കോൺഗ്രസിൽ കലാപക്കൊടി; ഹംദുള്ളാ സഈദിനെതിരെ പാർട്ടിക്കുള്ളിൽ  പ്രതിഷേധം ശക്തം.

കവരത്തി: ലക്ഷദ്വീപ് കോൺഗ്രസ് പാർട്ടിയിൽ ഉൾപ്പോര് രൂക്ഷമാകുന്നു. ദ്വീപ് ജനതയെ ബാധിക്കുന്ന വിഷയങ്ങളിൽ നിലവിലെ എം.പി. ഹംദുള്ളാ സഈദ് സജീവമായി ഇടപെടുന്നില്ലെന്ന ആരോപണം പാർട്ടി പ്രവർത്തകർക്കിടയിൽ ശക്തമാവുകയാണ്. അഡ്മിനിസ്ട്രേഷന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും എം.പി. പലപ്പോഴും നിശബ്ദത പാലിക്കുന്നുവെന്നാണ് വിമർശനം.
പാർട്ടി പ്രവർത്തകരും എം.പിയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളുടെ വോയ്സ് ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നതോടെയാണ് വിവാദം പുതിയ തലത്തിലേക്ക് കടന്നത്. ഈ ക്ലിപ്പുകളിൽ എം.പിയുടെ പ്രവർത്തനശൈലിയെ ചോദ്യം ചെയ്യുന്ന പ്രവർത്തകരുടെ ശബ്ദം വ്യക്തമായി കേൾക്കാവുന്നതാണ് .
അഗത്തിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ഹംദുള്ളാ സഈദ് പങ്കെടുത്തത് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ അനുകൂലികൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ അത് മുൻകൂട്ടി ആസൂത്രണം ചെയ്ത രാഷ്ട്രീയ ഇടപെടലല്ലെന്നും യാദൃശ്ചികമായി സംഭവിച്ചു പോയതാണെന്നും എതിർവിഭാഗം വാദിക്കുന്നു. “അതിന്റെ ക്രെഡിറ്റ് എം.പിക്ക് നൽകാനാകില്ല” എന്നാണ് അവരുടെ നിലപാട്.
ഇതിനിടെ, ഹംദുള്ളാ സഈദിനെ ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങളിൽ പരിഹാസ പ്രചാരണങ്ങളും ശക്തമായിട്ടുണ്ട്. “ലക്ഷദ്വീപിലെ ശിക്കാരി ശംഭു” എന്നാണ് ചിലർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
അഡ്മിനിസ്ട്രേഷന്റെ നടപടികൾക്കെതിരെ താൻ നിലകൊള്ളുന്നുവെന്ന് പറയുന്ന എം.പി., അത് തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ തെളിയിക്കേണ്ടതില്ലേയെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുള്ള ചോദ്യം. ഒരു വോയ്സ് ക്ലിപ്പിൽ “പാർട്ടി പ്രസിഡന്റും എം.പിയും നേരിട്ട് എല്ലാ സമരങ്ങളിലും പങ്കെടുക്കേണ്ടതുണ്ടോ?” എന്ന് ഹംദുള്ളാ സഈദ് ചോദിക്കുന്നതായും കേൾക്കാം.
ഇതിന് മറുപടിയായി, “ജനങ്ങൾ പ്രതിസന്ധിയിലായിരിക്കുമ്പോൾ മുന്നിൽ നിന്ന് നയിക്കേണ്ടത് നേതാക്കളാണ്” എന്നാണ് വിമതപക്ഷം പറയുന്നത്. “അഡ്മിനിസ്ട്രേഷനെ പേടിച്ച് പിന്നോട്ടോടുന്ന നേതൃത്വത്തെ മാറ്റാതെ പാർട്ടിയേയും ലക്ഷദ്വീപിനേയും രക്ഷിക്കാനാവില്ല” എന്ന് കവരത്തിയിലെ ഒരു കോൺഗ്രസ് പ്രവർത്തകന്റെ ശബ്ദസന്ദേശവും ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്.
ലക്ഷദ്വീപ് കോൺഗ്രസിലെ ഈ ആഭ്യന്തര അസ്വാരസ്യങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമോ എന്നതാണ് ഇപ്പോൾ ദ്വീപുകളിലെ പ്രധാന ചർച്ചാവിഷയം.