കൊച്ചി: ബാങ്കോക്കിൽ വിജയകരമായി സമാപിച്ച അന്താരാഷ്ട്ര ഭക്ഷ്യമേളയായ “തായ്‌ഫെക്സ് അനുഗാ-ഏഷ്യ” (THAIFEX – Anuga Asia) കോൺഫറൻസ് ലക്ഷദ്വീപിന് പുതിയ വികസന പ്രതീക്ഷകൾ സമ്മാനിക്കുന്നു. ദ്വീപിലെ സമൃദ്ധമായ കടൽവിഭവങ്ങളെ അന്താരാഷ്ട്ര നിലവാരത്തിൽ പ്രോസസ് ചെയ്ത് ആഗോള വിപണിയിൽ എത്തിക്കാനുള്ള വൻ പദ്ധതികൾക്കാണ് ഇവിടെ തുടക്കമാകുന്നത്. ഇത് ദ്വീപിലെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ മേഖലകൾക്കും വലിയ തോതിൽ തൊഴിലവസരങ്ങളും സാമ്പത്തിക പുരോഗതിയും ഉറപ്പുനൽകുന്ന ഒന്നാണ്.
മത്സ്യം, കടൽപ്പാശി (സീവീഡ് / സീഗ്രാസ്) എന്നീ രണ്ട് പ്രധാന മേഖലകളെ കേന്ദ്രീകരിച്ചാണ് അന്താരാഷ്ട്ര കമ്പനികൾ ലക്ഷദ്വീപിൽ നിക്ഷേപത്തിന് ഒരുങ്ങുന്നത്.
*ആന്ത്രോത്ത് കേന്ദ്രീകരിച്ച് മത്സ്യ പ്രോസസിംഗ് വരുന്നു*
ലക്ഷദ്വീപ് കടലിലെ വൻ മീൻസമ്പത്ത് ദ്വീപിന് പുറത്തേക്ക് അതേപടി കയറ്റി അയക്കുന്നത് പ്രായോഗികമല്ലാത്തതിനാലാണ് ദ്വീപിൽ തന്നെ പ്രോസസിംഗ് യൂണിറ്റുകൾ ആരംഭിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ 13 രാജ്യങ്ങളിൽ സാന്നിധ്യമുള്ള പ്രമുഖ തായ്‌ലൻഡ് കമ്പനിയായ ‘എൻ.എസ് സീ ഫുഡ്’ (N.S. Sea Food) ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. കേരളത്തിൽ നിന്നും നിലവിൽ മത്സ്യം ശേഖരിക്കുന്ന ഇവർക്ക് ലക്ഷദ്വീപിൽ നേരത്തെ തന്നെ പ്രോജക്ട് പ്ലാൻ ഉണ്ടായിരുന്നു.
എല്ലാ ദ്വീപുകളിൽ നിന്നും ശേഖരിക്കുന്ന മത്സ്യം ആന്ത്രോത്ത് ദ്വീപ് കേന്ദ്രീകരിച്ച് പ്രോസസ് ചെയ്യും.
*കിൽത്താൻ, ചെത്ത്ലത്ത് ദ്വീപുകളിലെ വികസനം:* ആന്ത്രോത്തിൽ നിന്നും അകലെയുള്ള കിൽത്താൻ, ചെത്ത്ലത്ത് ദ്വീപുകളിലെ മത്സ്യശേഖരണത്തിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കും. ഈ രണ്ട് ദ്വീപുകളിലും നിലവിലുള്ള ഐസ് പ്ലാൻ്റ് ബിൽഡിംഗുകൾ പ്രയോജനപ്പെടുത്തി ‘ക്ലസ്റ്റർ ഡെവലപ്‌മെൻ്റ്’, ‘കോസ്റ്റൽ വില്ലേജ്’ പദ്ധതികളിൽ ഉൾപ്പെടുത്തിയായിരിക്കും വികസനം സാധ്യമാക്കുക.
*കൊറിയൻ സാങ്കേതികവിദ്യയിൽ കടൽപ്പാശി (Seaweed) കൃഷി*
ലോകത്ത് കടൽപ്പാശി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കൊറിയൻ ജനതയുടെ മികച്ച സാങ്കേതികവിദ്യ ലക്ഷദ്വീപിലേക്ക് എത്തുന്നു. ഈ മേഖലയിൽ ദീർഘകാല പ്രവൃത്തിപരിചയമുള്ള പ്രമുഖ കൊറിയൻ കമ്പനിയാണ് ദ്വീപിൽ നിക്ഷേപം നടത്തുക.
ലക്ഷദ്വീപിലെ ആൾതാമസമില്ലാത്ത ചെറുദ്വീപുകളിൽ വിപുലമായ രീതിയിൽ കടൽപ്പാശി കൃഷി ചെയ്ത് മികച്ച ലാഭമുണ്ടാക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഇതിൻ്റെ ഭാഗമായി കമ്പനി പ്രതിനിധികൾ ഉടൻ തന്നെ ചെത്ത്ലത്ത് ദ്വീപ് സന്ദർശിച്ച് സാധ്യതകൾ പഠിക്കുകയും ഭാവിപരിപാടികൾക്ക് രൂപം നൽകുകയും ചെയ്യും.
ബാങ്കോക്കിൽ നടന്ന കോൺഫറൻസിൽ കമ്പനി കോർഡിനേറ്റർ മുആദ് അമിനി, കെ.പി. മുഹമ്മദ് സഈദ് കാമിൽ സഖാഫി (ചെത്ത്ലത്ത്), അൽത്താഫ് ഹുസൈൻ (ആന്ത്രോത്ത്) എന്നിവർ പങ്കെടുത്തു. ലക്ഷദ്വീപിൻ്റെ പരമ്പരാഗത മത്സ്യബന്ധന മേഖലയെ ആധുനികവൽക്കരിക്കാനും ദ്വീപുവാസികളുടെ വരുമാനം വർദ്ധിപ്പിക്കാനും ഈ ആഗോള കൂട്ടായ്മയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
