കൊച്ചി: ലക്ഷദ്വീപിന്റെ ഭാവിയെയും ജനങ്ങളുടെ നിലനിൽപ്പിനെയും നേരിട്ട് ബാധിക്കുന്ന പണ്ടാരം ഭൂമി സംബന്ധിച്ച കേസിൽ നാളെ (ബുധൻ) ഉച്ചയ്ക്ക് 1:45-ന് വിധി പറയും. കേസ് പരിഗണിക്കുന്ന കോർട്ട് നമ്പർ 2B-യിലാണ് വിധി പ്രഖ്യാപനത്തിനായി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
തങ്ങളുടെ പരമ്പരാഗതമായ ഭൂമിയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമോ അതോ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലേക്ക് പോകുമോ എന്നറിയാൻ ഒന്നടങ്കം കാത്തിരിക്കുകയാണ് ദ്വീപ് സമൂഹം. പതിറ്റാണ്ടുകളായി പ്രദേശവാസികൾ കൈവശം വെച്ച് അനുഭവിച്ചുപോരുന്ന ഭൂമിയുടെ മേലുള്ള തർക്കത്തിൽ വരാനിരിക്കുന്ന വിധി ദ്വീപ് നിവാസികൾക്ക് അത്രമേൽ നിർണ്ണായകമാണ്. വിധി അനുകൂലമായാൽ പണ്ടത്തെ പോലെ സ്വസ്ഥമായി കഴിയാം. വിധി പ്രതികൂലമായാൽ നൂറ്റാണ്ടുകളായി താമസിച്ചും അനുഭവിച്ചും വരുന്ന വീടും സ്ഥലവും ഒഴിഞ്ഞ് കൊടുക്കേണ്ടി വരും.
ജീവിതവും മണ്ണും കോർത്തിണക്കപ്പെട്ട ഈ നിയമപോരാട്ടത്തിൽ തങ്ങൾക്ക് അനുകൂലമായ വിധി ഉണ്ടാകണേ എന്ന വലിയ പ്രാർത്ഥനയിലാണ് ഓരോ ദ്വീപ് നിവാസിയും.ലക്ഷദ്വീപിലെ പാവപ്പെട്ട പിന്നോക്ക ജാതിക്കാരായ ജനങ്ങളുടെ പിറന്ന മണ്ണിനു മേലുള്ള അവകാശങ്ങൾ ഓരോന്നും ഒന്നൊന്നായി കവർന്നെടുത്തു കൊണ്ടിരിക്കുന്ന ഈ വേളയിൽ, ലക്ഷദ്വീപിന്റെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന നല്ലൊരു നാളെയ്ക്കായി എല്ലാവരുടെയും മനസ്സറിഞ്ഞുള്ള പ്രാർത്ഥനകളും പിന്തുണയുമാണ് ദ്വീപ് ജനത അഭ്യർത്ഥിക്കുന്നത്.
