അഗത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കീഴിൽ അഗത്തിയിൽ നിർദ്ദിഷ്ട ‘സിറ്റി സെന്റർ’ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നു. പദ്ധതി പ്രദേശത്തുൾപ്പെടുന്ന കെട്ടിടങ്ങളുടെ സമഗ്രമായ മൂല്യനിർണ്ണയം (Evaluation) നടത്തുന്നതിനായി ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സന്ദർശനം നടത്തുമെന്ന് അഗത്തി ഡെപ്യൂട്ടി കളക്ടർ ശ്രീ.മന്ദീപ് കുമാർ അറിയിച്ചു.
ഇതുസംബന്ധിച്ച് നിർദ്ദിഷ്ട പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കെട്ടിടങ്ങളുടെ ഉടമസ്ഥർക്കോ അല്ലെങ്കിൽ അവരുടെ ചുമതലപ്പെടുത്തിയ പ്രതിനിധികൾക്കോ ഡെപ്യൂട്ടി കളക്ടർ നോട്ടീസ് അയച്ചു. പരിശോധനാ സമയത്ത് കെട്ടിട ഉടമകളോ അവരുടെ ഔദ്യോഗിക പ്രതിനിധികളോ അതത് കെട്ടിടങ്ങളിൽ നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് നിർദ്ദേശം.
ഹോട്ടലുകൾ, ലബോറട്ടറികൾ, കടകൾ, ലോഡ്ജ്, കാനറ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടം, താൽക്കാലിക നിർമ്മിതികൾ, വീടുകൾ ഉൾപ്പെടെ 19 ഓളം കെട്ടിടങ്ങളാണ് ആദ്യഘട്ടത്തിലെ മൂല്യനിർണ്ണയ പട്ടികയിലുള്ളത്. ഉദ്യോഗസ്ഥർക്ക് കെട്ടിടങ്ങളിൽ പ്രവേശിച്ച് കൃത്യമായ പരിശോധന നടത്തുന്നതിനും മൂല്യനിർണ്ണയ പ്രക്രിയ സുഗമമാക്കുന്നതിനും കെട്ടിട ഉടമകൾ പൂർണ്ണമായി സഹകരിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്.
പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഈ നോട്ടീസ് അതീവ പ്രാധാന്യമുള്ളതായി കണക്കാക്കണമെന്നും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഡെപ്യൂട്ടി കളക്ടർ ആവശ്യപ്പെട്ടു.. പരിശോധന സുഗമമായി നടത്തുന്നതിനും ഉദ്യോഗസ്ഥർക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനുമായി അഗത്തി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കും ഭരണകൂടം പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
