കിൽത്താനിൽ ജനകീയ പ്രതിഷേധം; തുടർപ്രക്ഷോഭങ്ങൾ പ്രഖ്യാപിച്ച് സംഘാടകർ

കിൽത്താൻ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെയും കേന്ദ്ര സർക്കാരിന്റെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയും ജനാധിപത്യവും ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കണമെന്ന ആവശ്യവുമായും കിൽത്താൻ ദ്വീപിൽ ശക്തമായ ജനകീയ പ്രതിഷേധം നടന്നു. യുവജന കൂട്ടായ്മകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ കിൽത്താൻ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന പ്രതിഷേധത്തിൽ ആബാലവൃദ്ധം ജനങ്ങൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.

രാഷ്ട്രീയ ഭേദമന്യേ നാട്ടുകാരെ ഒരുമിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഇന്ത്യൻ ദേശീയ പതാകയും ഇന്ത്യൻ ഭരണഘടനയുടെ ആമുഖവും ഉയർത്തിപ്പിടിച്ചാണ് ജനങ്ങൾ അണിനിരന്നത്. നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ശക്തമായ മുദ്രാവാക്യങ്ങൾ ഉയർത്തി.

ലക്ഷദ്വീപിലെ ജനങ്ങളുടെ ഭൂമിയവകാശം, പരമ്പരാഗത ജീവിതരീതി, നാടിന്റെ ഭാവി എന്നിവയെ ബാധിക്കുന്ന തീരുമാനങ്ങളിൽ ജനങ്ങളുടെ അഭിപ്രായങ്ങൾക്ക് പരിഗണന നൽകണമെന്ന ആവശ്യവും പ്രതിഷേധത്തിൽ ഉയർന്നു. ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് റെഗുലേഷനെതിരെയും ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ജനകീയ ഐക്യത്തിന്റെ ശക്തി പ്രകടമാക്കുന്നതായിരുന്നു പ്രതിഷേധം.

കുഞ്ഞിസീതിക്കോയ, മഹദാഹുസൈൻ, മുഹമ്മദ് സിയാദ്, സബാഹ് അറക്കൽ, റഹ്മത്തുള്ള, ഹിദായത്ത്, ശിഹാബ് തുടങ്ങിയവർ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രതിഷേധം ഒരു ദിവസത്തെ പരിപാടിയിൽ ഒതുങ്ങില്ലെന്നും വരും ദിവസങ്ങളിലും വിവിധ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ 22ന് തീപ്പന്തം റാലിയും തുടർ പ്രതിഷേധ പരിപാടികളും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

നാടിന്റെ അവകാശങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി രാഷ്ട്രീയ-സംഘടനാ വ്യത്യാസങ്ങൾക്കതീതമായി ജനങ്ങൾ ഒരുമിച്ച് മുന്നോട്ടുവരണമെന്ന ആഹ്വാനത്തോടെയാണ് പ്രതിഷേധം സമാപിച്ചത്. വരും ദിവസങ്ങളിൽ കിൽത്താനിൽ പ്രതിഷേധം കൂടുതൽ ശക്തമാകുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *