ആന്ത്രോത്ത്: പള്ളി അള്ളാഹുവിൻ്റെ ഭവനമാണെന്നും കുടുംബ മഹിമ പറഞ്ഞ് തമ്മിൽ തല്ലേണ്ട സ്ഥലമല്ലന്നും ആന്ത്രോത്ത് ഡെപ്യൂട്ടി കലക്ടർ കം-സി.ഇ.ഒ ബുസർ ജംഹർ. ആന്ത്രോത്ത് ജുമാഅത്ത് പള്ളിയുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പൊതു പരിപാടിയിലാണ് അദ്ദേഹത്തിൻ്റെ വിമർശനം. നാട്ടുകാർ മുഴുവനും പങ്കെടുക്കുന്ന ജുമാഅത്ത് പള്ളിയിലെ ജുമാഅ കുടുംബ പ്രശ്നങ്ങളുടെ പേരിൽ ഒരു മാസക്കാലമായി നിഷേധിക്കപ്പെടുന്നു എന്നത് താൻ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ആന്ത്രോത്ത് ജുമാഅത്ത് പള്ളിയിൽ ഖുത്തുബ ഓതാനായി രണ്ട് ഖത്തീബുമാർ മിമ്പറിൽ കയറുകയും പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്തിരുന്നു. ഖത്തീബിനെ നിശ്ചയിക്കുന്നതിൽ രണ്ടു കുടുംബങ്ങൾ തമ്മിലുള്ള തർക്കവും അഭിപ്രായ വ്യത്യാസങ്ങളും കാരണം പള്ളി കുറെനാളായി പൂട്ടിയിടേണ്ട അവസ്ഥ വന്നിരുന്നു. ഒത്തുതീർപ്പിൽ എത്തിയതിനു ശേഷം ഇന്നലെ ജുമാ കൂടാൻ എത്തിയപ്പോഴാണ് വീണ്ടും പള്ളിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഇതിനെതിരെയാണ് സ്ഥലത്തെ ഡെപ്യൂട്ടി കലക്ടർ കം-സി.ഇ.ഒ ബുസർ ജംഹർ രൂക്ഷവിമർശനം നടത്തിയത്. പള്ളികൾ അല്ലാഹുവിൻ്റെ ഭവനമാണെന്നാണ് അറിയപ്പെടുന്നത്, കുടുംബ മഹിമ കാണിക്കേണ്ട സ്ഥലമല്ല പള്ളികൾ എന്നും അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളിലെല്ലാം ഇങ്ങനെയുള്ള ചില അനാവശ്യ വിവാദങ്ങളുടെ പേരിലാണ് പള്ളിയിൽ വെടിവെപ്പ് ഉണ്ടാവുകയും രണ്ടുപേർക്കും ജീവൻ നഷ്ടപ്പെടുകയും ദീർഘകാലം പള്ളി അടച്ചിടുകയും ചെയ്യേണ്ടി വന്നത്. ഈ കാര്യങ്ങളിൽ നിന്നെല്ലാം ആന്ത്രോത്തിലെ വിശ്വാസികൾ പാഠം പഠിച്ചതായി കാണുന്നില്ല. വീണ്ടും അങ്ങനെയുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടാവുന്ന സമയത്ത് ആ പള്ളി തന്നെ നമുക്ക് നഷ്ടപ്പെട്ടു പോകാൻ ഉള്ള സാഹചര്യമാണ് ഉണ്ടായിത്തീരുക. ഇന്നത്തെ വർത്തമാനകാല സംഭവവികാസങ്ങളിൽ നിന്ന് പോലും ആ സമൂഹം പാഠം പഠിക്കാൻ തയ്യാറാവുന്നില്ല എന്നത് വളരെ ദയനീയമായ കാര്യമാണ്.
പള്ളി അള്ളാഹുവിൻ്റെ ഭവനമാണ്, കുടുംബ മഹിമ പറഞ്ഞ് തമ്മിൽ തല്ലേണ്ട സ്ഥലമല്ല- ബുസർ ജംഹർ
