കിൽത്താൻ: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കും ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് റെഗുലേഷനുമെതിരെ കിൽത്താൻ ദ്വീപിൽ ഇന്ന് ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നു. യുവജന കൂട്ടായ്മകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി വ്യത്യാസങ്ങൾക്കതീതമായി ജനങ്ങളെ ഒരുമിപ്പിച്ചാണ് പ്രതിഷേധ പരിപാടി നടത്തുന്നത്. ഇന്ന് വൈകുന്നേരം കിൽത്താൻ ഹൈസ്കൂൾ ഗ്രൗണ്ടിലാണ് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ലക്ഷദ്വീപിലെ ജനങ്ങളുടെ ഭൂമിയവകാശം, പരമ്പരാഗത ജീവിതരീതി, നാടിന്റെ ഭാവി എന്നിവയെ ബാധിക്കുന്ന തീരുമാനങ്ങളിൽ ജനങ്ങളുടെ അഭിപ്രായങ്ങൾക്ക് അർഹമായ പരിഗണന നൽകണമെന്ന ആവശ്യമാണ് പ്രതിഷേധത്തിന്റെ പ്രധാന പ്രമേയം. ടൗൺ ആൻഡ് കൺട്രി പ്ലാനിംഗിന്റെ പേരിൽ ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും പ്രതിഷേധവുമായി ബന്ധപ്പെട്ട ആഹ്വാനത്തിൽ ആവശ്യപ്പെടുന്നു.
രാഷ്ട്രീയവും സംഘടനാപരവുമായ വ്യത്യാസങ്ങൾ മാറ്റിവെച്ച് നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന സന്ദേശമാണ് സംഘാടകർ മുന്നോട്ടുവയ്ക്കുന്നത്. ജനാധിപത്യപരമായും സമാധാനപരമായും പ്രതിഷേധിച്ച് ജനങ്ങളുടെ ശബ്ദം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ആഹ്വാനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് റെഗുലേഷനെച്ചൊല്ലി വിവിധ ദ്വീപുകളിൽ പ്രതിഷേധങ്ങളും രാഷ്ട്രീയ ചർച്ചകളും ശക്തമാകുന്നതിനിടെയാണ് കിൽത്താനിയിലും ജനകീയ പ്രതിഷേധത്തിന് വേദിയൊരുങ്ങുന്നത്.
നാടിന്റെ അവകാശങ്ങളും ജനങ്ങളുടെ താൽപര്യങ്ങളും സംരക്ഷിക്കണമെന്ന ആവശ്യവുമായി നടക്കുന്ന പ്രതിഷേധത്തിൽ രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനങ്ങളും പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
