കിൽത്താൻ: അന്തരിച്ച കിൽത്താൻ ദ്വീപിന്റെ പ്രിയ ഡോക്ടർ കെ.പി. മുഹമ്മദ് ഖാന്റെ (മാമ്മാ ഡോക്ടർ) സ്മരണാർത്ഥം അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഹിദായത്തുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
ഡോ. മുഹമ്മദ് ഖാന്റെ വ്യക്തിത്വം, സേവനമനോഭാവം, ദ്വീപ് സമൂഹത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എന്നിവ അനുസ്മരിച്ചുകൊണ്ട് ജലീൽ ഡോക്ടർ, ഇ.എ. കോയ ബാഖവി, യാക്കൂബ് മാഷ്, കെ. ബാഹിർ, പി.പി. കുഞ്ഞി അമിനി, കെ.പി. സെയ്ത് മുഹമ്മദ് കോയാ (കാത്ത) സി.എച്ച്. ഹിദായത്തുള്ള കാമിലി തുടങ്ങിയവർ സംസാരിച്ചു.
ഡോക്ടറുമായി നേരിട്ട് ബന്ധപ്പെട്ടിരുന്ന അനുഭവങ്ങളും അദ്ദേഹത്തിന്റെ സ്നേഹപൂർവമായ ഇടപെടലുകളും ചികിത്സാരംഗത്തെ സേവനങ്ങളും പ്രസംഗകർ ഓർത്തെടുത്തു. നാട്ടുകാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ ലാളിത്യവും സേവനസന്നദ്ധതയും ദ്വീപ് ജനതയുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനവും സംസാരങ്ങളിൽ നിറഞ്ഞുനിന്നു.
കിൽത്താൻ ദ്വീപിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ആദ്യ വ്യക്തിയായിരുന്ന ഡോ. മുഹമ്മദ് ഖാൻ, നാട്ടുകാരുടെ പ്രിയപ്പെട്ട ‘മാമ്മാ ഡോക്ടർ’ എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. 2026 ഒക്ടോബർ 18-ന് രാത്രി കിൽത്താൻ ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
പ്രിയപ്പെട്ട ഡോക്ടറുടെ ഓർമകളും അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ പകർന്നുനൽകിയ സേവനമൂല്യങ്ങളും പങ്കുവെച്ചുകൊണ്ടാണ് അനുസ്മരണ പരിപാടി സമാപിച്ചത്.
എ. അനസ്കോയാ ചേത്ത് ലാത്തിൻ്റെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം പി.സി.ശബീറലി ഫൈസിയുടെ ദുആയോടെ അവസാനിച്ചു.ഇസ്മത്ത് ഹുസൈൻ സദസ്സിന് സ്വാഗതം പറഞ്ഞു.
