കവരത്തി: ലക്ഷദ്വീപ് ജില്ലാ ദുരന്തനിവാരണ അതോരിറ്റി (DDMA) ശക്തമായ കാറ്റ്, ഉയർന്ന തിരമാലകൾ (High Wave), സ്വെൽ സർജ് (Swell Surge) എന്നിവയെ തുടർന്ന് ദ്വീപുസമൂഹത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD)ഉം ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS)ഉം നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ പുറത്തിറക്കിയത്.
ജൂൺ 19 മുതൽ 22 വരെ ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും 65 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, വിവിധ ദ്വീപുകളിൽ 1.1 മീറ്റർ മുതൽ 2.2 മീറ്റർ വരെ ഉയരമുള്ള തിരമാലകളും സ്വെൽ സർജും അനുഭവപ്പെടാൻ സാധ്യതയുണ്ട്. മിനിക്കോയ്, അമിനി, കടമത്ത്, ചെത് ലാത്ത്, കിൽത്താൻ, ആന്ത്രോത്ത്, അഗത്തി, കവരത്തി തുടങ്ങിയ ദ്വീപുകൾക്കായി ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ജൂൺ 19 മുതൽ 20 വരെയാണ് പ്രാബല്യത്തിൽ.
സ്ഥിതിഗതികൾ പരിഗണിച്ച് അധികൃതർ നൽകിയ നിർദേശങ്ങൾ:
മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് കാലയളവിൽ കടലിൽ പോകുന്നത് ഒഴിവാക്കണം.
ബോട്ട് സർവീസുകളും മറ്റ് സമുദ്ര വാഹനങ്ങളും അതീവ ജാഗ്രതയോടെ നടത്തണം.
കടൽക്ഷോഭം ശക്തമായ സാഹചര്യത്തിൽ പൊതുജനങ്ങൾ വിനോദ ആവശ്യങ്ങൾക്കായി കടൽതീരങ്ങളിലും കടലിലും പ്രവേശിക്കുന്നത് ഒഴിവാക്കണം.
ബോട്ട് യാത്രകളിൽ ലൈഫ് ജാക്കറ്റ് നിർബന്ധമായും ധരിക്കണം.
ജനങ്ങൾ ഔദ്യോഗിക മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും കാലാവസ്ഥാ സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
