ലക്ഷദ്വീപിൽ സമര വാതിലുകൾ തുറക്കേണ്ടതിൻ്റെ അനിവാര്യത (എഡിറ്റോറിയൽ)

     ലക്ഷദ്വീപിൽ പല കാലങ്ങളിൽ എഴുത്തിൻ്റെയും പത്രപ്രവർത്തനത്തിൻ്റെയും ചരിത്ര പാരമ്പര്യം കാണാനാവും. എന്നാൽ ഒരു പത്രത്തിനും ദീർഘകാലത്തേക്ക് ആയുസുണ്ടായില്ല. യു. സി. കെ തങ്ങളുടെ ദ്വീപപ്രഭയിൽ തുടങ്ങുന്ന പത്ര പാരമ്പര്യം സോഷ്യൽ മീഡിയാ കാലത്ത് ദ്വീപ് ഡയറിയിലും ദ്വീപുമലയാളിയിലും വരെ എത്തി നിൽക്കുന്നു. അഡ്മിനിസ്ട്രേറ്റർ എന്ന ഏകാധിപത്യത്തിൽ വിധേയപ്പെട്ട് ജീവിക്കുന്ന ഒരു ജനവിഭാഗത്തിന് തങ്ങളുടെ അവകാശങ്ങളും ജനാധിപത്യ സ്വാതന്ത്ര്യങ്ങളും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കഴിയണമെങ്കിൽ സാധാരണക്കാരന്റെ ഭാഷയിൽ അവരോട് സംവദിക്കുന്ന പത്രമാധ്യമങ്ങൾ ഉണ്ടാവേണ്ടതുണ്ട്. ചരിത്ര സംരക്ഷണമോ സാംസ്കാരിക സൂക്ഷ്മത പാലിക്കാതെ മുന്നോട്ട് പോകുന്ന സമൂഹത്തിന് അകാല മരണമാണ് കാലം വിധിക്കുക. അത് കൊണ്ട് തന്നെ ചരിത്രപരമായ ഒരു ഉയർത്തെഴുന്നേൽപ്പിന് സമയമായിരിക്കുന്നു. 

     ദ്വീപിലെ രാഷ്ട്രീയ പാർട്ടികൾക്ക് ഭരണകൂടത്തെ ഭയമാണ്. ഇത്രയും പിരിച്ച് വിടലുകളും ടെൻ്റ് സിറ്റി നിർമ്മാണവും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടിയതും പരമ്പരാഗത വസ്ത്രധാരണത്തിനെതിരെയുള്ള തിട്ടൂരങ്ങളും യാത്രാ കപ്പലുകളുടെ മുടക്കവും പഞ്ചായത്ത് സ്ഥാപനങ്ങളുടെ റദ്ദ് ചെയ്യലും തുടങ്ങി പൗരാവകാശ ലംഘനങ്ങൾ ഇങ്ങനെ കൺമുന്നിൽ നിറഞ്ഞാടുമ്പോൾ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ എന്താണ് ചെയ്തത്. ഒരു കൂട്ടർ ഞങ്ങളാണ് അഡ്മിനിക്കെതിരെ വലിയ സമരങ്ങൾ നയിച്ചവരും നാടിന് വേണ്ടി പൊരുതുന്നവരും എന്ന് വീമ്പ് പറയുമ്പോൾ / മറ്റേക്കൂട്ടർ ദ്വീപിനെ ഇത്രയും ക്രൂരമായി ഉപദ്രവിക്കുന്ന ഒരാളെ ഷാളുമണിയിച്ചു കപ്പൽക്ക് പകരം വെസൽ ഓടിക്കുന്ന തിരക്കിലാണ്.

        ദ്വീപിൻ്റെ യഥാർത്ഥ പ്രശ്നമെന്താണെന്നും അതിന് എങ്ങിനെയാണ് പരിഹാരം കാണേണ്ടതെന്നും ഒരു കക്ഷികളും  ആലോചിക്കുന്നില്ല എന്ന് വേണം കരുതാൻ. ഒരു ജനാധിപത്യ സ്വതന്ത്ര രാജ്യത്ത് ജീവിക്കുന്ന ഒരു സമൂഹമെന്ന നിലക്ക് നമ്മൾ എങ്ങിനെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് ഇവിടത്തെ തദ്ദേശിയരാണ്. മറ്റെല്ലാ പ്രദേശങ്ങളിലേയും ആളുകൾ അങ്ങനെ ജീവിക്കുമ്പോൾ നമ്മളെന്തിനാണ് അടിമകളെപോലെ ഇപ്പോഴും പാരതന്ത്ര്യത്തിൽ ജീവിക്കണം. അത് കൊണ്ട്തന്നെ ഹനിക്കപ്പെടുന്ന അവകാശങ്ങൾക്ക് വേണ്ടി നമ്മൾ സമരത്തിൻ്റെ വാതിലുകൾ തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിനെതിരെ അവിടെ നടക്കുന്ന സമരങ്ങൾ / തിണ്ണകരയിൽ അനധികൃതമായി പണിയാൻ തുടങ്ങിയ ടെൻ്റ് സിറ്റികൾ പ്രതിശേധിച്ചതിനെ തുടർന്ന് നിർത്തിവെച്ചതും നമുക്ക് പാഠമാവേണ്ടതുണ്ട്. 

     കോടതി വിധികളും ഇന്ത്യൻ നിയമാവലികളും കാറ്റിൽ പറത്തിയുള്ള രാജാവിൻ്റെ തേരോട്ടം പ്രതിഷേധം കൊണ്ട് പരാജയപ്പെടുത്തേണ്ടത് കാലത്തിൻ്റെ ആവശ്യമാണ്. അതിന് ദ്വീപിലെ ജനങ്ങളുടെ മനസറിഞ്ഞ് ഇന്ത്യൻ നിയമാവലികൾ പാലിച്ച്കൊണ്ട് പുതിയ സമരവാതിലുകൾ തുറന്നേ മതിയാവൂ. അതിന് വേണ്ടി തന്നെയാണ് ദ്വീപ് ഡയറി പരിഷ്ക്കരിക്കുന്നതും നിലനിൽക്കുന്നതും. രാജാവ് നഗ്നനാണെന്ന് ഞങ്ങൾ പറഞ്ഞ് കൊണ്ടിരിക്കും. 

       പുതിയ പരിഷ്ക്കരണത്തിൽ ദ്വീപിലെ വാർത്തകൾക്ക് പുറമേ സാഹിത്യം, സംസ്ക്കാരം, ആർക്കെയ് വ് എന്നിവയെല്ലാം ഉൾപ്പെടുത്തിയുള്ള ഒരു വിപുലമായ ക്യാൻവാസാണ് ഞങ്ങളിവിടെ തുറന്നിരിക്കുന്നത്. ദ്വീപിൻ്റെ അവകാശ സംരക്ഷണത്തിനും സമരത്തിനും തൂലികയുടെ കരുത്തും സാംസ്ക്കാരികമുന്നേറ്റങ്ങളുടെ ആവിഷ്ക്കാരങ്ങളും കൂടി ചേർത്ത് വെക്കാം.

One thought on “ലക്ഷദ്വീപിൽ സമര വാതിലുകൾ തുറക്കേണ്ടതിൻ്റെ അനിവാര്യത (എഡിറ്റോറിയൽ)

  1. രാഷ്ട്രീയക്കാരുടെമുട്ടനാട് സ്വഭാവംമാറാതെദ്വീപിലെപ്രശ്നങ്ങൾക്ക്. ശാശ്വതമായൊരുപരിഹാരംകാണാൻകഴിയില്ല. നാട്ഒന്നാവണമെങ്കിൽ രാഷ്ട്രീയക്കാരുടെമനസ്സ്ഒന്നാവണം. പുതുവർഷംനാടിനുവേണ്ടിഒന്നായിചേരാൻപരിശ്രമിക്കുക. അതിനുവേണ്ടിപരിശ്രമിക്കുന്നവരെപരിഹസിക്കാതിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *