കവരത്തി: 2025ലെ എസ്‌എസ്‌എൽസി പരീക്ഷാഫലത്തിൽ ലക്ഷദ്വീപ് മികച്ച പ്രകടനം കാഴ്ചവെച്ചു. അമിനി, മിനിക്കോയ്, കിൽത്താൻ, ചെത്ലത്ത് എന്നീ ദ്വീപുകൾ 100 ശതമാനം വിജയശതമാനം കൈവരിച്ചു. അമിനിയിൽ 78 വിദ്യാർത്ഥികളും, മിനിക്കോയിയിൽ 3, കിൽത്താനിൽ 34, ചെത്ലത്തിൽ 29 വിദ്യാർത്ഥികളും മുഴുവൻ പരീക്ഷയിലും വിജയിച്ചു.
അതേസമയം, അഗത്തി ദ്വീപ് 98.7% വിജയശതമാനത്തോടെയും (80/81), കൽപ്പേനി 97.1% (34/35), കവരത്തി 94.1% (32/34) എന്നിങ്ങനെയും മികച്ച വിജയം രേഖപ്പെടുത്തി. ആന്ത്രോത്ത് (87/98) 88.8%യും, കടമത്ത് (51/58) 87.9% വിജയശതമാനവും നേടി.
ലക്ഷദ്വീപിലെ ആകെ വിജയശതമാനം 95.32% ആണ്. 450 വിദ്യാർത്ഥികളാണ് ഇപ്രാവശ്യം ലക്ഷദ്വീപിൽ നിന്ന് എസ്എസ്എൽസി പരീക്ഷ എഴുതിയത്. നാലു വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. കടമത്ത് ദ്വീപിൽ നിന്നുള്ള അൽഫനാ ഫാത്തിമ, മുഹമ്മദ് റിൻഷാദ് ഖാൻ, കൽപേനി ദ്വീപിലെ സാനിയ ഫാത്തിമ, കിൽത്താൻ ദ്വീപിലെ ബീവി ഹസീന എന്നീ വിദ്യാർത്ഥികളാണ് ഫുൾ എ പ്ലസ് നേടിയത്.