എഡിറ്റോറിയൽ
ആർക്കും ഒന്നും പറയാൻ പാടില്ല. കവരത്തിയിൽ ബീച്ച് റോഡിൽ കൂടി വാഹനമോടിക്കരുത്. കടലിൽ ഇറങ്ങാൻ മേലധികാരിയുടെ പെർമിഷൻ വാങ്ങണം. അവരുടെ സ്വന്തം ഭൂമി കച്ചവടം ചെയ്യാനും കുടുംബക്കാർക്ക് ഭാഗം ചെയ്യാനും കലക്ടറുടെ അനുമതി വാങ്ങിക്കണം എന്ന നിബന്ധന വെക്കുന്ന ഭേദഗതി കരട് നോട്ടിഫിക്കേഷൻ. സാധാരണക്കാരുടെ ഭൂമി ഏറ്റെടുക്കാനും തെങ്ങ് മുറിച്ച് മാറ്റാനും ആരോടും ചോദിക്കേണ്ടതില്ല എന്ന ധാർഷ്ഠ്യം. ചുരുക്കി പറഞ്ഞാൽ എന്തിനും ഏതിനും ദ്വീപു ജനങ്ങൾക്ക് ശ്വാസം വിടാൻ പോലും രാജാവിൻ്റെ കൽപ്പന വേണം എന്ന അവസ്ഥ. താൽക്കാലിക ജീവനക്കാരെയെല്ലാം പിരിച്ച് വിട്ടു. ഇപ്പോൾ സ്ഥിരം ജീവനക്കാരെ പിരിച്ച് വിട്ട് തുടങ്ങിയിരിക്കുന്നു. സാമ്പത്തികമായും യാത്രാപരമായും തകർത്ത് ദ്വീപുകളിൽ നിന്നും തദ്ദേശിയരെ കൂടി ഒഴിപ്പിക്കാനുള്ള ഗൂഡാലോചനയാണ് ഭരണകൂടം നടത്തി കൊണ്ടിരിക്കുന്നത്.
ദ്വീപുകാർ പരസ്യമായ സമരത്തിലേക്കിറങ്ങേണ്ട സമയം അധികരിച്ചിരിക്കുന്നു. കടൽ പ്രതിരോധങ്ങളിൽ തളരാത്ത, പറങ്കികളെ നേരിട്ട , അറക്കൽക്കെതിരെ ടിപ്പുവിന് പരാതി ബോധിപ്പിച്ച് ഭരണമാറ്റം കൊണ്ടു വന്ന, ആഷി അലിഹോജായും ബീക്കുഞ്ഞിബിയും കാസിം വലിയുള്ളായും ബന്തർ മൗലായും തന്ന കരുത്ത് നമ്മൾ മറന്നു കളയരുത്. സമരത്തിനിറങ്ങുമ്പോൾ കൃത്യമായ പ്ലാനിങ്ങോടെ ഇറങ്ങണം. ഇറാൻ അമേരിക്കക്കെതിരെ യുദ്ധം ചെയ്യുന്നത് പോലെ ,തന്ത്രപൂർവ്വമായിരിക്കണം.
പ്രിയപ്പെട്ട കേന്ദ്ര സർക്കാറേ, ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് ഞങ്ങൾക്ക് നിങ്ങൾ ജനാധിപത്യം തന്നില്ല. ഇത്രയും കാലം കഴിഞ്ഞിട്ടും രാജാവും പ്രജകളും പോലെ ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് ഞങ്ങൾ. ആകെ ഉണ്ടായിരുന്ന പഞ്ചായത്തീരാജും ഇല്ലാതാക്കി. ഞങ്ങൾക്ക് കടൽ കുളിച്ച്, മേലാവായിൽ കിടന്നുറങ്ങി, മീൻ ചുട്ട് തിന്ന്, ഞങ്ങളുടെ തേങ്ങ പറിച്ച് തേങ്ങാ ചോർ ബെന്ത് മുളാകിരിയിൽ കുളച്ച് കഴിച്ച്, ഞങ്ങൾക്ക് ജീവിക്കണം.
പ്രിയ ദ്വീപുകാരെ ഇവർ നമ്മെ ജീവിക്കാൻ അനുവദിക്കാതിരിക്കാനുള്ള നിയമ നിർമ്മാണങ്ങളാണ് ഇറക്കിക്കൊണ്ടിരിക്കുന്നത്. ഇനിയും ഉറക്കം നടിച്ചാൽ ഇവർ നമ്മെ നാടുകടത്തും. നമുക്കിവിടെ ജീവിക്കാൻ സമരം മാത്രമേ മാർഗമുള്ളൂ.
