ആന്ത്രോത്ത്: കക്ഷിരാഷ്ട്രീയത്തിനുമപ്പുറം നാം ഒരുമിച്ച് നിന്ന് പോരാടേണ്ടത് ലക്ഷദ്വീപിൻ്റെ അതിജീവനത്തിന് വേണ്ടിയാണെന്ന് രാജ്യസഭാംഗം ഡോ: ശിവദാസൻ എംപി. ആന്ത്രോത്ത് അൽ അബ്റാർ അക്കാദമിയിൽ സംഘടിപ്പിച്ച chat with a leader പ്രോഗ്രാമിൽ സംമ്പന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ദ്വീപുകാർ വ്യത്യസ്ത രാഷ്ട്രീയത്തിൻ്റെ പ്രവർത്തകരാണ്.ജനാധിപത്യ സംവിധാനങ്ങളുടെ സുസ്ഥിരമായ കെട്ടുറപ്പിനതാവശ്യവുമാണ്. മനുഷ്യർ തമ്മിലുള്ള കുടിപ്പകക്ക് പക്ഷേ ഇതൊരിക്കലും ഒരു കാരണമാവരുത്. യാത്രാ സൗകര്യവും മികച്ച ചികിൽസാ സംവിധാനവും ഏതൊരു മനുഷ്യൻ്റെയും അടിസ്ഥാനാവശ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്. പ്രസ്തുത ആവശ്യങ്ങൾ ഒരിക്കലും പാർട്ടി നോക്കിയല്ല നിർണ്ണയിക്കപ്പെടേണ്ടത്.കോർപ്പറേറ്റ് താൽപ്പര്യങ്ങൾ മാത്രം മുന്നിൽ കണ്ട് ഭരണാധികാരികൾ ചരട് വലിക്കുമ്പോൾ ദ്വീപിൻ്റെ അതിജീവന പോരാട്ടത്തിനാണ് നാം മുന്നിട്ടിറങ്ങേണ്ടത്. എംപി പറഞ്ഞു.
ലക്ഷദ്വീപിലേയും കേരളത്തിലേയും ജനങ്ങൾ സഹോദര മക്കളാണ്. ഊഷ്മളമായ ആ ബന്ധങ്ങൾക്ക് പ്രഹരമേൽപ്പിക്കപ്പെടുന്നതിൻ്റെ പിന്നിൽ ഗൂഡ ലക്ഷ്യങ്ങളുണ്ട്. അത് തിരിച്ചറിയുക വഴി നാം ഒറ്റക്കെട്ടായി നീങ്ങേണ്ടതും ആശുപത്രി, അംഗൺവാടി പോലുള്ള മേഘലകളിൽ നമുക്കർഹതപ്പെട്ട ആനുകൂല്യങ്ങളെ നാം തിരിച്ച് പിടിക്കേണ്ടതുമുണ്ട്. എംപി കൂട്ടിച്ചേർത്തു.
രാജ്യസഭയിൽ ലക്ഷദ്വീപിന് വേണ്ടി ശബ്ദിച്ച എംപി എന്ന നിലയിൽ ഖ്യാതി നേടിയ ആൾ കൂടിയാണ് ഡോ: ശിവദാസൻ എംപി. സ്ഥാപനം സന്ദർശിക്കാനെത്തിയ എംപി യെ അൽ സഹ്റ വിദ്ധ്യാർത്ഥികളുടെ ഊഷ്മളമായ സ്വീകരണത്തോടെയാണ് വരവേറ്റത്. അൽ അബ്റാർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച chat with a leader പ്രോഗ്രാമിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാപനത്തിൻ്റെ പേരിലുള്ള പ്രത്യേക മൊമെൻ്റോ വൈ: പ്രസിണ്ടൻ്റുമാരായ മുഹമ്മദ് നദീർ സഖാഫി, കുഞ്ഞിസീതി എന്നിവർ ചേർന്ന് എംപിക്ക് കൈമാറി.
ഡോ. ശിവദാസൻ എംപി, അബ്ദുൽ ഹക്കീം സഖാഫി, അബുൽ ഹസൻ അശ്റഫി, മൻസൂറലി സഖാഫി തുടങ്ങിയവർ സംസാരിച്ചു. അൽ അബ്റാർ മാനേജ്മെൻറ് അംഗങ്ങൾ, സിപിഐഎം ഏരിയ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവരും ചടങ്ങിൽ സംമ്പന്ധിച്ചു.