്ങളിൽ മാത്രം. അതും ഇരുമ്പ് കാസക്ക് താഴെ ഒരു ബൾബ് മാത്രം. പാണ്ടികശാലയിൽ രാത്രിയിൽ വെളിച്ചം തരുന്നത് പെട്രൊമാക്സും, കുപ്പിവിളക്കും മാത്രം. അതും മണ്ണെണ്ണയിൽ കത്തിക്കുന്നത്.

      ആദ്യമായി ആ ഹോട്ടലിലാണ് ഒരു നേന്ത്രപ്പഴക്കുല തൂക്കിയിട്ടിരിക്കുന്നത് കണ്ടത്. അത് അൽഭുതത്തോടെ നോക്കി ഇരുന്നു. അത് വരെ അത്രയും വലിയ വാഴപ്പഴം (കോഴിക്കോട്ടുള്ളവർക്ക് ബാഅക്ക) ഞാൻ കണ്ടിട്ടില്ല. ആ ഹോട്ടലിൽ നിന്നും അരിപ്പത്തിരിയും മട്ടൻ ചാപ്സും കഴിച്ചു. നല്ല രുചി. കൂടെ ഒരു ചായയും കഴിച്ചു പുറത്തിറങ്ങി. ഞങ്ങൾ പാണ്ടികശാലയിലേക്ക് തന്നെ മടങ്ങി. പിറ്റേന്ന് രാവിലെ കുളിച്ച് വസ്ത്രം വാങ്ങുന്നതിനായി വലിയങ്ങാടിയിൽ ചെന്നു. വലിയങ്ങാടി പാണ്ടികശാലയിൽ നിന്നും അകലെ അല്ല. അത് ഗുജറാത്ത് സ്റ്റ്രീറ്റിന്റെ തെക്ക് ഭാഗത്ത് ആണ്. വലിയങ്ങാടിയിൽ നിന്നും ബാപ്പക്ക് പരിചയമുള്ള ഒരു തുണിക്കടയിൽ നിന്നും എനിക്ക് ഒരു വെള്ള കള്ളിമുണ്ടും ഷർട്ടും വാങ്ങി. എന്നിട്ട് പരിചയമുള്ള ഒന്ന് രണ്ട് കടകളിൽ കയറിയിറങ്ങി ബാപ്പ എല്ലാവരുമായി പരിചയം പുതുക്കി. ഓരോ കടയിൽ നിന്നും ദ്വീപിലേക്ക് കൊണ്ടു പോകാനാവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്ന് അവർക്ക് പറഞ്ഞു കൊടുത്തു പാക്ക് ചെയ്യുവാൻ ഏൽപ്പിച്ചു. പലയിടത്തു നിന്നും ചായയും സർബത്തും കിട്ടി.

      വലിയങ്ങാടി ഇന്ന് കാണുന്നതിലും തിരക്കേറിയ റോഡായിരുന്നു അന്ന്. ലോറികളും, കൈവണ്ടി (റിക്ഷ വണ്ടി), കുതിരവണ്ടി, കാളവണ്ടി, സൈക്കിൾ റിക്ഷകൾ ഏറെ. ആകെ ഒരു കറുത്ത അംബാസഡർ കാർ അല്ലാതെ കാറുകളൊന്നും കണ്ടില്ല. പലചരക്കുകൾ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന തിരക്കിലാണ് എല്ലാവരും. ഉച്ചയൂണ് കഴിഞ്ഞു പുതിയറയിലുള്ള ലക്ഷദ്വീപ് ഓഫീസിലേക്ക് പുറപ്പെട്ടു.  സൈക്കിൾ റിക്ഷയിൽ ആണ് യാത്ര. പിന്നീട് ഒരിക്കൽ കുതിര വണ്ടിയിലും കയറി. വലിയങ്ങാടിയിൽ നിന്നും രണ്ടാം ഗേറ്റ് വഴി മിഠായി തെരുവിലെത്തി. അവിടെ നിറയെ കടകമ്പോളങ്ങൾ തന്നെ. ആൾ തിരക്കും. മാനാഞ്ചിറക്കുളത്തിന്റെ വശത്ത് കൂടി സ്റ്റേഡിയം വഴി പുതിയറയിൽ എത്തി.

      ഓഫീസിൽ പി.എം. ജോസഫ് എന്ന ക്ലർക്ക് ഉണ്ടായിരുന്നു. ബാപ്പയെ അദ്ദേഹത്തിനു അതിനു മുമ്പ് പരിചയം ഉണ്ട്. പി.എം.ജോസഫ് അഡ്മിനിസ്റ്റ്റേറ്ററെ കാണിച്ചു തന്നു. ഞങ്ങൾ മുറിയിൽ കയറിയതും ഇരിക്കാൻ പറഞ്ഞു.  സാധാരണ മുറി. ഒരു പഴയ കെട്ടിടം. അധികം വലുതല്ലാത്ത മേശക്കു മുമ്പിൽ നാലു കസേരകൾ ഉണ്ട്. അഡ്മിനിസ്റ്റ്റേറ്റർ ശ്രീ സി.കെ. ബാലകൃഷ്ണൻ നായർ ബി.എ. ആയിരുന്നു. നല്ല പെരുമാറ്റം. ബാപ്പയെ അതിനു മുമ്പ് പരിചയമുണ്ട്. പേര് വിളിച്ചു കൊണ്ട്  “എന്താ കോയമ്മക്കോയ.. ദ്വീപിലെ വിശേഷങ്ങൾ….?” എന്ന് തുടങ്ങി വർത്തമാനം.  ബാപ്പ മുഖവുരയില്ലാതെ തന്നെ എന്നെ ചൂണ്ടി കാണിച്ചു കൊണ്ട് “ഇത് എന്റെ മകൻ…., ഇവൻ ആറാം ക്ലാസ് കഴിഞ്ഞു. കൽപേനിയിൽ ഏഴാം ക്ലാസ് ഇല്ല. ഇവിടെ പഠിക്കാൻ ചേർക്കണമെന്നുണ്ട്…” എന്ന് പറഞ്ഞതും അദ്ദേഹം

    ” വേണ്ട, ഞങ്ങൾ ഇപ്രാവശ്യം കൽപേനിയിൽ ഏഴാം ക്ലാസ് തുടങ്ങുന്നതിനു വേണ്ട ഏർപ്പാടുകൾ ചെയ്യുന്നുണ്ട്…., തിരികെ കൊണ്ടു പോകാം…” എന്ന് പറഞ്ഞു. അത് ബാപ്പക്ക് സന്തോഷമായി എങ്കിലും എനിക്ക് അത് ഒരു സങ്കടവാർത്ത തന്നെ ആയിരുന്നു. കോഴിക്കോട്ട് പഠിക്കാൻ പറ്റില്ലല്ലോ എന്നോർത്ത്. മൂത്ത രണ്ട് സഹോദരന്മാർ കോഴിക്കോട്ട് ഉള്ളത് കൊണ്ട് ഒറ്റക്കാണെന്ന വിചാരവും വേണ്ടല്ലോ. അത് മാത്രമല്ല അപ്പോൾ എലത്തൂരിൽ കൽപേനിയിൽ നിന്നും ഒരു പാട് പേര് പഠിക്കുന്നുണ്ട് താനും.

      അഡ്മിനിസ്ട്രേറ്റർ തുടർന്ന് പറഞ്ഞു: “കോയമ്മക്കോയ കൽപേനിയിൽ ആമീൻ ആവണം….. ഇപ്പോഴത്തെ ആമീനെതിരെ ഒരു പാട് പരാതികൾ ഉണ്ട്…” എന്ന്. ആലോചിക്കാതെ ബാപ്പ പ്രതികരിച്ചു. “ഞാനില്ല…, അതിനു വേറെ ആളെ ഞാൻ തരാം..”. എന്ന്.

    “ആരാ..?” എന്ന ചോദ്യത്തിന് “അദ്ദേഹം ഇവിടെ കോഴിക്കോട്ട് തന്നെ ഉണ്ട്…., എന്റെ സൃഹൃത്ത് പീച്ച്യത്ത് അബ്ദുല്ലക്കോയ…” എന്ന് ബാപ്പ പറഞ്ഞു. എന്നാലും അഡ്മിനിസ്റ്റ്റേറ്റർ ബാപ്പയെ നിർബന്ധിച്ചു. ശരിയാവില്ല എന്ന് ബാപ്പയും. അവസാനം അഡ്മിനിസ്ട്രേറ്റർ “നാളെ അബ്ദുല്ലക്കോയയുമായി ഒന്ന് വരണം” എന്നു പറഞ്ഞു, ഞങ്ങൾ പിരിഞ്ഞു.

      പുതിയറയിലുള്ള ഓഫീസും, അതിനു ചുറ്റുമുള്ള പഴയ വീടുകളും എല്ലാം ഓടിട്ടത്. ഓഫീസ് രണ്ടു നില പഴയ കെട്ടിടം. ഇന്ന് കാണുന്ന നാഗരികത ഒന്നും കാണാനില്ല. അഡ്മിനിസ്റ്റ്റേറ്റർക്ക് പുറമെ പി.എം.ജോസഫും മറ്റ് രണ്ടു ക്ലർക്ക് മാരും ഒരു പ്യൂണും അവിടെ ഉണ്ടായിരുന്നു.

     രണ്ട് ദിവസം കഴിഞ്ഞ് ബാപ്പ  പീച്ച്യത്ത് അബ്ദുല്ലക്കോയ (ആറ്റയ്യ) യുമൊത്ത് പുതിയറ ഓഫീസിൽ ചെന്നു. ഞാനും ഒപ്പമുണ്ടായിരുന്നു. അന്ന് തന്നെ കൽപേനി ആമീനായി ആറ്റയ്യക്ക് ഓർഡർ അടിച്ചു കൊടുത്തു. ആറ്റയ്യയ്യുടെ കൊന്തളം അന്ന് കോഴിക്കോട്ടിലുണ്ടായിരുന്നു. കൊന്തളം എന്നത് പന്ത്രണ്ട് പേര് തണ്ട് വലിക്കാൻ പാകത്തിലുള്ള വലിയ ബോട്ട് ആയിരുന്നു. ആറ്റയ്യ അത് സ്വന്തമായി പണി കഴിപ്പിച്ചത് ആണ്. അത് തൊട്ടടുത്തുള്ള അന്ത്രോത്ത് ദ്വീപിലേക്ക് ആൾക്കാരുമായി മാസങ്ങൾക്ക് മുമ്പ് പോയതായിരുന്നു. എഞ്ചിൻ ഇല്ലെങ്കിലും, തുഴഞ്ഞും പായ വലിച്ചും ഒരു ദ്വീപിൽ നിന്നും മറ്റു ദ്വീപിലേക്ക് അത്തരം കൊന്തളങ്ങളിൽ യാത്ര ചെയ്യുന്നത് അന്ന് സാധാരണയായിരുന്നു. കൽപേനിയിൽ ആദ്യമായി സൈക്കിൾ കൊണ്ടു വന്നതും പീച്ച്യത്ത് ആറ്റയ്യ ആയിരുന്നു.

       മോശമായ കാലാവസ്ഥയിൽ പെട്ട ആ കൊന്തളം ദിശ തെറ്റി അന്ത്രോത്തിലെത്തിയില്ല. അവസാനം എട്ടാം നാളിൽ കേരള തീരത്തണഞ്ഞു. അത് പിന്നീട് കോഴിക്കോട്ട് തീരത്ത് സുരക്ഷിതമായി കരയിൽ കയറ്റി വെച്ചു. ആളുകൾ പലരും വേറെ ഓടത്തിൽ കൽപേനിയിൽ എത്തി. കപ്പൽ സൗകര്യം ഇല്ലാത്ത കാലം. ആറ്റയ്യ അതിനായി ആ കൊന്തളം തിരികെ കൊണ്ടു വരാനുള്ള ആവശ്യവും കൂടി കണക്കിലെടുത്ത് ഞങ്ങളോടൊപ്പം കുണ്ടാരിക്കാരുടെ ഓടത്തിൽ കോഴിക്കോട്ടിൽ എത്തിയതായിരുന്നു. കൊന്തളത്തിനു കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല. എന്നാലും തുഴഞ്ഞും പായയിലും ആയി ഒറ്റക്ക് തിരികെ കൽപേനിയിൽ എത്തിക്കുക എന്നത് ദുഷ്കരമാണ്. അതിനാൽ ഞങ്ങൾ വന്ന ഓടത്തിനൊപ്പം കൊണ്ടു ചെന്നു കൽപേനിയിൽ എത്തിക്കാമെന്ന് അവർ തീരുമാനിച്ചു.

       പിന്നീട് ഒരാഴ്ചയോളം കോഴിക്കോട്ടിൽ തന്നെ ഞങ്ങൾ ഉണ്ടായിരുന്നു. എന്റെ ജേഷ്ഠൻ ഇയ്യ അടക്കം എലത്തൂർ സി.എം.സി സ്കൂളിൽ പഠിക്കുന്ന കൽപേനിയിലേക്ക് വരുന്ന കുട്ടികൾക്ക് വേണ്ടി കാത്തിരിക്കേണ്ടി വന്നു. താമസം മുൻകൂട്ടി കണ്ടുകൊണ്ട് ചിലർ മംഗലാപുരത്തിൽ നിന്നും കോഴിക്കോട്ടിൽ ലഭ്യമല്ലാത്ത സാധനങ്ങൾ വാങ്ങി വരുവാൻ പദ്ധതി തയ്യാറാക്കി മംഗലാപുരത്തേക്ക് പുറപ്പെട്ടു. അവിടെ വിലക്കുറവുള്ളതും കോഴിക്കോട്ടിൽ ലഭ്യമില്ലാത്തതുമായ വസ്തുക്കൾ, കാശ്മീർ മുളക് എന്ന പിരിയൻ മുളക്, ഗരം മസാലകൾ, ഗുൽകന്ത്,  മറ്റ് വീട്ട് സാധനങ്ങൾ എന്നിവ വാങ്ങി ഓടം പുറപ്പെടുന്ന ഏളിയിൽ അപ്പോഴേക്കും തിരിച്ചെത്തുന്നതിനായി പോയി.

       ഞങ്ങൾ ഒരു ദിവസം എലത്തൂർ സി.എം.സി ഹൈസ്കൂളും ദ്വീപ് വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലും കാണുന്നതിനായി എലത്തൂരിലേക്ക് ബസ്സ് കയറി. പച്ച പെയിന്റ് അടിച്ച ബസ്സ്. കോഴിക്കോട്ട് നിന്നും എലത്തൂരിലേക്ക് ഏതാണ്ട് പത്ത് കിലോമീറ്ററോളം ദൂരമുണ്ട്. അര മണിക്കൂർ കൊണ്ടു ബസ്സ് എലത്തൂർ എത്തി. കണ്ണൂരിലേക്കുള്ള ഹൈവേയിൽ തന്നെയാണ് സ്കൂളും ഹോസ്റ്റലും. സ്ക്കൂളിന്റെ തൊട്ടടുത്ത പറമ്പാണ് ഹോസ്റ്റൽ. വലിയ ഒരു പറമ്പിന്റെ നടുക്ക് ഒരു ഭംഗിയുള്ള ഇരുനില കെട്ടിടം. അടുത്തിടെ ഞാൻ ആ കെട്ടിടം കണ്ടു. ഇന്നും ആ കെട്ടിടം ആരാലും ഉപയോഗിക്കാതെ പഴയ പടി അവിടെ നില കൊള്ളുന്നുണ്ട്.

       കോഴിക്കോട്ട് നഗരം അന്ന് സാമാന്യം പുരോഗമിച്ച ഒരു നഗരമായിരുന്നു. കോഴിക്കോട്ടിൽ ഒരുപാട് ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും വ്യക്തികളും നിലകൊണ്ട ഇടമാണ്. ഒരു കാലത്ത് അവിടെത്തെ റോഡുകളും വാണിജ്യ സ്ഥാപനങ്ങളും ചരിത്രം ഉറങ്ങിക്കിടക്കുന്നതാണെന്നത് വ്യക്തം.   സാമൂതിരി രാജവംശം അഞ്ഞൂറ് വർഷങ്ങളോളം മതസൗഹാർദത്തോടെ ഭരണം നടത്തിയിരുന്ന നാടാണ് കോഴിക്കോട്. മലബാറിൽ നിന്നുളള സുഗന്ധവ്യഞ്ജനങ്ങൾക്കും, വസ്ത്രങ്ങൾക്കുമായി ജൂതന്മാരും, ഫിനീഷ്യക്കാരും, അറബികളും, ചൈനക്കാരും നീണ്ട കാലം കച്ചവടം നടത്തിയിരുന്നത് അവിടെയാണ്.  ആദ്യമായി പോർച്ചുഗീസ് കച്ചവടസംഘം കച്ചവടം നടത്തിയിരുന്നതും അവിടെയാണ്. എം ടി വാസുദേവൻ നായർ, എസ് കെ പൊറ്റെക്കാട്, വൈക്കം മുഹമ്മദ് ബഷീർ, യു ഏ ഖാദർ, എൻ വി കൃഷ്ണ വാരിയർ മുതലായ സാഹിത്യകാരന്മാരുടെ നാടാണ് കോഴിക്കോട്. 

     അറബി കച്ചവടക്കാർ കോഴിക്കോടിനെ കാലിക്കൂത്ത് എന്നും, തമിഴ് കൃതികളിൽ കാലിക്കോട്ടായ് എന്നും, ചൈനക്കാർ കാലീഫോ എന്നും, ബ്രിട്ടീഷ് കാർ കാലിക്കറ്റ് എന്നും വ്യത്യസ്തമായ പേരുകളിൽ കോഴിക്കോടിനെ രേഖപ്പെടുത്തിയത് കാണാം. എന്നാൽ കോഴിക്കോട്ട്കാരും ദ്വീപുകാരും കോയിക്കോട് എന്ന പേരിൽ ആണ് കോഴിക്കോട്ടിനെ അന്നും ഇന്നും പറയപ്പെടുന്നത്. ഇത്രയും അധികം തൊട്ടടുത്തുള്ള റെയിൽവേ ഗേറ്റുകൾ വേറെ എവിടെയും കാണില്ല. റെയിൽവേ സ്റ്റേഷനിൽ നിന്നും വടക്കോട്ട് വെറും രണ്ട് കിലോമീറ്ററിൽ ആറ് റെയിൽവേ ഗേറ്റുകൾ. മിക്ക സ്ഥലങ്ങളും അറിയപ്പെടുന്നത് തന്നെ റെയിൽവേ ഗേറ്റിന്റെ എണ്ണം പറഞ്ഞാണ്. രണ്ടാം ഗേറ്റ്, മൂന്നാം ഗേറ്റ് എന്നൊക്കെ.

       ഞങ്ങൾ ചെന്ന ദ്വീപ് ഓടം കോഴിക്കോട്ട് കടൽ പാലത്തിന്റെ തൊട്ടടുത്ത് തീരത്തിനടുത്ത് നങ്കൂരം ഇട്ടിരുന്നു. ഞങ്ങൾ മിക്ക ദിവസവും കടപ്പുറത്ത് ചെന്നു ചരക്കിറക്കുന്നതും കയറ്റുന്നതും കണ്ടിരുന്നു. വിശാലമായ കടപ്പുറത്ത് മത്സ്യബന്ധന തൊഴിലാളികളും തോണികളും സുലഭം. ദ്വീപുകാരുടെ ഓടങ്ങൾക്ക് പുറമെ അറേബ്യയിൽ നിന്നും ഗുജറാത്ത് നിന്നും എത്തിച്ചേർന്ന കുറെ പത്തേന്മാരികളും അവിടെ കാണാമായിരുന്നു. തെക്ക് ഭാഗത്ത് ആയിട്ടാണ് പാലം കിടക്കുന്നത്. കടപ്പുറത്ത് നിന്നാൽ പാലത്തിലൂടെ ചരക്കിറക്കുന്നതും കയറ്റുന്നതും കാണാം. കടപ്പുറം വിശാലമാണെങ്കിലും ഇന്നത്തെ പോലെയുള്ള വിനോദങ്ങളും വിനോദസഞ്ചാരികളും അവിടെ കണ്ടില്ല.കാണാനുണ്ടായിരുന്നത് ജോലി തിരക്കേറിയ കടപ്പുറവും, വലിയങ്ങാടി തെരുവും ആയിരുന്നു. ബീച്ച് റോഡിൽ ബീച്ച്ഹോട്ടൽ എന്നൊരു ഹോട്ടൽ കണ്ടു. അത് ബ്രിട്ടീഷ് ഭരണകാലത്ത് മുതൽ അവരുടെ ആവശ്യത്തിന് തുടങ്ങിയതാണ്. അവിടെ മദ്യം വിളമ്പുന്നുവെന്നും അറിഞ്ഞു. അവിടെ കയറിയില്ല.  എന്നാൽ അതിനു വടക്ക് ഭാഗത്തായി ഒരു ചെറിയ ഹോട്ടൽ ഉണ്ടായിരുന്നു. അവിടെനിന്ന് ചായയും ബായക്ക പൊരിച്ചതും (പഴം പൊരി) കഴിച്ചു.

      ബീച്ചിനോട് അടുത്ത് തന്നെ ഒരു ബീച്ച് ആശുപത്രിയും ഉണ്ടായിരുന്നു. അത് ആദ്യകാലത്ത് 1951 മുതൽ കോഴിക്കോട് മെഡിക്കൽകോളേജ് ആയി പ്രവർത്തിച്ചു.  പിന്നീട് മെഡിക്കൽ കോളേജ് 1957 ൽ ഇന്ന് കാണുന്ന സ്ഥലത്തിലേക്ക് മാറ്റി സ്ഥാപിച്ചു, എന്നിട്ട്  അത് ജില്ലാ ആശുപത്രി ആയി തുടർന്നു വന്നു.

    ബീച്ചിൽ ഉടനീളത്തിൽ മഹാത്മാഗാന്ധി റോഡ് നീണ്ടു കിടക്കുന്നു. കോഴിക്കോട്ടിൽ 1934 ൽ മഹാത്മാഗാന്ധി സന്ദർശനം നടത്തിയതിനു ശേഷമാണ് ആ പേര് നൽകിയിരിക്കുന്നത്. ആ റോഡിന്റെ വടക്ക് ഭാഗം വെള്ളയിൽ ആണ്. അവിടെ ആണ് മത്സ്യ ബന്ധനം. അവിടെ തോണികൾ കയറ്റി വെച്ചിരിക്കുന്നതും കാണാം.

     ബീച്ചിനു അടുത്താണ് ബോംബെ ഹോട്ടൽ. ബോംബെ ഹോട്ടലിൽ ചെന്നു രാത്രി കോഴിബിരിയാണി കഴിച്ചു. അക്കാലത്ത് കോഴിക്കോട്ട് ഉള്ള രണ്ടു നല്ല ഹോട്ടലുകൾ ബോംബെ ഹോട്ടലും, മിട്ടായി തെരുവിലെ ലക്കി ഹോട്ടലും ആണ്. കോഴിക്കോട്ടെ ജീവിതം ഓടത്തിൽ യാത്ര ചെയ്തിരുന്ന പഴയ ദ്വീപുകാർക്ക് നല്ല പരിചയം ഉണ്ടായിരുന്നു. കോഴിക്കോട്ട്കാർ പലർക്കും ദ്വീപുകാരേയും.

     കോഴിക്കോട്ടിലുള്ള ചരക്ക് കയറ്റുന്ന പണി കഴിഞ്ഞയുടനെ ഓടം ഏളിയിലേക്ക് പുറപ്പെട്ടു. ഏളി (ഏഴിമല) പഴയ ഒരു തുറമുഖമാണ്. അവിടെ അന്ന് തുറമുഖത്തിനു വേണ്ട സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്നു എങ്കിലും വടക്ക് നിന്നും അടിച്ചു വരുന്ന വടക്കൻ കാറ്റിനു അവിടെ നിന്ന് ഓടം പുറപ്പെട്ടാൽ കൽപേനിയിൽ എത്താൻ എളുപ്പമാണ്. അത് മാത്രമല്ല അവിടെ കാറ്റിനും കടലിനും സംരക്ഷണവും ഉണ്ടായിരുന്നു. കണ്ണൂരിൽ നല്ല സൗകര്യങ്ങളുള്ള തുറമുഖം ഉണ്ട്. കണ്ണൂരിനും വടക്ക് ആണ് ഏളി (ഏഴിമല). അത് കൊണ്ട് കൽപേനിക്കാർ ഏഴിമല ആയിരുന്നു തിരഞ്ഞെടുക്കുന്നത്.

       മറ്റുള്ളവർ ഓടത്തിൽ തന്നെ ഏളിയിലേക്ക് പോയി എങ്കിൽ ബാപ്പയും ഞങ്ങൾ രണ്ടു കുട്ടികളും ആറ്റയ്യയും ഭാര്യയും ഓടത്തിൽ പോയില്ല. ഞങ്ങൾ തീവണ്ടിയിൽ കയറി പഴയങ്ങാടിയിൽ ഇറങ്ങി. അവിടെനിന്ന് നിന്നും നടന്നു ഒരു കടവിൽ എത്തി. അവിടെ ഒരു കുതുമ്പ് വള്ളം കാത്തിരിപ്പുണ്ടായിരുന്നു. വള്ളക്കാരനും. അതിൽ കയറി. അനങ്ങിയാൽ ചരിയുന്ന വള്ളം. വള്ളത്തിൽ ഞങ്ങൾ ഏളി കടപ്പുറത്തിനടുത്ത് എത്തി. അവിടെ ഇറങ്ങി. നല്ല വെളുത്ത മണൽ. വലത് വശത്തായി പൊക്കത്തിൽ ഏഴിമല കിടക്കുന്നു. മലഞ്ചെരുവിൽ ഒരു ചെറിയ പെട്ടിക്കട ഉണ്ട്. അവിടെ കട്ടൻ ചായയും, പഴയ ബിസ്ക്കറ്റുകളും, റസ്ക്കും മാത്രം ഉണ്ടായിരുന്നു. ആ മലയിൽ നിന്നും ഉറവ് വെള്ളം വരുന്നുണ്ട്. ചിലർ ആ വെള്ളം ഓടത്തിലെ ചാടിയിൽ നിറച്ചു.

    ഇടത് വശത്തായി ആ മലയുടെ മുന്നിൽ ഞങ്ങളുടെ ഓടം ഇരുമ്പ് ഇട്ട് നിർത്തിയിരിക്കുന്നു. അതിനടുത്ത് തന്നെ പീച്ച്യത്ത് ആറ്റയ്യയുടെ കൊന്തളവും ഉണ്ട്. അന്ന് തന്നെ എലത്തൂരിൽ പഠിക്കുന്ന ജേഷ്ഠൻ ഇയ്യ അടക്കമുള്ള എലത്തൂർ സിഎംസി സ്കൂളിൽ പഠിക്കുന്ന കുട്ടികളും ഏളിയിൽ എത്തി. എല്ലാവരും ഓടത്തിൽ കയറി കൽപേനിയിലേക്ക് പുറപ്പെട്ടു.

       വൻകരയിലേക്കുള്ള യാത്ര നാല് ദിവസം എടുത്തു എങ്കിൽ തിരികെ കൽപേനിയിലേക്ക് ആറ് ദിവസം എടുക്കേണ്ടി വന്നു.. അങ്ങോട്ട് പോകുമ്പോൾ മഴക്കോളു പിടിച്ചു എങ്കിൽ തിരിച്ചുള്ള യാത്രയിൽ കുളപ്പം ആയിരുന്നു. വളരെ സാഹസികമാണെങ്കിലും ഓർക്കുമ്പോൾ ഇന്നും രോമാഞ്ചം കൊള്ളിക്കുന്ന ഒന്നാണ് ആ യാത്ര. അത് ഓടത്തിലുള്ള ആദ്യത്തേതും അവസാനത്തേതും യാത്ര ആയിരുന്നു.

     യാത്ര കഴിഞ്ഞു തിരിച്ച് കൽപേനിയിൽ എത്തി. വെക്കേഷൻ ആയത് കൊണ്ട് കളിച്ചു രസിച്ചും,  രാവിലെ മദ്രസ്സയിൽ പഠനവും, രാത്രിയിൽ പള്ളി ദറസും. വെക്കേഷൻ പോയതറിഞ്ഞില്ല. ജൂൺ ആരംഭത്തിൽ തന്നെ ക്ലാസ് തുടങ്ങി. മഴയും ക്ലാസും ഒന്നിച്ചു വരുന്നത് കുട്ടിക്കാലത്ത് രസകരം തന്നെ. ഏഴാം ക്ലാസ് തുടങ്ങി. അതിന് പ്രത്യേകിച്ചു ഒരു ക്ലാസ് റൂം അസ്ബസ്റ്റോസ് ഷെഡിൽ സ്ക്കൂളിന്റെ തൊട്ടു പടിഞ്ഞാറ് ആരംഭിച്ചു. ക്ലാസ് ടീച്ചർ ചേര്യന്നല്ലാൽ സെയ്ത് കോയ (ബംബൻ) മാസ്റ്റർ ആയിരുന്നു. ബംബൻ സാർ ആത്മാർത്ഥമായി പഠിപ്പിച്ചിരുന്നു.

     ആ ക്ലാസിൽ ആറാം ക്ലാസിനു ശേഷം സ്കൂൾ വിട്ട എലത്തൂരിൽ പോകാത്ത പ്രായക്കൂടുതൽ ഉള്ള ഏഴ് പേര് കൂടി ഉണ്ടായിരുന്നു. അവർ ഞങ്ങളോടൊപ്പം പഠിക്കാൻ ചേർന്നു. അതിൽ ചെറിയ ചെമ്മങ്കാം ചെറിയകോയ (ചാപ്പേ ഇയ്യ), മണ്ണേൽ കാസ്മിക്കോയ (ആറ്ററ്റ), മായിരിയാപ്പാട കാദർ (ആറ്ററ്റ) എന്നീ മൂന്ന് പേർ ഏതാണ്ട് ബംബൻ സാറിന്റെ പ്രായക്കാർ. അതിൽ ചാപ്പേ ഇയ്യ ആണെങ്കിൽ പ്രായം അതിലും കൂടിയ വ്യക്തിയും ആയിരുന്നു. മറ്റു നാലു പേര് കാക്കയില്ലം പൂക്കോയ, ചെറിയൻ മുഹമ്മദ് കോയ, പടനാഥ ആറ്റക്കോയ, മാൽമിക്കാക്കാട ആറ്റക്കോയ എന്നിവരായിരുന്നു.

    ആ ക്ലാസിൽ ഞങ്ങൾ സമപ്രായക്കാരായി അക്കര കോയ, മാൽമിക്കാക്കാട മുത്തുകോയ, പൊന്നേലം ശൈക്കോയ, ബാഷെ കോയമ്മ എന്ന കൊഞ്ഞംകാക്കാട കോയമ്മ, ആസിയ കുന്നി എന്നവർക്ക് പുറമെ മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നു.

     ചേര്യന്നല്ലാൽ ബംബൻ സാർ മലയാളം, സയൻസ് ഇംഗ്ലീഷ് എന്നീ മൂന്ന് വിഷയങ്ങൾ നന്നായി കൈകാര്യം ചെയ്തു. പഠിക്കാതെ വന്നാലും ചോദ്യത്തിനു ഉത്തരം പറഞ്ഞില്ലെങ്കിലും ഒരു സ്പെഷ്യൽ നുള്ള് ഉറപ്പാണ്. അത് കച്ചത്തിനു താഴെ മേൽ കയ്യുടെ അകത്തു തന്നെ നുള്ളി വേദനിപ്പിക്കും. ചിലർക്ക് ഒരു ചെറുതാലത്തിന്റെ വടികൊണ്ട് ചുട്ട അടിയും സമ്മാനിക്കും. എനിക്ക് ആ ചുട്ട അടി വാങ്ങിക്കാനുള്ള ഭാഗ്യം കിട്ടിയില്ല, എന്നാലും ആ നുള്ള് ഒന്ന് രണ്ട് പ്രാവശ്യം ആസ്വദിച്ചിട്ടുണ്ടായിരുന്നു. അന്ന് ഹെഡ്ഡ് മാസ്റ്റർ ആയി കേരളത്തിൽ നിന്നും വന്ന നമ്പീഷൻ മാസ്റ്റർ ആയിരുന്നു ഉണ്ടായിരുന്നത്.

     രണ്ടു വർഷം അങ്ങനെ കഴിഞ്ഞു. ഞങ്ങൾ ഏഴാം ക്ലാസിൽ കഴിഞ്ഞപ്പോൾ ആണ് പതിനൊന്നാം ക്ലാസ് എന്നുള്ളത് പത്താം ക്ലാസ് ആക്കി ചുരുക്കി കൊണ്ടു കൽപന വന്നത്. അതിനായി ആറും ഏഴും ക്ലാസുകൾ ഒന്നാക്കി ആറാം ക്ലാസായി. ആറാം ക്ലാസിൽ നിന്നും ജയിച്ചവർ ഏഴാം ക്ലാസിൽ വരുമ്പോൾ ഏഴാം ക്ലാസിൽ നിന്നും ജയിച്ചവരും  ആറാം ക്ലാസിൽ പാസ്സായവരോടൊപ്പം ഏഴാം ക്ലാസിൽ തന്നെ തുടർന്നു.

     ഞങ്ങൾ പതിനൊന്ന് ക്ലാസ് കഴിഞ്ഞു യൂനിവേഴ്സിറ്റി എസ് എസ് എൽസി പരീക്ഷ വരുമ്പോൾ ഞങ്ങൾക്ക് ശേഷമുള്ളവർക്ക് പത്താം ക്ലാസ് കഴിഞ്ഞാൽ എസ് എസ് എൽസി പരീക്ഷ നടക്കും എന്നായി. കോളേജിൽ എത്തുമ്പോൾ ഞങ്ങൾക്ക് പ്രീ യൂണിവേഴ്സിറ്റി ഒരു വർഷം ആയിരുന്നത്, പിന്നീട് വരുന്നവർക്ക് പ്രീഡിഗ്രി രണ്ടു വർഷം പഠിക്കണം എന്നായി.

     പ്രായക്കൂടുതൽ ഉള്ള ചാപ്പേ ഇയ്യ, മണ്ണേൽ ആറ്ററ്റ, മായിരിയാപ്പാട കാദർ ആറ്ററ്റ, മാൽമിക്കാക്കാട ആറ്ററ്റ എന്നീ നാല് പേരും പഠിത്തം എട്ടാംക്ലാസ് കഴിഞ്ഞതോടെ നിർത്തി. അവർക്ക് ജോലി കിട്ടി. പിന്നീട് ഞങ്ങൾ ബാക്കി വന്നവർ എട്ടാം ക്ലാസ്സ് പാസ്സായപ്പോൾ അമേനി ദ്വീപിലേക്ക് ഒമ്പതാം ക്ലാസ് പഠനത്തിനായി ഏപ്രിൽ പകുതിയോടെ പോകാനൊരുങ്ങി.

        

Leave a Reply

Your email address will not be published. Required fields are marked *