ളിറാർ എന്ന പാട്ടു മാന്ത്രികൻ

ളിറാർ പാടുമ്പോൾ അയാളുടെ മുന്നിൽ ഇരുന്ന് ഞാൻ ധ്യാനിച്ചിട്ടുണ്ട്. ആ ശബ്ദത്തിന് ഒരു മാസ്മരിക താളമുണ്ട്. കേൾക്കുന്തോറും നമ്മെ ലഹരിപിടിപ്പിക്കുന്ന ഒരു ഇഷ്ഖിൻ്റെ പിരാന്തുണ്ടതിൽ. അമ്മേനിയിൽ ചെന്നപ്പോയാണ് ളിറാറിൻ്റെ കുടുംബ പശ്ചാത്തലം മനസിലാക്കാനായത്. ലക്ഷദ്വീപ് സംഗീതത്തിലെ ഡോലിപ്പാട്ടും സൂഫി പാട്ടുകളും സഫീനാ പാടി പറകലിലൂടെയും രൂപപ്പെട്ടു വന്ന ഒരു കുടുംബം. എന്ത് തിരക്കുണ്ടായാലും പാട്ടിന് വേണ്ടി എല്ലാം മാറ്റിവെച്ച് പാട്ടുപാടുന്ന ഒരു കുടുംബത്തെ നമുക്ക് ഒരു പക്ഷെ വേറേ എവിടേയും കാണാനാവില്ല. ദാരിദ്രിയമോ അഹംഭാവമോ ഏശാതെ ആ കുടുംബം തലമുറകളുടെ തുടർച്ചയിൽ ഇപ്പോഴും പാടിക്കൊണ്ടിരിക്കുന്നു. ഈ കുടുംബത്തിന് പാട്ടുപാരമ്പര്യത്തിൻ്റെ തുടർച്ച ലഭിക്കുന്നത് മൂന്നൂറ് സൂഫി ഗാനങ്ങൾ മന:പാഠമുണ്ടായിരുന്ന അവരുടെ ഉപ്പൂപ്പ പുതിയത്തക്കൽ കിടാവ്കോയാ ഹാജിയിൽ നിന്നാണ്. അബ്ദുറസാക്ക് മസ്താൻ്റെയും ഇച്ചാ മസ്താൻ്റെയും ഇശ്ഖ് നിറഞ്ഞ സൂഫി ഗാനങ്ങൾ നെഞ്ചിലേറ്റി നടന്ന ഒരു ദ്വീപുകാരൻ അന്ന് ഈ സൂഫിവര്യന്മാരുടെ ചുവടുകൾ പിൻപറ്റി ഏകാന്തവഴികളിൽ എവിടെയെല്ലാം യാത്ര ചെയ്തിട്ടുണ്ടാവും. അദ്ദേഹം മംഗലാപുരം ബന്ദർ ജുമാ മസ്ജിദിലാണ് മറപ്പെട്ട് കിടക്കുന്നത്. ആ മനുഷ്യൻ കുടുംബ സ്വത്തായി തൻ്റെ മകൻ വളപ്പ് ചെറിയകോയാക്ക് പാട്ടു പടിപ്പിച്ചു. അമിനി നാട്ടാചാരത്തിൽ സുന്നത്ത് കല്യാണത്തിൻ്റെ രണ്ടാം നാൾ ഐയ്യേക്കുഞ്ഞിയുടേയും സംഘത്തിൻ്റെയും സഫീന പാട്ടാണ്.

വളപ്പ് കോയാനെ നാട്ടുകാർ ആദര വോടെ വിളിക്കുന്ന പേരാണ് ഐയ്യേകുഞ്ഞി. കോയാ സഫീന പാടി തുടങ്ങിയാൽ ഹസ്റത്ത് അലി (റ) തങ്ങൾ യുദ്ധക്കളത്തിലേക്ക് ഇറങ്ങി വന്ന് ശത്രു സന്നാഹത്തോട് ധീരമായി പൊരുതുന്നത് അനുവാചകന് കാണാനാവും. വാക്കുകളിലും നാടകീയതയിലും ഓരോ രംഗവും അനുഭാവിപ്പിച്ചു കൊണ്ടാണ് സഫീനാ മുന്നേറുക. കോയാൻ്റെ പാട്ടു ശേഷിപ്പുകൾ മൂത്ത മൂത്തപോലെ ‘റകെ മാറ്റം ചെയ്യപ്പെടുന്നു. ഇപ്പോൾ ഏറ്റവും മൂത്ത മകൻ ആറ്റക്കോയക്കാണ് ഇജാസ്യത്ത്.
സൂഫിസത്തിൻ്റെ ലഹരി തേടിയുള്ള ളിറാറിൻ്റെ യാത്രകളിലെല്ലാം അദ്ദേഹത്തിൻ്റെ പാട്ടും യാത്ര ചെയ്യുന്നു. മെലിഞ്ഞ് നീണ്ട് അലസനെന്ന് തോന്നുന്ന പ്രകൃതം ഒരു ചെറിയ കാലിക്കുപ്പിയോ അല്ലെങ്കിൽ ഏതെങ്കിലും വാദ്യോപകരണമോ കൊടുത്ത് പാട്ടിനിരുത്തിയാൽ ളിറാർ അടിമുടി മാറി മറിയും. പാടിപാടി മുന്നേറുന്തോറും ശത്രുക്കളെയെല്ലാം കീഴ്പ്പെടുത്തി മുന്നേറുന്ന ഒരു സഹാബിയെപോലെ ളിറാറിൻ്റെ പാട്ട് ആകാശത്തിനും മേലേ പാറിപ്പറക്കും. പാട്ട് പാടുന്തോറും ളിറാറിൻ്റെ ചോര ഞരമ്പുകളിൽ ഊർജ്ജത്തിൻ്റെ ഒരു ജീവൻ പ്രവാഹം സംഭവിക്കുന്നതുപോലെ നമുക്കനുഭവപ്പെടും. അത് നമ്മളേയും ധ്യാനത്തിൻ്റെ ആഴങ്ങളിലേക്ക് ഇറക്കി കൊണ്ടുപോവും.

അശ്രഫ് പാലപ്പെട്ടിയും ഒ. എം കരുവാരക്കുണ്ടും പട്ടുറുമാൽ ശമീറും ഇസ്മത്ത് ഹുസൈനും ജിറാറിൻ്റെ ഉമ്മയോടും സഹോദരൻ ഉമറിനുമൊപ്പം


കേരളത്തിലെ പ്രശസ്തരായ മാപ്പിളപ്പാട്ട് രചയ്താക്കളായ ഒ.എം. കരുവാരക്കുണ്ടും അശ്രഫ് പാലപെട്ടിയും ഗായകൻ ശമീർ പട്ടുറുമാലുമൊന്നിച്ച് ളിറാറിൻ്റെ ജേഷ്ടൻ ഉമറിനോടൊപ്പം മൂത്ത ജേഷ്ഠൻ ആറ്റക്കോയാനെ സന്ദർശിക്കാൻ ചെന്നപ്പോൾ പരമ്പരാഗത മായി കൈമാറി വരുന്ന പാട്ടെഴുത്ത് പുസ്തകം ഞങ്ങൾക്ക് കാണിച്ച് തന്നിരുന്നു. ലക്ഷദ്വീപിൻ്റെ സാംസ്കാരിക സാഹിത്യ പാരമ്പര്യം നിലനിൽക്കുന്നത് തന്നെ പാട്ട് പാരമ്പര്യത്തിലാണ്. നാടൻ പാട്ടുകളും കഥാഗാനങ്ങളും സഫീന പാട്ടുകളിലും പുറപ്പാട്, വഴിനീളം, ഒപ്പന, വാമൊഴി പാട്ടുകളിലും സൂഫി സംഗീതത്തിലും വിശാലമായിക്കിടക്കുന്ന ഈ പാട്ടു പാരമ്പര്യത്തെ അണയാതെ കാത്തുസൂക്ഷിക്കേണ്ടത് ലക്ഷദ്വീപ് സംസ്കൃതിയുടെ അനിവാര്യതകൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *