അഗത്തി: ലക്ഷദ്വീപ് ഇനി ഇന്ത്യയുടെ മറഞ്ഞിരിക്കുന്ന പറുദീസയല്ലെന്നും ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. മൂന്നുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് അഗത്തിയിൽ എത്തിയതാണ് ഉപരാഷ്ട്രപതി.
വൈകീട്ട് മൂന്നോടെ അഗത്തി പഞ്ചായത്ത് സ്റ്റേജിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ അദ്ദേഹം പങ്കെടുത്തു. ലക്ഷദ്വീപിന് വലുപ്പം ചെറുതായിരിക്കാം, പക്ഷേ അതിൻ്റെ ഹൃദയം വളരെ വലുതാണ്. ബംഗാരം ഐലൻഡ് ടെന്റ് സിറ്റി റിസോർട്ട് ഒരു ടൂറിസ്റ്റ് വിപ്ലവമാണ്. 17,500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലോകോത്തര ആതിഥേയത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ, അഡ്വ. ഹംദുല്ല സഈദ് എം.പി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ചേത്തലാത്ത് ദ്വീപിൽ പ്രവർത്തനസജ്ജമായ കടൽ ജലത്തിൽ നിന്നും പ്രതിദിനം 1.5 ലക്ഷം ലിറ്റർ കുടിവെള്ളം നിർമിക്കാൻ ശേഷിയുള്ള പ്ലാൻറിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു.
കൽപേനി ദ്വീപിൽ സജ്ജീകരിച്ചിരിക്കുന്ന നന്ദ്ഘർ അംഗൻവാടി സെൻററും ബംഗാരം ദ്വീപിൽ പ്രവർത്തന സജ്ജമായ ടെൻറ് സിറ്റിയും ഉപരാഷ്ട്രപതി വേദിയിൽ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ, സൈക്കിളുകൾ, കെ.സി.സി, പി.എം.ജെ.എ. വൈ, പ്രധാനമന്ത്രി സൂര്യഘർ മുക്ത് ബിജ്ലി എന്നിവ ഉൾപ്പെടുന്ന വിവിധ കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കൾക്കുള്ള കാർഡുകളും ഉപരാഷ്ട്രപതി വിതരണം ചെയ്തു. 19ന് അദ്ദേഹം ലക്ഷദ്വീപിൽ നിന്ന് മടങ്ങും.
‘ലക്ഷദ്വീപ് ഇനി ഇന്ത്യയുടെ മറഞ്ഞിരിക്കുന്ന പറുദീസയല്ല’; ഉപരാഷ്ട്രപതി
