കിൽത്താൻ ഈസ്റ്റേൺ ജെട്ടിയിൽ യാത്രക്കാരുടെ എംബാർക്കേഷനിടെ തെങ്ങ് മുറിച്ചതിൽ പ്രതിഷേധം

കിൽത്താൻ: കിൽത്താൻ ഈസ്റ്റേൺ ജെട്ടി പരിസരത്ത് ഇന്ന് രാവിലെ യാത്രക്കപ്പൽ എത്തിയ സമയത്ത് തെങ്ങ് മുറിച്ചുമാറ്റിയ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നു.

അറേബ്യൻ സീ കപ്പൽ കിൽത്താനിലെത്തി യാത്രക്കാരുടെ എംബാർക്കേഷനും ഡിസ്‌എംബാർക്കേഷനും നടന്നുകൊണ്ടിരിക്കെയാണ് പാസഞ്ചർ ഹാളിന് സമീപമുള്ള സർക്കാർ ഉടമസ്ഥതയിലുള്ള ഒരു തെങ്ങ് മുറിച്ചുമാറ്റിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അപകടാവസ്ഥയിലായിരുന്ന തെങ്ങ് അധികൃതരുടെ നിർദേശപ്രകാരമാണ് മുറിച്ചുമാറ്റിയതെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

എന്നാൽ യാത്രക്കാർ കപ്പലിൽ നിന്ന് ഇറങ്ങിക്കൊണ്ടിരുന്ന സമയത്ത് തന്നെ തെങ്ങ് മുറിച്ചുമാറ്റിയത് സുരക്ഷാ ആശങ്കകൾക്ക് ഇടയാക്കിയതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കപ്പലിൽ നിന്ന് ഇറങ്ങുന്ന യാത്രക്കാരും ഓട്ടോറിക്ഷകളും സഞ്ചരിക്കുന്ന വഴിയിലായിരുന്നു തെങ്ങ് സ്ഥിതിചെയ്തിരുന്നത്. തെങ്ങ് മുറിച്ചുവീഴ്ത്തുന്നതിനിടെ തേങ്ങകളും മറ്റ് ഭാഗങ്ങളും സമീപത്തുണ്ടായിരുന്ന ആളുകൾക്കിടയിലേക്ക് ചിതറിത്തെറിച്ചതായും ചിലരുടെ ദേഹത്ത് തട്ടിയതായും ആരോപണമുണ്ട്.

സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ചില നാട്ടുകാരും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും യാത്രക്കാർ ഇറങ്ങിക്കഴിഞ്ഞ ശേഷം മുറിക്കുന്നതാണ് ഉചിതമെന്ന് നിർദേശിച്ചെങ്കിലും അത് പരിഗണിച്ചില്ലെന്നാണ് പരാതി.

സംഭവവുമായി ബന്ധപ്പെട്ട് അധികൃതരുടെ വിശദീകരണം ലഭ്യമായിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ തെങ്ങ് മുറിച്ചുമാറ്റിയതെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *