ഒരു സമൂഹത്തിന്റെ രാഷ്ട്രീയം വിലയിരുത്തുമ്പോൾ പലപ്പോഴും ആളുകൾ നേതാക്കളെയാണ് വിലയിരുത്തുന്നത്. എന്നാൽ ചിലപ്പോൾ നേതാക്കളെ വിലയിരുത്തുന്നതിലും പ്രധാനമാണ് അവർ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ തത്വങ്ങളെ വിലയിരുത്തുന്നത്.
ലക്ഷദ്വീപിന്റെ സമകാലിക രാഷ്ട്രീയ ചരിത്രം അത്തരമൊരു സന്ദർഭത്തിലാണ് എത്തി നിൽക്കുന്നത്.
ഇവിടെ ചർച്ച മുഹമ്മദ് ഫൈസലും ഹംദുള്ള സഈദും തമ്മിലുള്ള വ്യക്തിപരമായ മത്സരമല്ല.
പ്രത്യക്ഷത്തിൽ അത് രണ്ട് നേതാക്കളുടെ കഥയായിരിക്കാം. എന്നാൽ ആഴത്തിൽ നോക്കുമ്പോൾ അത് രണ്ട് രാഷ്ട്രീയ വിശ്വാസങ്ങളുടെ ഏറ്റുമുട്ടലാണ്.
ഒന്ന് പ്രതിഷേധത്തിന്റെ രാഷ്ട്രീയം.
മറ്റൊന്ന് സ്ഥാപനങ്ങളുടെ രാഷ്ട്രീയം.
ഒന്ന് ജനക്കൂട്ടത്തിന്റെ മുദ്രാവാക്യങ്ങളിൽ വിശ്വസിക്കുന്നു.
മറ്റൊന്ന് അധികാരത്തിന്റെ ഇടനാഴികളിൽ ഫലങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു.
ലക്ഷദ്വീപിന്റെ ഭാവി ഏത് വഴിയിലൂടെയാണ് സുരക്ഷിതമാകുക എന്ന ചോദ്യമാണ് ഈ രണ്ട് നേതാക്കളെയും വിലയിരുത്തുമ്പോൾ യഥാർത്ഥത്തിൽ ഉയരുന്നത്.
ലക്ഷദ്വീപിനെ മനസ്സിലാക്കാതെ ലക്ഷദ്വീപ് രാഷ്ട്രീയത്തെ മനസ്സിലാക്കാനാവില്ല.
ഇന്ത്യയിലെ ഭൂരിഭാഗം രാഷ്ട്രീയ വിശകലനങ്ങളിലും ഒരു അടിസ്ഥാന പിഴവ് ആവർത്തിക്കാറുണ്ട്.
അവർ ലക്ഷദ്വീപിനെ ഒരു സംസ്ഥാനമായി കാണുന്നു.
പക്ഷേ ലക്ഷദ്വീപ് ഒരു സംസ്ഥാനമല്ല.
ഇവിടെ നിയമസഭയില്ല.
മുഖ്യമന്ത്രിയില്ല.
മന്ത്രിസഭയില്ല.
കേവലം ജനാധിപത്യ സംവിധാനങ്ങൾ ഒന്നും തന്നെയില്ല.
ഇവിടെ ഭരണത്തിന്റെ അന്തിമ അധികാരം കേന്ദ്രസർക്കാർ നിയമിക്കുന്ന അഡ്മിനിസ്ട്രേറ്ററിലാണ്.
അതുകൊണ്ട് തന്നെ ലക്ഷദ്വീപിലെ ഒരു എംപിയെ കേരളത്തിലെയോ തമിഴ്നാട്ടിലെയോ ഒരു എംപിയെപ്പോലെ വിലയിരുത്തുന്നത് തെറ്റായ സമീപനമാണ്.
കാരണം ഇവിടെ എം.പി. ഭരണാധികാരി അല്ല.
അദ്ദേഹം ഒരു പ്രതിനിധിയാണ്.
ഒരു ഇടനിലക്കാരൻ മാത്രം.
ഒരു സമ്മർദ്ദ കേന്ദ്രമാണ്.
ഡൽഹിക്കും ദ്വീപിനുമിടയിൽ നിലകൊള്ളുന്ന ഒരു രാഷ്ട്രീയ പാലമാണ്.
ഈ യാഥാർത്ഥ്യം മനസ്സിലാക്കാതെ ലക്ഷദ്വീപിലെ രാഷ്ട്രീയ വിജയങ്ങളെയും പരാജയങ്ങളെയും അളക്കാനാവില്ല.
2021: ദ്വീപിന്റെ കോപം
2021 ലക്ഷദ്വീപിന്റെ പുതിയ രാഷ്ട്രീയ ചരിത്രത്തിൽ ഒരു വർഷം മാത്രമല്ല.
അത് ഒരു മാനസിക വഴിത്തിരിവാണ്.
പ്രഫുൽ പട്ടേലിന്റെ ഭരണകാലത്ത് നടപ്പിലാക്കാൻ ശ്രമിച്ച വിവിധ നയങ്ങളും ഭരണപരമായ ഇടപെടലുകളും ദ്വീപുകാരിൽ അസാധാരണമായ അസ്വസ്ഥത സൃഷ്ടിച്ചു.
അവർക്ക് അത് വെറും നിയമഭേദഗതികൾ ആയിരുന്നില്ല.
അത് അവരുടെ ജീവിത സാഹചര്യങ്ങളിലേക്കുള്ള ഇടപെടലുകളായിരുന്നു.
അവരുടെ സത്വത്തെക്കുറിച്ചുള്ള ആശങ്കയായിരുന്നു.
അവിടെ നിന്നാണ് “Save Lakshadweep” എന്ന പ്രക്ഷോഭം ജനിച്ചത്.
ചരിത്രപരമായി നോക്കിയാൽ ആ പ്രക്ഷോഭം ലക്ഷദ്വീപിലെ രാഷ്ട്രീയ ബോധത്തിന്റെ പുനർജന്മമായിരുന്നു.
ആ സമയത്ത് മുഹമ്മദ് ഫൈസൽ ജനങ്ങളുടെ കോപത്തിന്റെയും ആശങ്കയുടെയും രാഷ്ട്രീയ മുഖമായി മാറി.
അദ്ദേഹം സംസാരിച്ചപ്പോൾ ദ്വീപ് സംസാരിക്കുന്നുവെന്ന് ദ്വീപുകാർക്ക് തോന്നി.
അദ്ദേഹം പ്രതിഷേധിച്ചപ്പോൾ ദ്വീപ് പ്രതിഷേധിക്കുന്നുവെന്ന് അനുഭവപ്പെട്ടു.
അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി.
മുഹമ്മദ് ഫൈസൽ :
പ്രതിരോധ രാഷ്ട്രീയത്തിന്റെ പ്രതീകമായി ഉയർന്നു.
മുഹമ്മദ് ഫൈസലിന്റെ രാഷ്ട്രീയത്തെ മനസ്സിലാക്കണമെങ്കിൽ അദ്ദേഹത്തെ ഒരു സാധാരണ എം.പി.യായി കാണരുത്.
അദ്ദേഹം ഒരു പ്രക്ഷോഭ രാഷ്ട്രീയക്കാരനാണ്.
അദ്ദേഹത്തിന്റെ രാഷ്ട്രീയ മൂലധനം വികസന പദ്ധതികളിൽ നിന്നല്ല.
ജനവികാരങ്ങളിൽ നിന്നാണ്.
ജനങ്ങളുടെ ഭയപ്പാടുകളും പ്രതീക്ഷകളും അദ്ദേഹം രാഷ്ട്രീയ ഭാഷയിലേക്ക് വിവർത്തനം ചെയ്തു.
അതാണ് 2021-ൽ അദ്ദേഹത്തെ വിജയ ശ്രീലാളിതനാക്കിയത്
എന്നാൽ ചരിത്രം ചോദിക്കുന്ന ചോദ്യം മറ്റൊന്നാണ്.
ഒരു സമൂഹത്തെ ഉണർത്താൻ കഴിയുന്ന നേതാവിന് ആ സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയുമോ?
പ്രക്ഷോഭം ഒരു ശക്തിയാണ്.
പക്ഷേ ഭരണസംവിധാനത്തെ മാറ്റാനുള്ള ഏക ഉപകരണം അല്ല.
ഇവിടെയാണ് ഫൈസലിന്റെ രാഷ്ട്രീയത്തിന് മുന്നിൽ വിമർശനങ്ങൾ ഉയരുന്നത്.
പ്രതിഷേധം സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
പക്ഷേ പ്രതിഷേധത്തെ സ്ഥിരമായ നയവിജയങ്ങളാക്കി മാറ്റാൻ എത്രത്തോളം സാധിച്ചു എന്നത് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്.
അതോടൊപ്പം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ നിഴലിച്ച ക്രിമിനൽ കേസും വിവാദങ്ങളും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ബാധിച്ചു.
ഒരു ജനപ്രതിനിധിയുടെ ഏറ്റവും വലിയ മൂലധനം വിശ്വാസ്യതയാണ്.
അതുകൊണ്ട് തന്നെ കോടതിമുറികളിലെ വിവാദങ്ങളും പൊതുജീവിതത്തിലെ വിശ്വാസ്യതവും തമ്മിലുള്ള ബന്ധം അദ്ദേഹത്തിന്റെ രാഷ്ട്രീയ വിലയിരുത്തലിൽ ഒഴിവാക്കാനാകാത്ത ഘടകമായി തുടരുന്നു.
ഹംദുള്ള സഈദ്: സ്ഥാപന രാഷ്ട്രീയത്തിന്റെ പിന്തുടർച്ച
ഹംദുള്ള സഈദിനെ വിലയിരുത്തുമ്പോൾ അദ്ദേഹത്തെ മാത്രം നോക്കുന്നത് മതിയാകില്ല.
അദ്ദേഹത്തിന് പിന്നിൽ ഒരു രാഷ്ട്രീയ പാരമ്പര്യമുണ്ട്.
ആ പാരമ്പര്യത്തിന്റെ പേര് P. M. Sayeed എന്നാണ്.
മുപ്പത്തിയാറ് വർഷം ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച ആ നേതാവ് ഒരു എംപി മാത്രമായിരുന്നില്ല.
അദ്ദേഹം ലക്ഷദ്വീപിന്റെ ദേശീയ രാഷ്ട്രീയ സാന്നിദ്ധ്യമായിരുന്നു.
ഡൽഹിയിലെ അധികാര കേന്ദ്രങ്ങളുമായി സംസാരിക്കാൻ അറിയുന്ന ഒരു രാഷ്ട്രീയ സാന്നിദ്ധ്യമായിരുന്നു.
ലക്ഷദ്വീപിന്റെ ആവശ്യങ്ങളെ ദേശീയ തീരുമാനങ്ങളിലേക്ക് എത്തിക്കാൻ കഴിവുള്ള ഒരു സ്ഥാപന രാഷ്ട്രീയക്കാരനായിരുന്നു.
2009-ൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ഹംദുള്ള സഈദ് പലർക്കും ആദ്യം ഒരു രാഷ്ട്രീയ പാരമ്പര്യത്തിന്റെ അവകാശിയായി മാത്രമാണ് തോന്നിയത്.
എന്നാൽ 2024-ൽ വീണ്ടും ജനവിധി അദ്ദേഹത്തിന്റെ പക്ഷത്ത് എത്തിയപ്പോൾ അതിന് മറ്റൊരു അർത്ഥം കൂടി ലഭിച്ചു.
അത് വെറും കുടുംബപാരമ്പര്യത്തിന്റെ വിജയം മാത്രമായിരുന്നില്ല.
ദ്വീപിലെ ഒരു വിഭാഗം വോട്ടർമാർ രാഷ്ട്രീയ ഫലപ്രാപ്തിയെ കുറിച്ച് പുനർചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചന കൂടിയായിരുന്നു.
ഹംദുള്ള സഈദിന്റെ രാഷ്ട്രീയ ശക്തി സ്ഥാപനങ്ങളുമായുള്ള ബന്ധങ്ങളിലും പാർലമെന്ററി ഇടപെടലുകളിലുമാണെങ്കിൽ, അതേ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ദുർബലത ജനങ്ങളുമായുള്ള വൈകാരിക ബന്ധത്തിന്റെ പരിമിതിയാണ്.
സ്ഥാപന രാഷ്ട്രീയം പലപ്പോഴും നിശബ്ദമാണ്. അതിന്റെ ഫലങ്ങൾ ഉടൻ ദൃശ്യമാകാറില്ല. അതുകൊണ്ട് തന്നെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ ശക്തമായ പൊതുനിലപാട് സ്വീകരിക്കേണ്ട സന്ദർഭങ്ങളിൽ അത് മൗനമായോ നിർജ്ജീവമായിട്ടോ ആണ് കൈകാര്യം ചെയ്യപെട്ടത്.
വിമർശകർ ഉന്നയിക്കുന്ന പ്രധാന ചോദ്യവും അതുതന്നെയാണ്. പാർലമെന്റിലും മന്ത്രാലയങ്ങളിലും ഇടപെടൽ ഉണ്ടെങ്കിൽ പോലും, ജനങ്ങളുടെ ആശങ്കകളും വികാരങ്ങളും പൊതുവേദികളിൽ ശക്തമായി പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടോ? ഇല്ല..
അതേസമയം, നിലവിൽ ഹംദുള്ള സഈദ് Lakshadweep Territorial Congress Committee (LTCC) പ്രസിഡന്റുമാണ്.
ഇത് അദ്ദേഹത്തിന് ദേശീയ തലത്തിലെ പാർട്ടി നേതൃത്വവുമായി നേരിട്ടുള്ള ബന്ധവും സംഘടനാപരമായ സ്വാധീനവും നൽകുന്നു. എന്നാൽ വിമർശകർ ചോദിക്കുന്ന മറ്റൊരു ചോദ്യമുണ്ട്: ഈ സംഘടനാപരമായ സ്ഥാനവും രാഷ്ട്രീയ സ്വാധീനവും ദ്വീപുകാർക്ക് നേരിട്ട് അനുഭവപ്പെടുന്ന ഫലങ്ങളായി എത്രത്തോളം മാറിയിട്ടുണ്ട്?
കാരണം രാഷ്ട്രീയ പദവികൾ സ്വയം നേട്ടങ്ങളല്ല. അവ ജനങ്ങളുടെ ജീവിതത്തിൽ അളക്കാവുന്ന മാറ്റങ്ങൾ സൃഷ്ടിക്കുമ്പോഴാണ് അവയുടെ യഥാർത്ഥ മൂല്യം തെളിയുന്നത്..
സ്ഥാപന രാഷ്ട്രീയം: ദുർബലതയോ അതോ ശക്തിയോ?
ലക്ഷദ്വീപിൽ ഇന്ന് ഏറ്റവും കുറച്ച് മനസ്സിലാക്കപ്പെട്ട രാഷ്ട്രീയ ആശയം institutional politics ആണ്.
കാരണം അതിന്റെ ഫലങ്ങൾ പലപ്പോഴും ദൃശ്യമായിരിക്കില്ല.
ഒരു പ്രതിഷേധം ആയിരങ്ങളെ തെരുവിലിറക്കും.
ഒരു പ്രസംഗം ജനങ്ങളെ ആവേശഭരിതരാക്കും.
ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ആയിരക്കണക്കിന് ഷെയറുകൾ നേടും.
പക്ഷേ ഒരു കപ്പൽ സർവീസ് അനുവദിക്കപ്പെടുന്നത് എവിടെയാണ്?
ഒരു പുതിയ മെഡിക്കൽ സൗകര്യത്തിനുള്ള ഫണ്ട് അനുവദിക്കപ്പെടുന്നത് എവിടെയാണ്?
ഒരു സ്കോളർഷിപ്പ് പദ്ധതി അംഗീകരിക്കപ്പെടുന്നത് എവിടെയാണ്?
ഒരു ഭരണനിർദ്ദേശം മാറ്റപ്പെടുന്നത് എവിടെയാണ്?
അത് മന്ത്രാലയങ്ങളിലാണ്.
ഫയലുകളിലാണ്.
സമിതികളിലാണ്.
ചർച്ചാ മുറികളിലാണ്.
അതുകൊണ്ടാണ് ഒരു കേന്ദ്രഭരണ പ്രദേശത്തിന് ചിലപ്പോൾ ഒരു പ്രക്ഷോഭ നേതാവിനെക്കാൾ കൂടുതൽ ആവശ്യമായി വരുന്നത് ഒരു ഫലപ്രദമായ പാർലമെന്റേറിയനെയാണ്.
പ്രതിഷേധം വാതിൽ തുറക്കും.
പക്ഷേ ചർച്ചയാണ് അതിലൂടെ അകത്ത് കടക്കുന്നത്.
2024: ജനങ്ങളുടെ രാഷ്ട്രീയ പുനർചിന്ത
2024-ലെ തിരഞ്ഞെടുപ്പിനെ വെറും ഒരു തെരഞ്ഞെടുപ്പ് ഫലമായി കാണാനാവില്ല.
അത് ഒരു രാഷ്ട്രീയ സന്ദേശമായിരുന്നു.
2021-ൽ ജനങ്ങൾ കോപം പ്രകടിപ്പിച്ചു.
2024-ൽ ജനങ്ങൾ ഒരു ചോദ്യം ചോദിച്ചു:
“ഇനി എന്ത്?”
കോപം പ്രകടിപ്പിച്ചതിന് ശേഷം പരിഹാരത്തിലേക്കുള്ള യാത്ര എങ്ങനെ?
പ്രതിഷേധത്തിന് ശേഷം നയപരമായ വിജയം എങ്ങനെ?
അവിടെയാണ് രാഷ്ട്രീയം മുദ്രാവാക്യങ്ങളിൽ നിന്ന് ഭരണകലയിലേക്ക് മാറുന്നത്.
ലക്ഷദ്വീപിന്റെ ഭാവി ഏത് വഴിയിൽ?
ഭാവിയിൽ ലക്ഷദ്വീപിന് പ്രതിഷേധ നേതാക്കളെ ആവശ്യമില്ല എന്ന് പറയാനാവില്ല.
2021 അത് തെളിയിച്ചു.
അധികാരത്തോട് ചോദ്യം ചോദിക്കാൻ കഴിയുന്ന ശബ്ദങ്ങൾ ഇല്ലെങ്കിൽ ജനാധിപത്യം ദുർബലമാകും.
പക്ഷേ ദ്വീപിന് പ്രതിഷേധ നേതാക്കൾ മാത്രം മതിയോ?
ചരിത്രം പറയുന്നത് — ഇല്ല.
കാരണം ഒടുവിൽ കപ്പൽ സർവീസ് അനുവദിക്കുന്നത് ഒരു മുദ്രാവാക്യമല്ല.
മെഡിക്കൽ സംവിധാനം മെച്ചപ്പെടുത്തുന്നത് ഒരു പ്രതിഷേധമല്ല.
തൊഴിൽ സൃഷ്ടിക്കുന്നത് ഒരു പ്രസംഗമല്ല.
അത് സ്ഥാപനങ്ങളുമായി ഇടപഴകാനുള്ള രാഷ്ട്രീയ ശേഷിയാണ്.
അതുകൊണ്ട് ലക്ഷദ്വീപിന്റെ ഭാവി ഒരുപക്ഷേ ഈ രണ്ട് രാഷ്ട്രീയ പാരമ്പര്യങ്ങളുടെ സംയോജനത്തിലായിരിക്കും.
ജനങ്ങളുടെ ശബ്ദം കേൾപ്പിക്കാൻ കഴിയുന്ന ധൈര്യവും.
ഡൽഹിയുടെ ഇടനാഴികളിൽ ഫലങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന കഴിവും.
അവസാന വാക്ക്
പ്രതിഷേധം ജനാധിപത്യത്തിന്റെ ശ്വാസമാണ്.
അത് ഇല്ലെങ്കിൽ അധികാരം അഹങ്കാരമാകും.
ചോദ്യം ചെയ്യപ്പെടാത്ത ഭരണസംവിധാനം ഒടുവിൽ ജനങ്ങളിൽ നിന്ന് അകന്നുപോകും.
അതിനാൽ തെരുവിലിറങ്ങുന്നവർ ഇറങ്ങട്ടെ.
സമരങ്ങൾ ഉണ്ടാകട്ടെ.
ജനങ്ങൾ സംഘടിക്കട്ടെ.
അവകാശങ്ങൾക്കായി ശബ്ദമുയരട്ടെ.
പക്ഷേ അതോടൊപ്പം രാജ്യത്തിന്റെ ഭരണസംവിധാനത്തിനുള്ളിൽ നിന്ന്, നയനിർമാണ കേന്ദ്രങ്ങളിൽ നിന്ന്, മന്ത്രാലയങ്ങളുടെ വാതിലുകൾ തട്ടിക്കൊണ്ട്, ദ്വീപിന്റെ ആവശ്യങ്ങൾക്കായി നിരന്തരം പ്രവർത്തിക്കുന്നവരും ഉണ്ടാകട്ടെ.
കാരണം ഒരു സമൂഹത്തിന് തെരുവിലെ ശബ്ദവും വേണം.
ഡൽഹിയിലെ ശബ്ദവും വേണം.
ഒന്ന് ജനങ്ങളുടെ ശക്തിയെ പ്രതിനിധീകരിക്കുന്നു.
മറ്റൊന്ന് ആ ശക്തിയെ ഫലങ്ങളാക്കി മാറ്റാനുള്ള കഴിവിനെ പ്രതിനിധീകരിക്കുന്നു.
ഇന്ന് ലക്ഷദ്വീപ് രാഷ്ട്രീയത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി മറ്റൊന്നാണ്.
രാഷ്ട്രീയം നേതാക്കന്മാരെ വെളുപ്പിക്കാനുള്ള ഉപകരണമാകരുത്.
കൊടികളെ സംരക്ഷിക്കാനുള്ള വ്യവസായമാകരുത്.
വ്യക്തിപൂജയുടെ വേദിയാകരുത്.
ഒരു നേതാവിന്റെ നിലനിൽപ്പിനേക്കാൾ വലിയതാണ് ഒരു ജനതയുടെ ഭാവി.
ഒരു പാർട്ടിയുടെ വിജയത്തേക്കാൾ വലിയതാണ് ഒരു തലമുറയുടെ അവസരങ്ങൾ.
Gen Z തലമുറയോട് പറയാനുള്ളത് ഇത്ര മാത്രം:
രാഷ്ട്രീയത്തെ ആരാധിക്കരുത്.
രാഷ്ട്രീയത്തെ മനസ്സിലാക്കുക.
നേതാക്കളുടെ അന്തഭക്തരാവരുത്
അവരെ വിലയിരുത്തുക.
കൊടികളെ ലഹരിയാവരുത്.
ദ്വീപിന്റെ താൽപര്യങ്ങളെ സംരക്ഷിക്കുക.
കാരണം ചരിത്രം ഒടുവിൽ ഓർക്കുന്നത് ആരാണ് കൂടുതൽ മുദ്രാവാക്യംവിളിച്ചതെന്ന് അല്ല.
ആരാണ് ജനങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തിയതെന്നായിരിക്കും.
— AV Amini🖋️
