ജനുവരി 15 ആവുമ്പോൾ ആറു മാസം ആവും ലക്ഷദ്വീപിലെ വലിയ കപ്പലായ എം.വി.കവരത്തി റിപ്പയർ ഡോക്കിനായി മുംബൈയിലെ കൊച്ചിൻ ഷിപ് യാർഡ് യൂണിറ്റിൽ പോയിട്ട്.
ജനങ്ങൾ ദുരിതവും പേറി യാത്രകൾ ക്ലേഷകരമായി മുന്നോട്ട് പോവുമ്പോഴും കവരത്തി കപ്പൽ സർവീസിൽ തിരികെ എത്തിക്കുവാൻ കഴിയാത്തത് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്ന അലംഭാവം തന്നെയാണ്.
മൂന്ന് മാസത്തെ ഡോക്കിനായി ക്രമപ്പെടുത്തിയ, അതായത് ഒക്ടോബർ മാസം അവസാനത്തോടെ സർവീസിൽ തിരികെ എത്തേണ്ട കപ്പൽ ആറു മാസം കഴിഞ്ഞിട്ടും തിരിച്ചു വന്നിട്ടില്ല.
ലോകത്ത് വലിയ കപ്പലുകൾ പതിനഞ്ചും മുപ്പതും ദിവസങ്ങൾക്കുള്ളിൽ കപ്പലിന്റെ ഡ്രൈ ഡോക്ക് ജോലികൾ പൂർത്തിയാക്കി അതിന്റെ പ്രവർത്തന പദത്തിൽ തിരിച്ചു വരികയും ചെയ്യുന്ന പുതിയ കാലത്ത്, പ്രത്യേകിച്ചും ഒരു കപ്പൽ ആറു മാസത്തോളം അല്ലെങ്കിൽ അതിൽ കൂടുതൽ റിപ്പയർ ജോലികൾക്കായി മാറി നിൽക്കുന്ന സ്ഥിതി പരിതാപകരമാണ്.
ലക്ഷദ്വീപ് യാത്രക്കാർ പ്രധാനമായും ആശ്രയിക്കുന്ന കപ്പൽ ആണ് എം.വി.കവരത്തി.
കപ്പൽ സർവീസിൽ തിരിച്ചു എത്തിക്കുവാൻ രാഷ്ട്രീയ ഭേദമന്യേ വിവിധ കക്ഷികൾ അധികാരികളിൽ സമ്മർദ്ദം ചെലുത്തേണ്ടത് അത്യാവശ്യമാണ്. കപ്പലുകൾ മുഴുവനും ഡ്രൈ ഡോക്കിന് പോവുകയും ഒറ്റക്കപ്പലിനെ ആശ്രയിച്ച് യാത്ര ചെയ്യേണ്ടി വരിക എന്നത് വളരെ ബുദ്ധിമുട്ടുളവാക്കുന്നു എന്ന കാര്യം തിരിച്ചറിയാൻ ദ്വീപ് ഭരണകൂടത്തിന് ഇനിയും സാധിക്കുന്നില്ലേ.
നിരന്തര ചർച്ചകളിലൂടെയും വാർത്തകളിലൂടെയും ഇടപെടലുകളിലൂടെയും കപ്പൽ എത്രയും പെട്ടെന്ന് സർവീസിൽ തിരിച്ചെത്തിക്കുന്നതിനു വേണ്ടി പരിശ്രമങ്ങൾ ഉണ്ടാവണം. ജനങ്ങളെ ഒന്നടങ്കം ബാധിക്കുന്ന ഈ വിഷയത്തിൽ രാഷ്ട്രീയ നേതൃത്വം കാണിക്കുന്ന നിസ്സംഗത ഒരിക്കലും അവർക്ക് ഭൂഷണമല്ല.
ലക്ഷദ്വീപുകാരുടെ പ്രിയപ്പെട്ട യാത്രക്കപ്പൽ എം.വി.കവരത്തിയും മറ്റു കപ്പലുകളും എത്രയും വേഗം ഓടിതുടങ്ങുവാൻ വേണ്ട കാര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നിർവ്വഹിക്കണം എന്ന് അധികാരികളോടും രാഷ്ട്രീയ കക്ഷികളോടും ഞങ്ങൾ ലക്ഷദ്വീപിലെ ഒരു സാമൂഹ്യ മാധ്യമം എന്ന നിലയിൽ ആവശ്യപ്പെടുന്നു.
കപ്പലുകൾ സമയബന്ധിതമായി, അധികാരികളുടെ പൂർണ്ണമായ മേൽനോട്ടത്തോടെ അറ്റകുറ്റ പണികൾ നടത്തി ജനങ്ങൾക്കായി എത്തിച്ചു കൊടുക്കണം.
ടീം ദ്വീപ് ഡയറി
എം.വി.കവരത്തി: തീരാത്ത അറ്റകുറ്റപ്പണി, വലയുന്ന ജനം (എഡിറ്റോറിയൽ)

Thakns sir