കവരത്തി: ലക്ഷദ്വീപ് പോലീസ്, മറൈൻ പോലീസ്, കോസ്റ്റൽ സെക്യൂരിറ്റി സ്കീം എന്നിവയിലെ ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് അടിയന്തരമായി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ലോക് ജനശക്തി പാർട്ടി (റാം വിലാസ്) യൂത്ത് വിംഗ് ലക്ഷദ്വീപ് സംസ്ഥാന പ്രസിഡന്റ് നബിൽ നിഷാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം സമർപ്പിച്ചു.
വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ പ്രകാരം നിരവധി അംഗീകൃത തസ്തികകൾ വർഷങ്ങളായി ഒഴിവായി തുടരുകയാണെന്നും, അഞ്ചുവർഷത്തിലേറെയായി നികത്തപ്പെടാത്ത 132 തസ്തികകൾ “Deemed Abolished” ആയി പരിഗണിക്കപ്പെട്ടതായും, കഴിഞ്ഞ അഞ്ച് വർഷമായി പോലീസ് റിക്രൂട്ട്മെന്റ് നടന്നിട്ടില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. 2023-ൽ അംഗീകാരം ലഭിച്ച 41 പോലീസ് കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള നിയമന നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും, കോസ്റ്റൽ പോലീസിനുള്ള പ്രത്യേക റിക്രൂട്ട്മെന്റ് റൂളുകൾ അന്തിമമാകാത്തതിനാൽ നിയമനം വൈകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലക്ഷദ്വീപിന്റെ തന്ത്രപ്രധാനമായ സ്ഥാനം പരിഗണിച്ച് എല്ലാ പോലീസ് ഒഴിവുകളും മുൻഗണനാടിസ്ഥാനത്തിൽ നികത്തുക, 41 പോലീസ് കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള നിയമനം ഉടൻ ആരംഭിക്കുക, കോസ്റ്റൽ പോലീസിനായുള്ള റിക്രൂട്ട്മെന്റ് റൂളുകൾ എത്രയും വേഗം അന്തിമമാക്കുക, സുതാര്യവും സമയബന്ധിതവുമായ നിയമന നടപടികൾ ഉറപ്പാക്കുക എന്നിവയ്ക്കായി പ്രധാനമന്ത്രി ആഭ്യന്തര മന്ത്രാലയത്തിനും ലക്ഷദ്വീപ് ഭരണകൂടത്തിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
