ലക്ഷദ്വീപിലെ മദ്യനിരോധനം പിൻവലിക്കാനുള്ള നീക്കം ജനവിരുദ്ധം: പി.പി. മുഹമ്മദ് ഫൈസൽ

കവരത്തി: ലക്ഷദ്വീപിൽ 47 വർഷമായി നിലനിന്നിരുന്ന മദ്യനിരോധനം അവസാനിപ്പിക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹവും ദ്വീപ് ജനതയുടെ താൽപര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് മുൻ എം.പി. പി.പി. മുഹമ്മദ് ഫൈസൽ പറഞ്ഞു.

ഇന്ത്യയിൽ തന്നെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ള പ്രദേശങ്ങളിലൊന്നായ ലക്ഷദ്വീപിൽ സ്ത്രീകൾക്കും കുട്ടികൾക്കും ഭയമില്ലാതെ ജീവിക്കാൻ കഴിയുന്ന സമാധാനാന്തരീക്ഷമാണ് നിലവിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യനിരോധനം പിൻവലിക്കാനുള്ള തീരുമാനം ഈ സാമൂഹിക സുരക്ഷിതത്വത്തെയും സമാധാനത്തെയും തകിടംമറിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വിനോദസഞ്ചാര വികസനത്തിന്റെ പേരിൽ ദ്വീപ് നിവാസികളുടെ തനത് സംസ്കാരത്തിനും വിശ്വാസങ്ങൾക്കും മേൽ മദ്യം അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ഫൈസൽ ആരോപിച്ചു. വിഭവങ്ങളും ചികിത്സാ സൗകര്യങ്ങളും പരിമിതമായ ഒരു ചെറിയ ദ്വീപ് സമൂഹത്തിൽ മദ്യത്തിന്റെ വ്യാപനം ആരോഗ്യപരമായ ഗുരുതര പ്രശ്നങ്ങൾക്കും കുടുംബങ്ങളുടെ സാമ്പത്തിക തകർച്ചയ്ക്കും കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വികസനമെന്നത് ജനങ്ങളുടെ സമാധാനവും സംസ്കാരവും പണയം വെച്ചുകൊണ്ടുള്ളതാകരുതെന്നും, ദ്വീപ് ജനതയുടെ ആശങ്കകൾ മാനിച്ച് മദ്യനിരോധനം പിൻവലിക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാരും ലക്ഷദ്വീപ് ഭരണകൂടവും അടിയന്തരമായി പുനഃപരിശോധിച്ച് പിൻവലിക്കണമെന്നും പി.പി. മുഹമ്മദ് ഫൈസൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *