അന്താരാഷ്ട്ര വേദിയിൽ നേട്ടം; നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് പോലും ലഭിക്കാതെ സാമൂഹിക പ്രവർത്തകർ ദുരിതത്തിൽ

ചെത്ത്ലത്ത്: ലക്ഷദ്വീപിന്റെ നീലസാമ്പത്തിക സാധ്യതകളും കടൽപ്പായൽ (Seaweed) കൃഷിയുടെ ഭാവിയും അന്താരാഷ്ട്ര വേദിയിൽ അവതരിപ്പിച്ച് ഇന്ത്യയെ പ്രതിനിധീകരിച്ച സാമൂഹിക പ്രവർത്തകർക്ക് നാട്ടിലേക്ക് മടങ്ങാൻ പോലും ആവശ്യമായ യാത്രാസൗകര്യം ലഭിക്കാത്തതായി പരാതി.

മേയ് 26 മുതൽ 30 വരെ തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന THAIFEX – Anuga Asia 2026 എന്ന അന്താരാഷ്ട്ര സമുദ്രഭക്ഷ്യ ഉൽപ്പന്ന പ്രദർശനത്തിൽ പ്രത്യേക ക്ഷണപ്രകാരം പങ്കെടുത്ത സംഘം ലക്ഷദ്വീപിന്റെ ബ്ലൂ ഇക്കോണമിയെയും കടൽപ്പായൽ കൃഷിയെയും ആഗോളതലത്തിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. വിവിധ രാജ്യങ്ങളിലെ വികസന മാതൃകകളും സാങ്കേതിക സാധ്യതകളും പഠിച്ച ശേഷമാണ് സംഘം നാട്ടിലേക്ക് മടങ്ങിയത്.

എന്നാൽ, ജൂൺ 1-ന് കൊച്ചിയിലെത്തിയ ശേഷം സ്വന്തം ദ്വീപുകളിലേക്ക് മടങ്ങുന്നതിനുള്ള യാത്രാ ടിക്കറ്റുകൾ ലഭിക്കാത്തത് കടുത്ത നിരാശയുണ്ടാക്കിയതായി ദി സീവീഡ് ആൻഡ് മറൈൻ ഫിഷർമൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ ചീഫ് പ്രൊമോട്ടർ മുഹമ്മദ് സയീദ് സഖാഫി ആരോപിച്ചു.

അദ്ദേഹത്തോടൊപ്പം പ്രദർശനത്തിൽ പങ്കെടുത്ത അന്ത്രോത്ത് ഫിഷർമാൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കൂടിയായ മുൻ പഞ്ചായത്ത് ചെയർപേഴ്സൺ അൽത്താഫ് ഹുസൈന് ജൂൺ 7-ന് പുറപ്പെട്ട എം.വി. കോറൽസ് കപ്പലിൽ അന്ത്രോത്തിലേക്കുള്ള എമർജൻസി ക്വാട്ട (EQ) ടിക്കറ്റ് അനുവദിച്ചില്ലെന്നാണ് പരാതി. തുടർന്ന് അഗത്തിയിലേക്ക് വിമാന മാർഗം യാത്ര ചെയ്തെങ്കിലും കവരത്തി അല്ലെങ്കിൽ അന്ത്രോത്തിലേക്കുള്ള തുടർയാത്രയ്ക്കായി ഒരു EQ ടിക്കറ്റ് പോലും അനുവദിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

അത് പോലെ, ജൂൺ 10-ന് പുറപ്പെട്ട എം.വി. അറേബ്യൻ സീ കപ്പലിൽ ചെത്ത്ലത്തിലേക്കുള്ള EQ ടിക്കറ്റ് തനിക്കും നിഷേധിക്കപ്പെട്ടതായി മുഹമ്മദ് സയീദ് സഖാഫി പറഞ്ഞു.

മത്സ്യമേഖലയുടെയും കടൽപ്പായൽ കൃഷിയുടെയും വികസനത്തിനായി പ്രവർത്തിക്കുകയും അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെയും ലക്ഷദ്വീപിനെയും പ്രതിനിധീകരിക്കുകയും ചെയ്യുന്ന സാമൂഹിക പ്രവർത്തകർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ പോലും ഉറപ്പുള്ള യാത്രാസൗകര്യം ലഭിക്കാത്തത് അത്യന്തം നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

വികസനത്തെക്കുറിച്ചുള്ള വലിയ പ്രഖ്യാപനങ്ങൾ ഉയരുമ്പോഴും അടിത്തട്ടിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകരോടും ജനപ്രതിനിധികളോടും കാണിക്കുന്ന അവഗണന തിരുത്തപ്പെടേണ്ടതുണ്ടെന്നും, വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ ശക്തമായി കൊണ്ടുവരാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഹമ്മദ് സയീദ് സഖാഫി വ്യക്തമാക്കി.

“EQ ടിക്കറ്റിനായി അനന്തമായി കാത്തിരിക്കുന്നതിനേക്കാൾ സ്വന്തം കരുത്തിൽ മുന്നോട്ട് പോകുന്നതാണ് കൂടുതൽ അഭിമാനകരമെന്ന് ഈ അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *