കൊച്ചി: ലക്ഷദ്വീപിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഭാവിയെ ബാധിക്കുന്ന പണ്ടാരം ഭൂമി കേസിൽ ദ്വീപ് ജനങ്ങൾക്ക് ആശ്വാസമായി കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസ് ടി.ആർ. രവി അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഉച്ചയ്ക്ക് 1.45-ന് വിധി പ്രസ്താവിച്ചത്.
പതിറ്റാണ്ടുകളായി ദ്വീപ് നിവാസികൾ കൈവശം വെച്ചും അനുഭവിച്ചും വരുന്ന പണ്ടാരം ഭൂമിയുമായി ബന്ധപ്പെട്ട ഹർജികളിലാണ് കോടതി ജനങ്ങൾക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. പരമ്പരാഗതമായി കൈവശം വച്ചിരുന്ന ഭൂമിയിലെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതാണ് വിധിയെന്നതിനാൽ ലക്ഷദ്വീപിലാകെ സന്തോഷവും ആശ്വാസവുമാണ് പ്രകടമാകുന്നത്.
ഈ കേസിലെ വിധിക്കായി കഴിഞ്ഞ നിരവധി ദിവസങ്ങളായി ദ്വീപ് സമൂഹം വലിയ പ്രതീക്ഷയോടെയും പ്രാർത്ഥനയോടെയും കാത്തിരിക്കുകയായിരുന്നു. വിധി പ്രതികൂലമായാൽ നിരവധി കുടുംബങ്ങളുടെ ഭൂമിയുടെയും വീടുകളുടെയും ഭാവി അനിശ്ചിതത്വത്തിലാകുമെന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ ഹൈക്കോടതിയുടെ ഇന്നത്തെ വിധി ആ ആശങ്കകൾക്ക് വലിയ ആശ്വാസമാണ് നൽകിയത്.
വിധി പുറത്തുവന്നതോടെ ലക്ഷദ്വീപിന്റെ വിവിധ ദ്വീപുകളിൽ സന്തോഷപ്രകടനങ്ങൾ ആരംഭിച്ചു. ഈ വിധി ദ്വീപുകാരുടെ ഭൂമിയവകാശ പോരാട്ടത്തിലെ ചരിത്രപരമായ നാഴികക്കല്ലാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
