കവരത്തി ജെട്ടിയിൽ സ്‌കൂട്ടറിന് അനുമതിയില്ല: എംപി ഹംദുല്ലാ സയ്യിദ് സ്‌കൂട്ടറിൽ ജെട്ടിയിൽ കേറി പ്രതിഷേധം അറിയിച്ചു



കവരത്തി: കവരത്തി ജെട്ടിയിലേക്ക് കാറുകൾ, വാനുകൾ, ഓട്ടോറിക്ഷകൾ എന്നിവയ്ക്ക് മാത്രമാണ് ഇപ്പോൾ പ്രവേശനം അനുവദിക്കപ്പെടുന്നത്. സാധാരണ ദ്വീപുകാരെ സ്‌കൂട്ടറിൽ പോലും ജെട്ടിയിലേക്ക് പോകാൻ അനുവദിക്കാറില്ലെന്ന നടപടി ഇപ്പോൾ വലിയ വിവാദമായി മാറിയിരിക്കുകയാണ്.

ലക്ഷദ്വീപ് എംപി ഹംദുല്ലാ സയ്യിദ് തന്നെ സ്‌കൂട്ടറിൽ ജെട്ടിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് ഇത് തടഞ്ഞത്. “എനിക്ക് സ്‌കൂട്ടറിൽ ജെട്ടിയിൽ പോകണം. അതുപോലെ എല്ലാ സാധാരണക്കാരെയും അതിന് അനുവദിക്കണം,” എന്ന് അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ പൊലിസ് നിരസിച്ച് സ്‌കൂട്ടറിന് അനുമതിയില്ലെന്ന് വ്യക്തമാക്കി.

അതിനെതിരെ ശക്തമായ പ്രതികരണവുമായി എംപി മുന്നോട്ട് വന്നു. ഞാൻ സ്‌കൂട്ടറിൽ തന്നെയാണ് പോകുന്നത് എന്നും പറഞ്ഞ് അദ്ദേഹം പൊലീസിന്റെ വിലക്കിനെ മറികടന്ന് ജെട്ടിയിൽ പ്രവേശിക്കുകയും ചെയ്തു. ജെട്ടിയിൽ സ്ഥാപിച്ച “No Entry for Two-Wheelers” എന്ന ബോർഡ് കാണിച്ചുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥൻ തന്റെ ഡ്യൂട്ടിയാണു ചെയ്യുന്നതെന്നും, സുരക്ഷയുടെ ഭാഗമായിട്ടുള്ള നടപടിയാണെന്നും വിശദീകരിച്ചു.

പക്ഷേ, ഈ നയം പൊതുജനങ്ങളിൽ കടുത്ത പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. “കാറിനും ഓട്ടോറിക്ഷക്കും കഴിയുന്നിടത്ത് സ്‌കൂട്ടറിന് മാത്രം വിലക്കേന്ത്?” എന്നതാണ് പലരും ഉയർത്തുന്ന ചോദ്യം. ദ്വീപിൽ ഓരോ നിയമവും എല്ലാവർക്കും ഒരേ പോലെ ബാധകമായിരിക്കണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമായി ഉയരുന്നുണ്ട്.

Share to

Leave a Reply

Your email address will not be published. Required fields are marked *