കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ സർവീസിന്റെ ഉദ്ഘാടനച്ചടങ്ങ് അവസാനഘട്ട അനുമതി ലഭിക്കാത്തതിനെ തുടർന്ന് മാറ്റിവച്ചു.
ആദ്യഘട്ടത്തിൽ തിങ്കളാഴ്ച സർവീസ് ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ ആവശ്യമായ അന്തിമ അനുമതികൾ ലഭിക്കാത്തതിനാൽ ചടങ്ങ് മാറ്റിവെക്കുകയായിരുന്നു. അനുമതി ലഭിക്കുന്നതോടെ ഈ മാസം തന്നെ സർവീസ് ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
ലക്ഷദ്വീപിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും ടൂറിസത്തിന് കൂടുതൽ പ്രോത്സാഹനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നത്.
കരയിലും വെള്ളത്തിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫിബിയൻ വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുന്നത്. പൈലറ്റും ക്യാബിൻ ക്രൂവും ഉൾപ്പെടെ ഒരേസമയം 20 പേർക്ക് യാത്ര ചെയ്യാൻ കഴിയും. ആദ്യഘട്ടത്തിൽ അഗത്തി, കവരത്തി, കൽപ്പേനി, കടമത്ത്, കിൽത്താൻ എന്നീ പ്രധാന ദ്വീപുകളെ ബന്ധിപ്പിച്ചായിരിക്കും സർവീസ് നടത്തുക.
