– കെ.ബാഹിർ
അനാവശ്യ നിയന്ത്രണങ്ങൾ എതിർക്കപ്പെടേണ്ടതാണ്
– കെ.ബാഹിർ
ഏപ്രിൽ 24ന് ഇരുചക്രവാഹനങ്ങൾക്കു് പ്രവേശനാനുമതിയില്ലാത്ത കവരത്തി മെയിൻ ജെട്ടിയിൽ പോലീസിൻ്റെ വിലക്ക് ലംഘിച്ച് സ്കൂട്ടറിൽ യാത്ര ചെയ്ത ലക്ഷദ്വീപ് എം.പി.ഹംദുല്ലാ സഈദിൻ്റെ നടപടി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാണിപ്പോൾ. ഹംദുല്ലയുടെ ഭാഗത്താണോ ശരി അതല്ല പോലീസിൻ്റെ ഭാഗത്താണോ എന്ന വാദപ്രതിവാദത്തിനൊന്നും വലിയ കാര്യമില്ല.ജെട്ടിയിലേക്കുള്ള ഇരുചക്രവാഹന പ്രവേശന നിരോദനം ലംഘിച്ചതിനെ അനുകൂലിക്കുവാനാണ് എനിക്കിഷ്ടം. കാരണം,
നിസ്സാരമായ കാരണങ്ങൾ പറഞ്ഞ് സാധാരണ ജനങ്ങൾക്കു് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന നിയമങ്ങൾ ഉണ്ടാക്കുക ഇവിടത്തെ പതിവായി മാറിയിട്ടുണ്ട്. അങ്ങിനെയുള്ള നിയമങ്ങളും നിയന്ത്രണങ്ങളും നിർമ്മിക്കുവാൻ നമ്മുടെ ഉദ്യോഗസ്ഥർ പ്രത്യേകിച്ച് പോലീസുകാർ സദാ ഉൽസുകരാണ്.വളരെ ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാറുള്ള പ്രദേശങ്ങളിൽ പോലും ഇല്ലാത്തത്രയും നിയന്ത്രണങ്ങളാണ് പലപ്പോഴും ഇവിടെ നടപ്പിലാക്കുവാൻ ഇവർ ഉത്സാഹിക്കുന്നത്.
ഹംദുല്ലാക്ക് പകരം ആ സ്കൂട്ടറിൻ്റെ പിറകിലിരുന്ന് വന്നത് ദ്വീപുകാരനല്ലാത്ത വല്ല ആപ്പീസും ആയിരുന്നെങ്കിൽ ജെട്ടിയുടെ വലിയ ഇരുമ്പ് വാതിൽ മലർക്കേ തുറന്നു പിടിച്ച് അറ്റൻഷനായി നിന്ന് സല്യൂട്ടും ചെയ്ത് മാറിനിൽക്കുമായിരുന്നു ഇവർ. ഹംദുവിനോടൊ അദ്ദേഹത്തിൻ്റെ രാഷ്ട്രീയത്തോടൊ ഇഷ്ടക്കേടുണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹത്തെ നമുക്ക് വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അന്യായനിയന്ത്രണങ്ങളേയും നിയമങ്ങളേയും ചോദ്യം ചെയ്യാനും വിമർശിക്കാനുമാണ് ആ സ്വാതന്ത്ര്യം ഇവിടെ ഇല്ലാതെ പോയത്.
കവരത്തിജെട്ടിയിലേക്കു് യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന സമയത്ത് ഫോർ വീലർ അനുവധിക്കുകയും ടു വീലർ തടയുകയും ചെയ്യുന്നത് ന്യായീകരിക്കാവുന്നതല്ല. ഫോർ വീലർ വാഹനങ്ങൾക്കൊണ്ട് ഉണ്ടാകാത്ത ഒരു പ്രശ്നവും ടു വീലർവാഹനങ്ങൾ കൊണ്ട് മാത്രം ഉണ്ടാവുകയില്ല. ഉണ്ടാകും എന്നു പറയുന്നതിൽ യാതൊരു കയമ്പുമില്ല. സാധാരണക്കാരുടെ വാഹനം ആയത് കൊണ്ട് മാത്രമാണ് ഈ അഴകൊഴമ്പൻ ന്യായീകരണങ്ങൾ നിരത്തുന്നത്.
പണ്ട് കാലത്ത് കപ്പൽ ടിക്കറ്റ് കിട്ടാനും ക്യാബിൻ കിട്ടാനുമെല്ലാം സാധാരണക്കാർക്ക് കടമ്പകൾ ഏറെയായിരുന്നു കടക്കേണ്ടത്. ഭാരത് സീമ കപ്പലിൻ്റെ ഫസ്റ്റ് ക്ലാസ് ക്യാൻ്റീനിൽ നിന്ന്, തലേക്കെട്ടും കെട്ടി ഭക്ഷണം കഴിക്കാൻ പോയ അമിനി ദ്വീപിലെ ഒരാളെ ഇറക്കിവിട്ട ചരിത്രമുണ്ട്.
കൊച്ചിയിലെ സ്കാനിംഗ് സെൻററിലെ അവസ്ഥയെന്താണ്. യാത്രക്കാർക്ക് ഇരിക്കാൻ വേണ്ടി പണിത ഹാൾ ഇന്ന് CSFകാരുടെ മേച്ചിൽ സ്ഥലമാണ്. വിമാനത്താവളത്തിൽ പോലും ഇല്ലാത്തത്ര ചെക്കിംഗും നിയന്ത്രണങ്ങളുമാണ് അവിടെയുള്ളത്. കപ്പൽ കയറാനായി സ്കാനിംഗ് (റിപ്പോർട്ടിംഗ്)സെൻ്ററിൽ എത്തിയത് മുതൽ കപ്പലിൽ കയറിപ്പറ്റുന്നത് വരെ ശാരീരിക മാനസിക സമ്മർദ്ദങ്ങളുടെ അങ്ങേയറ്റമാണ് ഓരോ യാത്രക്കാരനും അനുഭവിക്കേണ്ടി വരുന്നത്. ടിക്കറ്റിൻ്റെ ഹാർഡ് കോപ്പി നോക്കി തൃപ്തിപ്പെട്ട ശേഷമാണ് സെൻ്ററിനകത്തേക്ക് കടത്തിവിടുന്നത്. പിന്നെ വരിനിൽക്കണം. വീണ്ടും ടിക്കറ്റ്, ഐഡി കാർഡ് പരിശോധന ,ടിക്കറ്റ് ബാർക്കോഡ് റീഡിംഗ് ,പാസഞ്ചർ ലിസ്റ്റ് പരിശോധന എന്നിവ. വീണ്ടും ടിക്കറ്റ് പരിശോധന. പിന്നെ ലഗ്ഗേജ് സ്കാനിംഗ് ,ബോഡി ചെക്കപ്പ്, എന്നിവ. കപ്പലിലേക്ക് പോകാനുള്ള ബസ്സിൽ കയറുന്നതിന് വീണ്ടും ഒരിക്കൽ കൂടി ടിക്കറ്റ് പരിശോധന. ബസ്സിൻ്റെ വാതിൽക്കൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന് ഇത്തിരി പവറും കൂടുതലുണ്ട്.
സ്കാനിംഗ് സെൻററിനടുത്ത് പണി തിരിക്കുന്ന ഡെഡിക്കേറ്റഡ് വാർഫിൽ കപ്പലടുപ്പിച്ചിട്ട് വർഷങ്ങളേറെയായി. അവിടെ ഒരു കപ്പൽ വെറുതെ കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളെത്രയായി. അതിനെ വല്ലയിടത്തേക്കും മാറ്റിയിട്ടിരുന്നെങ്കിൽ മറ്റ് കപ്പലുകൾക്കിവിടെ ബർത്ത് ചെയ്യാമായിരുന്നില്ലേ.അതുമൂലം യാത്രക്കാർക്കെത്ര ആശ്വാസം ലഭിക്കുമായിരുന്നു. പക്ഷേ നമ്മൾ ശപഥം ചെയ്തു പോയില്ലേ സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന ഒരു നടപടിയും സ്വീകരിക്കുകയില്ലെന്ന് .
ബേപ്പൂരിൽ വാർഫിലേക്ക് കടന്നു പോകാൻ ദ്വീപുകാർക്ക് വേണ്ടി ഒരു വലിയ ഗെയിറ്റ് അവിടെ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരെ കടത്തിവിടാൻ ഒരിക്കൽ പോലും ആ ഗെയിറ്റ് തുറന്നിട്ടില്ല. അതിൻ്റെ നടുക്കുള്ള ഒരു കിളിവാതിലിലൂടെയാണ് യാത്രക്കാരെ കയറ്റി വിട്ടിരുന്നത്.ആ കിളിവാതിലിൽ കൂടി ഒരു ലഗ്ഗേജും തൂക്കിപ്പിടിച്ച് കടന്നു പോകാൻ തന്നെ വലിയ ബുദ്ധിമുട്ടാണ്. ഇപ്പോൾ ബേപ്പൂരിൽ നിന്നുള്ള യാത്രാക്കപ്പൽ സർവ്വീസ് നടക്കുന്നില്ല.
കൊച്ചിയിലൊ, കവരത്തിയിലൊ, ഏറ്റവും അധികം ജനങ്ങളുള്ള ആന്ത്രോത്തിലൊ ഇല്ലാത്തത്രയും വലിയ പരിശോധനകളും നിയന്ത്രണങ്ങളുമാണ് ചെറിയ ദ്വീപായ, വല്ലപ്പോഴും ഒരു കപ്പൽ വരുന്ന കിൽത്താൻ ദ്വീപിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
ഏപ്രിൽ ഒമ്പതാം തിയ്യതി കിൽത്താനിൽ നിന്നും മംഗലാപുരത്തേക്കു പോയ വെസ്സലിൽ കേവലം കിൽത്താൻ കാരായ 15 പേർക്കാണ് ടിക്കറ്റ് കിട്ടിയത് ബാക്കിയുള്ള 135 പേരും മറ്റ് ദ്വീപുകാരായിരുന്നു. ശേഷം 19 ന് വന്ന കപ്പലിൽ ഇവിടെ വന്നിറങ്ങിയ 317 യാത്രക്കാരിൽ 17 പേർ മാത്രമായിരുന്നുവത്രെ കിൽത്താൻ സ്വദേശികൾ.ഈ അട്ടിമറികളും അവഗണനകളും കണ്ടിട്ടും ക്ഷമിച്ചിരിക്കുന്നവരെ പ്രകോപിപ്പിക്കാൻ മാത്രമെ ഈ നിയന്ത്രണങ്ങൾ ഉപകരിക്കൂ.
മാനസിക സങ്കുചിതത്വമുള്ള ഉദ്യോഗസ്ഥൻമാർ നടപ്പിലാക്കുന്ന ജനദ്രോഹനയങ്ങളാണ് ഇത്തരം നിയന്ത്രണങ്ങളും നിയമങ്ങളുമായി പൊതുജനമധ്യേ നടപ്പിലാക്കപ്പെടുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ടുകളുണ്ടാകുന്നത് അവർക്ക് പ്രശ്നമല്ല. അവരുടെ അധികാര പ്രമത്തതയും പോഷാഹും മാത്രമാണ് ഇത്തരം നടപടികളിൽ പ്രതിഫലിക്കുന്നത്.
സംഘർഷങ്ങളും വ്യവഹാരങ്ങളും ഏറ്റുമുട്ടലുകളും ഇഷ്ടപ്പെടാത്ത പാവത്താൻമാരായ ആളുകളായത് കൊണ്ട് എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിച്ചു പോകുന്നു എന്ന് മാത്രം.
അനാവശ്യ നിയന്ത്രണങ്ങൾ എതിർക്കപ്പെടേണ്ടതാണ് എന്ന ദീപ് ഡയറിയുടെ ഫീച്ചർ സ്റ്റോറി വായിച്ചു.
ലക്ഷദ്വീപുമായി ബന്ധപ്പെട്ട ഉന്നത തല ഇടപെടലുകളിലൂടെ പരിഹാരം കാണേണ്ട യാത്ര പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, മെഡിക്കൽ ഇവാക്വേഷൻ, പഞ്ചായത്ത് ഇലക്ഷൻ പോലുള്ള നിരവധി പ്രശ്നങ്ങൾ നമുക്കു മുമ്പിൽ മലപോലെ നിൽക്കുമ്പോൾ അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട, ദ്വീപിലെ തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും ഉയർന്ന പദവിയിൽ ഇരിക്കുന്ന ജനപ്രതിനിധി എന്ന നിലയിൽ എംപി പ്രതിഷേധിക്കേണ്ട, ബ്യൂറോക്രാസ്റ്റിനെ ചോദ്യം ചെയ്യേണ്ട എത്രയെത്ര സന്ദർഭങ്ങൾ കടന്നുപോയി, അങ്ങനെ ചെയ്യാവുന്ന എത്രയോ അവസരങ്ങൾ അദ്ദേഹത്തിന് സൃഷ്ടിക്കാമായിരുന്നു! ഇനിയും അവസരമുണ്ട്.. അത്തരം വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ കാതോർക്കേണ്ട, അതിന് പ്രശംസിക്കേണ്ട മാധ്യമ സ്ഥാപനം കാമ്പിൽ നിന്ന് ചർച്ച വഴി മാറി പോകുന്നു എന്ന് തിരിച്ചറിയാതെ പോയി എന്ന് ഈ വായനയിൽ നിന്ന് തോന്നി.
ദ്വീപിൽ ജനങ്ങൾ ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയാണ്.?
അതിൽ എത്രാം സ്ഥാനത്താണ് കവരത്തി ജെട്ടിയിലേക്ക് ഇരുചക്ര വാഹനങ്ങൾ കടത്തിവിടുന്നില്ല എന്ന പ്രശ്നം.?
പ്രശ്നങ്ങളുടെ കാമ്പിൽ നിന്ന് ചർച്ച വഴിമാറിപ്പോകുന്നു എന്ന് തിരിച്ചറിയാതെ പോയി എന്നാണ് ദ്വീപ് ഡയറിയുടെ ഈ ലേഖനത്തോട് എനിക്ക് തോന്നിയത്.
എംപിയോടോ മുൻ എംപിയോടോ പ്രത്യേകിച്ച് ഇഷ്ടമോ ഇഷ്ടക്കേടോ ഇല്ല. എന്ന് കൂടി തെറ്റിദ്ധരിക്കാതിരിക്കാൻ എഴുതട്ടെ.