അഗത്തി: ഫ്രാൻസിലെ നൌസിക്കയിൽ നടക്കാൻ പോകുന്ന സിറ്റിസൺ ഓഫ് ദ ഓഷൻ സമിറ്റിലേക്ക് സജ്നാ ബീഗത്തിന് ക്ഷണം ലഭിച്ചു. മറൈൻ ബയോളജിസ്റ്റായ സജ്നാ ബീഗം ലക്ഷദ്വീപ് അഗത്തി സ്വദേശിനിയാണ്.
ഫ്രാൻസിലെ നൌസിക്കയിൽ 2025 മാർച്ചിലാണ് സമിറ്റ്. ഐക്യരാഷ്ട്ര സംഘടനയുടെ സമുദ്ര ദശാബ്ദക്കാലത്തെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി സംഘടിപ്പിച്ച വർക്ക്‌ഷോപ്പിലെ ഏറ്റവും കൂടുതൽ പ്രചോദനാത്മകമായ 60 പേരിൽ ഒരാളായാണ് സജിനെ തിരഞ്ഞെടുത്തത്.
അഫ്രിക്ക, അമേരിക്ക, ഏഷ്യ, യൂറോപ്പ്, ഓഷ്യാനിയ എന്നീ അഞ്ചു മേഖലകളിൽ നിന്നും ലൈവ് സ്ട്രീമിംഗിലൂടെ നടന്ന ഈ വർക്ക്‌ഷോപ്പ് നവംബർ 20, 2024-നാണ് നടന്നത്. അഞ്ച് പ്രാദേശിക റൗണ്ടുകളിലായി സംഘടിപ്പിച്ച പരിപാടിയിലേക്ക് ഏഷ്യൻ മേഖലയിലെ 125 മത്സരാർത്ഥികളിൽ നിന്നുള്ള ശക്തമായ മത്സരത്തിലൂടെയാണ് സജ്നയുടെ തിരഞ്ഞെടുപ്പ് നടന്നത്.
അഗത്തി ദ്വീപിലെ ടൂറിസം വ്യവസായി ചെറിയ പുര അബ്ദുൽ സലാമിൻ്റെയും ആദന ഇല്ലം നസീറാ ബീഗത്തിൻ്റെയും മകളാണ് സജ്നാ. ബസിലിയസ് കോളേജ്, കോട്ടയത്തിൽ നിന്ന് 2022-ൽ സുവോളജിയിൽ ബിരുദവും കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് 2024-ൽ മറൈൻ ബയോളജിയിൽ ബിരുദാനന്തര ബിരുദവും നേടി. നിലവിൽ കടമത്ത് ഗവൺമെന്റ് കോളേജ് ഓഫ് എഡ്യൂക്കേഷനിൽ ബി. എഡ് ബയോളജിക്കൽ സയൻസ് വിദ്യാർത്ഥിനിയാണ്. 2023-ൽ സജ്നാ SAKURA SCIENCE EXCHANGE PROGRAM വഴി ജപ്പാനിലെ നിഗത സർവകലാശാലയിൽ ഇന്റർനാഷണൽ മറൈൻ ബയോളജിക്കൽ കോഴ്സ് (IMBC 2023) വിജയകരമായി പൂർത്തിയാക്കി.
2024-ൽ “Immunomodulators to Prevent Diseases and Minimise Antimicrobial Use” എന്ന പേരിലും 2025-ൽ “Fish Immune Response: An Overview” എന്ന പേരിലും അന്താരാഷ്ട്ര തലത്തിൽ പുസ്തക അദ്ധ്യായങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.