കവരത്തി: കവരത്തി ഐടിഐ ക്യാമ്പസിൽ നടന്ന സമരത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. സമരത്തിന് മറ്റ് വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയും, ക്യാമ്പസിലെ പഠനപരിപാടികൾക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇതുവഴി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ ലംഘിക്കപ്പെടുകയും, സർക്കാർ വ്യവസ്ഥകൾക്കും വിദ്യാഭ്യാസ സ്ഥാപന താൽപ്പര്യങ്ങൾക്കും വിരുദ്ധമായ പ്രവർത്തനം നടന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശബീബ് എ, മുഹമ്മദ് ഹിബത്തുള്ള മുജീബ് എം, പർവേഷ് മുഹമ്മദ് ഫഹദ് പി.എസ്, മുഹമ്മദ് നൗഷാദ് കെ, ബർകത്തുള്ള ഷമീലാ സി.പി, ഫാത്തിമത്തു സഹല ടി.കെ, നൂറുല് ഹിദായ കെ.വി, ആദിലാ മുബാറക, ഫർസാന ടി.കെ എന്ന വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്.
വിദ്യാർത്ഥികളെ ഉടൻ സസ്പെൻഡ് ചെയ്യുന്നുവെന്ന് അറിയിക്കുകയും, ഹോസ്റ്റൽ ഉൾപ്പെടെയുള്ള ക്യാമ്പസ് പ്രവേശനം നിരോധിക്കുന്നതായും പുതുതായി നിയമിതനായ പ്രിൻസിപ്പൽ മുഹമ്മദ് അസിഫ് ടി ഇറക്കിയ ഉത്തരവിൽ പറയുന്നു. മുൻ പ്രിൻസിപ്പാൾ ആർ.ഡി.എ. സാദിഖ് അലിയെ ആരോപണങ്ങളെ തുടർന്ന് തൽസ്ഥാനത്തു നിന്ന് കഴിഞ്ഞ ദിവസം നീക്കിയിരുന്നു. മുൻ പ്രിൻസിപ്പല്ലിനെതിരെ സമരത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികളെയാണ് ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ഐ.ടി.ഐ.സമരം; വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
