അഗത്തി: ഗണിതപ്രിയൻ, മിതഭാഷി, സ്നേഹസമ്പന്നൻ,
മനോഹരമായ കൈയക്ഷരമുള്ളവൻ തുടങ്ങി വിശേഷണങ്ങളിൽ അദ്ധ്യാപക വൃത്തങ്ങളിൽ പരിചിതനായ ഉപ്പത്തോട മുഹമ്മദ് ശരീഫ് മാഷ് എന്ന മമ്മിക്കുവ മാഷ് ഇന്ന് പടിയിറങ്ങുന്നു. മനോഹരമായ കൈയക്ഷരം കാരണം അഡ്മിഷൻ, ടിസി ഡെസ്കിന്റെ അധിക ചുമതല വർഷങ്ങളായി കൈയാളുന്നത് ശരീഫ് മാഷാണ്. Scout and Guide ൻറെ പരിശീലനം പൂർത്തിയാക്കി സ്കൗട്ട് മാസ്റ്റർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വേനൽ അവധി ആയിട്ടും, ഇന്നലെ (ശനി) തന്റെ പ്രവർത്തി മേഖലയിലെ അവസാന ദിവസവും കർമ്മനിരതനായിരുന്നു.
1995 മെയ് 14-ന് അധ്യാപന ജീവിതം ആരംഭിച്ച ശരീഫ് മാഷ് മിനിക്കോയി, കടമത് (രണ്ട് തവണ), ബിത്ര, കിൽത്താൻ, അഗത്തി എന്നീ ദ്വീപുകളിൽ മാതൃകാപരമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ അധ്യാപക അവാർഡ് ജേതാവായിരുന്ന ഉപ്പത്തോട ബഷീർ മാഷ് ഇദ്ദേഹത്തിന്റെ സഹോദരനാണ്.
അഗത്തി ദ്വീപിലെ മികച്ച അധ്യാപകരുടെ പട്ടികയിൽ എന്നും മുൻപന്തിയിലുള്ള ശരീഫ് സാറിന് അഗത്തി സ്കൂൾ കോംപ്ലക്സ് എല്ലാവിധ ഭാവുകങ്ങളും പ്രാർത്ഥനകളും നേർന്നു. സുഖകരവും സമാധാനപൂർണ്ണവുമായ ഒരു വിശ്രമജീവിതം ആശംസിക്കുകയും ചെയ്തു.
