കടമത്ത്: ലക്ഷദ്വീപ് ഭിന്നശേഷി ക്ഷേമ സംഘടനയായ ലക്ഷദ്വീപ് ഡിഫറന്റ്ലി ഏബിൾഡ് വെൽഫെയർ അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി ഫെബ്രുവരി 13, 14 തീയതികളിൽ കടമത്ത് ദ്വീപിൽ സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് വിജയകരമായി സമാപിച്ചു. മറ്റു ദ്വീപുകളിൽ നിന്നുള്ള LDWA യൂണിറ്റ് ഭാരവാഹികളും, പരിമിതികളെ മറികടന്ന് ജീവിത വിജയം നേടിയവരും പങ്കെടുത്ത മീറ്റ് ഭിന്നശേഷിക്കാർക്ക് വലിയ പ്രചോദനമായി.
വൈകല്യത്തെ അതിജീവിച്ച് ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതായിരുന്നു ഈ മീറ്റിന്റെ പ്രധാന ലക്ഷ്യം. അതേസമയം, ലക്ഷദ്വീപ് സർക്കാരിന്റെ ഭിന്നശേഷിക്കാർക്കെതിരായ സമീപനം മീറ്റിൽ കടുത്ത വിമർശനത്തിന് വിധേയമായി. ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് ‘സ്മാർട്ട് ഉത്സവം’ ഇല്ലാതാക്കാനുള്ള നീക്കത്തെയും, ഭിന്നശേഷി കമ്മീഷണർ കൂടിയായ മുൻ കലക്ടർ അർജുൻ മോഹൻ ഐ.എ.ഐസിന്റെയും സോഷ്യൽ വെൽഫയർ വകുപ്പിലെ ഉദ്യോഗസ്ഥരുടേയും നിലപാടുകളെയും മീറ്റ് ശക്തമായി വിമർശിച്ചു.
RPWD ആക്ട് അനുസരിച്ചുള്ള കമ്മിറ്റിയെ പുനഃസ്ഥാപിക്കാതെ, LDWAയുടെ അഭിപ്രായം പോലും ചോദിക്കാതെ കൈകൊണ്ട തീരുമാനങ്ങൾക്കെതിരെ കോടതിയെ സമീപിക്കാനും, നിയമ പോരാട്ടം ശക്തിപ്പെടുത്താനും ലീഡേഴ്‌സ് മീറ്റിൽ തീരുമാനിച്ചു. സുപ്രീം കോടതി ഉത്തരവ് പാലിക്കാതെ കമ്മീഷണറെ നിയമിച്ചതിനെതിരെയും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും LDWA നേതാക്കൾ വ്യക്തമാക്കി.