കൊച്ചി, ജൂലൈ 18: കിൽത്താൻ ദ്വീപിലെ അഞ്ച് പേർ സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി ഇടക്കാല ആശ്വാസം അനുവദിച്ചു. ജസ്റ്റിസ് മുരളി പുരുഷോത്തമൻ അധ്യക്ഷനായ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ട്, ഹർജിക്കാർക്കെതിരെ പുറപ്പെടുവിച്ച എക്സിബിറ്റ് P10 മുതൽ P14 വരെയുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടു. കേസ് ജൂലൈ 27-ന് വീണ്ടും പരിഗണിക്കും.
ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ, അഞ്ചാം പ്രതിയായ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് ബന്ധപ്പെട്ട ഉത്തരവുകൾ പുറപ്പെടുവിക്കാനുള്ള നിയമപരമായ അധികാരത്തെ ചോദ്യം ചെയ്തു. ഇതിന് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഹാജരായ സ്റ്റാൻഡിംഗ് കൗൺസലിന് കോടതി സമയം അനുവദിച്ചു.
കിൽത്താൻ സ്വദേശികളായ നാസർ ആറ്റബിയോട, മുത്തുകോയ പൂവളപ്പ്, സയ്യിദ് മുഹമ്മദ് കോയ, സറോമ്മാബി പീച്ചാട്ടിയോട, ഹംസ പുതിയപണ്ടാരം എന്നിവരാണ് ഹർജിക്കാർ. ലക്ഷദ്വീപ് യൂണിയൻ ടെറിറ്ററി, അഡ്മിനിസ്ട്രേറ്റർ, കളക്ടർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, കിൽത്താൻ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവരാണ് കേസിലെ പ്രതികൾ.
