വിവാദ ഉത്തരവിനെതിരെ ഐക്യ ജനകീയ പ്രതിരോധം വേണം: കൽപേനി ഖാസി

കൽപേനി: ലക്ഷദ്വീപിന്റെ സംസ്കാരവും സാമൂഹിക സ്വഭാവവും സമാധാനപൂർണമായ ജീവിതരീതിയും വരുംതലമുറയുടെ ഭാവിയും കോർപ്പറേറ്റ് ടൂറിസത്തിന് പണയപ്പെടുത്താൻ അനുവദിക്കരുതെന്ന് കൽപേനി ഖാസി ഹൈദർ കുണാടത്തുംകര അഭിപ്രായപ്പെട്ടു.

അടുത്തിടെ പുറത്തിറക്കിയ വിവാദ ഉത്തരവിനെതിരെ എല്ലാ ദ്വീപുകളിലെയും ജനങ്ങൾ ഒരു നേതൃത്വത്തിന് കീഴിൽ കൈകോർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രാഷ്ട്രീയ, സംഘടനാ, പ്രാദേശിക ഭിന്നതകൾ മാറ്റിവെച്ച് ശക്തമായ ജനകീയ പ്രതിരോധം സംഘടിപ്പിക്കുന്നതാണ് നിലവിലെ സാഹചര്യത്തിൽ ഏറ്റവും ഉചിതമായ നടപടിയെന്നും ഖാസി പറഞ്ഞു.

“ഐക്യമത്യം മഹാബലം” എന്ന സന്ദേശം ഉയർത്തിക്കാട്ടിയ അദ്ദേഹം, ലക്ഷദ്വീപിന്റെ സാമൂഹികവും സാംസ്കാരികവുമായ സവിശേഷതകൾ സംരക്ഷിക്കുന്നതിനായി സമൂഹം ഒന്നിച്ചു നിൽക്കേണ്ടത് അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു.

ലക്ഷദ്വീപിന്റെ ഭാവിയെ ബാധിക്കുന്ന വിഷയങ്ങളിൽ പൊതുജനങ്ങളും സാമൂഹിക-രാഷ്ട്രീയ നേതൃത്വങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *