സ്വത്തവകാശം ഭരണഘടനപരം -സുപ്രീംകോടതി

ന്യൂഡൽഹി: സ്വത്തവകാശം ഭരണഘടനപരമെന്നും നിയമപ്രകാരം മതിയായ നഷ്ടപരിഹാരം നൽകാതെ വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കാനാവില്ലെന്നും സുപ്രീംകോടതി. മൗലികാവകാശമല്ലെങ്കിലും സ്വത്തിനുള്ള അവകാശം ഭരണഘടനപരമായി അംഗീകരിക്കപ്പെടുന്ന മനുഷ്യാവകാശമാണെന്നും കോടതി നിരീക്ഷിച്ചു. ബംഗളൂരു മൈസൂരു ഇൻഫ്രാസ്ട്രക്‌ചർ കോറിഡോർ പദ്ധതിക്കായി (ബി.എം.ഐ.സി.പി) ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഹൈകോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീൽ പരിഗണിക്കവെയാണ് സുപ്രീംകോടതി പരാമർശം.

1894ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതിയിൽ നിലവിലുള്ള നിരക്കനുസരിച്ചാണ് നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത്. എന്നിരുന്നാലും, നഷ്ടപരിഹാരത്തുക വിതരണത്തിൽ കാലതാമസം നേരിടുന്ന അസാധാരണ സാഹചര്യത്തിൽ പിന്നീടുള്ള മറ്റൊരു തീയതി അടിസ്ഥാനമാക്കി വില പുനർനിർണയിക്കാമെന്നും കോടതി പറഞ്ഞു.

1978ലെ 44-ാം ഭേദഗതി പ്രകാരം സ്വത്തവകാശം മൗലികാവകാശമല്ലാതായി മാറി. എന്നാൽ, സ്വത്തവകാശം മനുഷ്യാവകാശമായും ഭരണഘടന അനുച്ഛേദം 300 എ പ്രകാരമുള്ള അവകാശമായും തുടരുന്നുവെന്നും ജസ്റ്റിസുമാരായ ബിആർ. ഗവായി, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ബി.എം.ഐ.സി.പി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വി ഷയത്തിൽ 2022 നവംബറിലെ കർണാടക ഹൈകോടതിയുടെ വിധി ചോദ്യം ചെയ്തുള്ള അപ്പിലിൽ വ്യാഴാഴ്ചയാണ് സൂപ്രീംകോടതി വിധി പ്രസ്താവിച്ചത്. ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഈ വിധി ലക്ഷദ്വീപ് ജനത ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഭൂമി കയ്യേറ്റങ്ങൾക്കും അതുമായി ബന്ധപ്പെട്ട നിയമ പോരാട്ടങ്ങൾക്കും സഹായകരമാവും എന്ന് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *