തീരവും കടലും, മത്സ്യബന്ധനവും (പവിഴ ദ്വീപിൽ ഒരു ജീവിതം)

ഡോ.സീജി. പൂക്കോയ കൽപേനി


കൽപേനി കച്ചേരി പണ്ടാരത്തിലുള്ള ഇന്നത്തെ എസ് ബി സ്കൂളിൽ ആയിരുന്നു അന്ന് ഞങ്ങളുടെ പഠനം. ഒന്ന് മുതൽ ആറ് വരെയുള്ള ക്ലാസുകൾ ആ ഒരു ചെറിയ കെട്ടിടത്തിൽ തന്നെ. അത്ര മാത്രം വിദ്യാർത്ഥികളെ ഉണ്ടായിരുന്നുള്ളു. ചാരില്ലാത്ത നാടൻ ബെഞ്ചുകൾ. എല്ലാം നാട്ടുകാരുടെ സംഭാവന. വെച്ച് എഴുതാൻ ഡസ്ക്കില്ല. മീനമാസത്തിലെ മഴക്കാർ ഒട്ടും ഇല്ലാത്ത ഒരു നാൾ. ഉച്ച കഴിഞ്ഞു സ്കൂളിലെ കുളത്തിൽ വളർത്താൻ ലഗൂണിലെ കൊച്ചു കൊച്ചു മീനുകൾ പിടിക്കാൻ ഞങ്ങൾ ചെന്നിരുന്നു. അത് കൊണ്ട് നല്ല ക്ഷീണം. വൈകുന്നേരം സ്കൂളിൽ നിന്നും വീട്ടിൽ എത്തി. പുസ്തക സഞ്ചി അകത്തെ തറയിലേക്ക് വലിച്ചെറിഞ്ഞു അടുത്തുള്ള കയറ്റു കട്ടിലിൽ കിടന്നു, മയങ്ങിപ്പോയി. അന്നെനിക്ക് വയസ് പത്ത്. ഉമ്മ വന്നു തട്ടി ഉണർത്തി “എന്നേ…, ശാ യ കുടിപ്പേലിയാ…?” ചായയും പഴുത്ത ചക്ക പുഴുങ്ങിയതും തറയിൽ വെച്ചിരുന്നു. അത് കഴിച്ചു അസർ നിസ്കാരം പെട്ടെന്ന് കഴിച്ചു മുറ്റത്തേക്ക് പുറത്തിറങ്ങി. വടക്ക് ഭാഗത്താണ് മുറ്റം. ഇന്ന് പന്ത് കളിക്കാൻ പോകാൻ വയ്യ. വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മൈതാനത്ത് ഓല പന്തുമായി കുട്ടികൾ എത്തിക്കഴിഞ്ഞു. നല്ല ക്ഷീണം. ഞാൻ മുറ്റത്തുള്ള കൈതപ്പായ വിരിച്ച കയറ്റു കട്ടിലിൽ കിടന്നു. സൂര്യൻ പടിഞ്ഞാറു തെങ്ങിൻ തലയിൽ നിന്നും താഴ്ന്നിറങ്ങിയിരുന്നു. എന്റെ ചിന്തയിൽ എന്തൊക്കെയോ വന്നു പോയി. സ്കൂളിൽ ഒരു കിണർ ഉണ്ട്. കിണർ എന്നാൽ പടികളുള്ള ചെറിയ കുളം ആയിരുന്നു. അതിലെ വെള്ളം ആണ് സ്കൂളിൽ പാചകത്തിനു ഉപയോഗിക്കുന്നതും, കുടിക്കുന്നതും. അത് കൊണ്ടാണ് അതിനെ കിണർ ആയി കണക്കാക്കുന്നത്. ആ കിണറിൽ ഉണ്ടായിരുന്ന ‘കള്ളക്കീടം’ എന്ന കൊച്ചു കടൽ മൽസ്യം ആരോ കുട്ടികൾ കല്ലെറിഞ്ഞു ചത്തു പോയി. അന്വേഷിച്ചു എങ്കിലും ആളെ പിടി കിട്ടിയില്ല. അത് കൊണ്ട് ബംബൻ സേർ നാലാം ക്ലാസിൽ ഉള്ള എല്ലാ കുട്ടികൾക്കും ശിക്ഷ ആയിട്ട് ബില്ലത്തിൽ ചെന്നു ‘കള്ളക്കീടം’ പിടിച്ചു കൊണ്ടു വരാൻ കൽപിച്ചു. കള്ളക്കീടം ഒരു വിരലിന്റെ നീളം ഉള്ള വെള്ളയിൽ കറുത്ത വരകളുള്ള കാണാൻ ചന്തമുള്ള കൊച്ചു മത്സ്യം ആണ്. ഞങ്ങൾ നാലഞ്ചു കൂട്ടമായി പിരിഞ്ഞു അടുത്തുള്ള വീടുകളിൽ നിന്നും പഴയ തുണി വാങ്ങി ബില്ലത്തിന്റെ തീരത്തിനടുത്ത ഇടങ്ങളിൽ തുണി കൊണ്ട് കൊച്ചു കൊച്ചു മീനുകൾ പിടിച്ചു തുടങ്ങി. പലതും വഴുതിപ്പോയി. അവസാനം രണ്ട് കള്ളക്കീടം കിട്ടിയപ്പോൾ ആ പണി നിർത്തി. ആ മൽസ്യം തീരത്ത് നിന്നു കിട്ടിയ ഒരു കുപ്പിയിൽ കടൽ വെള്ളം നിറച്ചു അതിലാക്കി, എന്നിട്ട് കുറച്ചു നേരം തീരത്തിൽ കളിച്ചു നടന്നു. അവിടെ നങ്കൂരം ഇട്ടിരുന്ന ഒരു ബർക്കാസ് ബോട്ടിൽ ‘ബട്ടേലാപെട്ടി’ കളിച്ചു. എന്നിട്ട് കരയിൽ കയറി ഓടത്തിന്റെ പാണ്ടിയാലയിൽ ‘മറയും കുടയും’ കളിച്ചു. മറ്റുള്ളവർക്കും കിട്ടിയ മീനടക്കം ആകെ അഞ്ചെണ്ണം ഉണ്ടായിരുന്നു. അതായിരുന്നു എന്റെ ആദ്യത്തെ മൽസ്യബന്ധനം. ആ മൽസ്യവുമായി തിരിച്ചു സ്കൂളിൽ എത്തിയപ്പോഴേക്ക് ലോങ്ങ് ബെൽ അടിച്ചിരുന്നു. എല്ലാവരും സ്കൂൾ വിട്ട് പുറത്ത് ഇറങ്ങി കൊണ്ടിരിക്കുന്നു. കടലും തീരവും എനിക്ക് കുട്ടിക്കാലം മുതൽക്കേ ഗൃഹാതുരത്വവും, ഗതകാലസുഖസ്മരണയും ആണ്. ഇപ്പോൾ വയ്യാതായി എങ്കിലും കടലിൽ സ്നോർക്കിളിങ്ങ് നടത്താനും, ചൂണ്ടയിടാനും, മൂട് വല കൊണ്ട് കൽമൂടാനും, ഫദിക്കും, ചാലിലും മീൻ പിടിക്കാനും അടങ്ങാത്ത ആഗ്രഹം ഉണ്ട്. ഇപ്പോഴും കടലിൽ നീന്തിക്കുളിക്കും. എന്റെ വീട്ടിൽ ഒരു ‘മൂട് വല’യും, ‘വീച്ച് വല’യും ഉണ്ടായിരുന്നു. പിന്നീട് ഒരിക്കൽ ഒരു നാൾ സുഹൃത്ത് കരീംകോയയും, ജേഷ്ഠൻ ഇയ്യയും കീളാബായിലെ ഇടപ്പള്ളി ആറിലേക്ക് വലയുമായി പോയപ്പോൾ ഞാനും കൂടെ പോയി. കരീംകോയ വല വീശി മീൻ പിടിച്ചുകൊണ്ടിരുന്നപ്പോൾ ഇയ്യയും, ഞാനും മൂട് വല കൊണ്ട് കല്ല് മൂടി മീൻ പിടിക്കാൻ തുടങ്ങി. കരീം കോയ തിരമാലകൾ ഉള്ള സ്ഥലത്താണ് വല വീശിയത് എങ്കിൽ ഞങ്ങൾ തീരത്തിനടുത്തായിരുന്നു. അവിടെ ഇടക്കിടെ തിരകൾ എത്തുമ്പോൾ കടൽ വെള്ളം നിറയും എന്ന് മാത്രം. ഞങ്ങൾക്ക് മണ്ടികൊമ്മം, ബരിബാട്, ഫടത്തം എന്നിവയും കുറെ കുറിയും കിട്ടി. നാലഞ്ചു വല വീശിയപ്പോൾ കരീം കോയക്ക് വലിയ മീനുകൾ കിട്ടി കൊട്ട നിറഞ്ഞു. അങ്ങനെ ഞങ്ങൾ മടങ്ങി. പിന്നീട് ഒരിക്കൽ വൈകുന്നേരം ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ മീൻ വല വീശാനായി കരീംകോയ പോകുമ്പോൾ ഞാനും കൂടെ പോയി. കീളാബായിലെ ‘അവ്വേല ആറ്റി’ൽ നിന്നും ഇറങ്ങി ബരുത്താണി (വെള്ളം വരവ്) തുടങ്ങിയപ്പോൾ വല വീശി തുടങ്ങി. നാലഞ്ചു വല വീശി കഴിയുമ്പോഴേക്കും ഞങ്ങൾ വടക്ക് വലിയാറിന്റെ നേരെയുള്ള സ്ഥലത്ത് എത്തി. കൊട്ട നിറയെ വലുതും, ചെറുതും ആയ പല തരം മീനുകൾ കിട്ടി. അപ്പോഴേക്കും സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരുന്നു. വേഗത്തിൽ നടക്കാൻ ഞങ്ങൾ കരയ്ക്ക് കയറി നടന്നു. ചെറുതാലവും, മോളോനും, ചികഞ്ഞു മാറ്റി നടക്കാനാവുന്ന തെരുവ് കണ്ടു. ഞാൻ മുമ്പിലും കരീം കോയ പിറകിലും ആയി നടന്നു നീങ്ങി. കൂരാകൂരിരുട്ട്. കർക്കിടക മാസം ആണെന്ന് കരീം കോയ പറഞ്ഞു. ആകാശത്തിൽ മഴക്കാറുകൾ അടിഞ്ഞു കൂടിയതിനാൽ നക്ഷത്രങ്ങൾ ഒന്നും കാണാനില്ല. മഴക്കാറുകൾ ഉണ്ടെങ്കിലും മഴയില്ല. കരീം കോയ കത്തിച്ച ബീഡിയുടെ വെളിച്ചെത്തിൽ ചെറുതായി തെരുവ് കാണാം. അക്കാലത്ത് ഉറങ്ങാൻ കിടക്കുമ്പോൾ കുട്ടികളെ ചെകുത്താന്റെ കഥകൾ പറഞ്ഞു പേടിപ്പിച്ചു കിടത്തുന്നത് സാധാരണ ആയിരുന്നു. അത്തരം ചില കഥകളിൽ വാസ്തവം കുറവായിരിക്കും. എന്നാലും പേടിപ്പിച്ചു അനങ്ങാതെ കിടന്ന് ഉറങ്ങുന്നതിന് അത് സഹായിച്ചിട്ടുണ്ടാവാം. കർക്കിടക മാസത്തിലെ കൂരാക്കൂരിരുട്ടുള്ള രാത്രികളിൽ കക്കടത്തോം എന്ന പിശാച് പുറത്തു ഇറങ്ങുമെന്നും രാത്രി കാലത്ത് മീൻ പിടിക്കാൻ പോകുന്നവർ കാണാറുണ്ടെന്നും ചെറുപ്പത്തിൽ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ ഇത് വരെ ഒരു കക്കടത്തോം പിശാചിനെയും എനിക്ക് കാണാൻ സാധിച്ചിട്ടില്ല. എന്നാൽ കുട്ടിക്കാലത്ത് എന്റെ വീടിന്റെ മുറ്റത്ത് ഇരിക്കുമ്പോൾ കിഴക്ക് അവ്വേലാർ ഭാഗത്ത് കടലിൽ അങ്ങിങ്ങ് കർക്കിടക മാസത്തിലെ മഴക്കാലത്ത് കൊച്ചു കൊച്ചു വെളിച്ചം കണ്ടിരുന്നു. അത് കക്കടത്തോം ആണെന്ന് പ്രായമായ സ്ത്രീകൾ പറഞ്ഞു പേടിപ്പിച്ചിരുന്നു. പറവ മീൻ പിടിക്കാൻ ചൂട്ടും വെളിച്ചവുമായി പോയവരുടെ തീനാളം ആയിരുന്നു അത് എന്ന് പിന്നീട് എനിക്ക് മനസ്സിലായി. കക്കടത്തോം മാത്രമല്ല ഉമ്മു സബിയ, ഒറ്റമുലച്ചി, ഓലബാലം, ജിന്ന്, ഫുളിബാലം എന്നിങ്ങനെ പല പേരുകളിലും ചെകുത്താൻ വരുമെന്ന് പറഞ്ഞു പേടിപ്പിച്ചിരുന്നു. സന്ധ്യക്ക് വീടിന്റെ ഉമ്മറത്തെ വാതിൽ പടിയിൽ ഇരുന്നാൽ ഉമ്മു സബിയ വരുമെന്നും, സ്ത്രീകൾ മുലകുടിക്കുന്ന കുട്ടികളെ രാത്രിയിൽ പിറകിൽ ആക്കി കിടത്തിയാൽ ഒറ്റമുലച്ചി ചെകുത്താൻ വന്നു കുട്ടിക്ക് പാല് നൽകും എന്നും, അങ്ങനെ പാല് കുടിച്ച കുട്ടിയുടെ അണ്ണാക്കിൽ കള്ളപ്പല്ല് മുളക്കുമെന്നും പറഞ്ഞിരുന്നു. ഓലബാലം ചെകുത്താൻ ഓല വലിച്ചു കൊണ്ടു പോകുന്ന ശബ്ദം ഉണ്ടാക്കി വീടിന്റെ പിറകിൽ കൂടി വരുമെന്നും തേങ്ങ കട്ടുകൊണ്ടു പോകുമെന്നും, ഫുളിബാലം ചെകുത്താൻ തെങ്ങിൻ കയറി മീര കുടിക്കുമെന്നും തേങ്ങ പറിച്ച് കൊണ്ടു പോകുമെന്നും, ജിന്നുകൾ പൂച്ച, പാമ്പ് എന്നിങ്ങനെ വേഷം മാറി വരുമെന്നും പറഞ്ഞു പേടിപ്പിച്ചിരുന്നു. ഓർക്കാപ്പുറത്ത് പലതും ഓർമ്മ വന്നു ഭയപ്പാടോടെ നടന്നു നീങ്ങി. അക്കാലത്ത് വടക്ക് ഭാഗത്ത് ആ വഴിയിൽ പക്കിപ്പുര വീട് വരെ വേറെ താമസക്കാർ ആരും ഇല്ല. അവിടെ ചെറിയ തീ നാളം കണ്ടു. കുറച്ചു കൂടി നടന്നപ്പോൾ കുണ്ടാരി വീട്ടിനടുത്ത് ഓല കൂട്ടി തീ വെക്കുന്നതും കണ്ടു. ആ വീടിന്റെയും എന്റെ വീടിന്റേയും ഇടയിൽ വേറെ വീട് ഇല്ലായിരുന്നു. മരക്കനപ്പള്ളിയിൽ നിന്നും ഇഷാ ബാങ്ക് വിളി കേട്ട് കൊണ്ടാണ് ഞങ്ങൾ വീട്ടിൽ എത്തിയത്. കുറെ നാളുകൾക്കു ശേഷം കുണ്ടാരി ഉവ്വ യോടൊപ്പം ഞാനും ബില്ലത്തിൽ വല ഇടുവാൻ പോയിരുന്നു. അപ്പോൾ ആവശ്യത്തിനുള്ളതിൽ കുടുതൽ പല തരം ലഗൂൺ മൽസ്യങ്ങൾ ലഭിച്ചു. ‘വല ഇടൽ’ രസകരമായ ഒരു മൽസ്യബന്ധന രീതി ആണ്. അതോടെ കടൽകുളിയും നടക്കും, മീനും കിട്ടും. അതിനു ശേഷം ഞാൻ പഠനത്തിന് അമേനിയിലേക്കു പോയി; പിന്നെ കൽപേനിയിൽ എത്തി എസ് എസ് എൽസി പഠനവും, പിന്നീട് ദ്വീപ് വിട്ടു കേരളത്തിൽ പഠനവും ആയത് കൊണ്ട് കുറെ വർഷങ്ങളോളം മീൻ പിടിത്തത്തിൽ പങ്കെടുക്കാതെ പോയി. ജോലിയിൽ കയറിയ ശേഷം കടമത്ത് ദ്വീപിൽ കോർട്ടേർസിന്റെ കടപ്പുറത്ത് സാധാ സാഹിബ് ‘ഓലവല’ വലിച്ചു മീൻ പിടിക്കുന്നത് നിത്യവും കാണുമായിരുന്നു. അവിടെ തീരത്തിനടുത്ത് തന്നെ ആദ്യം ഓലവല നിരത്തി, ഇരുവശത്തും കുറെ പേര് ആ വല വലിച്ചു തീരത്തിലേക്ക് അടുപ്പിക്കും. അതിന്റെ ശബ്ദത്തിൽ മീൻ ഓല മറികടക്കാതെ തീരത്തണയും. എന്നിട്ട് ആ വലക്ക് പിറകിൽ ‘ഈട് വല’യും ‘കണ്ടാളിവല’ യും നിരത്തി അതിൽ മീൻ പിടിക്കും. തീരത്ത് വലിച്ചു കയറ്റിയ പലതരം ലഗൂൺ മൽസ്യങ്ങൾ ഒരു കുന്ന് പോലെ കൂട്ടി ഇട്ടിരിക്കുന്നത് കാണാം. അതിൽ നിന്നും അവിടെ വരുന്നവർക്ക് ഫ്രീ ആയി മീൻ കൊടുത്തു ബാക്കി അവർ ഭാഗിച്ചു കൊണ്ടു പോവും. കടമത്ത് ദ്വീപിൽ ഞാൻ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടില്ലെങ്കിലും, പീന്നീട് ജോലിയിൽ ഉള്ളപ്പോൾ കൽപേനിയിൽ വെച്ചും, അഗത്തിയിൽ വെച്ചും പലതരം മൽസ്യബന്ധന രീതികളും പഠിക്കുകയും പങ്കാളി ആവുകയും ഉണ്ടായി. കൽപേനിയിൽ വെച്ചു എന്റെ സുഹൃത്ത് കുട്ടിക്കോയ യോടൊപ്പം ‘ഇടുവല’ ഇടുവാൻ തുടങ്ങി. ഞങ്ങൾ ആറ് തണ്ട് വലിക്കുന്ന തോണിയിൽ ചെറിയം ദ്വീപിനടുത്ത് ഓലവല വലിക്കാനും പല തവണ പോയിട്ടുണ്ട്. അപ്പോഴൊക്കെ ആറ് വലിക്കുന്ന തോണിയിൽ നിറയെ വലിയ മെട്ടി, മടുതല, കുറിച്ചി, ചെമ്മലി, നെയ്ത്തല, ഓന്തം, ഫുലരിയം, മണക്കം, ഫിര്ഗടി തുടങ്ങിയ വലുതും, രുചിയുള്ളതും, മണക്കുന്നതും അല്ലാത്തതുമായ വിവിധ നിറമുള്ളതും, രൂപമുള്ളതും ആയ മീനുകൾ കിട്ടുമായിരുന്നു. അവയെ ഓടത്തിൽ നിറച്ച് കൂമേലിലോ, മൂലേക്കുളിക്ക് തൊട്ടു കിടന്നിരുന്ന തിലാക്കം ദ്വീപിലോ കൊണ്ട് ചെന്ന് ഭാഗം വെച്ചു വീതിക്കുമായിരുന്നു. ചുമക്കാൻ വയ്യാത്ത അത്രയും എനിക്കും കിട്ടും. ഞാൻ ആവശ്യത്തിനുള്ളത് മാത്രം എടുത്തു ബാക്കി തിരികെ നൽകുമായിരുന്നു. ഇന്ന് ആ മൂലേക്കുളിക്കടുത്തുള്ള തിലാക്കം നിലവിലില്ല. 1977 ലെ കൊടുങ്കാറ്റിൽ കടലെടുത്തു പോയി. കുട്ടിക്കോയ, അസ്സേനാർ, എന്നീ സുഹൃത്തുക്കളോടൊപ്പവും, ലിയാഖത്തലി മാസ്റ്റർ, മുക്രി ഇയ്യ, കൽപേനിയിൽ വില്ലേജ് ഓഫീസറായിരുന്ന അഗത്തി ദ്വീപുകാരൻ മനിക്ഫാൻ എന്നിവരോടൊപ്പവും ബില്ലത്തിൽ മീൻചൂണ്ട ഇടാനും (ബപ്പാനും) പല തവണ പോയിട്ടുണ്ട്. ചൂണ്ടയിൽ പിടിച്ച മീൻ വലിച്ചു തോണിയിൽ കയറ്റുന്നത് ഒരു ആസ്വാദനം ഉള്ള പണിയായിരുന്നു. മീൻ ലഭിക്കുന്നതിലേറെ അത് വറ്റെടുത്തു കള്ളിയിൽ ഇടുന്ന രസം ആസ്വദിക്കാൻ ആയിരുന്നു പോയിരുന്നത്. ലിയാഖത്തലി മാസ്റ്ററും ഞാനും മനിക്ഫാനോടൊപ്പം പലതവണ കിഴക്ക് ഭാഗത്തു ചെമ്മലി ബപ്പാനും, വടക്ക് ഭാഗത്ത് ബില്ലത്തിന്റെ തീരത്ത് ചൂണ്ട എറിഞ്ഞു മെട്ടി ബപ്പാനും കൽപേനിയുടെ വടക്കേ അറ്റത്തും കോടിത്തലയിലും ചൂണ്ടയിടാനും, കല്ല് മൂടാനും, ഫദിക്കും പോയിട്ടുണ്ട്. കല്ല് മൂടുന്ന മൂട് വല എനിക്കും ഉണ്ടായിരുന്നു. കല്ല്മൂടുന്നത് അധ്വാനം ഉള്ള പണി ആണെങ്കിലും എളുപ്പത്തിൽ പെട്ടെന്നു മീൻ ലഭിക്കുന്നത് കൊണ്ട് അതിലും രസം കണ്ടിരുന്നു. ഒരു ദിവസം ലിയാഖത്തലി മാസ്റ്ററും ഞാനും അസർ നിസ്കാരത്തിന് ശേഷം വടക്ക് അറ്റത്ത് തീരത്തിൽ നിന്നും ചൂണ്ട എറിഞ്ഞു മീൻ പിടിക്കാൻ പദ്ധതി ഇട്ടു. സ്കൂട്ടറിൽ ശാറത്തിയോള പാട്ടത്തിന്റെ തീരത്ത് എത്തി. അവിടെ ഉണ്ടായിരുന്ന കുറ്റിച്ചെടികൾക്കിടയിൽ നിന്നും കുറെ കോമ്പ്(സന്യാസി ഞെണ്ട്) പിടിച്ചു അതിന്റെ തോട് കളഞ്ഞ് ഇര ആക്കി രണ്ടു പേരും ചൂണ്ട എറിഞ്ഞു. ഓരോ പ്രാവശ്യം എറിയുമ്പോഴും ചൂണ്ട കടലിൽ വീണ ഉടനെ മീൻ പിടിക്കും. നല്ല ഇടത്തരം മെട്ടി (ഏലി) മീൻ. ഒരെണ്ണം തന്നെ ഏതാണ്ട് രണ്ടു കിലോ കാണും. അങ്ങനെ ആകെ അഞ്ചു എണ്ണം അരമണിക്കൂറിൽ കിട്ടി. അതുമായി ഞങ്ങൾ തിരികെ വീട്ടിലെത്തുമ്പോഴേക്ക് മഗ്‌രിബ് ബാങ്ക് വിളിച്ചില്ല. അങ്ങനെ എത്രയെത്ര അനുഭവങ്ങൾ. വേറൊരു ദിവസം വൈകുന്നേരം വടക്കേ അറ്റത്തെ ഇന്നത്തെ പാർക്കിനടുത്തു കിഴക്ക് ഭാഗത്ത് ഞങ്ങൾ ചൂണ്ട എറിയാൻ പോയിരുന്നു. അന്ന് അവിടെ പാർക്ക് ഇല്ല. സൂര്യൻ അസ്തമിച്ചിട്ടില്ല. ഇര ആയി ഞങ്ങളുടെ വശം അപ്പൽ കഷ്ണങ്ങൾ ഉണ്ടായിരുന്നു. അത് ചൂണ്ടയിൽ കൊളുത്തി കടലിൽ ഇറങ്ങി, കാൽമുട്ട് വരെ വെള്ളം ഉള്ളിടത്ത് വെച്ചു തങ്കീസ് കറക്കി ഞാൻ എറിഞ്ഞതും മോസ പൊങ്ങി വരുന്നതിന്റെ തൊട്ടു അപ്പുറത്ത് ചൂണ്ട വീണു. ഉടനെ ഒരു പിടി വലി. പത്താം നമ്പർ ചൂണ്ടയും, നൂറാം നമ്പർ തങ്കീസ് (നൈലോൺ) ചരടും ആയിരുന്നു. ഒന്ന് കുറച്ചു ദൂരം വലിച്ചിട്ടു പിന്നെ വലി നിന്നു. പിന്നീട് അനക്കം ഇല്ല. ഞാൻ തങ്കീസ് വലിച്ചു നോക്കി. വരുന്നില്ല. വല്ല ഓണിയിലും കുടുങ്ങിയതായിരിക്കും എന്ന് ഉറപ്പിച്ചു. അവിടെ ചെന്നു നോക്കാൻ സാധ്യമല്ല. അപ്പോൾ അതാ വീണ്ടും അനങ്ങുന്നു. ശക്തിയായി വലിച്ചു. അവിടെ അപ്പോൾ പൊങ്ങിയ ഒരു തിരമാലയിൽ എന്തോ കറുത്ത തെങ്ങ് കഷ്ണം പോലെ കാണാം. രണ്ടു പേരും കൂടി വലിച്ചു തീരത്തിലെത്തിച്ചു നോക്കിയപ്പോൾ കണ്ടത് ഒരു വലിയ കരിമലഞ്ഞി. എന്റെ തുടയുടെ വണ്ണവും എന്റെ അത്രയും നീളവും. അത് വളഞ്ഞു പിരിഞ്ഞു കളിക്കുകയാണ്. വലിച്ചു കരയിലിട്ടു. പിന്നീട് രണ്ടു ‘ഫാണ്ടോം മെട്ടി’ കിട്ടിയ ഉടനെ തിരിച്ചു പോയി. കൽപേനിയിൽ ജോലി നോക്കിയിരുന്ന കാലത്ത് അവിടെ മിനിക്കോയിക്കാരൻ ഭായി എന്നൊരാൾ ഫിഷറീസ് ഇൻസ്പെക്ടർ ആയിരുന്നു. അയാൾ എനിക്ക് ഒരു 6 എംഎം ഇരുമ്പ് കമ്പിയിൽ ഒരറ്റത്ത് ചാട്ടുളി പോലെയും മറുവശത്ത് രണ്ടിഞ്ച് വ്യാസത്തിൽ വളയവും ഉണ്ടാക്കി തന്നു. അതിൽ ചരട് കോർത്ത് മീൻ എറിഞ്ഞു പിടിക്കാൻ ഉപകരിക്കും എന്നും പറഞ്ഞു. ഞാൻ പിറ്റേന്ന് കിഴക്ക് ഭാഗത്ത് കടൽ കുളിക്കാൻ പോയപ്പോൾ അത് കൊണ്ടു ചെന്നു. വലിയാറ്റിൽ നിറയെ കുട്ടികൾ കുളിക്കുകയും, തിരമാലയിൽ മറിയുകയും, തിരകളോടൊപ്പം ചാടി നീന്തി വരുന്നതും കണ്ടു. അത് കൊണ്ട് ഞാൻ കുറച്ചു മാറി തെക്ക് ഭാഗത്തായി കടലിൽ ഇറങ്ങി. ആ ആയുധവുമായി തിരമാലകൾക്കിടയിൽ കഴുത്ത് വരെ വെള്ളം ഉള്ളിടത്ത് ചെന്നു. എന്റെ വശം സ്നോർക്കിളിങ്ങിനു ഉപയോഗിക്കുന്ന കണ്ണടയും ഉണ്ടായിരുന്നു. ആ കണ്ണട വെച്ചു മുങ്ങി നോക്കിയപ്പോൾ അതാ തൊട്ടു മുമ്പിൽ ഒരു സത്വം. എന്നെ തന്നെ തുറിച്ചു നോക്കുന്നു. അത് ഒരു വലിയ മടുതല മീൻ ആണെന്ന് മനസിലായി. ഞാൻ ആ ചാട്ടുളി ഓങ്ങിയതും അത് തിരിഞ്ഞു. ഉടനെ ഒന്ന് ആഞ്ഞു പിടിച്ചു കുത്തി. കുത്ത് കിട്ടിയത് വയറ്റിൽ തന്നെ. അത് പെട്ടെന്നു ഒരു കറക്കം. ശക്തിയായ കറക്കത്തിൽ ആ ചാട്ടുളി എന്റെ കയ്യിൽ നിന്നും വിട്ടു പോയി. അതിൽ ചരട് കെട്ടിയിട്ടില്ലായിരുന്നു. എന്റെ വലത് കയ്യിലെ ചുണ്ട് വിരലിന്റെ അറ്റം മുറിഞ്ഞു തൊലി പോയി. രക്തം വന്നു. ആ മടുതല ചാട്ടുളിയുമായി പോയ വഴി കണ്ടില്ല. തൊട്ടടുത്ത് നീന്തുന്ന കുട്ടികളും ചില മുതിർന്നവരും ചുറ്റുവട്ടത്തും പരതി നോക്കി. കണ്ടില്ല. എന്റെ കൂട്ടുകാരൻ ഫിഷറീസ് ഇൻസ്പെക്ടർ ആയിരുന്ന മതിൽ മുത്തുകോയക്ക് ഒരു ഫിഷിങ് ഗൺ ഉണ്ടായിരുന്നു. ഞങ്ങൾ ആ ഗണ്ണുമായി ബില്ലത്തിലും, കിഴക്ക് ഭാഗത്ത് തിരമാലകൾക്ക് പുറത്തും സ്നോർക്കിളിങ്ങ് നടത്തി വെടി വെച്ചു മീൻ പിടിക്കുമായിരുന്നു. അതിന്റെ രസം വേറെ തന്നെ. എന്നാൽ ഒരു ഗണ്ണും മൂന്ന് ആളുകളും ഒരോരുത്തരായി മാറി മാറി ചെയ്തിരുന്നതിനാൽ സമയം കൂടുതൽ എടുക്കുന്നതും കുറച്ചു മീൻ മാത്രം കിട്ടിയിരുന്നതും ആയിരുന്നു. ഒരു ദിവസം പാബ്ലോ ബോട്ടിൽ ലഗൂണിനു പുറത്ത് ‘കോളിക്കണ്ണം’ മീൻ പിടിക്കാൻ ചെന്നു. അത് വൈകുന്നേരം സൂര്യാസ്തമയത്തിനു തൊട്ടു മുമ്പ് ചെറിയം ദ്വീപിനടുത്ത് ഇര കൊളുത്തിയ നൂൽ വിട്ടു ‘ലൈൻ ഫിഷിങ്’ പരിപാടി ആയിരുന്നു. ആ സ്ഥലത്ത് ആ സമയത്ത് കോളിക്കണ്ണം മീൻ മാത്രമേ കിട്ടുകയുള്ളൂ. എനിക്കും മൂന്ന് എണ്ണം കിട്ടി. സൂര്യൻ അസ്തമിച്ച ഉടനെ തിരിച്ചു ദ്വീപിൽ എത്തി. ഫദിയിലും ചാലിലും മീൻ പിടിക്കാനും ഞാൻ പോയിട്ടുണ്ട്. ചാലും ഫദിയും കൽപേനിയിൽ മാത്രം കണ്ടിരുന്ന ഒരു രീതിയാണ്. ഫദിയിലും ചാലിലും അധികവും ലഭിക്കുന്ന മീൻ ‘മണക്കം’ ആണ്. ‘ഫദി’ എന്നാൽ വരുത്താണിക്ക് (വേലിയേറ്റത്തിൽ) കടൽ വെള്ളം വരുന്ന ഇടങ്ങളിൽ കല്ല് എടുത്തു മാറ്റി ചുറ്റും ഒരു കളം പോലെ കെട്ടി വെച്ചു ഫദി ഉണ്ടാക്കും. വടക്കും തലയിൽ കോടിത്തല എത്തുന്നതിനു മുമ്പുള്ള സ്ഥലത്താണ് കൂടുതൽ ഫദി ഉണ്ടായിരുന്നത്. സന്ധ്യാ സമയത്തു വേലിയേറ്റം തുടങ്ങുമ്പോൾ ആണ് ഫദിയിൽ നിന്നും മീൻ പിടിക്കുന്നത്. അതിനു യോജിച്ച ചെറിയ വലയുണ്ട്. ഫദിയുടെ വാതിലിന്റെ ഇരു വശത്തും ഓരോരുത്തർക്കും ഇരിക്കാൻ സൗകര്യത്തിൽ പരന്ന മൂടു കല്ല് വെച്ചിരിക്കും. സന്ധ്യക്ക് ഇരുട്ട് തുടങ്ങുമ്പോൾ വലയുമായി ഞങ്ങൾ അവിടെ അനങ്ങാതെ ഇരിക്കും. അപ്പോൾ ബില്ലത്തിൽ നിന്നും ചെറുതിരമാലക്കൊപ്പം മണക്കം കൂട്ടത്തോടെ വന്നു അതിൽ കടക്കും. അത് ബില്ലത്തിൽ നിന്നും കിഴക്ക് പുറം കടലിലേക്ക് പോകുന്ന വഴിയാണ്. ഒരു മീൻ മുമ്പിലും വരിവരിയായി മറ്റുള്ളവ പിറകിലുമായി കടന്നു ചെന്നാൽ അറ്റത്തുള്ള മീൻ ആ കളത്തിന്റെ പിറകു വശത്ത് ചെന്നു മുട്ടുമ്പോൾ തിരിച്ചു നീന്തും. അതോടെ എല്ലാവരും കൂട്ടത്തോടെ തിരിച്ചു നീന്തും. ആവശ്യത്തിനു മീൻ കടന്നു എന്ന് കണ്ടാൽ ഉടനെ വല വാതിലിൽ വെക്കും. തിരികെ വരുന്ന മീൻ വലയിൽ കുടുങ്ങും. ആ കൂട്ടത്തിൽ ചിലപ്പോൾ മലഞ്ഞിയും മീൻ കടിക്കാൻ വന്നു നമ്മുടെ വിരലുകൾ കടിച്ചെന്നിരിക്കും. ‘ചാല്’ എന്ന് പറയുന്നത് ഫദിയുടെ എതിർ ദിശയിൽ കെട്ടി ഉണ്ടാക്കുന്നതാണ്. ഫദിയിൽ മീൻ ബില്ലത്തിന്റെ അകത്തു നിന്നും പുറത്തേക്കു പോകുമ്പോൾ പിടിക്കുന്നു എങ്കിൽ ചാലിൽ പുറം കടലിൽ നിന്നും ബില്ലത്തിലേക്ക് വരുന്ന മീൻ ആണ് പിടിക്കുന്നത്. ചാലിന് വല വെക്കുന്ന സ്ഥലത്തിനു പുറത്തേക്ക് മീൻ വരാൻ സൗകര്യത്തിൽ വഴി കല്ല് മാറ്റി വൃത്തിയാക്കി വെക്കും. മീൻ പിടിക്കുന്നത് രണ്ടും സന്ധ്യക്ക് വേലിയേറ്റ സമയത്ത് തന്നെ. ഞാൻ അഗത്തിയിൽ 1986-88 കാലത്ത് ജോലി നോക്കിയിരുന്നപ്പോൾ സുഹൃത്ത് കെ.സി. അബ്ദുർറഹ്മാനുമൊത്ത് പലവുരു അവിടെത്തെ ബില്ലത്തിലും ബംഗാരത്തിലും നീന്താനും മീൻ പിടിക്കാനും പോവാറുണ്ടായിരുന്നു. അഗത്തി ബില്ലം മനോഹരമാണ്. ആഴം കൂടിയ നടുഭാഗവും, തീരത്തും ബാരണക്കടുത്തും ആഴക്കുറവും ആണ്. ബാരണക്കടുത്ത് ആണ് കൂടുതൽ മീൻ ലഭിക്കുന്നത്. ആഴമുള്ള സ്ഥലത്ത് കാണപ്പെടുന്ന വലിയ മുളക്കല്ലുകൾക്കടുത്ത് വലിയ മെട്ടിയും, കുറിച്ചിയും കിട്ടും. ഒരു ഞാറാഴ്ച ദിവസം കെ.സിയും, താളാക്കാട അസീസ് ഇളയാപ്പയും ഒന്നിച്ചു ബില്ലത്തിൽ മീൻ പിടിക്കാനും കൽപിട്ടി കാണാനും പരിപാടിയിട്ടു. പതിനൊന്ന് വയസ്സുള്ള എന്റെ മൂത്ത മകൻ മസൂദും അതിൽ പങ്കു ചേർന്നു. അങ്ങനെ രാവിലെ പ്രാതൽ കഴിച്ച ഉടനെ ഞങ്ങൾ ചൂണ്ടയും, തങ്കീസും, ഇരയും എടുത്തു, ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിന് ആവശ്യമായവയും എടുത്തു കൊണ്ട്, ഒരു ‘കൊന്തള’ത്തിൽ പുറപ്പെട്ടു. അതിൽ ഒരു ഔട്ട് ബോർഡ് എഞ്ചിനും തുഴയും, ചെറിയ ഒരു പായയും ഉണ്ടായിരുന്നു. എഞ്ചിൻ ഓടിക്കാൻ ആ കൊന്തളത്തിന്റെ ഉടമസ്ഥനും ഉണ്ടായിരുന്നു. ആകാശം നല്ല തെളിമയോടെ കാണപ്പെട്ടു. അങ്ങിങ്ങ് വെളുത്ത കുറെ മേഘപടലങ്ങൾ മാത്രം കാണാം. മന്ദമാരുതൻ വീശി ചൂടിന്റെ കാഠിന്യം കുറച്ചു. അഗത്തിയുടെ പടിഞ്ഞാറ് ഭാഗത്ത് ബില്ലത്തിന്റെ നടുക്ക് നങ്കൂരം ഇട്ടു. ചൂണ്ടയിട്ട് ലഭിച്ച മെട്ടിയും ഫാണ്ടോനുമായി ഞങ്ങൾ കൽപിട്ടിയിൽ ചെന്നു. അവിടെ ഒരു ഷെഡിന്റെ ഇറയത്ത് അടുപ്പ് വെച്ച് തേങ്ങാച്ചോറും മീൻ കറിയും ഉണ്ടാക്കി കഴിച്ചു. അവിടെ കറങ്ങി നടന്നിട്ട് ‘ബീകുന്നി പാറ’യും കണ്ട്, ശേഷം ഒരു ഓലപ്പായയിൽ റസ്റ്റ് എടുത്തു. ചിലർ ഒന്ന് മയങ്ങി. എന്നിട്ട് രണ്ടര മണിയോടെ വീണ്ടും ബില്ലത്തിൽ ചൂണ്ട ഇടാൻ പുറപ്പെട്ടു. എന്നിട്ട് കിട്ടുന്ന മീനുമായി വീട്ടിലോട്ടു മടങ്ങാം എന്ന് കരുതി. ബില്ലത്തിൽ നടുക്ക് ഏതാണ്ട് ഹൈസ്കൂളിന്റെ നേരെ നങ്കൂരം ഇട്ടു ചൂണ്ട എറിഞ്ഞു കാത്തിരുന്നു. അടുത്ത് തന്നെ ദ്വീപും തീരവും കാണാം. അപ്പോഴേക്ക് മണി മൂന്ന് കഴിഞ്ഞിട്ടുണ്ടാവും. കാറ്റിന് ശക്തി കൂടി വരുന്നതായി തോന്നി. കിഴക്ക് ഭാഗത്ത് അഗത്തിയുടെ മുകളിലൂടെ കറുത്തിരുണ്ട മേഘങ്ങൾ കയറി വരുന്നത് കണ്ടു. അതോടൊപ്പം കാറ്റിനും ശക്തി കൂടി വരുന്നുണ്ടായിരുന്നു. പുഴ പോലെ കാണപ്പെട്ടിരുന്ന ബില്ലത്തിലെ കടൽ ഇളകാൻ തുടങ്ങി. കാർ മേഘം കിഴക്ക് ഭാഗത്ത് നിന്ന് കയറി അഗത്തി മുഴുവനും മറച്ചു കൊണ്ട് ആകാശത്തിൽ പകുതി ഭാഗം മറച്ചു കഴിഞ്ഞതോടെ മഴ പെയ്ത് തുടങ്ങി. ദ്വീപ് കാണാനില്ല. കാറ്റ് ഒരു കൊടുങ്കാറ്റ് പോലായി. തിരമാലകളുടെ മട്ട് മാറി. വളരെ ഉയരത്തിൽ തിരകൾ തുടരെത്തുടരെ കൊന്തളത്തിൽ അടിച്ചു തകർക്കുന്നു. മഴത്തുള്ളി ആണെങ്കിൽ വലിയ തുള്ളികൾ. മുഖത്തും ചെകിളത്തും വീഴുന്ന വേദന സഹിക്കാവതല്ല. ബില്ലത്തിൽ അത്തരം കാറ്റും മഴയും എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. മകൻ മസൂദിനെ മുൻവശത്തുള്ള പറത്തിനു താഴെ കിടത്തി. ഞങ്ങൾ തല താഴ്ത്തി പിടിച്ചു മഴ ഏറ്റ് കൊണ്ട് ഇരുന്നു. കൊന്തളം ചരിഞ്ഞും മറിഞ്ഞും പൊങ്ങിയും താണും കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ലഗൂണിനു പുറത്ത് മൽസ്യബന്ധനം നടത്തിയിരുന്ന ചില ബോട്ടുകൾ ലഗൂണിന്റെ അകത്ത് കയറുന്നത് കണ്ടു. ബില്ലത്തിൽ കുറച്ചകലെ ചൂണ്ട ഇട്ടിരുന്ന ഒരു ചെറു തോണി തുഴഞ്ഞു ഞങ്ങളുടെ അടുത്തെത്തി. ഒരു സഹായവും ചെയ്യാൻ പറ്റാത്ത അവസ്ഥ. അപ്പോഴേക്കും ദ്വീപ് ഏത് ഭാഗത്താണ് എന്ന് അറിയാതെ ആയി. ഇരുമ്പ് പിടിക്കുന്നില്ല. കൊന്തളം തിരമാലകൾക്കൊപ്പം നീങ്ങിക്കൊണ്ടിരിക്കുന്നു. കൊന്തളക്കാരൻ ഔട്ട് ബോർഡ് എഞ്ചിൻ സ്റ്റാർട്ട് ചെയ്തു നങ്കൂരം വലിച്ചെടുത്തു തിരമാലകൾക്ക് എതിരെ തീരം എന്ന് തോന്നിയ ഭാഗത്ത് ലക്ഷ്യം വെച്ചു ഓടിച്ചു നോക്കി. ഒട്ടും മുമ്പോട്ടു പോകുന്നില്ല, തിരമാലക്ക് പൊങ്ങി താഴുന്നു എന്ന് മാത്രം. കറുത്തിരുണ്ട കാർമേഘം ആകാശം മുഴുവനും നിറഞ്ഞു കിടക്കുകയാണ്. ഏത് ഭാഗത്താണ് ദ്വീപ് എന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. കാറ്റും തിരയും കിഴക്ക് ഭാഗത്ത് ദ്വീപിന് മുകളിൽ നിന്ന് വന്നത് കൊണ്ട് കാറ്റിന് എതിരെ ഓടിച്ചു നോക്കി. അപ്പോഴേക്കും ഒരു ഭാഗം വെളുത്ത് വരുന്നു. അവിടെ കാർമേഘം നീങ്ങിയപ്പോൾ ദ്വീപ് കണ്ടു. അപ്പോഴാണ് മനസ്സിലായത് ഞങ്ങൾ ദ്വീപിന് എതിരെ തിരമാലകൾ പൊട്ടിപ്പൊളിയുന്ന പാറിലേക്ക് അടുത്തിരിക്കുകയാണ് എന്ന്. മഹാഭാഗ്യം. കുറച്ചു കൂടി താമസിച്ചിരുന്നു എങ്കിൽ പാറിലെ പാറയിൽ ഇടിച്ച് കൊന്തളം തകർന്നു പോയേനെ…!!! ഞങ്ങൾ തിരികെ ദ്വീപിൽ എത്തി. അപ്പോഴേക്കും ഭാര്യയും മക്കളും മറ്റ് പലരും നെഞ്ചിടിപ്പോടെ തീരത്ത് വന്ന് കാത്തിരിക്കുന്നു. ദ്വീപിൽ ഒരു ചുഴലിക്കാറ്റ് പോലെ എത്രയോ തെങ്ങ് കട പുഴകി വീണിരുന്നു എന്നും, അത് കൊണ്ട് ഞങ്ങളുടെ കൊന്തളത്തിന് എന്തെങ്കിലും അപകടം പറ്റിയോ എന്നും അവർ ഭയപ്പെട്ടിരുന്നു എന്നും പറഞ്ഞു. അത് മറക്കാനാവാത്ത ഒരു സംഭവമാണ്. 1986-88 കാലത്ത് അഗത്തിയിൽ ജോലി നോക്കിയിരുന്നപ്പോൾ പലവട്ടം ബംഗാരത്തിൽ മീൻ പിടിക്കാൻ ചെന്നിട്ടുണ്ട്. അവിടെ അള് വി കഴിഞ്ഞു ബില്ലത്തിൽ എത്തുന്നിടത്ത് നല്ല ആഴമുണ്ട്. അവിടെ അടിഭാഗത്തുള്ള പാറക്കല്ലുകളും, മുട്ടൻ മുളക്കല്ലുകളും കാണാത്ത വിധം ആഴമേറിയതാണ് ആ ബില്ലം. അവിടെത്തെ വെള്ളത്തിന് ആഴക്കടൽ പോലെ നീല നിറമാണ്. അടിഭാഗത്തുള്ള പാറക്കൂട്ടങ്ങൾ കറുത്ത നിറത്തിൽ കാണാം. അവിടെ എട്ടാം നമ്പർ വലിയ ചൂണ്ടലും നൂറും നൂറ്റിപത്ത് നമ്പർ തങ്കീസും ആണ് ഉപയോഗിക്കുന്നത്. കാരണം അത് പോലും പൊട്ടിച്ചു പോകുന്ന വലിയ മീനുകളാണ് അവിടെ ഉള്ളത്. തങ്കീസ് സൂക്ഷിച്ചു കൈയ്യിൽ പിടിച്ചില്ലെങ്കിൽ മീൻ വലിക്കുമ്പോൾ കൈ മുറിയും. അവിടെ ചൂണ്ട ഇടൽ ബഹുജോറാണ് എന്ന് പറയേണ്ടതില്ലല്ലോ. അധികം ആഴമില്ലാത്ത ബില്ലമാണ് തെക്ക് ഭാഗം. അവിടെ നീന്താനും കുളിക്കാനും സൗകര്യം ഉണ്ട്. ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലെ ബില്ലവും പടിഞ്ഞാറ് ഭാഗത്ത് ആണെങ്കിൽ ബങ്ങാരത്തിൽ അത് കിഴക്ക് വശത്താണ്.

ആ ഒരു ലഗൂണിൽ തന്നെ ബംഗാരത്തിനു പുറമെ രണ്ട് പരളി ദ്വീപും, ഒരു തിണ്ണകര ദ്വീപും ഉള്ളത് ആ ബില്ലത്തിനു കൂടുതൽ ഭംഗി നൽകുന്നു.

ആ ബില്ലത്തിൽ ഒരു പൊളിഞ്ഞ കപ്പൽ കണ്ടു. അത് തുരുമ്പ് എടുത്തിരിക്കുന്നു. അവിടെ ഒന്നര ആൾ പൊക്കത്തിൽ വെള്ളം ഉണ്ട്. ഞങ്ങൾ സ്നോർക്കിളിങ്ങ് ഗ്ലാസ് ധരിച്ചു കടലിൽ ഇറങ്ങി. അഴകുള്ള പല വർണ്ണത്തിലുള്ള ചെറുതും വലുതുമായ മൽസ്യങ്ങൾ നിറയെ നീന്തിക്കളിക്കുന്നു. അതൊരു മധുര സ്മരണ.

അക്കാലത്തെ ഭക്ഷണവും ഭക്ഷണ രീതിയും ഇന്നത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. മത്സ്യം പ്രധാന പങ്ക് വഹിച്ചിരുന്നു. അന്ന് കൽപേനിയിൽ കടച്ചക്ക സുലഭമായിരുന്നു. അത് കൊണ്ട് തന്നെ ഭക്ഷണത്തിന്റെ പ്രധാനപ്പെട്ട ഒരംശം ചക്ക തന്നെ ആയിരുന്നു. കടച്ചക്ക പലവിധത്തിൽ കറികളും പലഹാരങ്ങളും ഉണ്ടാക്കുമായിരുന്നു. പഴുത്ത ചക്ക പുഴുങ്ങിയതും കഞ്ഞിയും ചില കാലങ്ങളിൽ നിത്യ ഭക്ഷണവും, അതോടൊപ്പം മീൻ കായവും (മുളക് ഇട്ടത്), തിരണ്ടി ‘കരിങ്ങ മുരച്ചതും’ നൽകിയിരുന്ന രുചി പറയാൻ വയ്യ. ചക്ക പുഴുങ്ങിയതും കഞ്ഞിയും, ചോറിനോടൊപ്പം ചക്ക വറ്റിച്ചത്, ചക്കച്ചാറ് കറി, ചക്ക വിരകിയത്, ചക്കയും മീനും ചേർത്ത് വരട്ടിയത്. അതിന്റെ രുചി അനുഭവിച്ചു തന്നെ അറിയണം. അതിനും പുറമേ പലഹാരമായി ചക്ക വറുത്തത്, ചക്ക ‘കട്ടി’യിൽ പുഴുങ്ങിയത്, ചക്ക തേങ്ങാ പാലിൽ പുഴുങ്ങിയത്, ചക്ക പൊരിച്ചത്. പ്ലാവിലെ ചക്കക്ക് ദ്വീപിൽ ‘മലയാൻ ചക്ക’ എന്നാണറിയപ്പെടുന്നത്.