കട്മത്ത്, ആന്ത്രോത്ത് ഗവൺമെന്റ് കോളേജുകളിൽ അധ്യാപകരുടെ കുറവ് പരിഹരിക്കണം; പുതിയ കോഴ്സുകൾ ഉടൻ ആരംഭിക്കണം: എം.പി ഹംദുള്ള സഈദ്

കവരത്തി: ലക്ഷദ്വീപിലെ കട്മത്ത്, ആന്ത്രോത്ത് ഗവൺമെന്റ് കോളേജുകളിൽ അധ്യാപകരുടെ സേവനകാലാവധി നീട്ടുന്നതിനും പുതുതായി അനുവദിച്ച കോഴ്സുകൾ ഉടൻ ആരംഭിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ള സഈദ്. ഇക്കാര്യം ആവശ്യപ്പെട്ട് ലക്ഷദ്വീപ് വിദ്യാഭ്യാസ സെക്രട്ടറി ജിതേന്ദ്ര യാദവ് ഐ.എ.എസിന് എം.പി കത്തയച്ചു.

നിലവിലുള്ള അധ്യാപകരുടെ സേവനകാലാവധി നീട്ടാത്തതും പുതുതായി അനുവദിച്ച കോഴ്സുകൾ ആരംഭിക്കാത്തതും ഇരു കോളേജുകളിലെയും അക്കാദമിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി കത്തിൽ ചൂണ്ടിക്കാട്ടി. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശന കൗൺസലിങ് നടപടികൾ ഇതിനകം പൂർത്തിയായിട്ടും ക്ലാസുകൾ ആരംഭിക്കാത്തത് വിദ്യാർഥികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

സെമസ്റ്റർ പരീക്ഷകൾ അടുത്തുവരുന്ന സാഹചര്യത്തിൽ അധ്യാപകരുടെ അഭാവവും പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിലെ കാലതാമസവും വിദ്യാർഥികളുടെ പഠനത്തെയും ഭാവി വിദ്യാഭ്യാസ സാധ്യതകളെയും ദോഷകരമായി ബാധിക്കുമെന്ന് എം.പി വ്യക്തമാക്കി. വിഷയത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായും പ്രദേശത്തെ സാമൂഹിക നേതാക്കളുമായും സംസാരിച്ച് അവരുടെ പരാതികൾ മനസ്സിലാക്കിയതായും അദ്ദേഹം അറിയിച്ചു. ഇക്കാര്യം ഡയറക്ടർ ഓഫ് എജ്യുക്കേഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.

കട്മത്ത്, ആന്ത്രോത്ത് ഗവൺമെന്റ് കോളേജുകളിലെ നിലവിലുള്ള അധ്യാപകരുടെ സേവനകാലാവധി അടിയന്തരമായി നീട്ടുന്നതിനാവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണം. പുതുതായി അനുവദിച്ച കോഴ്സുകൾ കൂടുതൽ കാലതാമസമില്ലാതെ ആരംഭിക്കണം. വിദ്യാർഥികളുടെ അക്കാദമിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും സെമസ്റ്റർ പരീക്ഷകളെയും തുടർവിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും അടിയന്തര ഇടപെടൽ വേണമെന്നും എം.പി ആവശ്യപ്പെട്ടു.

വിദ്യാർഥികളുടെ പ്രതിഷേധത്തിന് പരിഹാരം കാണുന്നതിനും ഇരു കോളേജുകളിലും സാധാരണ അക്കാദമിക പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നതിനും എത്രയും വേഗം ആവശ്യമായ നിർദേശങ്ങൾ നൽകണമെന്ന് വിദ്യാഭ്യാസ സെക്രട്ടറിയോട് കത്തിലൂടെ അഭ്യർഥിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *