ചില ബാല്യകാല ഓർമ്മകളും അനുഭവങ്ങളും

  • ഡോ. സീജി.പൂക്കോയ (പവിഴ ദ്വീപിൽ ഒരു ജീവിതം-3)

വീട്ടിൽ നിന്നും സ്കൂൾ വരെ ഒരു കിലോമീറ്ററോളം ദൂരം കാണും. ദിവസവും അങ്ങോട്ടും ഇങ്ങോട്ടും നടന്നു തന്നെയാണ് യാത്ര. ഇന്നത്തെ പോലെ ഭാരമുള്ള പുസ്തകങ്ങൾ ഇല്ലാത്തത് ഭാഗ്യമായി. കൂട്ടിനു സുഹൃത്തും അയൽവാസിയുമായ കുന്നാംകുലം സെയ്ത് മുഹമ്മദ് കോയയും മണ്ണേൽ കാസ്മിക്കോയയും ഉണ്ടാവും. ചെറുപ്പത്തിലെ ഉമ്മ മരിച്ചത് കാരണം സെയ്ത് മുഹമ്മദ് കോയ എന്റെ അയൽ വക്കത്തുള്ള അവരുടെ ബാപ്പയുടെ അവ്വേൽ വീട്ടിലാണ് വളർന്നത്. മഴക്കാലത്ത് രണ്ടു പേര് ഒരു കുടക്കീഴിൽ നടന്നു പോയത് ഒരു ഗൃഹാതുരത്വം ഉള്ള ആനന്ദം നൽകിയ അനുഭവമാണ്.

മഴ നനയുന്നതും വഴിക്കരികിൽ ഉള്ള കാട്ടു ചേമ്പിന്റെ ഇലയിൽ മുത്തു പോലെ ഉരുണ്ടു കളിക്കുന്ന മഴത്തുള്ളികൾ ചേമ്പിലയോടെ എടുത്തു മുത്ത് പോലെ ഉരുണ്ടു കളിക്കുന്ന മഴത്തുള്ളി നിലത്ത് വീഴാതെ നടന്നതും സ്കൂൾ മുറ്റത്ത് നിലനിന്നിരുന്ന വലിയ ഒരു ആൽമരത്തിന്റെ താഴെ തൂങ്ങിക്കിടന്ന വേരുകളുടെ മിനുസമുള്ള അറ്റം കിള്ളിയെടുത്ത് കളിച്ചതും ഓർമ്മകൾ.

സ്കൂൾ ചുമരിൽ അന്ന് മുകളിലെ അറ്റം ചേർന്ന് മലയാളത്തിൽ രാമായണ കഥകൾ ചിത്രം അടക്കം ഭംഗിയായി അച്ചടിച്ചത് ഒട്ടിച്ചു വെച്ചിരുന്നു. വായിച്ചു പഠിക്കാൻ. അതിനു മുകളിൽ നല്ല നല്ല പഴഞ്ചൊല്ലുകൾ ഭംഗിയായി ചുമരിൽ എഴുതി വെച്ചിട്ടുമുണ്ടായിരുന്നു. അതിൽ ചിലത് ഇന്നും ഓർമ്മയിൽ ഉണ്ട്…..

“വിത്ത് ഗുണം പത്തു ഗുണം”, ‘വിദ്യാധനം സർവ്വധനാൽ പ്രധാനം” ” സമയവും കടൽ തിരയും ആരേയും കാക്കുകയില്ല” , “അടി തെറ്റിയാൽ ആനയും വീഴും”, ” മൂത്തവർ വാക്കും മുതുനല്ലിക്കയും മുമ്പേ കയ്ക്കും പിന്നെ മധുരിക്കും”, ” മെല്ലെ തിന്നാൽ മുള്ളും തിന്നാം”, ഒത്തു പിടിച്ചാൽ മലയും മറിക്കാം”, ” മടിയൻ മല ചുമക്കും”…… എന്നൊക്കെയുള്ള അർത്ഥവത്തായ പഴഞ്ചൊല്ലുകൾ.

1952 ജൂൺ മാസം ഒന്നിനാണ് സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയത്. ആറു വയസ്സിനു മുമ്പ് തന്നെ എന്നെ സ്കൂളിൽ ചേർത്തു. എനിക്ക് അഞ്ച് വയസുള്ളപ്പോൾ ജേഷ്ഠൻ ഇയ്യയോടൊപ്പം സ്കൂളിൽ പോകാൻ ഞാൻ വാശി പിടിക്കുമായിരുന്നു പോലും. അങ്ങനെ സ്കൂൾ അഡ്മിഷന്റെ സമയത്ത് സ്കൂളിൽ ചെന്നപ്പോൾ ഒന്നാം ക്ലാസ് അധ്യാപകൻ എന്റെ ഉമ്മയുടെ അനിയൻ മുത്തുകോയ മാസ്റ്റർ (ഉവ്വ) എന്നെ സ്കൂളിൽ ചേർത്തു. അപ്പോഴേക്കും വയസ് അഞ്ച്. അങ്ങനെ സ്കൂൾ വിദ്യാഭ്യാസം തുടങ്ങി.

അന്ന് പുസ്തകങ്ങൾ അധികം ഇല്ല. ആകെ ഒരു മലയാളം പുസ്തകം. അതിൽ അക്ഷരമാലയും, പീന്നീട് ചിത്രങ്ങൾ അടങ്ങിയ കുറെ വാക്കുകളും മാത്രം. അതിനു പുറമെ പുതിയ ഒരു സ്ലേറ്റും അതിൽ എഴുതാൻ സ്ലേറ്റ് കോലും. തീർന്നു. ആ പുതിയ പുസ്തകത്തിന്റെയും സ്ലേറ്റിന്റേയും മണം ഇന്നും മൂക്കിലൂടെ ഓടുന്നുണ്ടെന്ന് തോന്നും. ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു സ്ക്കൂൾ ഇൻസ്പെക്ടർ വന്ന് ചോദ്യങ്ങൾ ചോദിക്കുകയും സമ്മാനം തരികയും ഉണ്ടായി. നല്ല രുചിയുള്ള മിഠായികളും ഗുണകോഷ്ടവും പുതിയ സ്ലേറ്റും തന്നു. അന്ന് ആകെ ഉണ്ടായിരുന്ന സ്ക്കൂൾ ശാറത്തിയോട വീടിനടുത്തുള്ള ഇന്നത്തെ എസ് ബി സ്ക്കൂൾ മാത്രം. അന്ന് അത് മുറ്റം തെക്ക് ഭാഗത്തായി ഒരു ക്ലബ് രൂപത്തിൽ ഉള്ള ചെറിയ കെട്ടിടം. നാടൻ ചുണ്ണാമ്പ് തേച്ച് പിടിപ്പിച്ച ചുമര്. എന്നാൽ നിലം വെളുത്ത മണൽ പാകിയത്. തുറന്ന മൂന്ന് മുറികളായി നില കൊണ്ടിരുന്ന ആ മുറികളിൽ എല്ലാ ക്ലാസിലേയും പഠിപ്പിക്കുന്നത് മറ്റുള്ളവർക്ക് കാണുകയും കേൾക്കുകയും ചെയ്യും. എല്ലാ അധ്യാപകരുടേയും കയ്യിൽ ഒരു വടി ഉണ്ടാവും. തെറ്റു പറ്റിയാൽ അടി ഉറപ്പാണ്.

അതിരാവിലെ പ്രൈമറി സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം മദ്രസ പഠനവും, മഗ്രിബ് നിസ്കാരം മുതൽ ഇഷാ നിസ്കാരം വരെ ജുമുഅത്ത് പള്ളിയിൽ ദർസും ഉണ്ടായിരുന്നു. കൽപേനിയിൽ മിഫ്താഹുൽ ഉലൂം മദ്റസയിൽ അഞ്ചാം ക്ലാസ് വരെയും, അതിനു ശേഷം അമേനിയിൽ വെച്ച് ഖിദ്മത്തുൽ ഇസ്ലാം മദ്രസ്സയിൽ ആറാം ക്ലാസിലും മതപഠനം നടത്തി. കൽപേനി ജുമാമസ്ജിദ് പള്ളിയിൽ പൊന്നാനിക്കാരൻ ഇബ്രാഹിം കുട്ടി മുസ്ലിയാർ ആണ് ദർസ് നടത്തിയത്. ഒരു കുത്ത് വിളക്കിനു ചുറ്റും പത്ത് ഇരുപത് പേർ, ചിലപ്പോൾ പെട്രൊമാക്സ് കത്തിച്ചു വെക്കും. അങ്ങനെ പത്ത് കിതാബ് എന്ന കിതാബിൽ തുടങ്ങി ഉംദത്തുൽ മുസല്ലീൻ, കഴിഞ്ഞു നഹ് വ് കിതാബും ഫത്ഹുൽ മുഈനും ഓതുമ്പോൾ സ്ക്കൂൾ പഠനം അമേനിയിലേക്ക് മാറി. അതോടെ ദർസ് പഠനം നിലച്ചു.

പിന്നീട് മതപഠനം കടമത്ത് ദ്വീപിൽ മെഡിക്കൽ ഓഫീസർ ആയി ജോലി നോക്കുമ്പോൾ തുടർന്നു. ആദ്യം ഇക്ക മുസ്ലിയാർ, പിന്നെ ഖാസി അബ്ദുല്ല മുസ്ലിയാർ, അദ്ദേഹത്തിന്റെ സഹോദരൻമാർ സുലൈമാൻ മുസ്ലിയാർ, അഹ്മദ് മുസ്ലിയാർ എന്നിവരിൽ നിന്നും ഫത്ഹുൽ മുഈൻ, ഇമാം നവമിയുടെ നാൽപത് ഹദീസ്, തഫ്സീർ ആദ്യഭാഗം, റിയാളുസ്സാലിഹീൻ, മജ്മൂഅ എന്നിങ്ങനെ പലതും നാലു വർഷം കൊണ്ട് പഠിച്ചു മനസ്സിലാക്കി. എന്റെ എട്ടാമത്തെ വയസ്സിൽ ആണ് മാർക്കം കഴിച്ചത്. അന്ന് മാർക്ക കല്യാണം ഇന്നത്തെ പോലെ അല്ല. അന്ന് ഒരു കല്യാണാഘോഷങ്ങൾക്കും മേലേ തന്നെയായിരുന്നു അത്. പൂർണമായി വിവരങ്ങൾ നൽകുന്നത് വായനക്കാർക്ക് അരോചകം ഉണ്ടാക്കുമോ എന്ന ഭയം കാരണം ചുരുക്കത്തിൽ വിവരിക്കാം.

മരുമക്കത്തായ സമ്പ്രദായം കൊടികുത്തി വാണിരുന്ന കാലം. മക്കളുടെ സുന്നത്ത് കല്യാണം ബാപ്പയുടെ വീട്ടിൽ വെച്ച് തന്നെ നടത്തണം എന്നത് ഒരു നാട്ടുനടപ്പ്. ബാപ്പയുടെ വീട്ടിലെ കാസ്മിക്കോയയും ഞാനും സമപ്രായക്കാർ. ഞങ്ങൾ രണ്ടു പേരുടെയും മാർക്കം ഒന്നിച്ചു നടത്താൻ തീരുമാനിച്ചു. അന്ന് ചേത്ത്ലാത്ത് ദ്വീപിൽ നിന്നും കിൽത്താൻ ദ്വീപിൽ നിന്നും പരിചയക്കാർ കൽപേനിയിൽ വന്ന് വീട്ടിൽ താമസിക്കലുണ്ടായിരുന്നു. അങ്ങനെ ചേത്ത്ലാത്ത് ദ്വീപിൽ നിന്നും വന്ന ഒരു കുടുംബം ബാപ്പയുടെ വീട്ടിന്റെ മുൻവശത്തുള്ള പന്തലിൽ വർഷങ്ങളോളം താമസിച്ചിരുന്ന ഒരു കുടുംബത്തിൽ ഞങ്ങളുടെ സമപ്രാക്കാരനായിരുന്ന ഹംസക്കോയ എന്ന ഒരു കുട്ടിയും ഉണ്ടായിരുന്നു. (പിന്നീട് വി ഇ ഓ ആയി ജോലി നോക്കി). അയാളടക്കം ഞങ്ങൾ മൂന്നു പേരെയും എല്ലാ ചടങ്ങുകളും മാർക്കവും (ചേലാകർമ്മം) ഒന്നിച്ചാണ് നടത്തിയത്.

പള്ളിയിൽ കൊണ്ടു പോകുന്ന ചോറ്, മാർക്ക ദിവസത്തെ സദ്യ, തലയിൽ തണ്ണി ഒഴിക്കുന്ന ദിവസത്തെ (മുറിവ് ഉണങ്ങി സുഖമായ ശേഷം) കുളിക്കുന്ന ചോറ് എന്നിങ്ങനെ മൂന്നു സദ്യ നിർബന്ധമായും നടത്തണം. അതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. അരിയും, മസാലകളും, പശുക്കളും മംഗലാപുരത്ത് നിന്ന് വരുന്ന ഓടത്തിൽ കൊണ്ടു വന്നു. കുട്ടികളുടെ ചമയ വസ്ത്രങ്ങളും മുൻകൂട്ടി കരുതിയിരുന്നു.

പള്ളിയിൽ കൊണ്ടു പോവുന്നത് ആണ് കൂടുതൽ ആഘോഷം. തലേന്ന് ബാർബർ വീട്ടിൽ വന്ന് തല വടിച്ചു. പിറ്റേന്ന് കുളിച്ചു വൃത്തിയായി വസ്ത്രങ്ങളും ആഭരണങ്ങളും അടക്കം ബന്ധു വീട്ടിൽ കൊണ്ടു പോയി അലങ്കരിച്ചു. എന്നെ അലങ്കരിച്ചത് എന്റെ മൂത്ത ജേഷ്ഠന്റെ ഭാര്യവീടായ ഇടയാക്കൽ വീട്ടിൽ വെച്ചായിരുന്നു. കസവു തുണിയും ബെൽറ്റും, ബനിയനും പട്ടു ഷർട്ടും അതിനു മുകളിൽ വെൽവെറ്റിന്റെ ഒരു നീല പുഷ്കോട്ടും, കസവും കണ്ണാടിയുമുള്ള ഒരു തൊപ്പിയും, എന്റെ വീട്ടിൽ നിന്നും കൊണ്ടു പോയ ആ വസ്ത്രങ്ങളും സ്വർണാഭരണങ്ങളും ധരിപ്പിച്ചു. അരയിൽ അരക്ക് നിറച്ച ‘ഫുളി ഉറുക്ക് ‘, രണ്ടു കയ്യിലും അരക്ക് നിറച്ച വളകൾ എന്നിങ്ങനെ. അതിനു പുറമെ ആ വീട്ടിലെ കാരണവർ കാസ്മിക്കോയയുടെ മകളുടെ വലിയൊരു സ്വർണ്ണമാല കൂടി അണിയിച്ചു. ആ മാല ‘ചവടി മാല’ എന്നാണ് പേര് പറഞ്ഞത്. നെഞ്ച് മുഴുവനും വീതിയും പൊക്കിളിനു താഴെ വരെ നീളവും ഉള്ള ഒരു അലങ്കാര മാല. ചമയം കഴിഞ്ഞു രണ്ടു കയ്യിലും ഒരു രൂപ നാണയം വീതം വെള്ളതുണിയിൽ പൊതിഞ്ഞ്(തണ്ടം) രണ്ടു മേൽകയ്യിലും കെട്ടി വെച്ചു. അത് നേർച്ചപ്പണം. സുഖപ്പെട്ടു കഴിഞ്ഞാൽ പള്ളിയിൽ കൊണ്ടു പോയി അഴിച്ചു കൊടുക്കാനുള്ളത്.

അണിയിച്ചൊരുക്കിയ ശേഷം ഒരു കസേര കാലിൽ രണ്ടു ഭാഗത്തും തോണിയുടെ കുമ്പ് മരം കൊണ്ടു കെട്ടി വരിഞ്ഞു ഒരു പല്ലക്ക് പോലെ ഉണ്ടാക്കി ആ കസേരയിൽ ഇരുത്തി ചുമന്നു കൊണ്ടു പുറപ്പെട്ടു. മറ്റു രണ്ടുപേരേയും ഇപ്രകാരം വേറെ വീട്ടിൽ വെച്ച് അലങ്കരിച്ചു. മൂന്നു പേരെയും വേറെ പല്ലക്കിൽ, അങ്ങനെ നാലു പേർ വീതം ചുമന്നു ജാഥയായി പള്ളിയിൽ കൊണ്ടു ചെന്നു. ആദ്യം മുഹീദ്ദീൻ പള്ളി, പിന്നെ പൊന്നേം പള്ളി, ഉജ്റാ പള്ളി, പുതിയ പള്ളി, ജുമുഅത്ത് പള്ളി എന്നിവിടങ്ങളിൽ ചെന്ന് നേർച്ച പണവും നൽകി ദുആ ഇരന്ന് മടങ്ങി. ജാഥയുടെ മുന്നിൽ അറബന ദിക്റ്. ക്ഷണിക്കുന്ന വീട് വീടാന്തരം കയറി ഇറങ്ങി അവർ നൽകുന്ന പാനീയങ്ങളും പലഹാരങ്ങളും കഴിച്ചു, അവർ നൽകിയ ഉപഹാരങ്ങളും വാങ്ങി രാത്രി വൈകുവോളം യാത്ര തന്നെ. രാത്രിയിൽ പലപ്പോഴും ഉറക്കം തൂങ്ങി വീഴാതിരിക്കാൻ തൊട്ടു കൊണ്ടു ഒരാൾ ഉണ്ടാവും. മുമ്പിൽ പാട്ട് പാടുന്ന രണ്ടു പേരും കാണും. ഇരുട്ടിന്റെ മറ മാറ്റാൻ രാത്രിയിൽ പെട്രൊമാക്സ് ചുമന്നു നടക്കുന്ന രണ്ടു പേര് കാണും. അങ്ങനെ മൂന്ന് രാത്രിയും പകലും കറങ്ങി നടന്നു. പള്ളിയിൽ കൊണ്ടു പോയ ദിവസം നാട്ടിൽ എല്ലാവർക്കും സദ്യയും.

മാർക്കം നടന്നത് പള്ളിയിൽ കൊണ്ടു പോയ ദിവസത്തിന്റെ രണ്ടാഴച കഴിഞ്ഞ് ആയിരുന്നു. അത് വരെ ബന്ധു വീടുകളിലും സുഹൃദ്‌വീടുകളിലും സൽക്കാരവും. അന്ന് മാർക്കം കഴിച്ചിരുന്നത് ഒസ്സാൻമാരായിരുന്നു. അന്ന് മിക്ക വീടുകൾക്കും പുറത്ത് രണ്ട് തറയും അകത്തു രണ്ടു തറയും ഉണ്ടാവും. വീടിന്റെ പുറത്തെ തറയിൽ മൗലൂദ് തുടങ്ങി. ആളുകൾ എത്തിതുടങ്ങി. അകത്തു സ്ത്രീകൾ ഭയത്തിലും സങ്കടത്തിലും ആകാംഷയോടെ കാത്തിരിക്കുന്നു. സദ്യക്കുള്ള തയ്യാറെപ്പുകളും നടക്കുന്നുണ്ടായിരുന്നു. ഞങ്ങളെ ഓരോരുത്തരായി സുന്നത്ത് നടത്താൻ ഒരുക്കിയ പന്തലിലേക്ക് കൊണ്ടു പോയി. ആദ്യം കാസ്മിക്കോയ, പിന്നെ ഞാൻ, മൂന്നാമതായി ഹംസക്കോയ. കരച്ചിൽ കേൾക്കാതിരിക്കാൻ മൗലൂദിന്റെ ശബ്ദം കൂടി കൂടി വന്നു. ഒരു സ്റ്റൂളിൽ ഒസ്സാൻ ഇരിക്കുന്നു. മുമ്പിൽ വരിഞ്ഞു മുറുക്കി കെട്ടിയ ഒരു മൂട അരിക്ക് പുറത്തു എന്നെ ഇരുത്തി രണ്ടു പേർ കയ്യും കാലും പിടിച്ചു. ഒസ്സാൻ പക്കത്തുണ്ടായിരുന്ന ഒരു പൂവൻ കോഴിയുടെ പൂവ് മുറിച്ചു കത്തിയുടെ മൂർച്ച നോക്കി. എന്നിട്ട് ഒരു കുടിൽ കൊണ്ട് തൊലി വലിച്ചു നീട്ടി ഒരൊറ്റ മുറി മുറിച്ചു. എന്നിട്ട് എന്റെ തുടയിൽ ഒരടി. രക്തം തെറിച്ചു വീണു. കൂടെ വന്നയാൾ പൊക്കി എടുത്തു കൊണ്ടു പോയി അകത്തു തറയിൽ കിടത്തി. ഒസ്സാൻ വന്നു മരുന്നു പുരട്ടി തുണികൊണ്ടു വരിഞ്ഞു കെട്ടി. പേടിച്ചു വിറച്ചു എന്നും കരഞ്ഞു എന്നും പറയേണ്ടതില്ല. കൂടുതൽ കരഞ്ഞത് ഉമ്മയും പെങ്ങൾമാരും.

അങ്ങനെ ഒരാഴ്ചയോളം കിടപ്പ് തന്നെ. രക്തം രണ്ടു ദിവസം തളം കെട്ടി കിടന്നിരുന്നു. അതിനായി അരക്കെട്ടിനു താഴെ വാഴയില വെച്ചിരുന്നു. ഉണങ്ങാൻ രണ്ടു ആഴ്ച എടുത്തു. ദിവസവും പുളി ഇല ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ധാര നൽകും. വേദന സഹിക്കൽ തന്നെ. ഉണങ്ങിയശേഷം കുളി കഴിഞ്ഞു പുതിയ വസ്ത്രം ധരിച്ചു വീണ്ടും മുഹീദ്ദീൻ പള്ളിയിൽ ചെന്നു മേൽകയ്യിൽ കെട്ടിയ തണ്ടം കൊണ്ടു ചെന്നു അഴിച്ചു കൊടുത്തു. അന്ന് മൂന്നാമത്തെ സദ്യ.

ആദ്യമായി ലക്ഷദ്വീപിനായി ഒരു അഡ്മിനിസ്ട്രേറ്റർ വരുന്നത് 1956 നവമ്പർ ഒന്നിന് ആണ്. ലക്ഷദ്വീപിൽ അന്ന് ഒരു ഓഫീസർ ഇൻ ചാർജ്ജ് ആയി ഉണ്ടായിരുന്ന ശ്രീ യു.ആർ. പണിക്കർ ചാർജ് എടുത്തു നവമ്പർ ഏഴ് വരെ ആദ്യത്തെ അഡ്മിനിസ്ട്രേറ്റർ ആയി പ്രവർത്തിച്ചു. 1956 നവംബർ എട്ടിനു എസ്.മണി.ഐ എ എസ്, ലക്കഡീവ് മിനിക്കോയി അമീൻഡീവി ഐലന്റ് അഡ്മിനിസ്ട്രേറ്റർ ആയി കോഴിക്കോട്ട് ചേവായൂർ ഓഫീസിൽ ചാർജ് എടുത്തു. അദ്ദേഹം 1958 സപ്തംബർ 21 വരെ തുടർന്നു. അദ്ദേഹത്തിന്റെ പേര് മണി എന്നായത് കൊണ്ട് ദ്വീപുകാർ പിന്നീട് വന്ന അഡ്മിനിസ്ട്രേറ്റർമാരെ എല്ലാവരേയും ‘മണിസായിബ്’ എന്ന് വിളിച്ചിരുന്നു.

1954 ൽ മദ്രാസ് ഗവർണർ ശ്രീപ്രകാശ് കൽപേനി ദ്വീപ് സന്ദർശനം നടത്തി. അന്ന് ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വരവിനു ഒരു മാസം മുമ്പേ ഇരുമ്പ് തൊപ്പിക്കാരായ പൊലീസും പട്ടാളവും കൽപേനിയിൽ എത്തി. നാട്ടുകാരായ ആമീനും പ്രമാണിമാരും സ്വീകരണം നൽകുന്നതിനായുള്ള തയ്യാറെടുപ്പ് തുടങ്ങി. അത് എങ്ങിനെ എന്നതിനു ഒരു മുൻനിര അറിവും വിവരവും അവർക്ക് ഇല്ലായിരുന്നു. അതിനായി മദ്രാസിൽ നിന്നും ഉദ്യോഗസ്ഥർ എത്തി. മുഹിയുദ്ദീൻ പള്ളിക്ക് തെക്ക് ഭാഗത്ത് ബ്രിട്ടീഷ്കാരുടെ കപ്പൽ ‘അലക്സാന്ഡ്രിയാ’ നങ്കൂരം ഇടാറുള്ള സ്ഥലത്ത് തന്നെ അദ്ദേഹം വരുന്ന കപ്പൽ നങ്കൂരം ഇടുമെന്ന് മുൻകൂട്ടി അറിവ് കിട്ടി. അവിടെ നിന്ന് തോണിയിൽ ഇറങ്ങാൻ പള്ളിയുടെ വടക്ക് ഭാഗത്തായി ഒരു പാലം നിർമ്മിക്കുന്നത് ആവശ്യം ആയി. ആ പാലം നിർമ്മിക്കുന്നതിനുള്ള ജോലി ദ്വീപുകാർ സന്നദ്ധ സംഘമായി തുടങ്ങി. തെങ്ങ് വെട്ടി കടലിൽ പൂഴ്ത്തി വെച്ച് അതിൽ ആശാരിമാർ പാലം നിർമ്മിക്കുന്നത് അൽഭുതം ആയി തോന്നി. അത് മാത്രമല്ല തെക്ക് ഭാഗത്ത് ആ ഫിലിം മുതൽ റീഫ് വരെ കല്ലും പാറയും മാറ്റി ഒരു അഴിമുഖവും തയ്യാറാക്കി.

അദ്ദേഹം വരുന്നതിനു മുമ്പ് മുഹിയുദ്ദീൻ പള്ളി മുതൽ സ്കൂൾ വരെയുള്ള വഴി നീളത്തിൽ വൃത്തിയാക്കി. അതിൽ നീളത്തിൽ കിടക്ക വിരിച്ചു. അതിലൂടെ ഗവർണർ നടക്കാൻ…!! ആ വഴിയുടെ

ഇരു വശത്തും തോരണങ്ങളും വാഴക്കുലയും തൂക്കി ഇട്ടു. അത് ഒരു ആഘോഷം തന്നെ ആയിരുന്നു. എങ്കിലും ഗവർണർ കപ്പൽ ഇറങ്ങി വരുമ്പോൾ ഇരു വശത്തും നിരനിന്നിരുന്ന ഇരുമ്പ് തൊപ്പിക്കാരായ മദ്രാസിൽ നിന്നും വന്ന പോലീസുകാരെ ഭയന്ന് ജനങ്ങൾ ആരും തന്നെ അടുത്തില്ല. അവർ ദൂരെ മാറി നിന്ന്, തെങ്ങിന്റെ ഓരത്തും, വീടിന്റെ മറയത്തും നിന്നും നോക്കി കണ്ടു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഞങ്ങൾ കുട്ടികൾ പുതുവസ്ത്രം അണിഞ്ഞ് മുഖ്യാഥിതിയെ കാണാൻ സ്ക്കൂളിൽ കാത്തിരിക്കുകയിയിരുന്നു. ഞങ്ങൾക്ക് ഗവർണർ സ്കൂളിൽ കയറി വരുമ്പോൾ ‘നമസ്കാരം ….’ എന്ന് എല്ലാവരും ഒന്നിച്ചു ഉറക്കെ പറയാൻ പഠിപ്പിച്ചു വെച്ചിരുന്നു.

ഗവർണർ തെക്ക് കുന്നാംകുലം വീട്ടിന്റെ മുമ്പിൽ എത്തിയപ്പോൾ അദ്ദേഹം ഈ വീട് കാണണം എന്ന് പറഞ്ഞു; ആ വീട്ടിൽ കയറി. സ്ത്രീകളും കുട്ടികളുമടക്കം ഭയന്ന് ഒളിച്ചു വെങ്കിലും പ്രായമുള്ള ബീത്താത്ത എന്ന സ്ത്രീ കൈ കൂപ്പി വന്ന് പരാതികൾ പറഞ്ഞു. “ഞങ്ങൾക്ക് ഡോക്ടർ വേണം. ആശുപത്രി വേണം.”…. എന്നൊക്കെ. അദ്ദേഹം അത് സമ്മതിച്ചു. അദ്ദേഹം സ്കൂളിൽ വന്നു. എല്ലാവർക്കും മുട്ടായിയും പുസ്തകങ്ങളും നൽകി. ഇന്നത്തെ സൊസൈറ്റി കെട്ടിടത്തിനടുത്ത് സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്ത് നിർമിച്ച സ്റ്റേജിൽ പ്രസംഗിച്ചു. പിന്നീട് കച്ചേരിയിൽ ചെന്നു ആമീൻ, കച്ചേരികാരണവർ, മറ്റു നാട്ടുപ്രമാണിമാർ എന്നിവരെ കണ്ടു. സംസാരിച്ചു. തിരിച്ചു പോയി. അദ്ദേഹം നല്ല പൊക്കമുള്ള കുടവയറുള്ള വ്യക്തിയായിരുന്നു. വെള്ളനിറമുള്ള നീളകുപ്പായവും വെള്ള നിറമുള്ള പൈജാമയും (സാൽവാർ കമ്മീസ്) ഗാന്ധി തൊപ്പിയും ധരിച്ചിരുന്നു.

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഒരു വോളിബോളും നെറ്റുമായി പി.എം. ജോസഫ് വന്നത്. പി.എം.ജോസഫ് അന്ന് കോഴിക്കോട് പുതിയറയിലുള്ള ലക്ഷദ്വീപ് ഓഫീസിലെ ഏക എൽ.ഡി.ക്ലാർക്ക് ആയിരുന്നു. പി.എം.ജോസഫിനോടൊപ്പം ഒരു സ്കൂൾ ഇൻസ്പെക്ടിംഗ് ഓഫീസർ കൂടി ഉണ്ടായിരുന്നു. സ്കൂളിനു മുൻവശത്ത് ഒരു കോർട്ട് ഉണ്ടാക്കി ആദ്യമായി വോളിബോൾ കളി തുടങ്ങി. പല മത പണ്ഡിതൻമാരും കളി ഹറാമാണെന്ന് പറഞ്ഞ് കുട്ടികളെ കളിയിൽ നിന്നും പിന്തിരിപ്പിച്ചു.

അക്കാലത്ത് തന്നെ ഒരു റേഡിയോ ആശുപത്രിയുടെ പടിഞ്ഞാറൻ ചരിവിൽ സ്ഥാപിച്ചു .എല്ലാ വൈകുന്നേരവും വാർത്തയും പാട്ടും വെക്കുകയും അത് കേൾക്കുന്നതിന് കൂട്ടമായി ആണും പെണ്ണും കുട്ടികളും ഇപ്പോഴത്തെ സൊസൈറ്റി കെട്ടിടത്തിനു കിഴക്ക് വശത്തുള്ള ആശുപത്രി കെട്ടിടത്തിനു മുന്നിൽ വിരിച്ച വെളുത്ത മണലിൽ നേരത്തെ എത്തി കാത്ത് ഇരിക്കുകയും ചെയ്യുമായിരുന്നു. എന്റെ അമ്മാമൻ കമ്പൗണ്ടർ ആയ അമ്പോയ എന്ന മുഹമ്മദ് കോയ ആയിരുന്നു റേഡിയോ ഓപറേറ്റ് ചെയ്തിരുന്നത്.

1955 ൽ ഞാൻ നാലാം ക്ലാസിൽ പഠിക്കുന്ന സമയം. എന്റെ ജേഷ്ഠൻ ഇയ്യ (സെയ്ത് ശൈക്കോയ)യും ഇയ്യയുടെ കൂട്ടുകാർ എല്ലാവരും ദ്വീപിൽ ആറാം ക്ലാസ് കഴിഞ്ഞു കോഴിക്കോട്ടിനടുത്തുള്ള എലത്തൂർ സി.എം.സി ഹൈസ്കൂളിലേക്ക് ഉപരിപഠനത്തിനായി പോയിരുന്നു.

അവർ എല്ലാവരും ഓടത്തിൽ കയറി നേരത്തെ എലത്തൂരിലെത്തി. ജേഷ്ഠൻ ഇയ്യയെ വിട്ടു പിരിയാൻ ഉമ്മ സമ്മതിച്ചില്ല. എല്ലാ ഉമ്മമാർക്കും ഉള്ളത് പോലുള്ള അല്ലെങ്കിൽ അതിൽ കവിഞ്ഞ ഉമ്മയുടെ സ്നേഹക്കൂടുതലായിരുന്നു പ്രശ്നം. ബാപ്പയും താൽപര്യം എടുത്തില്ല. കൂട്ടുകാരല്ലാരും വൻകരയിലെത്തിയതും ജേഷ്ഠൻ ഇയ്യ കരയാനും ഭക്ഷണം കഴിക്കാതെ കിടന്നുരുളാനും തുടങ്ങി. പ്രതിഷേധം ദിനംപ്രതി കൂടി വന്നു. ബാപ്പക്ക് ഇയ്യയെ കോഴിക്കോട്ടേക്ക് അയക്കുന്നതിനോട് യോജിപ്പായിരുന്നു എങ്കിലും ഇടവത്തിലെ അവസാനത്തെ ഓടവും സ്ഥലം വിട്ടിരുന്നു. കപ്പൽ ഒന്നും ഇല്ലാത്ത കാലം. എന്നാൽ ഇടവത്തിലെ അവസാനത്തെ ഓടവും പുറപ്പെട്ടു കഴിഞ്ഞതിനാൽ നിസ്സഹായത….!!

മിനിക്കോയി ദ്വീപുകാരുടെ ഓടി കണ്ണൂരിലേക്ക് പോകുമ്പോൾ കൽപേനിയിൽ എത്തി കുടിവെള്ളം ഓടിയിൽ കയറ്റി പോകുന്നത് പതിവായിരുന്നു. അപ്പോൾ അങ്ങനെ ഒരു ഓടി കണ്ണൂർ പോകുന്ന വഴി കൽപേനിയിൽ എത്തി. അവരുടെ വേഷവും ആചാരങ്ങളും തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. സംസാരം നമുക്ക് ഒട്ടും മനസ്സിലാവുകയുമില്ല. അവരിൽ വളരെ കുറച്ചു പേർക്ക് മലയാളം പറയുന്നത് കുറച്ചൊക്കെ മനസ്സിലാക്കാനാവും എന്ന് മാത്രം. ഞങ്ങൾ കുട്ടികളും സ്ത്രീകളും കിഴക്ക് ഭാഗത്തെ കടപ്പുറത്ത് ഇവരെ കാണാൻ തടിച്ചു കുടുമായിരുന്നു.

അപ്പോൾ ജേഷ്ഠനു അവരോടൊപ്പം വൻകരയിലേക്ക് പഠിക്കാൻ പോകണമെന്ന് വാശിയായി. ജേഷ്ടനു അന്ന് വയസ്സ് പതിമൂന്ന് മാത്രം. ബാപ്പക്ക് അവരോടൊപ്പം അയക്കുന്നതിനു സമ്മതം ഉണ്ടെങ്കിലും ഉമ്മയ്ക്കാണെങ്കിൽ അത് അസഹനീയം തന്നെ. തർക്കവും പ്രേരണയും തുടർന്നു. ആ ഓടി ദ്വീപോടത്തിനെക്കാളും ഇരട്ടി വലിപ്പവും പന്ത്രണ്ട് പായയുമുള്ള ഒരു പത്തേമ്മാരിയായിരുന്നു. ദ്വീപോടങ്ങൾ പുറത്ത് കറുത്ത താർ തേച്ചു പിടിപ്പിക്കുമ്പോൾ അവരുടെ ഓടിയുടെ പുറം വെളുത്ത പെയിന്റ് തേച്ചു മിനുക്കിയതായും കണ്ടിരുന്നു. കാണാൻ നല്ല ചന്തം. അന്ന് ആ ഓടിയിൽ മിനിക്കോയി ആമീനും ഉണ്ടായിരുന്നു. ആമീനു അൽപസ്വൽപം മലയാളം സംസാരിക്കാനറിയും. ബാപ്പക്ക് ആ ആമീനെ മുൻപരിചയവും ഉണ്ട്. ബാപ്പ ഒരു ആട്ടിനെ അറുത്ത് ആ ഓടിയിലുള്ള എല്ലാവരേയും വീട്ടിലേക്ക് ഭക്ഷണത്തിനു ക്ഷണിച്ചു. അവർ സമ്മതിച്ചു. ഭക്ഷണം കഴിഞ്ഞ് ജേഷ്ഠനെ അവർക്ക് പരിചയപ്പെടുത്തി. കണ്ണൂരിലേക്ക് അവനു നിങ്ങളോടൊപ്പം വരാനാഗ്രഹമുണ്ടെന്നതും അവതരിപ്പിച്ചു. ആമീൻ സമ്മതിച്ചു. പിന്നെ ഉമ്മയുടെ വഴക്കും കരച്ചിലുമായി. അവസാനം മനസ്സില്ലാമനസ്സോടെ ജേഷ്ഠന്റെ അപരിചിതരോടൊപ്പമുള്ള ഒറ്റക്കുള്ള കടൽ യാത്രക്ക് ഞങ്ങളെല്ലാവരും സാക്ഷിയായി.

അങ്ങനെ ജേഷ്ഠൻ ഇയ്യ കൂട്ടുകാരോടൊപ്പം എലത്തൂരിലെത്തി പഠനം തുടങ്ങി. അടുത്ത വെക്കേഷനിൽ അവർ എല്ലാവരും ദ്വീപോടത്തിൽ കൽപേനിയിൽ വരുന്നുണ്ടായിരുന്നു. അന്ന് ടെലിഫോണില്ല. അത്യാവശ്യമായി വയർലെസ്സിലൂടെ (കമ്പിയില്ലാ കമ്പി) വാർത്തകൾ അയക്കാനാവും. എന്നാലും കുടുംബത്തിലെ അതിനു മുമ്പ് വന്ന ഓടക്കാർ പറഞ്ഞതനുസരിച്ച് അവർ അടുത്ത ഓടത്തിൽ വരുന്ന വിവരം അറിഞ്ഞു.

ഞങ്ങൾ ഇവരെ സ്വീകരിക്കാൻ ഓടം വരുന്നതും കാത്തിരിപ്പായി. അപ്പോളതാ കൂക്കി വിളി കേൾക്കുന്നു…
ഉഊ…ഊഊ…. അത് ദ്വിപിൽ മുഴുവനും ഏറ്റു പിടിച്ചു.
ഞങ്ങൾ കുട്ടികൾ പടിഞ്ഞാറെ കടപ്പുറത്തേക്ക് ഓടി ചെന്നു. ഓടം കാണാനില്ല. ആരോ തെങ്ങിൻ മുകളിൽ വെച്ച് പായത്തല കണ്ടതാണെന്നും, കുറച്ചു സമയം കൂടി കഴിഞ്ഞാൽ മാത്രമേ നമുക്ക് കാണാനാവൂ എന്നും പ്രായമുള്ളവർ പറഞ്ഞു. ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നു. മുതിർന്നവർ വെളുത്ത മണലുള്ള കടപ്പുറത്ത് പടക്കളിയും എട്ട് കളിയും തുടങ്ങി. ഞങ്ങൾ കുട്ടികൾ കടൽ തീരത്തു കൂടെ വടക്ക് ആൾ താമസമില്ലാത്ത ഭാഗത്തേക്ക് നടന്നു. കുറച്ചു കഴിഞ്ഞു അതാ ഓടത്തിന്റെ പായ വടക്ക് ചെറിയം ദ്വീപിന്റെ വടക്കേ അറ്റത്ത് കൂടെ പ്രത്യക്ഷപ്പെടുന്നു.
ഓടം അളിവി യിലൂടെ ബില്ലത്തിൽ കയറിയതും ഞങ്ങൾ തിരികെ നടന്നു. അവർ ഇറങ്ങുന്നതും കാത്തിരുന്നു. അങ്ങനെ എലത്തൂരിൽ നിന്നും വന്ന വിദ്യാർഥികൾ രണ്ടും മൂന്നും പേരായി ബർക്കാസിൽ ഇറങ്ങി. അവർ പന്ത്രണ്ട് പേരുണ്ടായിരുന്നു. ജേഷ്ഠൻ ഇയ്യയോടൊപ്പം ദേരാ ബംബൻ എന്ന പുതിയഇല്ലം സെയ്ദുകോയ, സായിബ് എന്ന് വിളിച്ചിരുന്ന ചേര്യന്നല്ലാൽ കുന്നിക്കോയ, പൊക്കരാപ്പാട ഹംസക്കോയ ബംബൻ, കുന്നാംകുലം മുഹമ്മദ്കോയ ബംബൻ, കുന്നാംകുലം സെയ്ദ്കോയ, കുന്നാംകുലം ആറ്റക്കോയ, പൂവിനോട ശൈക്കോയ, ചെമ്മങ്കാത്ത് അബ്ദുല്ലക്കോയ, ആച്ചാമ്മാട കാസ്മിക്കോയ, ആലിക്കാക്കാട മുത്തുകോയ, ചേര്യന്നല്ലാൽ സെയ്ദ്മുഹമ്മദ് കോയ, പീച്ച്യത്ത് സെയ്ദ്മുഹമ്മദ്കോയ (ബാവാ) എന്നിവരായിരുന്നു അവർ.

അങ്ങോട്ട് പോയതിനു ശേഷം അവരുടെ രൂപത്തിലും, വേഷത്തിലും, ഭാവത്തിലും ഗണ്യമായ വ്യത്യാസം കാണാമായിരുന്നു. പ്രത്യേകിച്ച് നീലം മുക്കിയെടുത്ത് കഞ്ഞിവെള്ളത്തിൽ മുക്കി ഉണക്കി ഇസ്ത്രിരി ഇട്ട വെള്ള ഫുൾ സ്ലീവ് ഷർട്ട് എല്ലാവരും ഷർട്ടിന്റെ കൈ ചുരുട്ടി കൈമുട്ടിനു മുകളിൽ മടക്കി വെച്ചത് ഇന്നും മറക്കാതെ മായാതെ മനസ്സിൽ കിടപ്പുണ്ട്. അക്കാലത്ത് പേസ്റ്റും ബ്രഷും ഉപയോഗിച്ച് പല്ല് തേക്കുന്നതും ഇസ്തിരി വെച്ച് ഷർട്ട് ധരിക്കുന്നതും, ചെരിപ്പ് ധരിക്കുന്നതും, മുഖത്ത് പൗഡർ ഇടുന്നതും, ചീർപ്പ് ഉപയോഗിച്ച് തലമുടി ചീകുന്നതും നാട്ടിൽ അവർ മാത്രം.

അക്കാലത്ത് ആഗസ്ത് 15, ജനവരി 26 എന്നീ ദിവസങ്ങൾ ആർഭാടമായി ആഘോഷിക്കുമായിരുന്നു. ആമീൻ കച്ചേരിയിലെ പടിഞ്ഞാറ് ഭാഗം തെങ്ങ് നടാതെ വെളുത്ത മണൽ വിരിച്ചു കടപ്പുറം വരെ നിലനിർത്തിയിരുന്നു. പിന്നീട് അവിടെ പോലീസ് സ്റ്റേഷൻ നിർമ്മിച്ചു അതിന്റെ ഭംഗി കളഞ്ഞു. അവിടെ ഓട്ടം, ചാട്ടം, ചാക്കിട്ടു തുള്ളൽ, കണ്ണ് കെട്ടി കലം ഉടക്കൽ, കമ്പ വലി തുടങ്ങി വിവിധയിനം മൽസരങ്ങളും സമ്മാനദാനവും കുട്ടികൾക്കും മുതിർന്നവർക്കും വെവ്വേറെ നടത്തുമായിരുന്നു. സ്കൂളും കച്ചേരി പരിസരവും തോരണം കൊണ്ട് അലങ്കരിച്ചിരുന്നു. പതാക ഉയർത്തിയ ശേഷം മുട്ടായി വിതരണവും നടത്തുന്നത് പതിവായിരുന്നു.

എല്ലാ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും സ്റ്റേജ് കെട്ടി ഉണ്ടാക്കി ടിക്കറ്റ് ഇല്ലാതെ നാടകവും കളിച്ചിരുന്നു. ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പി.ഐ.കോയക്കിടാവ്കോയ അഭിനയിച്ച ഒരു നാടകം കാണാനിടയായത് ഓർമയിൽ ഉണ്ട്. ഇന്നത്തെ സൊസൈറ്റി ബിൽഡിംഗിന്റെ കിഴക്ക് വശത്ത് സ്റ്റേജ് കെട്ടി ടിപ്പു സുൽത്താൻ ചരിത്രം അവതരിപ്പിച്ചു. മൂസോകാക്കാട ഉവ്വ ആയിരുന്നു ടിപ്പു സൽത്താൻ. അതിന്റെ ഇടയിൽ തമാശ രംഗങ്ങൾ നടത്തി. പി.ഐ.കോയക്കിടാവ് കോയ ഒരാളെ കിടത്തി കോയ ഒരു കാൽ പൊക്കി വെച്ചിട്ട് മറ്റേ കാൽ പൊക്കുമ്പോൾ ആദ്യത്തെ കാൽ സ്വയം താഴും. അങ്ങനെ കാലും കൈയ്യും മാറി മാറി ചെയ്തപ്പോൾ എല്ലാവരും കുടു കുടാ ചിരിക്കും. പല തരം മാജിക്കും കോയ കാണിച്ചു തന്നു.

അതിനു ശേഷം സ്കൂൾ ലൈബ്രറിയിൽ നിന്നും നാടക പുസ്തകം വാങ്ങി ഞങ്ങളും നാടകം കളിച്ചു തുടങ്ങി. കുന്നാംകുലം സെയ്ത് മുഹമ്മദ് കോയ ആയിരുന്നു അതിന്റെ സംഘാടകൻ. മണ്ണേൽ കാസ്മിക്കോയ ഇങ്കയും ഞങ്ങളുടെ പ്രായത്തിലുള്ള വേറെ കുറെ പിള്ളേരും കൂടി എന്റെ വീടിന്റെ പിറകു വശത്തും, മണ്ണേൽ വീട്ടിന്റെ കിഴക്ക് വശത്തും ബാണിയം വീട്ടിന്റെ തെക്ക് വശത്തും സ്റ്റേജ് കെട്ടി നാടകം കളിച്ചു. കുട്ടികളും മുതിർന്നവരും, സ്ത്രീകളും കാണാൻ വന്നിരുന്നു. ഒരിക്കൽ രാത്രിയിൽ നാടകം നടന്നു കൊണ്ടിരിക്കുന്നപ്പോൾ അതിൽ പങ്ക് ചേർക്കാത്തതിനു ഒരുത്തൻ ആരും കാണാതെ സ്റ്റേജിന്റെ അടിയിൽ കെട്ടിയ കയർ മുറിച്ചു സ്റ്റേജടക്കം ഞങ്ങൾ വീണതോർമ്മയുണ്ട്. ആളെ പിടികൂടി എങ്കിലും പ്രശ്നമായില്ല.

അക്കാലത്ത് കുട്ടികൾക്ക് വീടിനു പുറത്ത് സമയം ചെലവഴിക്കാൻ അവസരങ്ങൾ കുറവാണെങ്കിലും ഓലപ്പന്തുകളി, തുക്കളി, എട്ടുകളി, തൊട്ടച്ച് ഓടൽ, പൊത്തെ പൊത്തെ, മറയും കൂടലും തുടങ്ങിയ കളികളും വിനോദങ്ങളും ഉണ്ടായിരുന്നു. വീടിനടുത്ത് പുൽമേടുകളും മൈതാനവും സർവ്വ സാധാരണം ആയിരുന്നു. കുറച്ചു വലുതായി വരുമ്പോൾ കുട്ടിയും കോലും, മടൽ ചാടൽ, നീന്തൽ തുടങ്ങിയ വിനോദങ്ങളും ഉണ്ടായിരുന്നു.

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഉജ്റാ പള്ളിയുടെ മുറ്റത്ത് വെച്ച് ദിക്റ് പഠനത്തിന് ചേർന്നു. ദിക്റ് എന്നാൽ അന്ന് അർബന നൃത്തം ആണ്. അക്കാലത്ത് പലരും പാട്ടും മൗലൂദും പഠിക്കുമായിരുന്നു. എന്നാൽ അതിനു എനിക്ക് മൗലൂദും, പാട്ടും പഠിക്കാൻ അവസരം കിട്ടിയില്ല. അക്കാലത്ത് കൽപേനിയിൽ നന്നായി ദോലിപ്പാട്ട് പാടുന്നവർ ഉണ്ടായിരുന്നു.

 


   

Leave a Reply

Your email address will not be published. Required fields are marked *