കവരത്തി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടുക എന്ന ലക്ഷ്യത്തോടെ Lakshadweep People’s Movement (LPM) എന്ന പുതിയ സംഘടന രൂപീകൃതമാകുന്നു.
ലക്ഷദ്വീപിൽ പൂർണ ജനാധിപത്യ ഭരണസംവിധാനം സ്ഥാപിക്കുക, പൂർണ ജനാധിപത്യം യാഥാർത്ഥ്യമാകുന്നതുവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാതിരിക്കുക, തെരഞ്ഞെടുപ്പുകൾ മൂലമുണ്ടാകുന്ന വിഭാഗീയതയെ എതിർക്കുക തുടങ്ങിയവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് ഭാരവാഹികൾ അറിയിച്ചു.
ലക്ഷദ്വീപിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പാർലമെന്റ് അംഗത്തിന് ദ്വീപിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള അധികാരമില്ലെന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും സംഘടന പ്രവർത്തനം നടത്തുമെന്ന് നേതാക്കൾ വ്യക്തമാക്കി.
നാട്, ജാതി, മത, രാഷ്ട്രീയ ഭേദമന്യേ “ഐക്യ ലക്ഷദ്വീപ്” എന്ന ആശയം മുൻനിർത്തി പ്രവർത്തിക്കുമെന്നും സംഘടന അറിയിച്ചു.
സംഘടനയുടെ സെക്രട്ടറിയായി മഹദാ ഹുസൈൻ, ജോയിന്റ് സെക്രട്ടറിയായി സാബിത്ത് കടമത്ത് എന്നിവരെ തെരഞ്ഞെടുത്തിട്ടുണ്ട്. സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് വക്താക്കൾ ‘ദ്വീപ് ഡയറി’യെ അറിയിച്ചു.
